
നീ നമ്മുടെ ശാന്തയെകണ്ടില്ലേ, ചിരുതെടെ പെണ്ണ്? അപ്പ ഉണ്ടാക്കുന്ന മാരിയമ്മനേപ്പോലെയല്ലേ അക്കുട്ടി ഇരിക്കുന്നത്? നാക്കെപ്പോഴും പുറത്തിട്ട് ഉന്തിയ കണ്ണുമായിട്ടല്ലേ അവള്‍?.. അതൊരുല്‍സവകാലത്ത് ദേവിയെ തേരില്‍ എഴുന്നെള്ളിച്ചുകൊണ്ടു കോവിലിലേക്ക് ഘോഷയാത്ര പോകുമ്പോള്‍ ചിരുത, ദേവിയെ നോക്കി കളിയാക്കിച്ചിരിച്ചതാണ്. അന്നവര്‍ക്ക് ശാന്തയെ വയറ്റിലുണ്ടായിരുന്നു. പെറ്റപ്പോള്‍ കുട്ടി ഇങ്ങനെയായിപ്പോയത് അതുകൊണ്ടാണെന്നാ ആളുകള്‍ പറയുന്നത്. എനിക്കും അങ്ങനെയാ തോന്നുന്നത്. അല്ലേല്‍പ്പിന്നെ അവരുടെ വേറെ ഏതെങ്കിലും മക്കളുണ്ടോ അതുപോലെ? അപ്പപ്പാ! ഞാനൊന്നും പറയണില്ലേ! താടിയില്‍ വിരല്‍ തട്ടിക്കൊണ്ട് ഭയഭക്തിയോടെയവര്‍ പറഞ്ഞു നിര്‍ത്തി.
സകലരും മുണ്ടിയെന്നും “മുണ്ടച്ചി” എന്നുമൊക്കെ വിളിക്കുന്ന ശാന്തയെ സീതമ്മയോര്‍ത്തു! സ്ഥാനത്തും അസ്ഥാനത്തും അവളെ അങ്ങനെ വിളിക്കുമ്പോള്‍ വിളിക്കുന്നവര്‍ക്കെന്തോ ആത്മസംതൃപ്തിയാണ്. .
ശരിയാണ്. ആ കുട്ടിയെക്കണ്ടാല്‍ ഒറ്റ നോട്ടത്തിനാരായാലും ഭയക്കും. നാക്ക് സദാ വെളിയിലിട്ട് ഉന്തിയ വയറും തുറിച്ച കണ്ണുകളും കേട്ടാല്‍ തിരിയാത്ത കുഴഞ്ഞ വര്‍ത്തമാനവുമായി വെറുമൊരു ട്രൗസറുമിട്ടു വഴിനീളെ ഒരുനീണ്ട വടിയും പിടിച്ചു നടപ്പാണ്. കുട്ടികള്‍ അവളെ കണ്ടാല്‍ പേടിച്ചോടും. കാണുന്നവരെല്ലാം തരം കിട്ടിയാല്‍ ആ പാവത്തിനെ ഉപദ്രവിക്കും. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രമിട്ട് മാറ് മറയ്ക്കാതെ നടുവ് പിന്നിലേയ്ക്ക് വളച്ചു നടക്കുന്ന അമ്മയുടെ തുണിത്തുമ്പില്‍ പിടിച്ചുകൊണ്ട് എവിടെയും അവള്‍ ഉണ്ടാവും. ആള്‍ക്കാര്‍ തന്നെ കണ്ട് പേടിക്കുന്നു എന്ന് തോന്നിയാല്‍ അവളവരെ ഒന്നുകൂടി പേടിപ്പിക്കും. ആരെങ്കിലും തിരിച്ചവളെ പിച്ചുകയോ അടിക്കുകയോ ചെയ്താല്‍ അതുമുഴുവന്‍ അവിടെനിന്നുകൊള്ളും.. നന്നായി വേദനിച്ചാല്‍ കരയും. കണ്ണീരില്ലാത്ത ഒരുതരം അലറല്‍. പലപ്പോഴും കഷ്ടം തോന്നും. എന്നാലും അവളെക്കാണുമ്പോള്‍ ഒരു നുള്ളു കൊടുക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ തനിക്കും തോന്നാറുണ്ടായിരുന്നു എന്നുള്ള കാര്യം സീതമ്മ വേദനയോടെ ഓര്‍ത്തുപോയി. ദേവിയുടെ ശാപമാണെന്ന് നാട്ടുകാര്‍ അക്കുട്ടിയെപ്പറ്റി പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. അതിനു പിന്നില്‍ ഇങ്ങനെയൊരു കഥയുണ്ടെന്ന് അമ്മ പറഞ്ഞപ്പോഴാണ് സീതമ്മ അറിയുന്നത്.
ഉമ ദൂരേന്നു വരുന്നത് കണ്ടു.
ങേ! ഇവളിതെങ്ങോട്ടാ? സീത എണീറ്റോടി ഉമയുടെ അടുത്തേയ്ക്ക്.
നീ എങ്ങോട്ടാ ദേവു? അവള്‍ ചോദിച്ചു.
ശങ്കുമണ്ണാനെ വിളിക്കാന്‍. തേങ്ങയിടീക്കാന്‍... ശാന്തയുടെ മൂത്ത ചേട്ടനാണ് ശങ്കു. ആ ചുറ്റുവട്ടത്തെല്ലാം തെങ്ങില്‍ കയറുന്നത് ശങ്കുവാണ്.
ഞാനും വരുന്നു. എനിക്ക് മുണ്ടച്ചിയെ ഒന്ന് കാണുകേം ചെയ്യാം. സീത കൂടെ ചെന്നു. വേളാര്‍, മണ്ണാന്‍, കുശവന്‍, വേലന്‍ തുടങ്ങി ഏതാണ്ട് ഒരേ ശ്രേണിയില്‍പ്പെട്ട എല്ലാ സമുദായക്കാരും പാര്‍ക്കുന്നത് ആ ഠ വട്ടത്തിനുള്ളിലാണ്. അവരങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും തട്ടീം മുട്ടീം പട്ടിണിയും സമൃദ്ധിയും ഒന്നുപോലെ പങ്കുവച്ച് അവിടെ കഴിഞ്ഞു കൂടുന്നു. ഇടയ്ക്ക് നാവ്കൊണ്ടു തമ്മില്‍ത്തല്ലുമെങ്കിലും ബദ്ധവൈരാഗ്യം വച്ചുപുലര്‍ത്താറില്ല. എടുത്താല്‍ പൊങ്ങാത്ത ജീവിതഭാരമോ മനക്ലേശങ്ങളോ അവര്‍ക്കില്ല. പണമോ പ്രതാപമോ ഇവിടെ ഒന്നിനും വിലങ്ങുതടിയായി നില്‍ക്കുന്നില്ല. അതുകൊണ്ട് ആര്‍ക്കും ആരോടും സ്പര്‍ദ്ധയോ വിദ്വേഷമോ ഇല്ല. എല്ലാവരും തുല്യര്‍.
“നാളെ ഒന്ന് വീട്ടിലേയ്ക്ക് വരണേ ശങ്കു”. മുഷിഞ്ഞ ചുട്ടിത്തോര്‍ത്തുമുടുത്തു തിണ്ണക്കോണിലെ ആട്ടുകല്ലില്‍ മടവാള്‍ രാകിക്കൊണ്ട് നിന്ന ശങ്കുവിനോട് ഉമ പടിക്കല്‍ ചെന്നുനിന്നു വിളിച്ചു പറഞ്ഞു. ശങ്കു വരാമെന്ന് തലയാട്ടി. മുണ്ടച്ചിയെ അപ്പോള്‍ അവിടെയെങ്ങും കണ്ടില്ല.
മുണ്ടച്ചിയെന്ത്യെ? സീതമ്മ ശങ്കുവിനോട് ചോദിച്ചു.
ആ...ആര്‍ക്കറിയാം? അതെവിടേലും ഊരുതെണ്ടാന്‍ പോയിട്ടുണ്ടാകും. അയാള്‍ പറഞ്ഞ ആ ഉഴപ്പിയ മറുപടി സീതമ്മയ്ക്കത്ര ദഹിച്ചില്ല.
അങ്ങനെ അങ്ങ് വിടരുതവളെ! വളര്‍ന്നുവരുന്ന പെണ്ണാ..സീതമ്മ അമ്മയെ അനുകരിച്ചുകൊണ്ട് ശങ്കുവിനെ ഉപദേശിച്ചു.
തിരിച്ചുവരുന്ന വഴിയാണ് സീത ഉമയോട് വളരെ ആവേശത്തോടെ വിശേഷങ്ങള്‍ പങ്കുവച്ചത്. കൊച്ചമ്പ്രാനെ താനറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍. “ഇനി എനിക്ക് മരിച്ചാലും സങ്കടമില്ല ദേവൂ”.. അവള്‍ പറഞ്ഞു.
നീ ഭാഗ്യവതിയാടീ.. ഒന്നുമില്ലേല്‍ ആ മനസ്സ് നിനക്ക് തന്നല്ലോ? ആ വിരലുകള്‍ നിന്നെ സ്പര്‍ശിച്ചല്ലോ, തലോടിയല്ലോ, ഇനിയെന്തു വേണം? ഉമ നേരിയൊരസൂയയോടെ അവളെ നോക്കി. സീത സ്വയം മറന്ന മട്ടില്‍ ഏതോ സ്വപ്നലോകത്തു വിഹരിക്കുന്നതും ആനന്ദ നിര്‍വൃതിയില്‍ ലയിച്ചു നില്‍ക്കുന്നതും ഉമ കണ്ടു..
പെണ്ണേ! പൊടുന്നനെയുള്ള വിളിയില്‍ സ്വപ്നലോകത്ത് പറന്നുനടന്ന സീത ചിറകറ്റു നിലത്തുവീണു.. മുഖത്തു വന്ന ജാള്യത മറച്ചുപിടിച്ച് ഉമയോടൊപ്പം മുന്നോട്ടുചുവടുവച്ചു.
“ഇതെവിടെച്ചെന്നവസാനിക്കുമെന്നാ എന്‍റെ പേടി”. ഉമ തുടര്‍ന്നു.
‘ഒരിടത്തും അവസാനിക്കണ്ട. അല്ലേല്‍ എവിടെയേലും ചെന്നവസാനിക്കട്ടെ!’ സീത രണ്ടും കല്‍പ്പിച്ചായിരുന്നു.
വരുംവരായ്കകള്‍ വല്ലതും നീ ആലോചിച്ചിട്ടുണ്ടോ സീതേ ? അവര്‍ വലിയ തമ്പുരാക്കാന്മാരാണ്. നമ്മളൊക്കെ പാവങ്ങളും. എന്തൊക്കെയായാലും നീ സൂക്ഷിക്കണം. ഒരിക്കലും തലമറന്ന് എണ്ണ തേയ്ക്കരുത് കേട്ടോ! മനസ്സിലായോ ഞാന്‍ പറഞ്ഞത്? സീത തലയുയര്‍ത്തി, ഇനിയൊന്നും ആലോചിക്കാനില്ല എന്ന മട്ടില്‍ ഉമയെ നോക്കി.
ഇതിനിടെ രണ്ടാളുടെയും റിസള്‍ട്ട് വന്നു. ഉമയുടെ സ്കൂളിന്റെ തൊട്ടടുത്തു തന്നെയുള്ള മഠംവക സ്കൂളിൽ പഠിച്ചതുകൊണ്ടുമാത്രം സീതമ്മ തരക്കേടില്ലാത്ത മാര്‍ക്കോടെ പാസ്സായി. ഉമ ഒരു വിഷയത്തിന് തോറ്റു. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നതുകൊണ്ട് അതവള്‍ക്ക് കനത്ത പ്രഹരമായി . കണക്ക് എന്ന വിഷയം ഉമയ്ക്ക് എന്നും ബാലികേറാമലയായിരുന്നു. എങ്കിലും ജയിച്ച വിഷയങ്ങള്‍ക്ക് സീതമ്മയെക്കാള്‍ മാര്‍ക്കുണ്ടായിരുന്നു. ഉമയെ കണക്കു പഠിപ്പിച്ച അധ്യാപകര്‍ കുട്ടികള്‍ക്ക് അടിത്തറ പാകാന്‍ വേണ്ടത്ര യോഗ്യരായിരുന്നില്ല. അവരുടെ കഴിവും അതിനപര്യാപ്തമായിരുന്നു. ഉമയുടെ സ്കൂളിൽ എഴുതിയ അന്‍പതോളം കുട്ടികളില്‍ 5 പേരൊഴികെ ബാക്കിയെല്ലാവരും തോറ്റുപോയിരുന്നു. കണക്കിന്‍റെ കടമ്പ കടക്കാന്‍ അവരിലാര്‍ക്കും കഴിഞ്ഞില്ല. പത്താംക്ലാസ്സിലെ അവരുടെ കണക്കദ്ധ്യാപിക അമ്പേ പരാജയമായിരുന്നു. വൈകിയാണ് കുട്ടികള്‍ അതെക്കുറിച്ചു ബോധാവാന്മാരായത്. സ്കൂൾ മാറിയതുകൊണ്ട് മാത്രമാണ് സീതമ്മ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഉമ കരഞ്ഞു, ഒരുപാടൊരുപാട് കരഞ്ഞു. അവളുടെ ഭാവി പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു. ഉള്ളിലെ വിങ്ങല്‍ മനസ്സിനെ സദാ വേട്ടയാടിക്കൊണ്ടിരുന്നു.. ആരോടുമവള്‍ മിണ്ടാതായി. ഉമയ്ക്കിനി ജീവിയ്ക്കണ്ട എന്നുതന്നെ തോന്നി. മരണത്തെക്കുറിച്ചു മാത്രമായി പിന്നീടവളുടെ ചിന്ത.
ഒരുദിവസം സീത കാണുന്നത്, ഉമ കിണറ്റിൻ വക്കിൽ കിണറിനുള്ളിലേയ്ക്ക് കാലും തൂക്കിയിട്ടിരിക്കുന്നതാണ്.
“നീയെന്താ ദേവൂ ഇക്കാട്ടുന്നത്?” സീത വല്ലാതെ കോപിച്ചുകൊണ്ട് അവളെ പിടിച്ചുവലിച്ചു..
“വിട് സീതേ! എനിക്ക് മരിയ്ക്കണം”. ഉമയവളുടെ കൈകുടഞ്ഞുമാറ്റി. സീതയവളെ ബലമായി വലിച്ചു താഴെയിറക്കി. “നിനക്കെന്താ ഭ്രാന്തുണ്ടോ?” അവള്‍ ചോദിച്ചു.
നീയിനി കോളേജില്‍ പോകുമല്ലേ? സീതയോട് നെഞ്ചുവിങ്ങി ചോദിച്ചുകൊണ്ടവള്‍ പൊട്ടിപ്പിളര്‍ന്നു കരഞ്ഞു. കണ്ണുനീര്‍ അണപൊട്ടിയൊഴുകി.
"അറിയില്ല ദേവു, അപ്പായുടെ കയ്യില്‍ അതിനുള്ള കാശില്ല". സീതയ്ക്ക് അക്കാര്യത്തിൽ തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല .
"തമ്പുരാട്ടി പഠിപ്പിക്കും നിന്നെ"’. ഏങ്ങലിനിടയിൽ പുറത്തേയ്ക്കു വന്ന ഉമയുടെ വാക്കുകളില്‍ അപ്പോഴും സാന്ത്വനത്തിന്‍റെ മൃദുസ്പര്‍ശം സീത തൊട്ടറിഞ്ഞു. പ്രതീക്ഷയുടെ നേര്‍ത്ത കിരണങ്ങൾ ഹൃദയത്തിൽ പതിച്ചെങ്കിലും അതും തനിയ്ക്കറിയില്ലെന്നു തന്നെയവൾ നിഷേധാത്മകമായി പ്രതിവചിച്ചു..
‘നീ കരയാതെ ദേവൂ.! നിനക്ക് ഒന്നുകൂടി എഴുതാമല്ലോ? ഒട്ടും തെളിച്ചമില്ലാത്ത ഉമയുടെ മുഖത്തപ്പോഴും കദനം നിഴല്‍വീശിയ കാര്‍മേഘം വിങ്ങിനിന്നു. അവള്‍ തലയനക്കിയെങ്കിലും മുന്നിൽ തെളിഞ്ഞുകണ്ട സമാധാനത്തിന്‍റെ ഊടുവഴി കുറഞ്ഞൊരാശ്വാസം പോലും നല്‍കിയില്ല. ഉടുപ്പിന്‍റെ അറ്റമുയര്‍ത്തിയവള്‍ കണ്ണീരു തുടച്ചു.
തീര്‍ന്നു, എന്‍റെ ജീവിതം തീര്‍ന്നു. ഞാന്‍ ചത്തുകളയും. ഉമ വീണ്ടും ഏങ്ങലടിച്ചു.
ഉത്സവത്തിന് ഒരാഴ്ച ബാക്കിനില്‍ക്കെ, വിച്ചു അമ്മയെയും കൂട്ടി മൂയിക്കൽ നിന്നെത്തി. മുത്തിനെ കാണുക എന്നതാണ് അവന്‍റെ എപ്പോഴത്തെയും പ്രധാന ഉദ്ദേശ്യം. ഉണ്ണ്യേട്ടനെയും സ്വപ്നം കണ്ടു നടക്കുന്ന അവള്‍ക്കാകട്ടെ വിച്ചുവിനെ കാണുന്നതു തന്നെ വെറുപ്പാണ്. അതുകൊണ്ടുതന്നെ അന്നൊരു ദിവസം മുഴുവന്‍ വിച്ചു, സീതയെ ചുറ്റിപ്പറ്റിനടന്നിട്ടും അവളവനെ ഗൗനിച്ചതേയില്ല.
തുടരും......
Read More: https://www.emalayalee.com/writer/318