Image

കരിങ്ങനാമറ്റത്തു നിന്ന് കാബൂൾ വഴി ക്വീൻസിൽ: ജേക്കബ് ഒരു സൂപ്പർമാൻ (കുര്യൻ പാമ്പാടി)

Published on 30 March, 2026
കരിങ്ങനാമറ്റത്തു നിന്ന് കാബൂൾ വഴി ക്വീൻസിൽ: ജേക്കബ് ഒരു സൂപ്പർമാൻ (കുര്യൻ പാമ്പാടി)

ന്യു യോർക്കിൽ  ക്വീൻസ് ബറോയിലെ ക്വീൻസ് വില്ലേജിൽ  താമസിക്കുന്ന കോട്ടയം വാഴൂർ കരിങ്ങനാമറ്റത്തു ജേക്കബിന് 96 വയസായി. സംഭവബഹുലമായ ജീവിതം. അറുപത്തിമൂന്നു വർഷമായി കൂടെ കഴിയുന്നു ഭാര്യ കുമ്പനാട്‌ പ്ലാത്തോട്ടത്തിൽ അമ്മിണി. ക്വീൻസ് വില്ലേജിലെ വൈറ്റ് ഹാൾ ടെറസിൽ വീട്.

ഏക മകൻ മാത്യു ന്യുയോർക് സ്റ്റേറ്റ് സർവീസിൽ നിന്ന് റിട്ടയർ ചെയ്‌തു കൂടെയുണ്ട്. തിരുവനന്തപുരം സ്വദേശിനി ഭാര്യ ശോഭ എൻജിനീയറിങ്ങിൽ മാസ്റ്റെഴ്സ് എടുത്ത ആളാണ്‌. സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ വകുപ്പിൽ എൻജിനീയർ.

കെ.എം. ജേക്കബിന്റെ വിളിപ്പേര് ചാക്കോച്ചൻ എന്ന്. പാസ്പോർട്ടിൽ അമ്മിണിയുടെ പേര് ഏലിയാമ്മ. രണ്ടു പേരും ഡ്രൈവിംഗ് നിർത്തിയിട്ടു പത്തു വർഷമായി. ഞായറാഴ്ച മകൻ തൊട്ടടുത്ത വുഡ്‌സൈഡിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ്  പള്ളിയിൽ ആരാധനക്കു കൊണ്ടുപോകും.  

ജേക്കബും അമ്മിണിയും: ആറുപതിറ്റാണ്ടു കടന്ന ദാമ്പത്യം

പള്ളിയിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ചാക്കോച്ചൻ. ജേക്കബ് ദമ്പതിമാർ പള്ളിയുടെ അഭിമാനവും അലങ്കാരവുമാണ്. താലിബാൻ  എത്തും മുമ്പ് കുടുംബ സമേതം അഫ്ഘാനിസ്റ്റാനിൽ പോയി അതിസാഹസം കാട്ടിയ  മറ്റാരും ഇടവകയിൽ ഇല്ലെന്നു വികാരി ഫാ. ജോൺ തോമസ് പറയുന്നു.

ഫിസിക്സ് മെയിൻ ആൻഡ് മാത്‍സ് സബ് ആയി ബിഎസ് സി ജയിച്ചയാളാണ് ജേക്കബ്. കോട്ടയം എംഡി സെമിനാരി ഹൈസ്‌കൂളിലും സിഎംഎസ് കോളജിലും ആലുവാ യു.സി കോളജിലും പഠിച്ചു. പ്രഗത്ഭനായ സിപി മാത്യു ആയിരുന്നു ആലുവയിൽ പ്രിൻസിപ്പൽ.

കോഴഞ്ചേരിക്കടുത്ത് കുഴിക്കാലാ സിഎംഎസ് ഹൈ സ്‌കൂളിൽ ഒരു വർഷം കണക്കും ഫിസിക്‌സും പഠിപ്പിച്ചു. 45 രൂപയായിരുന്നു ശമ്പളം. 30 രൂപ ശാപ്പാടിനാകും. വലിയപറമ്പിൽ വല്യപ്പന്റെ തിണ്ണയിൽ കിടക്കും. വാടക വേണ്ട. കുഴിക്കാലായ്ക്കടുത്തു നെല്ലിക്കാലായിൽ നെല്ലിക്കാലാവീട്ടിൽ ജനിച്ച ആളായിരുന്നു എന്റെ പിതാവ് വർഗീസ്. അദ്ദേഹവും അദ്ധ്യാപകൻ ആയിരുന്നു.

ജേക്കബിന്റെ ക്വീൻസ് വില്ലേജ്

ലോ കോളജിൽ ചേരാനായി  തിരുവനന്തപുരത്തു പോയി. കോളജിൽ ചേർന്നെങ്കിലും പഠിത്തം ഉഴപ്പി. യൂണിവേഴ്‌സിറ്റിയിൽ  ദ്വിവത്സര ടൈപ്പ്-ഷോർട് ഹാൻഡ് കോഴ്‌സിന് പഠിച്ചു എന്നതായിരുന്നു ഒരു നേട്ടം.  പ്രിലിമിനറി പാസായി. രണ്ടാംവർഷം ഫൈനലിന് ആരും പാസായില്ല. പക്ഷെ ജോലികിട്ടാൻ ആദ്യപരീക്ഷ പാസായാൽ മതിയായിരുന്നു.

അങ്ങിനെ ബനാറസിലെ ബോംബെ കമ്പനി എന്ന യൂറോപ്യൻ സ്ഥാപനത്തിൽ ജോലിക്കു കയറി.  ചകരിമെത്ത സംഭരിച്ച് കയറ്റി അയക്കുന്ന സ്ഥാപനം.   ഒരു വർഷമേ അവിടെ ജോലി ചെയ്തുള്ളു . അടുത്ത താവളം പഞ്ചാബി
ലെ ലുധിയാന. എട്ടു വവർഷം. ജീവിതമാകെ മാറ്റിമറിച്ച കാലഘട്ടം.

ബ്രിട്ടീഷ് ബാപ്റ്റിസ്റ്റ് മിഷനറി സൊസൈറ്റി1894ൽ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളജിലും  ഹോസ്പ്പിറ്റലിലും അക്കൗണ്ടന്റ് ആയിട്ടായിരുന്നു നിയമനം. സ്ഥാപക പ്രിൻസിപ്പൽ  ഈഡിത് മേരി  ബ്രൗണിനെ ബ്രിട്ടൻ പ്രഭ്വി (Dame) സ്ഥാനം നൽകി ആദരിക്കുകയുണ്ടായി.

ക്വീൻസ് വില്ലേജിലെ പാർപ്പിടനിരകൾ

ബ്രൗണിന് ശേഷം മെഡിക്കൽ കോളേജിന്റെ ട്രഷറർ ആയി വന്ന മിസ് ഹോംസിന്റെ കീഴിലായിരുന്നു നിയമനം. ''മിസ് ഹോംസിന് എന്നെ വളരെ   ഇഷ്ട്ടമായി. എട്ടുവർഷം അവിടെ തുടരാനുള്ള പ്രധാന കാരണം ആ മഹതിയോടുള്ള ആദരവും സ്നേഹബന്ധവും  ആയിരുന്നു.''

ആയിരത്തോളം  പേർ  ജോലി ചയ്യുന്ന സ്ഥാപനത്തിൽ ശമ്പളം വിതരണം ചെയ്യുന്ന ചുമതല ജേക്കബിനായിരുന്നു.  ''എന്റെ തുടക്കത്തിലുള്ള ശമ്പളം 110 രൂപയായിരുന്നു. ഓരോ വർഷവും അത് കൂട്ടിത്തന്നു. നാലുവർഷം കഴിഞ്ഞപ്പോൾ 430 രൂപയായി. മിക്ക ഡോക്ടമാർക്കു പോലുമില്ലായിരുന്നു അത്ര ശമ്പളം!," ട്രഷററുടെ സെക്രട്ടറിയായി പിരിഞ്ഞ ജേക്കബ് ഓർമ്മിക്കുന്നു.

ജനറൽ നഴ്‌സിംഗ്  പഠിച്ചുകൊണ്ടിരുന്ന അമ്മിണിയെ കണ്ടുമുട്ടുന്നത് ലുധിയാനയിൽ വച്ചാണ്.  1963ൽ അവർ വിവാഹിതരായി. അമ്മിണി നഴ്‌സിങ് പാസായത്തോടെ അവർ ലുധിയാനയോടു വിട പറഞ്ഞു.1967ൽ അവർ ഡൽഹിയിലെത്തി. പാർലമെന്റ് സ്ട്രീറ്റിലെ ഓർഡിഗ്നം ആൻഡ് കോ എന്ന  യൂറോപ്യൻ കമ്പനിയിൽ ജേക്കബിന് ജോലിയായി.

ലുധിയാന മെഡിക്കൽകോളേജും സ്ഥാപക ഈഡിത് മേരി ബ്രൗണും

അഫ്‌ഘാനിസ്റ്റാനിലെ കാബൂളിൽ ഒരു ബ്രിട്ടീഷ് ഇൻഷ്വറൻസ് കമ്പനിയിൽ  അക്കൗണ്ടന്റിനെ വേണമെന്ന് ഹിന്ദു പത്രത്തിൽ പരസ്യം വന്നു. വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ ഒരു കാർഡിൽ അപേക്ഷ അയച്ചു. ഒരുപാടു  പേരെ ഇന്റർവ്യൂവിനു  വിളിച്ചെങ്കിലും ജേക്കബിനെ  മാത്രമേ സെലക്ട് ചെയ്തുള്ളു. ലുധിയാനയിലെ ജോലി പരിചയം ആയിരുന്നിരിക്കണം അവരെ ആകർഷിച്ചത്.  

വേഗം പാസ്പോർട്ട് എടുക്കണം.  പാമ്പാടി ചെറിയാമഠം മൽപാനച്ചന്റെ ചേട്ടന്റെ മകൻ  സി.പി.ജെക്കബ് അന്ന് കേന്ദ്ര സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണ്. അദ്ദേഹം സഹായിച്ചു. രണ്ടു കുട്ടികളുമായി അമ്മിണിയും കൂടെപ്പോയി. ആദ്യത്തെ വിമാന യാത്ര. ഹിന്ദുക്കുഷ് മലനിരകൾക്കു മുകളിലൂടെ പറന്ന ഹെർക്കുലീസ് സി 3 വിമാനത്തിൽ 20 പേരെ ഉണ്ടായിരുന്നുള്ളു.

അഫ്‌ഘാനിസ്റ്റാനിലെ ബാമിയാനിൽ  ബുദ്ധപ്രതിമ  നിന്ന ഗുഹ; ജേക്കബും കുടുംബവും അന്ന്

നാലുവർഷം കാബൂളിൽ ജോലി ചെയ്‌തു. അവരുടെ വിറകടുപ്പിൽചുട്ടെടുത്ത നാനും   ആട്ടിറച്ചിക്കറിയും ആപ്പിളും മുന്തിരിയും  നന്നേ പിടിച്ചു. ഡ്രൈ ഫ്രൂട് കച്ചവടക്കാരിൽ ഏറെയും ഇന്ത്യക്കാരായിരുന്നു. ഒരു പക്ഷി ചോരവീഴ്ത്തി വീഴും വരെയുള്ള പക്ഷിപ്പോരു  കാണാൻ ജനം ഓടിക്കൂടും. കാലുകൾ കൂട്ടിക്കെട്ടി മൈതാനത്തിനു നടുവിൽ നിർത്തുന്ന കാളക്കിടാവിനെ 11 വീതം കുതിരകളുടെ മുകളിലേറി ആണി  തറച്ച ബൂട്സ് കൊണ്ടു  ഗോൾമുഖത്തേക്ക് തട്ടിക്കളിക്കുന്ന ബുസ്കാഷി എന്നത് ക്രൂരമായ മറ്റൊരു വിനോദം.

കാബൂളിൽ നിന്ന് കാണ്ഡഹാർ വരെ മരുഭൂമിയിലൂടെ പാതയുണ്ട്.  ബാമിയാൻ മലനിരകളിൽ കൊത്തി വച്ച ഇരുനൂറടി ഉയരമുള്ള ബുദ്ധപ്രതിമയും ഉയരം കുറഞ്ഞ  മറ്റു രണ്ടുപ്രതിമകളം കണ്ടു അവർ വിസ്മയിച്ചു. താലിബാൻ ഭരണം വന്നപ്പോൾ അതെല്ലാം തകർത്തുകളഞ്ഞു.18000 അടി ഉയരത്തിലുള്ള സാലങ് ചുരം കടന്നാൽ റഷ്യയായി.

.വുഡ്‌സൈഡിലെ സെന്റ് മേരീസ് പള്ളിയിൽ മാർ നിക്കോളോവാസും ഫാ. ജോൺ തോമസും

കാബൂളിൽ ഇന്ത്യക്കാർ ധാരാളം ഉണ്ടായിരുന്നുവെങ്കിലും മലയാളികൾ കുറവായിരുന്നു. പരമാവധി 25 മലയാളി കുടുംബങ്ങൾ. ഇന്ത്യൻ എംബസിയിലും ഇന്ത്യൻ എയർലൈൻസിലും ജോലി ചെയ്യുന്നവരും കുടുംബങ്ങളും ഉൾപ്പെടെ.  എല്ലാവരും കൂടി ഒരു കുടുംബം പോലെ കഴിഞ്ഞു.

സ്കാൻഡിനേവിയൻ എയർലൈൻസ് പ്രതിനിധിയും ഡെന്മാർക്കിന്റെ കോൺസലും ആയിരുന്ന ചേർത്തല സ്വദേശി മാത്യൂസ് തോപ്പിൽ ആയിരുന്നു സുഹൃത്തുക്കളിൽ ഒരാൾ. അദ്ദേഹം റിട്ടയർ ചെയ്‌ത്‌  ഇപ്പോഴും ചേർത്തലയിൽ ഉണ്ട്. കഴിഞ്ഞയിടെ മകൻ മാത്യൂ നാട്ടിൽ പോയവേളയിൽ  പോയി കണ്ടു.

ജേക്കബ്, അമ്മിണി, മകൻ മാത്യു, ശോഭ,  മകൾ അനിത ജാരദ് മായ, ജെഫ്രി  മക്കൾ

അമേരിക്കയിൽ പോകാൻ വേണ്ട ഇസിഎഫ്എംജി പരീക്ഷ എഴുതാൻ നാട്ടിൽനിന്നെത്തിയ ഡോ തോമസ് മൂക്കനും ഡോ. അലക്സ് പോളും ജേക്കബിനോടൊപ്പമാണ് താമസിച്ചത്. മൂക്കൻ അന്തരിച്ചു. പോൾ പരുമല ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ആയി.

അമേരിക്കയ്ക്ക് കുടിയേറുന്ന കാര്യം കാബൂളിൽ വച്ചാണ് മനസ്സിൽ കയറിയത്.  വേണമോ വേണ്ടയോ എന്ന് ചിന്താകുഴപ്പം. ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു.  രണ്ടാൾക്കും കാബൂളിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് വിസ അടിച്ചുകിട്ടി. നാട്ടിലായിരുന്ന കുട്ടികൾക്ക് ഇന്ത്യയിൽ നിന്ന് വിസ സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും കാബൂളിൽ അതിനു ബുധ്ധിമുട്ടുണ്ടായില്ല.

ജേക്കബ് ദമ്പതിമാർ 1971ഡിസംബറിൽ ന്യൂയോർക്കിൽ  കാലുകുത്തി. കാബൂളിൽ ജോലി ചെയ്‌തുണ്ടാക്കിയ  വിദേശനാണ്യം ആദ്യകാലത്തു അമേരിക്കയിൽ കാലുറപ്പിക്കാൻ സഹായിച്ചു. ആദ്യം ഫ്ലഷിങ്ങിൽ ഒരു സർദാർജിയുടെ അപ്പാർട്മെന്റിൽ ഒന്നിച്ച് കഴിഞ്ഞു. വാടക മാസം 230 ഡോളർ.

ജേക്കബിന്റെ ഭവനത്തിൽ  ബസേലിയോസ് മാത്യൂസ് രണ്ടാമൻ ബാവായും ബർണബാസ്‌ മെത്രാപ്പോലീത്തയും

1972ൽ ജേക്കബിന് ന്യു യോർക്ക് ലൈഫ് എന്ന ഇൻഷ്വറൻസ്  കമ്പനിയിൽ ജോലി കിട്ടി. 1989വരെ ജേക്കബ് അവിടെ ജോലി ചെയ്തു പിരിഞ്ഞു. അമ്മിണി ഫോറസ്ററ് ഹില്ലിലെ ലഗാഡിയ ഹോസ്പിറ്റലിൽ  പതിനൊന്നു വർഷം   ജോലി ചെയ്തു.

കുട്ടികളെ മികച്ച സ്ഥാപനങ്ങളിൽ ചേർക്കാൻ കഴിഞ്ഞു എന്നതാണ് അമേരിക്കയിലേക്ക് കുടിയേറിയതിന്റെ ഏറ്റവും വലിയ നേട്ടം. മകൾ അനിത എന്ന അനു ലോവർ മൻഹാറ്റനിലെ സ്റൈവെസന്റ് എന്ന  പ്രശസ്ത വിദ്യാലയത്തിലാണ്‌ പഠിച്ചത്. ബോസ്റ്റണിൽ എംഐടി എന്ന മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മറ്റിരിയൽ സയൻസിൽ ബിരുദം നേടി.

ആംഹെസ്റ്റിലെ യൂണിവേഴ്സിറ്റി ഓഫ് മാസച്യുസെറ്സിൽ നിന്നാണ് അനുവിന്റെ മാസ്റ്റേഴ്സ്. അവിടെ പിഎച്ച്ഡി ചെയ്‌ത ജെഫ്  എന്ന ജെഫ്രിയെ വിവാഹം ചെയ്തു.  ഇരുവരും ഇപ്പോൾ ജെഫിന്റെ നാടായ മിനസോട്ടയിലാണ്. ഇരുവരും 3M ൽ ജോലി ചെയ്യുന്നു.

ഭദ്രാസന ചാൻസലർ ഫാ. താമസ്  പോളുമൊത്ത് ഈജിപ്തിലെ ആശ്രമത്തിൽ

ഇൻഷ്വറൻസ് ജോലിയോട് കാലേകൂട്ടി വിടപറഞ്ഞ  ജേക്കബ് സഞ്ചാരപ്രിയനായിരുന്നു. യുഎസിൽ ഉടനീളവും യൂറോപ്പിലും  ചൈനയിലും  പര്യടനം നടത്തി. ശ്രീനഗർ മുതൽ കന്യാകുമാരി  വരെ എല്ലാ  സംസ്ഥാനങ്ങളിലും.  വെസ്റ്റ് ഏഷ്യയിൽ ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത സഖറിയാസ് മാർ നിക്കൊളാവാസിന്റെ അരമനയിൽ ചാൻസലറായിസേവനം ചെയ്യുന്ന ഫാ.തോമസ് പോളായിരുന്നു സഹയാത്രികൻ.

ഈജിപ്തിലെ ഒരു ഡസനോളം ആശ്രമങ്ങൾ അവർ സന്ദർശിച്ചു. ലണ്ടനിൽ നിന്ന് യൂറോസ്റ്റാർ ട്രെയിനിൽ  ഇംഗ്ളീഷ് ചാനലിന് അടിയിൽ  നിർമ്മിച്ച തുരങ്കം  വഴിയാണ്  പാരീസിൽ ഏത്തിയത്. യാത്രകളുടെ ഓർമ്മകൾ  രേഖപ്പെടുത്തിയ ഏതാനും പുസ്തകങ്ങൾ  ജേക്കബ് രചിച്ചിട്ടുണ്ട്. അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സഭാചരിത്രം ഇംഗ്ളീഷിൽ.

പാമ്പാടി എംജി എം ഹൈ സ്‌കൂൾ സ്ഥാപകൻ കരിങ്ങനാമറ്റം കോരയും ജേക്കബും അടുത്ത ബന്ധുക്കളാണ്. വല്യപ്പന്മാർ ജ്യേഷ്ട്ടാനുജന്മാർ . എംജിഎമ്മിൽ ആറാം സ്റ്റാൻഡേർഡിൽ ആറുമാസം  പഠിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാനേജരുടെ മകൾ രാജമ്മയുടെ ഭർത്താവ് ജോർജ് വർഗീസ് ആയിരുന്നു ഹെഡ് മാസ്റ്റർ. രാജമ്മയും സഹോദരൻ ജേക്കബും അവിടെ അദ്ധ്യാപകരും പ്രധാനാധ്യാപകരുമായി.  

കരിഞ്ഞനാമറ്റം അംബ്രയിൽ കേണൽ ജെയിംസ് കെ. ജോൺ;  എൺപതാം പിറന്നാൾ മധുരം

ജേക്കബ്  പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയും സേവനം ചെയ്തു. ഇളയ സഹോദരൻ തമ്പി എന്ന ജോർജ് ജേക്കബ് മനോരമയിൽ എന്റെ സഹപ്രവർത്തകൻ ആയിരുന്നു.

അതൊന്നുമല്ല എംജിഎമ്മുമായുള്ള എന്റെ ഏറ്റവും വലിയ ആത്മബന്ധം. ഹെഡ് മാസ്റ്റർ ജോർജ് വർഗീസിന്റെ മകൻ ജോർജ് ജേക്കബ് കോട്ടയത്തു ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിയായി  ദീർഘകാലം സേവനം ചെയ്തു. പ ത്രപ്രവർത്തനത്തിൽ എന്നെ അസൂയപെടുത്തിയ ഒരാളായിരുന്നു ജോർജ്.

പാമ്പാടിയിൽ ആലാംപള്ളിക്കടുത്തു പൊൻകുന്നം വർക്കി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിനോട് തൊട്ടുരുമ്മി ഉണ്ടായിരുന്ന ഞങ്ങളുടെ തറവാടിന് എതിർവശത്തു കരിഞ്ഞനാമറ്റത്ത് അംബ്രയിൽ യോനാച്ചൻഎന്ന ജോണിന്റെ മകൻ രാജൻ എന്ന ജെയിംസ് കെ ജോൺ  കരസേനയിൽ പ്രശസ്ത സേവനം ചെയ്ത കേണൽ ആയിരുന്നു. ഭാര്യ ബേബി. ന്യുയോർക്കിൽ മകൾ ലീനയും കാനഡയിലെ ബ്രാംപ്ടണിൽ മകൻ ലെനിയും ഉണ്ട്.  
 

Join WhatsApp News
പി . തോപ്രാംകുടി 2026-03-31 11:40:45
ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ മകുടോദാഹരണം. ഏഴുതിയ ലേഖകനും പ്രസിദ്ധികരിച്ച എഡിറ്റർക്കും ഇരിക്കട്ടെ അഭിനന്ദനങ്ങൾ ! പി . തോപ്രാംകുടി
Raju Mylapra 2026-03-31 17:16:36
Good memories about Jacob uncle and his family, We were co-parishioners of St.Baselio’s Orthodox Church in Brooklyn. Very Rev. T.M. Zachariah was the vicar at that time. Thanks to the author for bringing back some good old memories.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക