Image

ഹൊശന്നാ ഞായർ : ബാല്യകാല വിശുദ്ധിയുടെ ദീപ്തസ്മരണകൾ (ആൻഡ്രൂസ് അഞ്ചേരി)

Published on 29 March, 2026
ഹൊശന്നാ ഞായർ : ബാല്യകാല വിശുദ്ധിയുടെ ദീപ്തസ്മരണകൾ (ആൻഡ്രൂസ് അഞ്ചേരി)

ബാല്യകാലത്തിന്റെ ഓർമ്മകൾക്ക് ഒരുതരം ദൈവിക ഗന്ധമുണ്ട്. കാലം എത്ര മാറിയാലും ചില ദിവസങ്ങൾ മനസ്സിൽ എന്നും പുതുതായി നിലനിൽക്കും. അത്തരത്തിലൊന്നാണ് ഹൊശന്നാ ഞായർ.

പുലർച്ചെ ഗ്രാമം പ്രത്യേക ആത്മീയതയിൽ ഉണരും. വീടുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കും. അമ്മമാരും സഹോദരിമാരും ധരിച്ചിരുന്ന നിർമ്മലമായ വെളുത്ത വസ്ത്രങ്ങൾ ഇന്നും കണ്ണിനു മുൻപിൽ തെളിഞ്ഞുനിൽക്കുന്നു. ആ വെള്ളനിറം വെറും വസ്ത്രമല്ല — വിശുദ്ധിയുടെ, വിനയത്തിന്റെ, ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്ന മനസ്സിന്റെ അടയാളം.

കൈകളിൽ പുതുതായി മുറിച്ച കുരുത്തോലകളുമായി വിശ്വാസികൾ ദേവാലയത്തിലേക്ക് നീങ്ങും. കുരുത്തോലയുടെ പച്ചപ്പും അതിന്റെ പുതുമണവും ഗ്രാമവീഥികളിലുടനീളം പരക്കും. “ഹൊശന്നാ… ദാവീദിന്റെ പുത്രനേ” എന്ന സ്തുതിഗാനങ്ങൾ ഉയരുമ്പോൾ, ബാലഹൃദയം പോലും ഒരു മഹത്തായ സംഭവത്തിന്റെ ഭാഗമായെന്നൊരു അനുഭവം നേടും. യേശുക്രിസ്തു യെരൂശലേമിലേക്കു വിനയത്തോടെ പ്രവേശിച്ച ആ ദിനം വിശ്വാസികളുടെ ജീവിതത്തിലേക്ക് വീണ്ടും ജീവിച്ചെത്തുന്നതുപോലെ തോന്നും.

ഞങ്ങൾ മാർത്തോമാക്കാർ ആയതിനാൽ കുരുത്തോല ഉപയോഗിക്കുന്ന പതിവ് ഇല്ലെങ്കിലും, അയൽസഭകളായ മലങ്കരയും ഓർത്തഡോക്സ് സഭകളും കുരുത്തോല പ്രദക്ഷിണത്തോടുകൂടി ആ മഹോത്സവം ആഘോഷിക്കുന്നതു ബാല്യകാലത്തിന്റെ വലിയ കൗതുകമായിരുന്നു. അവരുടെ പ്രദക്ഷിണങ്ങൾ കാണുമ്പോൾ, ബാല്യഹൃദയത്തിൽ ഒരു പ്രത്യേക ഭക്തിയുടെയും ഐക്യത്തിന്റെയും ബോധം വളർന്നു. ആരാധന രീതി വ്യത്യസ്തമായാലും, ഒരേ ക്രിസ്തുവിനെ സ്നേഹിച്ചിരിക്കുന്ന ആത്മീയ ഐക്യം വ്യക്തമാകുന്ന നിമിഷങ്ങളായിരുന്നു.

ഹൊശന്നാ ഞായറോടെ ആരംഭിച്ച പീഡാനുഭവ വാരം ഗ്രാമത്തിന്റെ അന്തരീക്ഷം മാറ്റിമറിക്കും. ദേവാലയത്തിന്റെ മണിനാദം പോലും ഗൗരവം ധരിച്ചതുപോലെ തോന്നും. വൈകുന്നേരങ്ങളിലെ സന്ധ്യാനമസ്കാരം ബാല്യകാലത്തിലെ ഏറ്റവും ആഴമുള്ള ആത്മീയ അനുഭവങ്ങളിലൊന്നായിരുന്നു. മങ്ങിയ വിളക്കുകളുടെ വെളിച്ചത്തിൽ മുഴങ്ങുന്ന കഷ്ട്ടാനുഭ ആഴ്ചകളിൽ മാത്രം ചൊല്ലുന്ന പ്രത്യേക പ്രാർത്ഥനകളും സ്തുതിഗാനങ്ങളും ആത്മാവിനെ ശാന്തതയിലേക്ക് നയിക്കും.

രാത്രിയായാൽ മറ്റൊരു വിശേഷാനുഭവം. ചൂട്ടുകട്ട കത്തിച്ച്, ചെരുപ്പിടാതെ, (എന്റെ ചെറുപ്പകാലത്തു ചെരുപ്പ് ഉപയോഗിക്കുന്നവർ നന്നേ വിരളമായിരുന്നു)
കൂട്ടമായി ദേവാലയത്തിലേക്കും തിരികെ
വീട്ടിലേക്കും സന്ധ്യാ നമസ്‌കാരത്തിനായി നടന്ന ആ യാത്ര )ഇന്നും മനസ്സിൽ തെളിഞ്ഞിരിക്കുന്നു. മണ്ണിന്റെ തണുപ്പ് കാലടികളിലൂടെ അനുഭവിച്ചുകൊണ്ട് നടന്ന ആ സഞ്ചാരം ബാല്യത്തിൽ ഒരു ആഘോഷം പോലെ തോന്നിയെങ്കിലും, മുതിർന്നവർക്ക് അത് ഭക്തിയുടെ പ്രകടനമായിരുന്നു.

ബാല്യത്തിൽ പൂർണ്ണമായി മനസ്സിലായിരുന്നില്ലെങ്കിലും, യേശുക്രിസ്തുവിന്റെ പീഡാനുഭവം മനുഷ്യരുടെ പാപങ്ങൾക്കായുള്ള സ്നേഹത്യാഗമാണെന്ന് സഭയിൽ കേട്ട സന്ദേശങ്ങൾ ഹൃദയത്തിൽ പതിഞ്ഞിരുന്നു. ക്രൂശ് വേദനയുടെ അടയാളമല്ല; മനുഷ്യനെ രക്ഷിക്കാൻ ദൈവം ഏറ്റെടുത്ത സ്നേഹത്തിന്റെ പരമാവധി പ്രകടനമാണെന്ന് പിന്നീട് മനസ്സിലായി.

ഇന്ന് കാലം മാറി, ആഘോഷങ്ങളുടെ രൂപങ്ങൾ ലളിതമായി, വെള്ള വസ്ത്രവും വഴി മാറി ജീവിതം വേഗത്തിൽ. എന്നാൽ ബാല്യകാല ഹൊശന്നാ ഞായറുകൾ സമ്മാനിച്ച യഥാർത്ഥ വിശുദ്ധാനുഭവം ഇന്നും അക്ഷയം നിലകൊള്ളുന്നു — വെളുത്ത വസ്ത്രങ്ങളുടെ നിർമ്മലത, കുരുത്തോല പ്രദക്ഷിണത്തിന്റെ ഭക്തിസാന്ദ്രത, സന്ധ്യാനമസ്കാരത്തിന്റെ നിശ്ശബ്ദത, ചൂട്ടുകട്ടയുടെ വെളിച്ചത്തിൽ നടന്ന വിശ്വാസയാത്ര. എല്ലാം ചേർന്ന് ഒരു സന്ദേശം ഇന്നും ഹൃദയത്തിൽ മുഴങ്ങുന്നു:

ത്യാഗത്തിലൂടെയാണ് ഉയിർപ്പ്; സ്നേഹത്തിലൂടെയാണ് രക്ഷ.

ഹൊശന്നാ ഞായർ ഒരു തിരുനാൾ മാത്രമല്ല — വിശ്വാസത്തിന്റെ ബാല്യത്തിലേക്കുള്ള ശാന്തമായ, ആഴത്തിലുള്ള മടക്ക യാത്രയാണ് .

Read More: https://www.emalayalee.com/writer/299

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക