
ബിഷപ്സ് ഹൗസിന്റെ കവാടം കടക്കുമ്പോൾ സാറായുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു തുടങ്ങി..
അകാരണമായ ഒരു പേടിയും പരിഭ്രമവും ഇരുവരേയും പിടികൂടി.
സർട്ടിഫിക്കറ്റുകളെല്ലാം എടുത്തിട്ടുണ്ട്.
എത്രയോ തവണ നോക്കി ഉറപ്പാക്കിയിട്ടാണ് ഉറങ്ങാൻ കിടന്നത്.
വീട്ടിൽ നിന്നും ഇറങ്ങും മുൻപും നോക്കി ഉറപ്പാക്കിയതാണ്.
എന്നിട്ടും ഉള്ളിലൊരു ഉറപ്പില്ലായ്മ ...
കൊച്ചുപെണ്ണിന്റെ ഉള്ളിലെ ഭയം മുഖത്തു പ്രകടമായിരുന്നു.
സാറായാവട്ടെ അതൊന്നും പുറത്തു കാട്ടാതെ പ്രസന്നമായ മുഖഭാവത്തോടെ നടന്നു.
വിശാലമായ മുറ്റത്തിന്നിരുവശവും നിരയൊപ്പിച്ചു നിരത്തി വെച്ചിരിക്കുന്ന പൂച്ചട്ടികൾക്കു നടുവിലൂടെ അരമനയിലേയ്ക്കു നടക്കുമ്പോൾ അപരിചിതത്വത്തിന്റെ സംഭ്രമം വീണ്ടും മനസ്സാകെ തിരയടിച്ചു.
ചൂളമരങ്ങളും ബദാം മരങ്ങളും ഈട്ടിയും തേക്കും , പിന്നെയും പേരറിയാത്ത ഏതൊക്കെയോ വന്മരങ്ങൾ കാവൽ നിൽക്കുന്ന ബിഷപ് ഹൗസ്:
നട്ടുച്ചയ്ക്കും വെയിൽ ചൂട് കടന്നുവരാത്ത ഹരിത സമുർദ്ധിയുള്ള ശാഖകൾ പടർത്തി നിൽക്കുന്ന മാമരങ്ങൾക്കു മുകളിൽ വെൺ മേഘങ്ങൾ ഇറങ്ങി വന്നിരിയ്ക്കുന്ന പോലെ സാറായ്ക്കു തോന്നി.
ഒച്ചയനക്കങ്ങളൊന്നുമില്ലാത്ത, ആശ്രമ സമാനമായ അന്തരീക്ഷം...
നീളൻ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഏതാനും പേർ ഇരിപ്പുണ്ട്.
ഓഫിസിനു മുന്നിൽ നിന്ന ഒരാൾ സാറായെ ചോദ്യഭാവത്തിൽ നോക്കി.
അവൾ വിസിറ്റിംഗ് കാർഡ് അയാൾക്കു നേരേ നീട്ടി.
അയാൾ കാർഡു വാങ്ങി അകത്തേയ്ക്കു പോയി.
മിനിറ്റുകൾ ഇഴഞ്ഞുനീങ്ങി.
വരാന്തയിൽ ഇരിക്കുന്ന ചിലർ ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കുന്നു.
അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു. കാർഡുമായി പോയ ആൾ ഇരുവരേയും അകത്തേയ്ക്കു ചെല്ലുവാൻ ആംഗ്യം കാട്ടി.
കണ്ടമാത്രയിൽത്തന്നെ തിരുമേനി സാറായെ തിരിച്ചറിഞ്ഞു.
അദ്ദേഹം അവൾ സമർപ്പിച്ച മംഗളപത്രം മേശവലിപ്പിൽ നിന്നും എടുത്ത് തന്റെ സമീപം ഇരുന്ന പുരോഹിതനെ കാണിച്ചു കൊണ്ടു പറഞ്ഞു. "ഈ കൊച്ചു മിടുക്കി എഴുതിയ മംഗള ഗാനമാണിതു. "
അതൊരിയ്ക്കൽക്കൂടി പാടുവാൻ തിരുമേനി അവളോടു ആവശ്യപ്പെട്ടു.
.. "മിടുക്കി. : നന്നായിരിക്കുന്നു".
ഓഫീസിലുണ്ടായിരുന്നവരെല്ലാം അത്ഭുതത്തോടെ നോക്കി. അഭിനന്ദന ഭാവത്തിൽ പുഞ്ചിരിച്ചു.
സാറാ അവളുടെ സർട്ടിഫിക്കറ്റുകളെല്ലാം തിരുമേനിയുടെ മേശപ്പുറത്തു വെച്ചു... അദ്ദേഹം എല്ലാം നോക്കി...
തിരുമേനി അവൾക്കു ഒരു കവർ നീട്ടി"ഇതാ"...
ഇരുകൈകളും നീട്ടി സാറാ ആ കവർ വാങ്ങിച്ചു.
ഒന്നു കണ്ണോടിച്ചു... ഇടതു വശത്ത് മഹായിടവകയുടെ സീലും വലതു വശത്ത് റോയൽ ബ്ളൂ നിറമുള്ള മഷിയിൽ മിസ്. പി.എസ്. സാറാ എന്നെഴുതിയത് അവൾ വായിച്ചു.
"തുറന്നു നോക്കൂ കുഞ്ഞേ "... തിരുമേനി പറഞ്ഞു.
സാറാ കവറിന്നുള്ളിൽ നിന്ന് കടലാസ് എടുത്തു നിവർത്തി.
സാറായുടെ നീളൻ മിഴിയോരത്തു അടർന്നു വീഴാതെ തങ്ങി നിന്ന കണ്ണീർക്കണങ്ങൾക്കിടയിലൂടെ
അവ്യക്തമായിക്കണ്ട വാചകം അവൾ സ്വപ്നത്തിലെന്നപോലെ വായിച്ചു.
ദ കോർപറേറ്റ് മാനേജർ , സി എം.എസ്. സ്ക്കൂൾസ് ഹിയർബൈ അപ്പോയിന്റഡ് മിസ് പി.എസ്. സാറാ അറ്റ് സി.എം എസ് സ്ക്കൂൾ കൊമ്പനാൽ .
****** ******
നീണ്ട കഥ അവസാനിച്ചിരിയ്ക്കുന്നു..
വായിച്ചും അഭിപ്രായങ്ങൾ നൽകിയും എനിയ്ക്കു പ്രചോദനവും പ്രോത്സാഹനവും തന്ന എല്ലാ പ്രിയ വായനക്കാരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.