
ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാലു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ തിളങ്ങിനിന്ന അടൂര്‍ ഭാസി കടന്നുപോയിട്ട് 35 വര്‍ഷം.... 1990 മാര്‍ച്ച് 29-നാണ് അടൂര്‍ഭാസി വിടവാങ്ങിയത്.
അടൂർ ഭാസിയുടെ 99-ാം ജന്മവാർഷിക ദിനം, ഈ മാസം തന്നെയായിരുന്നു: മാർച്ച് 1-ന്. (ജനനം:1927)..... അടുത്ത മാർച്ചിൽ (2027) ദാസിയണ്ണൻ്റെ ജന്മശതാബ്ദി .(ആഘോഷ കമ്മിറ്റിക്കാർ ജാഗ്രത!)
മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടൻ.
...എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗതകാല, ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്രപ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു 'ഭാസി-ബഹദൂർ' എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി വന്ന കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്...
ഭാസിയുടെ പിതാവ്, ഹാസസാഹിത്യകാര നെന്നു പേരിടുത്ത എഴുത്തുകാരൻ 'ഇ.വി. കൃഷ്ണപിള്ള'. അദ്ദേഹം 'മലയാള മനോരമ' ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ കൂടിയായിരുന്നു. മാതാവ്, പ്രസിദ്ധനായ സി.വി. രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മ. (1919 മേയ് 25-ന് സി. വി., മഹേശ്വരിയമ്മയെ വിവാഹം കഴിച്ചത്.)
അടൂർ ഭാസിയുടെ സഹോദരങ്ങൾ, ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ - ജ്യേഷ്ഠൻ), 'മലയാള മനോരമ' ആഴ്ച്ചപ്പതിപ്പിന്റെ പില്ക്കാല പത്രാധിപർ പത്മൻ (കെ. പത്മനാഭൻ നായർ- അനുജൻ) , കെ. കൃഷ്ണൻ നായർ, കെ. ശങ്കരൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ്.
'ചിരിയുടെ ഹെഡ് ഓഫിസ്' ആയിരുന്ന ഒരു കുടുംബമായിരുന്നു അടൂർ ഭാസിയുടേത്... ഒരു കുടുംബത്തിലെ മൂന്നു പേർ, ഫലിത ചോദ്യോത്തര പംക്തി നന്നായി ചെയ്തതിന് ഒറ്റ ഉദാഹരണമേയുള്ളൂ: അച്ഛൻ ഇ.വി. കൃഷ്ണപിള്ള 'മനോരമ' ആഴ്ചപ്പതിപ്പിലും മകൻ അടൂർ ഭാസി ‘അസാധു’വിലും ഇളയമകൻ പത്മൻ 'മനോരമ' ആഴ്ചപ്പതിപ്പിലും... (‘പ്രഹ്ലാദൻ സംസാരിക്കുന്നു’ എന്നായിരുന്നു പത്മൻ്റെ പംക്തിയുടെ പേർ.)
1938 മാർച്ച് 30-ന്, 44-ാം വയസ്സിൽ, തിരുവനന്തപുരത്തുവച്ച് അച്ഛൻ ഇ.വി. കൃഷ്ണപിള്ള അന്തരിച്ചു. അന്ന് ഭാസിക്ക് ഒമ്പതു വയസ്സ് മാത്രം; അച്ഛന്റെ മരണത്തോടെ അവർ അടൂരിലേക്ക്, തറവാട്ടിലേക്ക്, താമസം മാറ്റി.... ചെറിയക്ലാസുകൾ അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്; തിരുവനന്തപുരത്ത്, അമ്മവഴിയുള്ള ഒരു അമ്മായിയോടൊപ്പമാണ് ആണ് ഭാസി താമസിച്ചത്; അച്ഛൻ്റെ വീട്ടുകാരുമായി വലിയ ബന്ധമുണ്ടയിരുന്നില്ല. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ ചേർന്ന് ടെക്സ്റ്റൈൽ കെമിസ്ട്രിയിൽ ഡിപ്ലോമ (പ്രൊഫഷണൽ കോഴ്സ്) പാസായി. ബിരുദപഠനത്തിനായി ഒരു കോളേജിലും പോയിട്ടില്ല. ഡിപ്ലോമ നേടിയ ശേഷം മധുരയിലെ ഒരു ടെക്സ്റ്റൈൽ മില്ലിൽ ഇന്റേൺഷിപ്പ് ചെയ്യണമായിരുന്നു; അവിടെ ജോലിയും കിട്ടി.
അങ്ങനെ ഭാസി ആദ്യം മധുരയിലായിരുന്നു ('മധുരൈ മിൽസ് ലിമിറ്റഡി'ൽ) ജോലി ചെയ്തിരുന്നത്. ആ ജോലിയിൽ അദ്ദേഹത്തിന് തീരെ തൃപ്തി യുണ്ടായിരുന്നില്ല. അക്കാലത്ത് പ്രശസ്ത സാഹിത്യകാരൻ ടി എൻ ഗോപിനാഥൻ നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയിൽ ഭാസി സഹപത്രാധിപരായി നിയമിതനായി. (പിൽക്കാലത്തു വന്ന കോട്ടയം 'സഖി' അല്ലിത്.) അങ്ങനെ പത്രപ്രവർത്തന മേഖലയിലേക്ക് ചുവട് മാറ്റിച്ചവുട്ടിയ ഭാസി 'സഖി'ക്കു പുറമെ, 'വീരകേസരി' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ടി.എൻ. ഗോപിനാഥൻ നായരുടെ സഹായത്തോടെ ഭാസി ആകാശവാണിയിലും ജോലി നോക്കി. അക്കാലം മുതൽ നാടകത്തിൽ രംഗപ്രവേശം ചെയ്ത അടൂർ ഭാസി, പിന്നീട് അതിലാണ് കൂടുതൽ താല്പര്യമെടുത്തത്. തുടർന്ന്, അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ 'കലാവേദി'യിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി. ആർ. സുകുമാരൻനായർ, ടി എൻ ഗോപിനാഥൻനായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻനായർ തുടങ്ങിയവരോടൊപ്പം അമച്വർ നാടകരംഗത്ത് പ്രവർത്തിച്ചു.
ഇതിനൊക്കെ ശേഷമാണ് തന്റെ യഥാർത്ഥ തട്ടകം സിനിമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞത്; അഥവാ, സിനിമയുടെ 'വെള്ളിവെളിച്ചം' അദ്ദേഹത്തെ മാടിവിളിച്ചത്.
അടൂർ ഭാസിയുടെ ജ്യേഷ്ഠൻ ചന്ദ്രാജി, ഭാസിക്കു വളരെ മുമ്പേ സിനിമാ നടനായി. ചന്ദ്രാജി ബോളിവുഡിലെ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചു; ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. (ബിമൽ റോയിയുടെ 'പരിനീത' (1953), ഹൃഷികേശ് മുഖർജിയുടെ ചിത്രങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും) മുംബൈയിലെ രാജ് കപൂറിന്റെ ഉടമസ്ഥതയിലുള്ള ആർകെ സ്റ്റുഡിയോയുടെ മാനേജരായിരുന്നു ചന്ദ്രാജി; രാജ് കപൂറിനൊപ്പം ജനപ്രിയ ബോളിവുഡ് ചിത്രമായ 'ആഷിഖി'ൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്. പിൽക്കാലത്ത് ചന്ദ്രാജി 'ചിത്രം' തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു; നടൻ എന്ന നിലയിൽ അറിയപ്പെട്ടു. മദ്രാസിലെ കോടമ്പാക്കത്തു ഇരുപത്തെട്ടു വർഷക്കാലം ജീവിച്ച ചന്ദ്രാജി, പല സിനിമകളിലും കണ്ടിട്ടുണ്ടാവും. ഒരു കാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ കേന്ദ്രമായിരുന്ന മദ്രാസിൽ ചന്ദ്രാജിയുടെ സിനിമാലോകത്തെ ബന്ധങ്ങളും സൗഹൃദങ്ങളും മദ്രാസിൻ പത്രപ്രവർത്തകനായിരുന്ന പി.കെ. ശ്രീനിവാസനെപ്പോലുള്ളവർ പലപ്പോഴും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അനന്തരവൻ ബി. ഹരികുമാർ മലയാളത്തിലെ അറിയപ്പെടുന്ന നോവലിസ്റ്റും ആക്ഷേപഹാസ്യകാരനും നടനുമാണ്; കൂടാതെ നിരവധി ടിവി സീരിയലുകളിലും ഫീച്ചർ ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സത്യൻ, നസീർ എന്നിവർക്കൊപ്പം അടൂർ ഭാസി, 'ത്യാഗസീമ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പക്ഷേ, ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം 1953-ൽ വിമൽ കുമാർ സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യാൻ വിളിച്ചെങ്കിലും അഭിനയിക്കാൻ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ഒരു അപ്രധാനവേഷത്തിൽ ഒതുക്കി. (ഭാസിയുടെ ആദ്യ സിനിമ 1953-ൽ പുറത്തിറങ്ങിയ 'തിരമാല' തന്നെ ആയിരുന്നു.)
ഈ വേഷ നഷ്ടത്തോടെ, ചതി സംഭവിച്ചതോടെ, ഭാസി സിനിമാ രംഗം ഉപേക്ഷിച്ചതാണ്; പക്ഷേ, പിന്നീട്, സിനിമ അടൂർ ഭാസിയെ തേടി വരികയായിരുന്നു! 1961-ൽ രാമു കര്യാട്ടിന്റെ 'മുടിയനായ പുത്രനി'ൽ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ പ്രകടനം സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു.
1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് പ്രേംനസീർ ചിത്രങ്ങളിൽ ഭാസി ഒരു അവിഭാജ്യ ഘടകമായിരുന്നു. "നസീർ, ഭാസി" എന്ന കോംബിനേഷൻ CID പടങ്ങളുടെയും മറ്റും അനിവാര്യ ഘടകമായി മാറിയ ഒരു കാലം! (പില്ക്കാലത്ത് അടൂർ ഭാസിയുടെ പെൺജോഡിയായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് ശ്രീലതയാണ്.)
ഹാസ്യ വേഷങ്ങളാണ് കൂടുതൽ ഭാസിയെ തേടി വന്നിട്ടുള്ളത് എങ്കിലും, അപൂർവമായി കിട്ടിയ ക്യാരറ്റർ റോളുകളിൽ / സെന്റിമെന്റൽ വേഷങ്ങളിൽ അദ്ദഹം നന്നായി വിജയിച്ചു. പെട്ടന്ന്, ഓർമ്മ വരുന്നത് ''അമ്പലപ്രാവി'ലെ വേഷമാണ്. ഹാസ്യരസ പ്രധാനമാണെങ്കിലും 'അനുഭവങ്ങൾ പാളിച്ചകൾ' തുടങ്ങിയ സിനിമകളിൽ ഭാസി നടച്ച വേഷങ്ങൾ ഓർമ്മയിൽ തങ്ങി നില്ക്കുന്നുണ്ട്.
ജോൺ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' (1979) എന്നതു പോലെ ചുരുക്കം ചിത്രങ്ങളിൽ അദ്ദേഹം ടൈറ്റിൽ വേഷത്തിലും വന്നു...
ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്റെ 'ഏപ്രിൽ 18' എന്ന ചിത്രത്തിൽ അല്പം വില്ലൻ ഛായയുള്ള സ്വഭാവനടൻ വേഷത്തിൽ തിരിച്ചെത്തിയ അദ്ദേഹം, ആ ചിത്രത്തിലെ 'അഴിമതി നാറാപിള്ള' എന്ന കഥാപാത്രത്തിലൂടെ 1984-ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
അദ്ദേഹം 700-ലധികം സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനു പുറമേ സംവിധായകന്റെ വേഷവും അടൂർ ഭാസി അണിഞ്ഞിട്ടുണ്ട്. 'ആദ്യപാഠം' എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാകനായുള്ള അരങ്ങേറ്റം. പിന്നീട് 'അച്ചാരം അമ്മിണി ഓശാരം ഓമന', 'രഘുവംശം', 'മല്ലനും മാതേവനും' തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു.
കൂടാതെ നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി. 'സ്‌ഥാനാർത്ഥി സാറാമ്മ'യിലെ തിരഞ്ഞെടുപ്പു പ്രചാരണ കഥാപ്രസംഗവും "തള്ളു തള്ള് തല്ലിപ്പൊളി വണ്ടി"; "ഒരു രൂപാ നോട്ടു കൊടുത്താല്‍" എന്നു തുടങ്ങിയ പാട്ടുമെല്ലാം ഇന്നും പ്രസിദ്ധമാണ്.
എഴുത്തുകാരി റോസ് മേരിയുടെ 'സഫാരി ടി വി'യിലെ ആത്മകഥാ കഥനത്തിൽ ഒരു എപ്പിസോഡ് പൂർണ്ണമായി തന്നെ തൻ്റെ ബാല്യകാലത്ത് അടൂർ ഭാസി തൻ്റെ കുടുംബ വീടു സന്ദർശിച്ചതിൻ്റെ ഓർമ്മകൾക്കായി നീക്കിവച്ചിട്ടുണ്ട്.... ഒരു കാലത്ത് അത്ര ജനപ്രിയ താരമായിന്നു ഭാസി.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വഴുതക്കാട് വാർഡിൽ നിന്നും ആർ. എസ്. പി. സ്ഥാനാർത്ഥിയായി അദ്ദേഹം ആദ്യാലത്തൊരിക്കൽ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
അടൂർ ഭാസി അവിവാഹിതനായിരുന്നു.
വൃക്ക രോഗത്തെ തുടർന്ന് അദ്ദേഹം1990 മാർച്ച് 29-ന്, തൻ്റെ 63-ാം വയസ്സിൽ, അന്തരിച്ചു.
അനുജൻ പത്മനാഭൻ നായർ (പത്മൻ- മനോരമ ആഴ്ചപ്പതിപ്പിന്റെ മുൻ എഡിറ്റർ ഇൻ ചാർജ് - 2020 നവംബർ 7-ന് അന്തരിച്ചു.) 'എൻ്റെ ഭാസിയണ്ണൻ' എന്ന ശീർഷകത്തിൽ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ട്. അടൂർ ഭാസിയുടെ ഒപ്പം ഉണ്ടായിരുന്നവരും സുഹൃത്തുക്കളും അദ്ദേഹത്തെകുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് 'അടൂർ ഭാസി ചിന്തയും ചിരിയും.' പലരിൽ നിന്നുള്ള ഓർമകൾ കൂട്ടിയിണക്കി നർമത്തിൽ കോർത്ത് പുസ്തകം അണിയി ച്ചൊരിക്കിയിരിക്കുന്നത്, പത്മൻ തന്നെയാണ്.
സ്മരണാഞ്ജലികൾ!
.............................
"പെണ്ണു കാണൽ"
അടൂര്‍ ഭാസി പെണ്ണുകാണാന്‍ പോയ ഒരു കഥയുണ്ട്. സിനിമയില്‍ വരുന്നതിനും മുന്‍പാണ്. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീരന്‍, ഭാസിയുമായി പെണ്ണുകാണാന്‍ ഇറങ്ങിയത്. പെണ്ണു കാണാന്‍ വീരനും ഭാസിയും മാതം. ബ്രോക്കര്‍ ഒഴികെ മറ്റു പരിവാരങ്ങള്‍ ഒന്നുമില്ല.
അവര്‍ പെണ്ണിന്റെ വീട്ടില്‍ എത്തി. പരിഷ്കാരം എത്തി നോക്കിയിട്ടു പോലുമില്ലാത്ത വീടും പരിസരവും. കാലിതൊഴുത്ത് വീട്ടുമുറ്റത്ത്. വീടിന്റെ പൂമുഖം എന്നവണ്ണം ഇരിപ്പിടങ്ങള്‍ ഒരുക്കിയ ചാവടി. ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കണ്ടാല്‍ ആണുങ്ങള്‍ ഇല്ലാത്ത വീട് എന്നു സ്പഷ്ടം.
ബ്രോക്കര്‍ വീടിനകത്തേക്ക് കടന്നു പോയി. ഭാസിയും വീരനും ചാവടിയില്‍ കിടന്ന രണ്ടു കസേരകളില്‍ ഉപവിഷ്ടരായി. പെണ്ണു കാണാന്‍ വന്നിരിക്കുന്നവരെ സംബന്ധിക്കുന്ന ഒരു വിവരവും വീട്ടുകാര്‍ക്ക് നല്‍കിയ ലക്ഷണമില്ല. ഭാസി ഇടയ്ക്കിടെ വീടിന്റെ പരിസരമൊക്കെ കണ്ണോടിക്കുന്നുണ്ട്... ആരെങ്കിലും അവിടെ ഉണ്ടോ എന്നറിയാൻ ; പക്ഷേ, ശൂന്യം! ആരെയും കാണാനില്ല.
വീടിനകത്തേക്കു പോയ ബ്രോക്കര്‍ പുഞ്ചിരിയുമായി മടങ്ങി വന്നു. വീരന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. വീരന്‍ 'വെയ്റ്റ്, ഉടന്‍ വരും' എന്ന് ആംഗ്യഭാഷയില്‍ അറിയിച്ചു.
അല്‍പം കഴിഞ്ഞ് മുറുക്കിചുവപ്പിച്ച ചുണ്ടുകളുമായി മധ്യവയസ്കയും കുലീനയുമായ ഒരു സ്ര്തീ കടന്നുവന്നു. പ്രായം മുപ്പത്തഞ്ചിനോടടുക്കും. പ്രായം തോന്നിക്കാത്ത യുവത്വം. മുണ്ടും ബ്ലൌസും രണ്ടാം മുണ്ടുമാണ് വേഷം. പുഞ്ചിരി ഒഴിയാത്ത മുഖം. അവരെ കണ്ട മാത്രയില്‍ ഭാസി ചാടി എഴുന്നേറ്റു. സാവധാനം മുറ്റത്തേക്കിറങ്ങി. കഥയറിയാതെ വീരന്‍ അനുഗമിച്ചു. മിഴിച്ചു നില്‍ക്കുന്ന ബ്രോക്കറുടെ മുഖത്തേയ്ക്ക് എന്താ കാര്യം എന്ന മട്ടില്‍ വീട്ടമ്മയായ ആ സ്തീ തുറിച്ചു നോക്കി.
ചാവടിയിറങ്ങി വന്ന വീരനോട് ഭാസി ചോദിച്ചു. 'പെണ്ണിന്റെ അമ്മയാണോ വന്നത്? അമ്മ എന്നല്ലേ, പറഞ്ഞത്?"
"അതേ" എന്ന അര്‍ഥത്തില്‍ വീരന്‍ തലകുലുക്കി ഭാസി എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ തലകൂര്‍പ്പിച്ചു
"അവള്‍ എന്റെ കൂടെ പഠിച്ചതാണ്. അവര്‍ക്ക് എന്നെ മനസ്സിലായിക്കാണുമോ?" സഹപാഠിയുടെ മകളെ പെണ്ണുകാണേണ്ടി വരുമല്ലോ എന്ന ജാള്യതയോടെ ഭാസിയുടെ ഡയലോഗ്.
"ഛീ... എങ്കില്‍ പോകാം!
അടൂർ ഭാസിയുടെ ഈ പെണ്ണ്കാണൽ 'വെള്ളിമൂങ്ങ' സിനിമയിൽ മറ്റൊരു രൂപത്തിൽ വന്നിട്ടുണ്ട്.
മലയാളസിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അടൂര്‍ ഭാസിയുടെ ജീവിതത്തില്‍ ഇങ്ങനെ അരാധകര്‍ അറിഞ്ഞും അറിയാതെയും പോയ എത്രയെത്ര ചിരി മുഹൂര്‍ത്തങ്ങള്‍ !