
തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊണ്ട കീറി പ്രസംഗിക്കുന്നവരാണ് പുരുഷ രാഷ്ട്രീയ കേസരികള്‍. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ സ്ഥാനമോഹം അവരെ പിന്തിരിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ പിന്നെ സംവരണത്തിന്റെ പിന്‍ബലവുമുണ്ടല്ലോ വനിതകള്‍ക്ക്. വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രതിനിധിത്വം പരിമിതമായിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുവെങ്കിലും, പ്രായോഗികമായി സ്ത്രീകള്‍ക്ക് അധികാര രാഷ്ട്രീയ രംഗത്ത് തുല്യ അവസരങ്ങള്‍ ലഭിക്കുന്നില്ല. സംവരണം വഴി സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുകയും അവരുടെ പങ്കാളിത്തം വര്‍ധിക്കുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീ പ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധ്യതയുണ്ട്. ഇത് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് സഹായകരമാണ്. സ്ത്രീ സംവരണം സാമൂഹിക നീതിയെയും ശക്തിപ്പെടുത്തുന്നു. ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഇത് ഒരു വിശാല വഴിയുമാണ്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സംവരണം കൊണ്ടുവന്ന മാറ്റങ്ങള്‍ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിക്കുന്നത് ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുന്നു. വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഭരണത്തിലേക്ക് എത്തുമ്പോള്‍ തീരുമാനം കൂടുതല്‍ സമഗ്രവും ജനകീയവുമാകും.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നത് സമത്വം ഉറപ്പാക്കുന്നതിനും, സമൂഹത്തിന്റെ പുരോഗതിക്കും, ജനാധിപത്യത്തിന്റെ ശക്തിക്കും അനിവാര്യമാണ്. ഇക്കാര്യത്തില്‍ മാതൃകയായിരിക്കുകയാണ് പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലമായ കോങ്ങാട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന ഏക മണ്ഡലമെന്ന നിലയിലാണ് കോങ്ങാട് ശ്രദ്ധേയമാവുന്നത്. സിറ്റിംഗ് എം.എല്‍.എ കെ ശാന്തകുമാരി എല്‍.ഡി.എഫിനായും, കെ.എ തുളസി യു.ഡി.എഫിനായും, രേണു സുരേഷ് എന്‍.ഡി.എക്കായും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ് കെ.എ. തുളസി. രേണു സുരേഷ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മണ്ഡലം രൂപീകരിച്ചത് മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും മത്സരിച്ചിട്ടുണ്ട് എന്നതും കോങ്ങാടിനെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വ്യത്യസ്തമാക്കുന്നു.
ശക്തമായ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമുള്ള കോങ്ങാട് ഇടതു മുന്നണി വിജയിക്കുന്ന മണ്ഡലമാണ്. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നുള്ള എല്‍.ഡി.എഫിന്റെ കെ ശാന്തകുമാരി 67,881 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ ഏകദേശം 49.01 ശതമാനമാണിത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ യു.സി രാമന്‍ 40,662 വോട്ടുകള്‍ (29.36ശതമാനം) നേടി രണ്ടാമതെത്തി. എന്‍.ഡി.എയുടെ എം സുരേഷ് ബാബു (ബി.ജെ.പി) 27,661 വോട്ടുകള്‍ (19.98 ശതമാനം) നേടി മൂന്നാം സ്ഥാനത്തെത്തി. 27,219 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് ശാന്തകുമാരി വിജയിച്ചത്. യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും മികച്ച വോട്ട് വിഹിതം ലഭിച്ചെങ്കിലും മേഖലയിലെ സി.പി.എമ്മിന്റെ സംഘടനാ കരുത്തിന് തെളിവായി ശാന്തകുമാരിയുടെ ഭൂരിപക്ഷം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോങ്ങാട് മണ്ഡലത്തില്‍ ഇടതുപക്ഷം കൃത്യമായി ഭൂരിപക്ഷം വര്‍ധിപ്പിച്ചതായാണ് ചരിത്രം വ്യക്തമാക്കുന്നത്.
ഇനി മണ്ഡലച്ചിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം. പാലക്കാട് ജില്ലയിലെ ഗ്രാമീണ മേഖലകളും അര്‍ദ്ധ നഗര പ്രദേശങ്ങളും ചേര്‍ന്നതാണ് ഈ മണ്ഡലം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റാണിത്. മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, പറളി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോങ്ങാട് നിയമസഭാ മണ്ഡലം. 2008-ലെ നിയമസഭാ മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ 2011-ലാണ് ഈ സംവരണ മണ്ഡലം നിലവില്‍ വന്നത്.
എപ്പോഴും സി.പി.എമ്മിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പ്രവണതയാണ് കോങ്ങാടിനുള്ളത്. എന്നാലും യു.ഡി.എഫിന്റെ (2021ല്‍ മുസ്ലിം ലീഗ്) സാന്നിധ്യവും ബി.ജെ.പി നേടിയ ഗണ്യമായ വോട്ട് വിഹിതവും ഇവിടെ ഒരു മത്സര സ്വഭാവം ഉണ്ടാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. താഴെത്തട്ടിലുള്ള സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കുകള്‍ എന്നിവയിലൂടെ 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം നിലനിര്‍ത്താന്‍ സി.പി.എമ്മിന് സാധിച്ചു.2011, 2016 തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ കെ.വി വിജയദാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2016-ല്‍ 60,790 വോട്ടുകളാണ് വിജയദാസിന് ലഭിച്ചത്. രണ്ടാമതെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരന് 47,519 വോട്ടുകളും മൂന്നാമതെത്തിയ ബി.ജെ.പി പ്രതിനിധി രേണു സുരേഷിന് 23,800 വോട്ടുകളും ലഭിച്ചു. 2021-ല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും അവര്‍ നേടിയ വോട്ട് വിഹിതം മണ്ഡലത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.
ഇവിടെ ഇടതു മുന്നണിയും ഐക്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബി.ജെ.പി വോട്ട് വര്‍ധിപ്പിക്കുന്നത് നിര്‍ണായകമാണ്. ഇക്കുറിയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും വികസനവും വോട്ടര്‍മാരുടെ പ്രധാന പരിഗണനയാകും. നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയ്ക്ക് പ്രാധാന്യമുള്ള കാര്‍ഷിക സമ്പദ് വ്യവസ്ഥയാണ് കോങ്ങാടിന്റേതെങ്കിലും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സേവന മേഖല, അടുത്തുള്ള ടൗണ്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരം എന്നിവയും മണ്ഡലത്തിന്റെ വരുമാന മാര്‍ഗ്ഗങ്ങളാണ്. കേരളത്തിന്റെ പൊതുവായ രീതി പോലെ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികള്‍ അയക്കുന്ന പണം ഇവിടുത്തെ കുടുംബ വരുമാനത്തെയും പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. കാര്‍ഷിക മേഖലയ്ക്കുള്ള പിന്തുണയും വിപണന സൗകര്യങ്ങളും ലഭ്യമാക്കുക, അടിസ്ഥാന സൗകര്യ വികസനവും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങള്‍ നവീകരിക്കുക എന്നിവയാണ് വോട്ടര്‍മാരുടെ പ്രധാന വികസന ആവശ്യങ്ങള്‍.