Image

ഉപ്പു കണ്ണീർ (കവിത: റീബ എസ് പി)

Published on 30 March, 2026
ഉപ്പു കണ്ണീർ (കവിത: റീബ എസ് പി)

തീരത്തെ വെയിലിൻ  തീക്ഷ്ണമാം നാളങ്ങൾ
തൊലിപ്പുറം കരിയിച്ചു പാടുകൾ തീർക്കെ,
കടലമ്മ തന്നൊരു മുത്തുപോൽ ഉപ്പിനെ
വാരിക്കൂട്ടുന്നു കൈത്തഴമ്പുള്ളൊരാൾ.

പതിറ്റാണ്ടുകൾ നീണ്ട വിയർപ്പിന്റെ തുള്ളികൾ
പാത്തിയിൽ വീണതുമുപ്പായ് തെളിഞ്ഞല്ലോ,
വിശപ്പിന്റെ കയ്പകറ്റാൻ ഉപ്പുവിറ്റവൻ
തളർന്നു വീഴുന്നു വെളുത്തൊരാ മെത്തയിൽ.

പടികടന്നെത്തുന്ന തിരയുടെ ഇരമ്പം
കാതുകളിൽ വല്ലാത്ത ഭീതി പടർത്തുന്നു,
കോരിയെടുത്തൊരീ വെളുത്ത പൊൻതരി
ശവക്കല്ലറയാകുമോ എന്നോർത്തു പോയ്.

കണ്ണുനീർ തുള്ളികൾ ഉപ്പിൽ പതിയവേ
അലിഞ്ഞു ചേരുന്നു ജീവന്റെ  നോവുകൾ,
ഉപ്പുകുഴികളിൽ ഉരുകുന്ന മാനവൻ
ഇടറി വീഴുന്നു, ജീവിതം മാറുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക