
ഓഫീസിലേക്ക് ലീവിനുള്ള മെയിലയച്ച ശേഷം ബാൽക്കണിയിൽ പോയി ചുമരും ചാരിയിരുന്നു. നേരിയ നിലാവിൽ വിരിയുന്ന നിഴലനക്കങ്ങളിലേക്ക് നോക്കിയിരിക്കാൻ രസമാണ്. ഒട്ടുമാവിൽ പടർത്തിയിരിക്കുന്ന മുല്ല നിത്യപുഷ്പിണിയാണ്. ആർമാദിച്ച് പൂക്കാറില്ല ഒരിക്കലും. അവിടവിടെയായി വിരിയുന്ന വെൺമയിൽ നിന്നുയരുന്ന സുഗന്ധം ഇവിടുത്തെ രാത്രികളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
അത്തിക്കാവിലെ പാലപ്പൂഗന്ധവും ഇവിടുത്തെ മുല്ലപ്പൂഗന്ധവും പലപ്പോഴും ഞങ്ങൾക്കിടയിൽ ചർച്ചയാവാറുണ്ട്. അപ്പോഴൊക്കെ ആലോചിക്കാറുണ്ട്.
ഏതിനാണ് കൂടുതൽ വശ്യത?
അത്തിക്കാവിലെ ജീവിതമാണോ ഇവിടുത്തെ ജീവിതമാണോ കൂടുതൽ നല്ലതെന്ന് ചോദിക്കുന്നതു പോലെയാണത്.
ഇവിടുത്തെ ജീവിതം സ്വകാര്യതയുള്ളതും അതിനാൽ തന്നെ കൂടുതൽ ശാന്തവുമാണ്. ഈ വീട്ടിലും ഈ കോമ്പൗണ്ടിലും കൂടിവന്നാൽ മതിലിനപ്പുറമുള്ള ഇത്തിരി വട്ടത്തിലേക്കും കൂടി പരക്കുന്ന മുല്ലപ്പൂമണം പോലെത്തന്നെയാണ് ഈ നാട്ടിലുള്ള ബന്ധങ്ങളും. കാണുമ്പോൾ ഒരു ചിരി എന്നതിനപ്പുറമൊരു പരിചയം ഇവിടെ ആരോടുമില്ല.
എന്നാൽ അത്തിക്കാവിൽ അങ്ങനെയാണോ ! തന്നെ അറിയാത്തവർ അവിടെയാരുണ്ട്? താൻ മിണ്ടാത്തവർ അവിടെയാരുണ്ട്? പാലപ്പൂഗന്ധം പോലെ ശക്തമാണ് അവിടെ ബന്ധങ്ങൾ. നാടിനപ്പുറത്തേക്കുപോലും ഒഴുകി പരക്കുന്നതാണ് അവിടുത്തെ പരിചയങ്ങൾ. സ്വകാര്യതയേക്കാൾ സ്വീകാര്യതയ്ക്കായിരുന്നില്ലേ അന്നൊക്കെ അവിടെ പ്രസക്തി.
മറ്റന്നാൾ ഒന്നാം തീയതിയാണ്. റൈനുവിന് അന്ന് അവധിയാണല്ലോ. അതുകൊണ്ടും കൂടിയാണ് രണ്ട് ദിവസത്തേക്ക് ലീവെടുക്കാമെന്ന് വച്ചത്. അന്നൊരു ദിവസം മുഴുവൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവർക്കൊപ്പമിരിക്കാമല്ലോ. ഒന്നും ചെയ്യാതെ വെറുതെ വെറുതെയിങ്ങനെ ഇരിക്കാൻ തോന്നുന്ന ചില സമയങ്ങളുണ്ടാവില്ലേ എല്ലാവർക്കും. അതുപോലൊരവസ്ഥ.
എല്ലാവർക്കും എന്ന് പറയാൻ പറ്റില്ല. റൈനുവിനെപ്പോലെ ചില റെയർ പീസുകൾ ഉണ്ടാകും. വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തവർ. കുറച്ചു കാലം മുൻപാണ് റൈനു കരാടിസ്ഥാനത്തിൽ ചെയ്യുന്ന മറ്റൊരു ജോലി കണ്ടുപിടിച്ചത്. ആ പോസ്റ്റോഫീസ് ജോലിക്ക് ശേഷം.
“ഈ ജോലി നമുക്ക് വേണോ? “ എന്ന് സന്ദേഹപ്പെട്ടതിന് “ എൻ്റെ കൂടെ ഇത്ര കാലം കഴിഞ്ഞിട്ടും തനിക്കൊരു മാറ്റോം ഇല്ലല്ലോടോ.“ചന്ദനം ചാര്യാ ചന്ദനം മണക്കും ചാണകം ചാര്യാ ചാണകം മണക്കും. ആ പഴഞ്ചൊല്ലിൽ പതിരുണ്ടെന്ന് വിചാരിക്കേണ്ടി വര്വോ? “ എന്ന പരിഹാസച്ചുവയുള്ള ഉത്തരം കിട്ടി.പിന്നെ എതിർത്തൊന്നും പറയാൻ തോന്നിയില്ല.
“പുത്യേതെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടായാലേ ഉടനെ ചെയ്തോണം. വിട്ടുകളയരുത്. ഇപ്പ തന്നെ കണ്ടാ. ഏതെല്ലാം തരം മനുഷ്യരാ’. എന്തെല്ലാം പെരുമാറ്റങ്ങളാ. മ്മടെ സർക്കാർ ഖജനാവ് നെറയ്ക്കാൻ പരിശ്രമിക്കുന്ന കൊറേ പേരെ അസിസ്റ്റ് ചെയ്യ. ദിവസം കഴിയണതറിയണില്ല. കൊള്ളാട്ടാ ഈ ജോലി.”
ബീവ്റേജിലെ ജോലി അവൾ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്ന് ആദ്യ ദിവസങ്ങളിൽ നിന്ന് തന്നെ മനസ്സിലായി.
മ്മടെ സർക്കാർ ഖജനാവ് നെറയ്ക്കാൻ പരിശ്രമിക്കുന്ന കൊറേ പേരെ അസിസ്റ്റ് ചെയ്യ. ദിവസം കഴിയണതറിയണില്ല. കൊള്ളാട്ടാ ഈ ജോലി.”
ബീവ്റേജിലെ ജോലി അവൾ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്ന് ആദ്യ ദിവസങ്ങളിൽ നിന്ന് തന്നെ മനസ്സിലായി.
റൈനു ബീവറേജിൽ ജോലിക്ക് പോകുന്നതിൽ തനിക്കെന്തായിരുന്നു ബുദ്ധിമുട്ടെന്നും അവളെ തടഞ്ഞതെന്തിനായിരുന്നെന്നും പിന്നീടിരുന്നാലോചിച്ചിട്ടുണ്ട്. പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞു മാറി നടക്കാനാഗ്രഹിക്കുന്ന, സമൂഹത്തിനോ തനിക്കു തന്നെയോ ഗുണമുള്ള എന്തെങ്കിലുമൊന്ന് ചെയ്യാൻ കഴിയാത്ത മായയെ കണ്ടെടുത്ത് അപകർഷയായിട്ടുമുണ്ട്.
പുരോഗമന ചിന്തകൾക്കൊപ്പമെന്ന് ഭാവിക്കുന്നെങ്കിലും
അതിനടിയിലിരിക്കുന്ന പിന്തിരിപ്പൻ ചിന്തക്കാരിയായ മറ്റൊരു മായയുണ്ട്.
പലപ്പോഴും പുറമേക്ക് കാണുന്നതൊന്നുമല്ലല്ലോ പലരും. “എന്തായാലും താൻ അവരേക്കാൾ ഭേദമാണ് “ എന്ന താരതമ്യത്തിൽ സ്വയമാശ്വസിക്കുന്ന, അല്ല സ്വയമഹങ്കരിക്കുക പോലും ചെയ്യുന്ന മായ. ആ മായക്കാണ് ബീവറേജ് ജോലി മോശമായി തോന്നിയത്.
ചിലപ്പോഴൊക്കെ തോന്നും ഉള്ളിലേക്ക് ചൂഴ്ന്ന് കയറി എല്ലാം അരിച്ചെടുക്കുന്നുണ്ട് റൈനുവെന്ന്. ബാഷയുടെയും തൻ്റെയും ബന്ധത്തിനിടയിലെ ചില കോപ്ലിക്കേഷൻസ് റൈനുവിനോട് പറഞ്ഞിട്ടേയില്ല. എന്നിട്ടും ചിലപ്പോഴൊക്കെ അവൾ പറയുന്ന ചില ഉദാഹരണങ്ങൾ നെഞ്ചിൽ തറച്ചു കയറും. അപ്പോഴൊക്കെ കുറ്റബോധപ്പെടും.
റൈനു ഒന്നും ഒളിച്ചു വയ്ക്കാത്തവളാണെന്ന് നന്നായറിയാം. ജീവിതത്തിലെ പൊട്ടും പൊടിയും വരെ പറയും. ഒരു വട്ടമല്ല. പലവട്ടം. സ്വന്തം അനുഭവങ്ങൾ പറയുന്നതിൽ ഇതുപോലെ ഹരം കണ്ടെത്തുന്ന മറ്റാരേയും കണ്ടിട്ടില്ല. എന്നാലും സ്വന്തം കുറ്റബോധത്തെ തളയ്ക്കാനായി, തന്നെപ്പോലെ എന്തെങ്കിലുമൊക്കെ അവളും ഒളിച്ച് വയ്ക്കുന്നുണ്ടാകില്ലേ എന്ന് സമാധാനിക്കും.
മറ്റേമ്മയെ കണ്ടു . അന്നവിടെ നിൽക്കാൻ മറ്റേമ്മ നിർബന്ധിച്ചു. എന്നതൊഴിച്ച് അത്തിക്കാവിലെ വിശേഷമൊന്നും ഇതേ വരെ വിശദമായി സംസാരിച്ചിട്ടില്ല. തൻ്റെ മൂഡൗട്ട് മനസ്സിലാക്കിയിട്ടാവാം രണ്ട് പേരും ആ വിഷയത്തെ പറ്റി കൂടുതലൊന്നും ചോദിക്കാഞ്ഞത്. വെറും പ്രണയനൈരാശ്യമല്ല. അതിലപ്പുറം ഹൃദയം നീറ്റുന്ന മറ്റെന്തോ അവിടെയുണ്ടെന്ന് അവരൂഹിക്കുന്നുണ്ടായിരിക്കാം.
“ ചേച്ചി, ഇങ്ങളി കോലായ്മെരിന്ന് എന്താക്കാ? ന്നാ. ഈ ചായ കുടിച്ചോക്കി. ഓര് വര്ണവരെ മ്മക്ക് മുണ്ടിപറഞ്ഞ് ഇരിക്കാ.”
നിഷാന രണ്ടു ഗ്ലാസ് ചായയുമായി അടുത്ത് വന്നിരുന്നു. വെറുതെ ഇരിക്കുന്ന സമയത്ത് കടുപ്പത്തിലും മധുരത്തിലും ചായ കുടിക്കുന്ന ശീലമുള്ളത് അവൾക്കറിയാം.
“നിഷീ …. നീയെന്തിനാ എണീറ്റ് വന്നത്. റൈനു കണ്ട് വന്നാ എൻ്റെ മെക്കട്ട് കേറും. ചായ കുടിച്ചിട്ട് പോയ് കെടക്കണം ട്ടാ “
“ ഓര്ക്ക് അതൊക്കെ പറയാം. ഇച്ച് കയ്യൂല. എത്രാന്ന് വെച്ചിട്ടാ ഈ കെടക്കല്.“
പുറത്ത് നേരിയ തണുപ്പുണ്ട്. എവിടെയെങ്കിലും മഴ പെയ്യുന്നുണ്ടായിരിക്കും. നിഷാന കൊണ്ടുവന്ന ചായ ഊതിയൂതി രുചിയോടെ കുടിക്കുമ്പോൾ അവൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.
കോട്ടയത്തെ കോളേങ്കിൽ പഠിക്കുന്ന സമയത്ത് രാവിലെയും വൈകിട്ടും ട്യൂഷനെടുക്കാൻ പോയതും അവിടുന്ന് കിട്ടിയ പണം കൊണ്ട് ഹോസ്റ്റൽ ഫീസടച്ചതും വാശിയോടെ പഠിച്ചതുമെല്ലാം അവൾക്കറിയാവുന്ന കഥകളാണ്. എങ്കിലും അക്കാലത്തെ പറ്റി വീണ്ടും ചിലതെല്ലാം ഓർത്തെടുത്ത് ഞങ്ങൾ കുറച്ച് നേരം കൂടി അവിടെയിരുന്നു.
റൈനുവെത്താൻ സമയമാകുന്നതേയുള്ളൂ. ഞാനവിടെയിരിക്കുന്നിടത്തോളം നേരം നിഷാനയും അവിടെ തന്നെയിരിക്കും. ദീർഘനേരത്തെ ഇരിപ്പ് ഇപ്പോഴവൾക്ക് നല്ലതല്ല. എഴുന്നേറ്റ് മുറിയിൽ പോയി കിടന്നു. ഫോണിൽ ആത്മരഹസ്യം പ്ലേ ചെയ്ത് ചെവിയിൽ ഇയർഫോൺ വെച്ചു. അതൊരടയാളമാണ്. ഇനി നിഷാന മിണ്ടാതെ കിടന്നോളും.
ദിവസത്തിൽ ഒരു വട്ടമെങ്കിലും, ചിലപ്പോൾ അതിലധികം. കേട്ടുകേട്ട് ഏതുറക്കത്തിലും ചൊല്ലാവുന്നത്ര മനപാ:ഠമായിരിക്കുന്നു ഈ ചങ്ങമ്പുഴ കവിത. ഈ കവിത കേൾക്കുമ്പോഴൊക്കെ ബാഷ അടുത്തുണ്ടെന്ന പ്രതീതിയാണ്. അതുകൊണ്ടായിരിക്കാം ഇതിങ്ങനെ ആവർത്തിച്ചാവർത്തിച്ച് കേൾക്കാൻ തോന്നുന്നത്.
താനൊരു കവിതക്കമ്പക്കാരിയേ ആയിരുന്നില്ല. ആയിരുന്നില്ലെന്ന് മാത്രമല്ല. കവിതയോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ബാഷ ചൊല്ലുമ്പോൾ ഏത് കവിതയും മനോഹരമാകുന്നു. അവൻ വിവരിച്ച് തരുമ്പോഴാണ് ഇങ്ങനെയൊരർത്ഥം ഇതിനുണ്ടായിരുന്നോ എന്നതിശയപ്പെടുന്നത്. അവനേറ്റവും കൂടുതൽ ചൊല്ലാറുള്ളതും അവനേറ്റവും ഇഷ്ടമുള്ളതും ചങ്ങമ്പുഴ കവിതകളാണ്.
“സങ്കടക്കവിത അല്ലാണ്ട് സന്തോഷക്കവിതോളൊന്നും ഇയാളെഴുതാറില്ലേ? നിനക്കും ഇതുപോലെ കവിതയെഴുതി സമാധാനിക്കേണ്ടി വര്വോ?” അന്നതൊരു തമാശക്ക് ചോദിച്ചതാണ്. പക്ഷേ …!
“ഒരു സർപ്രൈസുണ്ട്. ഞാനിത്തിരി വൈകും. എന്നാലും ഉറങ്ങരുത്. “
ഫോണിൽ റൈനുവിൻ്റെ മെസ്സേജ് . ഉറങ്ങരുത് എന്നൊരു മെസ്സേജ് ഒരിക്കലും ഇടാറില്ല. ഉറങ്ങാതെ കാത്തിരിക്കുന്നത് അവൾക്ക് ഇഷ്‌ടമേയല്ല. വാതിലിൻ്റെ കീയും കൊണ്ടേ പോകാറുള്ളൂ. ഞങ്ങൾ ഉറങ്ങിയെങ്കിൽ വിളിച്ചേൽപ്പിക്കാതിരിക്കാൻ വേണ്ടിയാണത്. ചില ദിവസങ്ങളിൽ അവൾ വന്ന് കിടക്കുന്നത് അറിയാറുമില്ല.
ഫുഡും കൊണ്ട് വരാറുള്ള ദിവസങ്ങളിൽ നേരത്തേ അറിയിക്കാറുണ്ട്. അങ്ങനെയുള്ള ദിവസങ്ങളിൽ പതിവിലും നേരത്തേ വരികയും ചെയ്യും. ഇന്നെന്താണ് ഇങ്ങനെയൊരു മെസ്സേജ് ? വൈകുമെന്ന് പറഞ്ഞ സ്ഥിതിക്ക് പതിനൊന്നെങ്കിലും ആകുമായിരിക്കും.
വീണ്ടും ആത്മരഹസ്യത്തിന് ചെവിയോർത്ത് കണ്ണുകളടച്ചു. ബാഷയടുത്തുണ്ടെന്നും അവൻ്റെ സ്വരമാണ് കേൾക്കുന്നതെന്നും സങ്കൽപിച്ചു. ആ ഒരനുഭൂതിയിൽ ലയിച്ചിരിക്കെ കുറച്ചുനേരത്തേക്ക് റൈനുവെന്നല്ല ഈ ലോകം തന്നെയും എൻ്റെ ഓർമ്മയിൽ നിന്ന് മാഞ്ഞു പോയിരുന്നു.
തുടരും ....