Image

കടമ്മനിട്ട രാമകൃഷ്ണൻ ; 18-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 31 March, 2026
കടമ്മനിട്ട രാമകൃഷ്ണൻ ; 18-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

മലയാള കാവ്യഛന്ദസ്സിൽ നാടോടി താളവും വന്യമായ ഗോത്ര ഭാവവും സന്നിവേശിപ്പിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ.... ആധുനിക കാവ്യാ ഭാവുകത്വത്തെ കൈവിട്ട ആലാപന ശക്തി വീണ്ടെടുത്ത കാവ്യാ അവതാരകൻ കൂടിയാണ് കടമ്മനിട്ട. ഇദ്ദേഹം തുടക്കമിട്ട 'ചൊൽക്കാഴ്ച' ഒരുകാലത്തു കേരളത്തിൻറെ സാംസ്‌കാരിക തരംഗമായി മാറി.

അദ്ദേഹത്തിൻ്റെ 18-ാം ഓർമ്മദിനം , ഇന്ന്. സ്മരണാഞ്ജലികൾ! 

എം. ഗോവിന്ദൻറെ 'സമീക്ഷ'യിലാണ് 'ഞാൻ' (1965) എന്ന കടമ്മനിട്ടയുടെ ആദ്യകവിത വന്നതെന്ന് ആണ് ഓർമ്മ; അതോ 'അന്വേഷണ'ത്തിലോ? പിന്നീടും 'കേരള കവിത' (എഡിറ്റർ: അയ്യപ്പ പണിക്കർ), 'അക്ഷരം' (എഡിറ്റർ: എ. അയ്യപ്പൻ) തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളിൽ (ലിറ്റിൽ മാഗസിനുകളിൽ) ആണ് കടമ്മനിട്ടയുടെ അക്കാലത്തെ രചനകൾ എല്ലാം വന്നത്. ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതും 'കേരള കവിത', 1976-ൽ ത്രൈമാസികം എന്ന നിലയിലുള്ള അതിൻ്റെ രൂപം അവസാനിപ്പിച്ചു കൊണ്ട് പുതിയതായി ആരംഭിച്ച 'ഗ്രന്ഥവരി' പരമ്പരയിലെ ആദ്യ ഗ്രന്ഥമായി... (ആദ്യകാലം മുതൽ ഞാൻ അതിൻ്റെ ഒരു വരിക്കാരനായിരുന്നു. പ്രൊഫ. എം ഗംഗാധരനായിരുന്ന 'ഗ്രന്ഥവരി'യുടെ ചുമതലക്കാരൻ.)

ഞാൻ, അതായതു 'ഈ ഞാൻ' (കവിതയല്ല), ആദ്യമായി കടമ്മനിട്ടയെ കാണുന്നതും ആ വന്യതാളം കേൾക്കുന്നതും (കവിതാ അവതരണം) കേരളാ യൂണിവേഴ്സിറ്റി യൂണിയൻ 1975-ൽ കോഴഞ്ചേരിയിലെ 'ചരൽകുന്നി'ൽ നടത്തിയ കോളേജ് വിദ്യാർത്ഥികളുടെ സാഹിത്യ-കല ക്യാമ്പ് ആയ 'സർഗ്ഗ സംവാദ'ത്തിൽ വച്ചാണ്. അത്താഴം കഴിഞ്ഞുള്ള ക്യാമ്പ് കൂട്ടായിമയിൽ ആദ്യം 'കോഴി'യും പിന്നീട് 'കിരാത വൃത്ത'വും കടമ്മനിട്ട രാമകൃഷ്ണൻ തന്നെ അവതരിപ്പിച്ചു- അതും എം. ഗോവിന്ദൻറെയും അയ്യപ്പപ്പണിക്കരുടേയും എം വി ദേവന്റെയും കെ. സച്ചിതാനന്ദന്റെയും മങ്കട രവിവർമ്മയും ജോൺ എബ്രാഹിമിൻ്റെയും എല്ലാം സാന്നിധ്യത്തിൽ.

അന്ന് അനുഭവിച്ച പുതുകവിതയുടെ അനുഭൂതി എനിക്ക് മറക്കാനാവതില്ല 😇

"ആയതിനാല്‍ നമുക്കിനി മത്തങ്ങയെക്കുറിച്ച് സംസാരിക്കാം!" ('മത്തങ്ങ'-കടമ്മനിട്ട) വളരെ സാധാരണമായി ഉദ്ധരിക്കപ്പെടുന്നവരികളാണ്...

പത്തനംതിട്ട ജില്ലയിലെ 'കടമ്മനിട്ട' എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണൻ ജനിച്ചത്- 1935 മാർച്ച് 22-ന് അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ഔദ്യോഗിക നാമം: എം. ആര്‍. രാമകൃഷ്ണപ്പണിക്കര്‍. അനുഷ്ഠാന കലകളിലൊന്നായ 'പടയണി' യുടെ ആസ്ഥാനം എന്ന പേരിൽ പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം തൊട്ടടുത്തുള്ള 'വള്ളിക്കോട് കോട്ടയം' പോലുള്ള ദേശങ്ങളും. രാമകൃഷ്ണന്റെ ജീവിതത്തിൽ ഈ കലാരൂപവും അതിൻ്റെ സംഗീതതാളവും ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.

കോട്ടയം സി എം എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. ചങ്ങനാശ്ശേരി എന്‍ എസ് എസ്സ് കോളേജില്‍ നിന്ന് 1957-ല്‍ ബി എ. പിന്നീട് കുറേക്കാലം രാഷ്ട്രീയപ്രവര്‍ത്തനവും ട്യൂട്ടോറിയല്‍ അധ്യാപനവുമായി നാട്ടില്‍. പിന്നീട് തൊഴില്‍ തേടി നാടുവിട്ടു; കൊൽക്കത്തയിൽ എത്തിപ്പെട്ടു.

1959 ഫെബ്രുവരി 20-ന് കേന്ദ്ര ഗവര്‍മെണ്ടിന്റെ പോസ്റ്റല്‍ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലികിട്ടി. മദിരാശിയില്‍ ആയിരുന്നു നിയമനം. അങ്ങനെ മദ്രാസിലെത്തി, പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു.

മദിരാശിയില്‍ രാമകൃഷ്ണന്‍ താമസിച്ചിരുന്ന ലോഡ്ജിലെ അന്തേവാസികളില്‍ അധികം പേരും ചിത്രകാരന്മാരായിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്ന കെ ദാമോദരന്‍, കാനായി കുഞ്ഞുരാമന്‍, പാരിസ് വിശ്വനാഥന്‍, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ അതില്‍പ്പെടുന്നു. ഈ കലാകാരന്മാര്‍ വഴി എം ഗോവിന്ദനുമായി പരിചയപ്പെട്ടു. അങ്ങനെയാണ് കടമ്മനിട്ട എം. ഗോവിന്ദനുമായും റാഡിക്കൽ ഹ്യൂമനിസ്റ്റ് പ്രസ്ഥാനമായും ബന്ധം സ്ഥാപിക്കുന്നത്.

1967 മുതൽ 1992-ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലിയുടെ ആസ്ഥാനം. അക്കാലത്താണ് കടമ്മിനിട്ട തൻ്റെ പ്രശസ്തമായ കവിതകൾ പലതു രചിച്ചതും 'ചെൽക്കാഴ്ച' എന്ന കവിതാലാപന സദസ്സുകളിലൂടെ പെരുമ നേടുന്നതും.

ഈ തിരുവനന്തപുരം കാലത്ത് അവിടത്തെ സാഹിത്യ കൂട്ടായ്മകളുമായി അടുത്ത ബന്ധം പുലർത്തുന്നത്; വിശേഷിച്ചും നാടകവേദിയുമായി. നരേന്ദ്രപ്രസാദ്, നടൻ മുരളി, കൈതപ്രം തുടങ്ങിയവരുടെ നാടക സ്മരണകളിൽ കമ്മനിട്ട ഒരു മുഖ്യസാന്നിദ്ധ്യമാണ്; സാമുവൽ ബെക്കറ്റിൻ്റെ 'ഗോദോയെ കാത്ത്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കമ്മനിട്ടയാണ്; അത് അക്കാലത്ത് 'കേരള കവിത'യിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോവിയാ പാസിന്റെ 'സൂര്യശില'യും അദ്ദേഹം പരിഭാഷപ്പെടുത്തി.

വിരമിക്കലിന് ശേഷം റാഡിക്കൽ ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് അകന്ന്, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

1991 വരെയുള്ള കാലത്തിനിടയില്‍ എഴുപതോളം കവിതകളാണ് കടമ്മനിട്ട പ്രസിദ്ധം ചെയ്തത്. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച ‘കുറത്തി’ പ്രസിദ്ധീകരിച്ചത് 1978-ൽ 'ബോധി' എന്ന മാസികയിലായിരുന്നു ‍.

കടമ്മനിട്ടയുടെ ആദ്യ സമാഹം, 'കേരളകവിത' ഗ്രന്ഥവരിയിലെ ആദ്യ ഗ്രന്ഥമായി 1977-ൽ ഇറങ്ങി. അയ്യപ്പ പണിക്കരും എം. ഗംഗാധരനും ആയിരുന്നു അതിനു പിന്നിൽ പ്രവർത്തിച്ചത്.

1980-ല്‍ ‘കടമ്മനിട്ടയുടെ കവിതകള്‍’ എന്ന പേരില്‍ അന്ന് വരെ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കവിതകളുടെ സമാഹാരം രണ്ട് വാള്യങ്ങളായി പുറത്തു വന്നു. കോഴിക്കോട്ടെ 'പ്രപഞ്ചം പബ്ളിഷേഴ്സാ'യിരുന്നു പ്രസാധകര്‍. (അതായത്, 'ചിലവൂർ വേണു') ഈ ഗ്രന്ഥങ്ങളുടെ പ്രകാശനം കോഴിക്കോട് ഗാന്ധിഗൃഹത്തിൽ വച്ച് നടന്നതും ഞാൻ ഓർക്കുന്നു: പുസ്തക പ്രകാശനം നടത്തിയ എം. ഗോവിന്ദൻ കമനീയമായി സംവിധാനം ചെയ്തിറക്കിയ ഈ പുസ്തകത്തിനായി പണം ചെവഴിച്ച ചിലവൂർ വേണു, 'വരവൂർ' ആയിത്തീരട്ടെ എന്ന് ആശംസിച്ചതും ഓർമ്മയിലുണ്ട്..... പക്ഷേ, ഈ ഗ്രന്ഥത്തിൻ്റെ കോപ്പികൾ ഭൂരിഭാഗവും 'കോംപ്ലിമെൻ്ററി' ആയി പലരും എടുത്തു കൊണ്ടു പോയതിനാൽ ചെലവൂർ വേണുവിന് അച്ചടി ചെലവോ കടമ്മനിട്ടക്ക് റോയൽറ്റിയോ കിട്ടിയില്ലന്നാണ് അറിവ്!

പിന്നീട്, ഡി സി ബുക്സ് അത് ഒറ്റ വാള്യമായി പ്രസിദ്ധീകരിച്ചു. കടമ്മനിട്ടക്കവിതകളുടെ നാല് വാള്യം കാസറ്റുകളും പുറത്തുവന്നിട്ടുണ്ട്. കവിതകളുടെ കാസറ്റ് പുറത്തിറക്കുന്ന സമ്പ്രദായം ഇതോടെയാണ് മലയാളത്തില്‍ വ്യാപകമാവുന്നത്.

മലയാള കവിതാസ്വാദകരെ ഒരു തരത്തിൽ 'നടുക്കിയുണർത്തിയ' കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.

'ചൊല്‍ക്കാഴ്ച'കളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള കവിതയെ ആസ്വാദകരിലേയ്‌ക്കെത്തിച്ച ആധുനിക കവിയാണ് കടമ്മനിട്ട. മലയാളത്തിന്റെ സാംസ്‌കാരിക സ്വത്വം കാവ്യപാരമ്പര്യമായേറ്റു വാങ്ങിയ കടമ്മനിട്ടയുടെ കവിതകള്‍ ദ്രാവിഡ താളങ്ങളുടെ രൗദ്രഭംഗി ഉള്‍ക്കൊളളുന്നവയാണ്.

സാമുവല്‍ ബക്കറ്റിന്റെ 'ഗോദോയെകാത്ത്', ഒക്ടോവിയാ പാസിന്റെ 'സൂര്യശില' എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു എന്നത് നേരത്തെ സൂചിപ്പിച്ചുവല്ലോ.

കടമ്മനിട്ടയുടെ പത്‌നി ശാന്ത ജീവിത സഖി മാത്രമല്ല, അതിപ്രസിദ്ധമായ ഒരു 'കവിതാ ശീർഷകം' കൂടിയാണ്; കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ച് പത്‌നി ശാന്തയുടെ നിറവാർ‍ന്ന ഓർമ്മകൾ ഉൾക്കൊള്ളുന്ന ¶'കൊച്ചാട്ടൻ' ഒരു പുസ്‌തകവും ഉണ്ട്.

2008 മാർച്ച് 31-ന് (73-ാം വയസിൽ ) കടമ്മിനിട്ട രാമകൃഷ്ണൻ അന്തരിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക