Image

ചൂല് (കവിത : ലീലാമ്മ തോമസ്, ബോട്സ്വാന )

Published on 29 March, 2026
ചൂല് (കവിത : ലീലാമ്മ തോമസ്, ബോട്സ്വാന )

മിഥ്യതൻ പൈശാചിക മുഖങ്ങൾ
നഗരചുമരുകളിൽ
പുതിയ പോസ്റ്ററുകളായി
ഒട്ടിയപ്പോൾ,
ഞാൻ ഒരിക്കൽ
ചൂലുമായി
അങ്കത്തിനിറങ്ങി.

ശബ്ദമില്ല,
നിയമമില്ല,
മാപ്പെന്ന വാക്കും ഇല്ലാതെ
ചുറ്റുമുള്ള അഴുക്കിനെ
വാരിമാറ്റുന്ന
കഠിനമായ ആയുധം.
അത്
അധികാരത്തിന്റെ ഭാഷ
അറിയാത്തതായിരുന്നു.

തൂക്കിപ്പിടിക്കരുതെന്ന്
അമ്മ പറഞ്ഞു.
കാഴ്ച മങ്ങും എന്ന്.
അന്ധതയുടെ പേടി
ഭക്തിയായി
വീടിനുള്ളിൽ
പാലിച്ചു.

പുറത്ത്
അന്ധത
നിയമമായി.
കണ്ണടച്ചവർ
നേതാക്കളായി.
കാണാത്തവർ
ന്യായാധിപന്മാരായി.

ഇന്ന്
ആരും
ചൂല് കൈയിലെടുക്കുന്നില്ല.
വാരേണ്ടത്
വോട്ടുകൊണ്ട്
അളക്കപ്പെടുന്നു.

എന്നിട്ടും
ചൂല്
പ്രവർത്തിക്കുന്നു.
തെരുവുകളിൽ അല്ല,
മനസ്സുകളുടെ ഉള്ളിൽ.

അദൃശ്യമായ അടികളാൽ
വാർത്തകളുടെ
കള്ളപ്പൊടി
അത് വടിച്ചെടുക്കുന്നു.

ചില ആയുധങ്ങൾ
കൈയിൽ പിടിക്കേണ്ടതില്ല.
അവ
നമ്മെ തന്നെ
പിടിച്ചു കുലുക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക