
ഞാനൊരു വ്യഭിചാരിണിസംഘത്തിൽ അകപ്പെട്ടുപോയി. അയ്യേ മോശം!! എന്ന് പറയാൻ വരട്ടെ. ഞാൻ കേടുപാടുകളില്ലാതെ രക്ഷപ്പെട്ടു. അറിയാതെ തെറ്റായി ചരിക്കുക എന്നാണു വ്യഭിചാരം എന്ന വാക്കിനർത്ഥം. വ്യഭിചാരിണി എന്നാൽ ഭർത്താവിനെക്കൂടാതെ മറ്റൊരു പുരുഷനെ സ്നേഹിക്കുകയും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ത്രീ എന്നാണർത്ഥം. ഇക്കാലത്ത് കുലടകളുടെ സംഖ്യ വർദ്ധി ച്ചുകൊണ്ടിരിക്കയാണ്. ഭാരതീയ നീതിന്യായ കോടതി വ്യഭിചാരം തെറ്റല്ലെന്ന നിയമം പാസ്സാക്കിയത് ഇവർക്കൊക്കെ സൗകര്യമായി. മുഖപുസ്തകം വരുത്തിവച്ച വിന. മുഖപുസ്തകത്തിലൂടെ അനവധിപേരുടെ ജീവിതനൗക ഉലഞ്ഞു മറിയുന്നത് നമ്മൾ വാർത്തകളിലൂടെ അറിയുന്നുണ്ട്. മുഖപുസ്തകത്തിൽ കാണുന്നവരെല്ലാവരും നല്ലവരല്ല. നമുക്ക് അത് മനസ്സിലായി വരുമ്പോഴേക്കും ചിലരൊക്കെ നമുക്ക് മാനഹാനിയും നഷ്ടങ്ങളും വരുത്തിയിട്ടുണ്ടാകും.
എന്റെ മുഖപുസ്തക സുഹൃത്തുക്കൾ എല്ലാം എഴുത്തുകാർ ആണ്. എഴുത്തിലുള്ള താൽപ്പര്യം മൂലം ഒരേ അഭിരുചിയുള്ളവരുമായി നമ്മൾ സ്നേഹബന്ധം പുലർത്തുന്നു. പരിചയപ്പെട്ടവരിൽ രണ്ടു സ്ത്രീകൾ ഒരു കാരണവുമില്ലാതെ എന്നെ unfriend ചെയ്തു. കാരണം ചോദിച്ചപ്പോൾ നിശബ്ദത പാലിച്ചു. പോട്ടെ എന്ന് വച്ചു. അത് കഴിഞ്ഞപ്പോൾ വേറെ മൂന്നു സ്ത്രീകൾ എന്റെ പോസ്റ്റിനു കമന്റിടുന്നതും ലൈക്ക് അടിക്കുന്നതും നിർത്തി. unfriend ചെയ്യാതെ unfriend ചെയ്യുന്ന നയം. വളരെ പരിചയമുള്ള ഒരു സ്ത്രീ മുഖപുസ്തക സുഹൃത്ത് ആകാൻ വിസമ്മതിച്ചു. പിനീടാണ് അറിഞ്ഞത് ഈ പറഞ്ഞവരെല്ലാം ഒരു കുറ്റിയിൽ കെട്ടിയ പശുക്കളായിരുന്നു. അതായത് അവർ എല്ലാവരും ഒരാളുമായി അവിഹിത ബന്ധം വയ്ക്കുന്നവരാണ്. പുസ്തകം എഴുതികൊടുത്തും അവാർഡ് വാങ്ങി കൊടുത്തുമാണ് ഇയാൾ പെണ്ണുങ്ങളെ വശത്താക്കുന്നത്. അല്ലാതെ ശ്രീകൃഷ്ണ ഭാവമില്ല. വൈരൂപ്യത്തിന്റെ ആൾരൂപമുള്ള ഒരു കാട്ടുമാക്കാനാണ് ഇയാൾ. അത് ഞാൻ അറിയാൻ വഴിയുണ്ടെന്നു മനസിലാക്കി അവർ എന്നിൽ നിന്നും ഒഴിയുകയായിരുന്നു. ഏതായാലും അത്തരം മുഖപുസ്തകസുഹൃത്തുക്കൾ ഇല്ലാതിരിക്കുന്നത് നല്ലത്. നല്ല സൗഹൃദങ്ങൾ ആണ് നമുക്ക് വേണ്ടത്. പ്രിയ വായനക്കാരെ നല്ലപോലെ പരിചയമില്ലാത്തവരെ എഴുത്തുകാർ എന്ന പരിഗണന മാത്രം വച്ച് കൂട്ട് ചേർക്കരുത്. എത്രയോ വർഷമായി എത്രയോ നല്ല പെൺസൗഹൃദങ്ങൾ ഉണ്ട്. അവരെല്ലാം എത്രയോ നന്മയുള്ളവർ. ഇയ്യിടെ പരിചയപ്പെട്ട മേല്പറഞ്ഞവരിൽ നിന്നും ഇങ്ങനെ ഒരനുഭവം അത്ഭുതപ്പെടുത്തി. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്നവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാകും. മുഖപുസ്തകത്തിലെ അശ്ലീല പേജുകൾ തിരിച്ചറിയുക.
ന്യയോർക്കിലെ ശൈത്യകാലം ഔദ്യോഗികമായി അവസാനിച്ചു. എന്നാലും വിട്ടുമാറാത്ത കുളിരുമായി പ്രകൃതി കൊഞ്ചി നിൽക്കയാണ്. പരിസരം സുഖകരമാണ്. സായാഹ്നസവാരികൾ ഉല്ലാസദായകങ്ങളാണ്. നടക്കാൻ പോകുമ്പോൾ അഭിമുഖമായി വരുന്നവരിൽ അധികവും വനിതകളാണ്. ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒന്നോ രണ്ടോ നായ്ക്കൾ അവർക്ക് മുന്നിൽ നടക്കുന്നുണ്ടാകും. അവരിൽ ഒരാൾ മധ്യവയസ്കയായ ഒരു വടക്കേ ഇന്ത്യൻ സ്ത്രീയാണ്. ഒരു നൈറ്റിയും ഹവായ് ചപ്പലുമാണ് അവരുടെ വേഷം. ഇന്ത്യക്കാരിൽ പലർക്കും ഡ്രസ്സ് കോഡ് എന്നൊന്നില്ല. കയ്യിൽ ഒരു നായയുടെ ചങ്ങലയല്ല, മറിച്ച് നാലെണ്ണമാണ്. അവ നാലുഭാഗത്തേക്ക് അവരെ വലിക്കുമ്പോൾ (unruly dogs )ബാലൻസ് തെറ്റി അവർ വീഴാതെ പിടിച്ചു നിൽക്കുന്നത് രസകരമാണ്. അതുകൊണ്ട് തന്നെ അവരോട് ഹായ് പറഞ്ഞു. അവരെ അറിയിച്ചു അവർ ത്രിമൂർത്തികളുടെ അംശാവതാരമായ ദത്താത്രേയനെപോലെയാണെന്നു. അദ്ദേഹത്തിന് നാല് നായ്ക്കൾ എപ്പോഴും കൂടെ ഉണ്ടായിരുന്നു. അത് നാല് വേദങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു. പിന്നെ എല്ലാ ദിവസങ്ങളിലും അവരെ കണ്ടുമുട്ടി. രണ്ടു ദിവസം പരിചയമായപ്പോൾ എന്നെ കണ്ടാൽ ഉടനെ നായ്ക്കൾ മര്യാദക്കാരായി സൈഡ് വാക്കിന്റെ ഓരത്ത് ഒതുങ്ങി നിന്ന് അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കുന്നത് അവരെ അത്ഭുതപ്പെടുത്തിയിരുന്നു.
എന്തുകൊണ്ടാണ് നായ്ക്കൾ എന്നെ കാണുമ്പോൾ മര്യാദ പാലിക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് ഞാൻ പറഞ്ഞു എന്റെ ശബ്ദത്തിന്റെ മാസ്മരികതകൊണ്ടാണെന്നു. ഒരു പക്ഷെ ദത്തത്രേയൻ എന്ന് നിങ്ങളെ വിശേഷിച്ചപ്പോൾ ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാർ ഇവിടെ സന്നിഹിതരായിക്കാണുമെന്നു. എന്തിനാണ് ഇത്രയും നായ്ക്കൾ എന്ന ചോദ്യത്തിന് അവരുടെ മറുപടി ദയനീയമായിരുന്നു. ഭർത്താവ് മരിച്ചു മക്കൾ ഉപേക്ഷിച്ചുപോയി. ഏകാന്തതയിൽ നിന്ന് മോചനം. അവർക്ക് എന്നെ എന്നും കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.ബന്ധപ്പെടാനുള്ള നമ്പർ ചോദിച്ചു. ഞാൻ മേല്പറഞ്ഞ വ്യഭിചാരിണികളുടെ കഥയും അവർ എന്നിൽ ഏൽപ്പിച്ച ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ലെന്നും പറഞ്ഞു മടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
വീട്ടിൽ വന്നു ഭാര്യയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു പാവം സ്ത്രീ, അവർക്ക് നമ്പർ കൊടുക്കാമായിരുന്നു. എന്നിട്ടു ഒരു വീരവാദം “സ്ത്രീകൾ എല്ലാം നിങ്ങൾ മുഖപുസ്തകത്തിൽ കണ്ട വ്യഭിചാരിണികളെപോലെയല്ല.” നടന്നുവരുമ്പോൾ ആരോഗ്യപരിപാലനാർത്ഥം കുടിക്കാൻ, പതിവുപോലെ ചെറുനാരങ്ങാനീരും, അരിഞ്ഞ ഇഞ്ചികഷണങ്ങളും ചേർത്ത നാളികേര വെള്ളം അവർ കുടിക്കാൻ തന്നു. അത് കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു എഴുത്തുകാരന്റെ ഫോൺ വിളി. അയാളുടെ പരാതി "ഷുഗർ കണ്ടമാതിരി കൂടുന്നു. മധുരപലഹാരങ്ങൾ ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇന്ത്യൻ കടയിൽ പോയാൽ രുചികരമായ നെയ്യപ്പവും, ലഡുവും, കുമ്പിൾ അപ്പവും, ഇലയടയും എന്തിനേറെ പായസം വരെ പാക്കറ്റുകളിൽ കിട്ടുമ്പോൾ എങ്ങനെ അതൊക്കെ ഉപേക്ഷിക്കും".
എഴുത്തുകാരനും പ്രകൃതിചികിത്സ വിദഗ്ദ്ധനുമായ അമേരിക്കൻ മലയാളി ശ്രീ ജയൻ വർഗ്ഗീസ് രോഗങ്ങൾ വരുന്നതിനെപ്പറ്റി ഒരിക്കൽ പറഞ്ഞത് ഞാൻ പ്രസ്തുത എഴുത്തുകാരന് വിശദീകരിച്ചു കൊടുത്തു. അതായത് ഓരോ ശരീരവും സൃഷ്ടിക്കപ്പെടുമ്പോൾ അതിനാവശ്യമായ ഭക്ഷണത്തിന്റെ ഒരു പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നമ്മൾ വാരി വലിച്ച് തിന്നു ആ പരിധി ലംഘിക്കുമ്പോൾ അസുഖങ്ങൾ വരുന്നു. നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ ആവശ്യത്തിൽ കൂടുതൽ മധുരം അകത്താക്കി കഴിഞ്ഞു. ഇനി ശരീരം സ്വീകരിക്കയില്ല. അതാണ് പ്രമേഹരൂപത്തിൽ നിങ്ങളെ ശല്യപ്പെടുത്തുന്നത്. ശരീരം വേണ്ടെന്നു പറഞ്ഞാലും ആശ ബാക്കി നിൽക്കുന്നല്ലോ എന്ന അയാളുടെ വേവലാതിക്ക് ശമനം കിട്ടാൻ എന്റെ നാട്ടിലുണ്ടായ പോക്കർ ഹാജിയുടെ കഥ പറഞ്ഞുകൊടുത്തു
പോക്കർ ഹാജി സമ്പന്നനും മൽസ്യമാംസാദികളോടുകൂടിയുള്ള ഭക്ഷണം കഴിക്കുന്നതിൽ അതീവതല്പരനുമായിരുന്നു. ആറടിയോളം ഉയരമുള്ള സുന്ദരനായ അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞപ്പോഴാണ് മൂപ്പരുടെ ഭാഷയിൽ ആരോഗ്യകാര്യങ്ങളിൽ ചില ഇടങ്ങേറുകൾ ഉണ്ടായത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊഴുപ്പ് തുടങ്ങിയ വ്യാധികൾ മൂപ്പർക്ക് ആധികൾ സമ്മാനിച്ചു.ഇഷ്ടമുള്ളത് ഒന്നും തിന്നാൻ വയ്യ. ഡോക്ടർ കൽപ്പിച്ചത് കണിശമായി പാലിച്ച് ബീഗം അതൊന്നും തിന്നാൻ സമ്മതിക്കുന്നില്ല. പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞുപോയി. കൂടെയുള്ളത് അധ്യാപകരായ രണ്ടാണ്മക്കളും അവരുടെ ബീവിമാരുമാണ്. അവർക്കൊക്കെ അവരുടെ ഉമ്മയെ പേടിയാണ്.മൂത്ത മകനാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് നെയ്ച്ചോറും, ചിക്കൻ കാൽ വറുത്തതുമൊക്കെ വല്ലപ്പോഴും കൊണ്ട് കൊടുക്കുക. ഇളയമകൻ പോക്കർ ഹാജിയുടെ ഭാഷയിൽ ഇബ്‌ലീസാണു. ഒരു പെരുന്നാൾ ദിവസം. രുചികരമായ ഭക്ഷണം അടുക്കളയിൽ വേവുന്ന കൊതിപ്പിക്കുന്ന മണം. അന്ന് മൂത്ത മകനില്ല. അതുകൊണ്ട് ഇളയ മകനെ വിളിച്ചു. ഡാ ഉമ്മ കാണാതെ ഞമ്മക്ക് ഇത്തിരി നെയ്ച്ചോറും കോയിക്കറിയും കൊണ്ടുവാ. അവൻ വളരെ സ്നേഹത്തോടെ ചോദിച്ചു. ഉപ്പ ഇതൊക്കെ മുമ്പ് തിന്നിട്ടില്ലേ. ഞമ്മള് പെരുത്ത് തിന്നിരിക്കിണ്. എന്നാൽ ഇനി തിന്നണ്ട എന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു മകൻ മുറിവിട്ടുപോയി. പോക്കർ ഹാജി വായിൽ വരുന്ന വെള്ളം ഇറക്കി ഒരു പൈപ്പ് പുകച്ച് പൂന്താനത്തെ ഓർമ്മിച്ച് പാടി.
രണ്ടു നാല് ദിനം കൊണ്ടൊരുത്തന്റെ
നെയ്‌ച്ചോർ തീറ്റ മുട്ടിക്കുന്നതും ഭവാൻ.
എഴുത്തുകാരനോട് പറഞ്ഞു പോക്കർ ഹാജിയുടെ അവസ്ഥ മനസിലാക്കുക. മുമ്പ് ഇതൊക്കെ കഴിച്ചില്ലേ. ഇനി അതൊന്നും വേണ്ട എന്ന് വയ്ക്കുക അത്ര തന്നെ. .
ശുഭം.
Read More: https://www.emalayalee.com/writer/11