Image

ലോകകപ്പ് ഫുട്‌ബോള്‍: നാളെയോടെ ചിത്രം വ്യക്തമാകും (സനില്‍ പി. തോമസ്)

Published on 31 March, 2026
ലോകകപ്പ് ഫുട്‌ബോള്‍: നാളെയോടെ ചിത്രം വ്യക്തമാകും (സനില്‍ പി. തോമസ്)

ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന 48 ടീമുകളില്‍ പ്ലേ ഓഫിലൂടെ എത്തുന്ന ആറു ടീമുകള്‍ ഏതൊക്കെയെന്ന് നാളെ പുലര്‍ച്ചയോടെ വ്യക്തമാകും. യൂറോപ്പില്‍ നിന്ന് നാലു ടീമുകളും ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകളുമാണ് ബെര്‍ത്ത് നേടുക.

പാത്ത് എ സെമിയില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച ഇറ്റലി ഫൈനലില്‍ ബോസ്‌നിയ ഹെര്‍സഗോവിനെ നേരിടും. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ബെര്‍ത്ത് കിട്ടാത്ത ടീമാണ് ഇറ്റലി. ബോസ്‌നിയയുടെ വിജയം വെയ്ല്‍സിനെതിരെയായിരുന്നു. യൂറോപ്യന്‍ മേഖലയിലെ പാത്ത് ബി  ഫൈനല്‍ സ്വീഡനും പോളണ്ടും തമ്മിലാണ്. ഇവര്‍ യഥാക്രമം യുക്രെയ്‌നെയും അല്‍ബേനിയയെയും തോല്‍പിച്ചു.

പാത്ത് സി കലാശപ്പോരാട്ടത്തിൽ കൊസോവ തുര്‍ക്കിയെ നേരിടും. കൊസോവ സ് ലോവാക്യയെയും തുര്‍ക്കി റുമേനിയയെയും ആണ് സെമിയില്‍ തോല്‍പിച്ചത്. പാത്ത് ഡിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികള്‍ ഡെന്മാര്‍ക്കാണ്. സെമിയില്‍ ചെക്ക്, റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിനെയും ഡെന്മാര്‍ക്ക് വടക്കന്‍ മാസിഡോണയെയും തോല്‍പിച്ചു.

ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ഇറാഖ് ബൊളീവിയയെയും കോംഗോ ജമൈക്കയെയും നേരിടും. ജമൈക്ക ന്യൂ കാലെഡോണിയയെയും ബൊളീവിയ സുരിനാമിനെയും കീഴടക്കി. 1986 ലാണ് ഇതിനു മുമ്പ് ഇറാഖ് ലോകകപ്പ് കളിച്ചത്. കഴിഞ്ഞ നവംബര്‍ 19 വരെയുള്ള ഫിഫ ലോക റാങ്കിങ് കണക്കിലെടുത്ത് റാങ്കില്‍ മുന്നിലുള്ള കോംഗോയും(56) ഇറാഖും 58) നേരിട്ട് പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

മാര്‍ച്ച് 26നായിരുന്നു പ്ലേ ഓഫ് സെമി. ഫൈനല്‍ 31 രാത്രി അഥവാ ഏപ്രില്‍ ഒന്നു പുലര്‍ച്ചെ നടക്കും. യോഗ്യതാ റൗണ്ടുകള്‍ നവംബര്‍ 18 നു പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ യു.എസും മെക്‌സിക്കോയും കാനഡയും ഉള്‍പ്പെടെ 42 ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടി. ഫിഫ ലോകകപ്പില്‍ ആദ്യമാണ് 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. 1998 മുതല്‍ 2022 വരെ 32 രാജ്യങ്ങള്‍ ആയിരുന്നു. അതിനു തൊട്ടു മുമ്പ് 24 ടീമുകളും.

ഇക്കുറി പ്രാഥമിക റൗണ്ടില്‍ 12 ടീമുകളുടെ നാലു ഗ്രൂപ്പുകൾ തിരിച്ചായിരിക്കും മൽസരം. ഓരോ ഗ്രൂപ്പിലെയും ആദ്യ എട്ടു സ്ഥാനക്കാര്‍ റൗണ്ട് ഓഫ് 32 ല്‍ മത്സരിക്കും. യു.എസില്‍  പതിനൊന്നും മെക്‌സിക്കോയില്‍ മൂന്നും  കാനഡയില്‍ രണ്ടും വേദികളിലാണ് ലോകകപ്പ് മത്സരങ്ങള്‍. ഉദ്ഘാടനം മത്സരം ജൂണ്‍ 11ന് മെക്‌സിക്കോയിലെ എസ്താഡിയോ അസ്‌തേകാ സ്‌റ്റേഡിയത്തിലും ജൂലൈ 19ന് ഫൈനല്‍ ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലുമാണ് നടക്കുക.
ആകെ 206 ടീമുകളാണ് ലോകകപ്പ് 2026 ന് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്തത്. 2023 സെപ്റ്റംബര്‍ ഏഴിനു തുടങ്ങിയ യോഗ്യതാ റൗണ്ട് 2025 നവംബര്‍ 18 വരെ നീണ്ടു.

തങ്ങളുടെ മത്സരങ്ങള്‍ യു.എസില്‍ നിന്ന് മാറ്റണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും ഫിഫ വഴങ്ങിയില്ല. പിന്‍വാങ്ങിയാല്‍ വന്‍ തുക നഷ്ടപ്പെടുമെന്നതിനാല്‍ ഇറാന്‍ അതിനു മുതിരില്ല. ഇനി അറിയേണ്ടത് ഇറാനും യു.എസും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരേണ്ട സാഹചര്യം ഉരുത്തിരിയുമോ എന്നതാണ്.
തങ്ങളുടെ ഗ്രൂപ്പുകളില്‍ ഈ ടീമുകള്‍ നേടുന്ന സ്ഥാനത്തെ അടിസ്ഥാനമാക്കിയായിരിക്കും അത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക