
ന്യു യോർക്ക്: കേരളത്തിൽ നഴ്‌സുമാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കുകയും അർഹമായ വേതനം നൽകുകയും ചെയ്യണമെന്ന് ഫൊക്കാന ഇലക്ഷനിലെ ടീം ഇന്റെഗ്രിറ്റി പാനലിന്റെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് ആവശ്യപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങളിലൊക്കെ നഴ്‌സിംഗിന് മാന്യതയും മികച്ച ശമ്പളവും ലഭിക്കുമ്പോൾ ഇന്ത്യയിൽ ഓരോ ഒഴിവുകഴിവ് പറഞ്ഞ് മാനേജ്‌മെന്റുകൾ അവ നിരസിക്കുന്നു. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നതാൻ അവരുടെ ആവശ്യം.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് 28,000 രൂപ മാത്രമാണ്. ഇതുപോലും പല ആശുപത്രി മാനേജ്‌മെന്‌റുകളും എതിർക്കുന്നു. ദീര്‍ഘകാല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീതിക്കുവേണ്ടി നഴ്‌സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്.

ജോലിഭാരവും ഉത്തരവാദിത്വവും കണക്കിലെടുക്കുമ്പോൾ ആവശ്യപ്പെടുന്ന വേതനം അധികമാണെന്ന് ആരും പറയില്ല. എങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് അത് നൽകുന്നത് മാനേജ്‌മെന്റുകൾ തടയുന്നു.
ഇത് ഖേദകരമാണ്. കേരളത്തിന്റെ പ്രവാസചരിത്രത്തില്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റം നടത്തിയ മലയാളി നഴ്‌സുമാര്‍ മിക്ക കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറയായി മാറിയ കാഴ്ച നമുക്ക് ഏറെ പരിചിതമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നഴ്‌സുമാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കയിൽ നഴ്‌സിംഗ്, മലയാളി സമൂഹ്ത്തിന്റെ നട്ടെല്ല് തന്നെ എന്ന് പറയാം. ഈ സാഹചര്യത്തിൽ പണിമുടക്കുന്ന നഴ്‌സുമാർക്ക് എല്ലാവിധ സഹായവും എത്തിക്കാൻ തന്റെ ടീം പ്രതിജ്ഞാബദ്ധമാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.