Image

പിണറായിയെ നിയന്ത്രിക്കുന്നത് മോദി; എൽഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു: പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Published on 30 March, 2026
പിണറായിയെ നിയന്ത്രിക്കുന്നത് മോദി; എൽഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു: പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബിജെപി നടപ്പിലാക്കുന്ന അതേ നയങ്ങളാണ് കേരളത്തിൽ എൽഡിഎഫ് പിന്തുടരുന്നതെന്നും കേരളത്തിൽ എൽഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അദാനിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

​സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും ഇത് സിപിഎമ്മിനെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും തങ്ങൾക്ക് ഭീഷണിയില്ലെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്. ഇടത് നയങ്ങളിൽ നിന്ന് വ്യതിചലിച്ച് ബിജെപിയെപ്പോലെ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.

​യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം നൽകി. റബ്ബർ കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ പരാജയമാണെന്നും യുഡിഎഫ് ഭരണത്തിലെത്തിയാൽ കർഷകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി, യുവാക്കൾക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, പ്രായമായവർക്കായി പ്രത്യേക വകുപ്പ് എന്നിങ്ങനെ യുഡിഎഫിന്റെ ജനക്ഷേമ പദ്ധതികളും അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക