
ലോകത്ത് മലയാളി ജീവിക്കുന്ന ഇടങ്ങളിലെല്ലാം കേരളത്തിലെ തിരഞ്ഞടുപ്പ് വീറും വാശിയും നിറഞ്ഞ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. കാരണം അത്രമേല്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് കേരളീയര്‍. പതിവി പോലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞടുപ്പും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വലിയ ചര്‍ച്ചയാവുന്നു. കേരളത്തിലെ ഭരണവും ഭാവിയും സംബന്ധിച്ച ഈ ചര്‍ച്ചകള്‍ വളരെ ആവേശകരവും വൈവിധ്യമാര്‍ന്നതുമായി മാറുന്നു. കടുത്ത വാഗ്വാദങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്.
പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ വികസന കാര്യങ്ങളില്‍ വലിയ മുന്നേറ്റം കൈവരിച്ചുവെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും അതിന്റെ പ്രകടമായ മാറ്റം കാണാമെന്നും അതിനാല്‍ തുടര്‍ച്ചയായ ഭരണമാണ് കേരളത്തിന് നല്ലതെന്ന് വാദിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ശരീര ഭാഷയും ഭരണ വുരദ്ധതയുമാണ് മറുപക്ഷങ്ങളുടെ വാദമുഖം. തീര്‍ച്ചയായും ഇക്കുറി ഒരു ഭരണവിരുദ്ധ തരംഗം തന്നെയുണ്ടാവുമെന്നാണ് ചര്‍ച്ചകളില്‍ ഇരുത്തിരിയുന്ന കാര്യം. കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആവേശകരവും ചിലപ്പോള്‍ ശക്തമായ വാദപ്രതിവാദങ്ങളോടുകൂടിയതുമാണ്. സാമൂഹിക മാധ്യമങ്ങള്‍, കമ്മ്യൂണിറ്റി മീറ്റിംഗുകള്‍, കുടുംബ സംഗമങ്ങള്‍എല്ലാം രാഷ്ട്രീയ ചര്‍ച്ചകളുടെ വേദികളായി മാറുന്നു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് കേരളത്തോടുള്ള ബന്ധം ഒരിക്കലും നഷ്ടമാകുന്നില്ല എന്നതാണ് ഇത്തരം ചര്‍ച്ചകളെ കൂടുതല്‍ ഗൗതവതരമാക്കുന്നത്. കുടുംബാംഗങ്ങള്‍, സ്വത്ത്, സാമൂഹിക ബന്ധങ്ങള്‍ ഇവയെല്ലാം അവരെ കേരളവുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളാണല്ലോ. കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികളായ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിവയ്ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അനുയായി വൃന്ദമുണ്ട്. അടുത്ത കാലത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയവരും നാല്-അഞ്ച് പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരും കേരള രാഷ്ട്രീയത്തിലെ ഒരോ ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്നവരാണ്. എന്നാല്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തലമുറയെ ഇത് ബാധിക്കുന്നതേയില്ല.
ആദ്യ തലമുറ കേരള രാഷ്ട്രീയവുമായി കൂടുതല്‍ വികാര ബന്ധമുള്ളവരാണെങ്കില്‍, യുവ തലമുറയാകട്ടെ ജോലി, വിദ്യാഭ്യാസം, ഗ്ലോബല്‍ അവസരങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ്. അതിനാലാണ് കേരളത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചയില്‍ തലമുറകളുടെ ഇടയിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസം പ്രകടമാവുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് നേരിട്ട് വോട്ട് ചെയ്യാനാകില്ലെങ്കിലും അവര്‍ കേരളത്തിലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നതാ യാഥാര്ഡത്ഥ്യമാണ്. ഫോണ്‍ കോളുകള്‍, മെസേജുകള്‍, സോഷ്യല്‍ മീഡിയഎല്ലാം ഈ സ്വാധീനത്തിന്റെ ഉപാധികളാണ്. ഇതിലൂടെ പരോക്ഷമായിട്ടെങ്കിലും അവര്‍ നാട്ടിലെ വോട്ടെടുപ്പില്‍ പങ്കാളികളാവുന്നു.
കേരളത്തിലെ തദ്ദേശ, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനും അതീവ പ്രാധാന്യമുള്ളതാണ്. ഈ ചര്‍ച്ചകള്‍ വെറും രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ മാത്രമല്ല; കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു ഗൗരവമായ ചിന്തയുമാണ്. സ്വാഭാവികമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായാലും, ഈ ചര്‍ച്ചകള്‍ മലയാളികളുടെ സാമൂഹിക ബോധവും രാഷ്ട്രീയ പങ്കാളിത്തവും പ്രകടമാക്കുന്നു. ലോകത്തിന്റെ മറ്റൊരറ്റത്തിരുന്നാലും, കേരളത്തിന്റെ രാഷ്ട്രീയ സ്പന്ദനം അവരുടെ മനസ്സുകളില്‍ എന്നും സജീവമാണല്ലോ.
ഏതായാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ആവേശകരവും നിര്‍ണായകവുമായ മത്സരങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ തുടര്‍ച്ചയോ മാറ്റമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന ഈ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളും ജനങ്ങളുടെ മനോഭാവവും കൊണ്ട് പ്രത്യേക ശ്രദ്ധ നേടുന്നു. ഹാടിക് നേടുകയാണ് പിണറായിയുടെ ലക്ഷ്യം. എന്നാല്‍ 10 വര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത്തവണ നേടിയില്ലെങ്കില്‍ അത് അവരുടെ ഭാവിക്ക് വലിയ തിരിച്ചടിയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ പലവട്ടം കേരളത്തിലെത്തിച്ച് അവിടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ബി.ജെ.പി തന്ത്രം മെനയുന്നത്.
തിരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാന്‍ മുന്നണികള്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്മാര്‍ ഒരേസമയം കേരള മണ്ണില്‍ സജീവമാകുന്നു. എന്‍.ഡി.എയുടെ പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തിയപ്പോള്‍, എല്‍.ഡി.എഫിന്റെ പ്രചാരണ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് തമ്പടിക്കുന്നു. രാഹുല്‍ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയില്‍ എത്തുന്നുണ്ട്.
ടീം എന്‍.ഡി.എ കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി പാലക്കാട് കോട്ട മൈതാനത്ത് നടന്ന വന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയില്‍ അധികം രൂപ കടം കയറിയ അവസ്ഥയിലാണെന്നും കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയെന്നും നരേന്ദ്ര മോദി ചോദിച്ചു. ഇതിന് ഒരു ഉത്തരമേയുള്ളൂവെന്നും എല്‍.ഡി.എഫുകാരുടെ കീശയില്‍ പോയെന്നും മോദി വിമര്‍ശിച്ചു. മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായി. എന്‍.ഡി.എക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍.ഡി.എയ്ക്ക് ഒപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരിക്കുന്നത്. തന്റെ മണ്ഡലമായ ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം സംസ്ഥാന വ്യാപകമായ പര്യടനം ഊര്‍ജ്ജിതമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രി വോട്ടര്‍മാരെ സമീപിക്കുന്നത്. മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ അദ്ദേഹം സംസാരിക്കും. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ ജില്ലയില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സാന്നിധ്യം ഇടത് മുന്നണിക്ക് വലിയ കരുത്താണ് നല്‍കുന്നത്. ഈ രണ്ട് പ്രമുഖ നേതാക്കളുടെ സന്ദര്‍ശനം കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ സങ്കീര്‍ണ്ണവും ആവേശകരവുമാക്കുന്നു. വികസനവും രാഷ്ട്രീയ തന്ത്രങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്ന ഈ സാഹചര്യത്തില്‍ വോട്ടര്‍മാരുടെ തീരുമാനം എന്താകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.