Image

അപരന്‍ ജോലിത്തിരക്കിലാണ്; കെ സുരേന്ദ്രന്‍ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ക്ലോസ് ഫൈറ്റ്, കാവിക്കൊടി പാറുമോ..? ( എ.എസ് ശ്രീകുമാര്‍)

Published on 31 March, 2026
അപരന്‍ ജോലിത്തിരക്കിലാണ്; കെ സുരേന്ദ്രന്‍ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ക്ലോസ് ഫൈറ്റ്, കാവിക്കൊടി പാറുമോ..? ( എ.എസ് ശ്രീകുമാര്‍)

കെ സുരേന്ദ്രനും കെ സുന്ദരയും തമ്മില്‍ വ്യത്യാസമുണ്ടോ..? ഉണ്ടല്ലോ. എന്നാല്‍ പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ പേരിലെ ഈ കുരുക്ക് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. തീര്‍ച്ചയായും വോട്ട് മാറിക്കുത്താനിടയുണ്ട്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്വതന്ത്ര വേഷത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന വ്യക്തിയാണ് കെ സുന്ദര. അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട ആവേശോജ്വലമായ പോരാട്ടത്തില്‍ കെ സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. സുരേന്ദ്രന്റെ അപരനായി സുന്ദര വോട്ടുപിടിച്ചതാണ് ബി.ജെപിയുടെ ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് കാരണമായതെന്ന വാദം അന്ന് ശക്തമായിരുന്നു.

എന്നാല്‍ ബി.ജെ.പിക്ക് ആഴത്തില്‍ വേരോട്ടമുള്ള മഞ്ചേശ്വരത്ത്, സുരേന്ദ്രനിട്ട് കട്ടപ്പാര വച്ച കെ സുന്ദര ഇത്തവണ കളത്തിലിറങ്ങുന്നില്ല. ആദ്യം മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പത്രിക സമര്‍പ്പിച്ചില്ലെന്നാണ് സുന്ദര വ്യക്തമാക്കിയത്. നിലവില്‍ സ.ിപി.എം നിയന്ത്രണത്തിലുള്ള ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുന്ദര. 2021-ലെ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയും പത്രിക പിന്‍വലിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്‍ നല്‍കിയ ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കെ സുന്ദര ഇപ്പോഴും ബി.എസ്.പി അംഗമാണ്.

ഇത്തവണയും കെ സുരേന്ദ്രന് ഒരു അപരന്റെ ഭീഷണിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉഴമയ്ക്കല്‍ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി സുരേന്ദ്രന്‍ നായരാണ് സ്വതന്ത്രനായി രംഗത്തുള്ളത്. ഏതായാലും ഇക്കുറിയും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായ മഞ്ചേശ്വരത്തേയ്ക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. സിറ്റിംഗ് എം.എല്‍.എയായ എ.കെ.എം അഷ്‌റഫിനെ തന്നെയാണ് യു.ഡി.എഫ് ദോദയിലിറക്കിയിരിക്കുന്നത്. സി.പി.എം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ജയാനന്ദ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പതാകയേന്തുന്നു.

ഇതിനിടെ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജീന്‍ ലാവിന മൊന്തേറോ പിടിക്കുന്ന വോട്ട് ആരെ തുണയ്‌മെന്ന കാര്യത്തില്‍ മുന്നണികളില്‍ ആശങ്കയുണ്ട്. മാറി മാറി ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ കൊങ്കണി-ലത്തീന്‍ ക്രിസ്തീയ വിഭാഗത്തെയും മഞ്ചേശ്വരം മണ്ഡലത്തെ തന്നെയും അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. നേരത്തേ ബി.ജെ.പി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളാണ് ജീന്‍ ലാവിന മൊന്തേറോ. ബി.ജെ.പിയാണ് ഇവരെ മത്സരത്തിനിറക്കിയതെന്നാണ് യു.ഡി.എഫ് ആരോപണം. കൊങ്കണി-ത്തീന്‍ കാത്തലിക് വിഭാഗത്തിന്റെ ഔദ്യോഗിക പിന്തുണയോടെയല്ല മത്സരമെങ്കിലും ഭേദപ്പെട്ട വോട്ടുകള്‍ മൊന്തേറോ പിടിക്കുമെന്നാണ് ഒപ്പമുള്ളവരുടെ കണക്കുകൂട്ടല്‍.

അതേസമയം, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം അഷ്‌റഫ് പത്രിക പിന്‍വലിച്ചത് വലിയ വാര്‍ത്തയായിരുന്നു. എസ്.ഡി.പി.ഐക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ കെ.എം അഷ്‌റഫിന്റെ സാന്നിധ്യം യു.ഡി.എഫിന് ഭീഷണിയായിരുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 7,500-ലധികം വോട്ടുകള്‍ എസ്.ഡി.പി.ഐയ്ക്ക് പോള്‍ ചെയ്തിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന്റെ പേരിനോട് സമാനമാണ് കെ.എം അഷ്‌റഫ് എന്ന പേര്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ എസ്.ഡി.പി.ഐയും യു.ഡി.എഫും വെവ്വേറെ മത്സരിക്കുന്നത് ബി.ജെ.പിക്കു ഗുണകരമാകുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം.

2006-ല്‍ സി.എച്ച് കുഞ്ഞമ്പു ഇടത്പക്ഷത്തിനായി 4,829 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ചരിത്രം മഞ്ചേശ്വരത്തിനുണ്ട്. അന്ന് അഡ്വ. നാരായണ ഭട്ടായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2011-ല്‍ 5,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ അബ്ദുള്‍ റസാഖ് വിജയിച്ചെങ്കില്‍ 2016-ല്‍ അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നല്ലോ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫ് കെ സുരേന്ദ്രനെ 745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനം ഭരിക്കുന്ന സി.പി.എം ഇവിടെ മൂന്നാം സ്ഥാനന്നേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയമായി. 2016-ല്‍ യു.ഡി.എഫിലെ പി.ബി അബ്ദുള്‍ റസാഖും എന്‍.ഡി.എയിലെ കെ സുരേന്ദ്രനും തമ്മില്‍ നടന്നത് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു. കേവലം 89 വോട്ടുകള്‍ക്കാണ് അബ്ദുള്‍ റസാഖ് അന്ന് വിജയിച്ചതെന്ന് ആവര്‍ത്തിക്കട്ടെ.

2019-ല്‍ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തങ്ങളുടെ വോട്ട് വിഹിതം 44.5 ശതമാനമായി ഉയര്‍ത്തി ഭൂരിപക്ഷം 7,923 ആയി വര്‍ദ്ധിപ്പിച്ചിരുന്നു. 2021-ല്‍ പോരാട്ടം വീണ്ടും കടുത്തു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം വെറും 745 വോട്ടുകളായി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ തങ്ങളുടെ വോട്ട് വിഹിതം ഏകദേശം 35-37 ശതമാനത്തില്‍ സ്ഥിരമായി നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. 77.78 ശതമാനം വോട്ടാണ് അന്ന് ആകെ പോള്‍ ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് പി.ഡി.പിയുടെ തീരുമാനം.

മണ്ഡലത്തില്‍ സ്വാധീനമുള്ള പി.ഡി.പി മഞ്ചേശ്വരം പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ വിജയിച്ചിട്ടുണ്ട്. സാധാരണയായി എല്‍.ഡി.എഫിനെയാണ് പി.ഡി.പി പിന്തുണയ്ക്കാറുള്ളത്. എന്നാല്‍, മഞ്ചേശ്വരത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്റെ വിജയ സാധ്യത, മതേതര വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത, എല്‍.ഡി.എഫിന്റെ വിജയ സാധ്യത തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചാണ് തീരുമാനമത്രേ.

കേരളത്തില്‍ ബി.ജെ.പിക്ക് ആദ്യമായി ഒരു നിയമസഭ സീറ്റ് ലഭിക്കേണ്ടിയിരുന്ന മണ്ഡലം എന്നാണ് മഞ്ചേശ്വരത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. 1987 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, എല്ലാ തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിക്ക് മണ്ഡലം നഷ്ടമായത്. കേരളത്തില്‍ മറ്റൊരു മണ്ഡലത്തിലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല.

അതിനാല്‍ ബി.ജെ.പിക്ക് ഇവിടെ ഇത്തവണ വെറുമൊരു മത്സരമെന്ന രീതിയില്‍ മാത്രം പോരാടാനാവില്ല, മറിച്ച് അഭിമാനപ്പോരാട്ടമാണ്. 2011-ലേതിനേക്കാള്‍ 12,792 വോട്ടുകള്‍ 2016-ല്‍ കൂടുതലായി നേടാന്‍ കെ സുരേന്ദ്രന് സാധിച്ചിരുന്നു. 2021-ല്‍ വീണ്ടും മഞ്ചേശ്വരത്ത് മത്സരിക്കാനെത്തിയ സുരേന്ദ്രന്‍ നേടിയ വോട്ടുകളുടെ ശതമാനത്തിലും എണ്ണത്തിലും വര്‍ദ്ധന വരുത്താന്‍ സാധിച്ചു. മാറുമോ മഞ്ചേശ്വരം..? ഇഞ്ചോടിഞ്ച് ക്ലോസ് ഫൈറ്റാണ്... ബി.ജെ.പിയുടെ പ്രതീക്ഷ അകാശത്തോളമല്ല... അതുക്കും മേലെയാണ്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക