
ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി) ന്യൂജേഴ്സി പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 15, 2026-ന് റോയൽ ആൽബർട്ട് പാലസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം വിപുലമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
സമൂഹത്തിലെ നിരവധി അംഗങ്ങൾ പങ്കെടുത്ത ഈ പരിപാടി ആവേശകരവും അർത്ഥപൂർണ്ണവുമായി മാറ്റാൻ ഒപ്പംനിന്ന ഏവർക്കും സംഘാടകർ നന്ദി അറിയിച്ചു. വലിയ പങ്കാളിത്തവും പിന്തുണയും പരിപാടിയുടെ വിജയത്തിന് കാരണമായതായി ഡബ്ലിയു.എം.സി ന്യൂജേഴ്സി നേതൃത്വം വ്യക്തമാക്കി.
ന്യൂയോർക്ക് സിറ്റി ക്രിമിനൽ കോടതി ജഡ്ജിയായ രാജ രാജേശ്വരി മുഖ്യാതിഥിയായി പങ്കെടുത്തു. മാനവി പ്രസിഡന്റായ അറ്റോർണി പ്രേമ റോദ്ദം മുഖ്യപ്രഭാഷണം നടത്തി. ഡബ്ലിയു.എം.സി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ന്യൂജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് വിദ്യ കിഷോർ, ചെയർമാൻ ഡോ. അംബിക നായർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

പരിപാടിയിൽ സമൂഹത്തിലെ പ്രമുഖരെ ആദരിക്കുകയും ചെയ്തു. ജഡ്ജി രാജ രാജേശ്വരിക്ക് ജുഡീഷ്യൽ എക്സലൻസ് & ഹ്യൂമാനിറ്റേറിയൻ സർവീസ് അവാർഡ്, അറ്റോർണി പ്രേമ റോദ്ദത്തിന് വിഷനറി ലീഡർഷിപ്പ് അവാർഡ്, ചിത്ര മേനോനും ഷീല ശ്രീകുമാറിനും വിവിധ സേവന പുരസ്‌കാരങ്ങൾ എന്നിവ സമ്മാനിച്ചു.
നൃത്തവും സംഗീതവും ഉൾപ്പെടെയുള്ള കലാപരിപാടികൾ ആഘോഷത്തെ സമ്പന്നമാക്കി. ഡോ. ജയന്തി കുമാറിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച 'മുക്തി' എന്ന ഫാഷൻ ഷോ സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും സന്ദേശം ഉയർത്തി.

സ്ത്രീശക്തീകരണത്തെ ആസ്പദമാക്കി വിദ്യ കിഷോർ നയിച്ച ചർച്ചാ പരിപാടിയും ശ്രദ്ധേയമായി. ജയി രാമചന്ദ്രൻ, വിജേഷ് കരത്ത്, നാസിർ ഹുസൈൻ, ജീവൻ രവീന്ദ്രൻ, ലിസ് പുലോസ്, സിനു നായർ എന്നിവർ പങ്കെടുത്ത ഈ സെഷൻ ശക്തമായ അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചു.
ലക്ഷ്മി ശങ്കർ, സിജി ആനന്ദ്, സുമ നായർ, സിട്ടു സജി എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും ഗുരു മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമിയും ഗുരു ശോഭിതയുടെ അരുദ്ര സായി നാട്യശാലയും അവതരിപ്പിച്ച നൃത്തങ്ങളും പരിപാടിക്ക് കൂടുതൽ നിറം നൽകി.

ഏകദേശം 100 വനിതകളുടെ പങ്കാളിത്തത്തോടെ വുമൺസ് ഫോറം ഗ്രൂപ്പ് ബിന്ദു രാമന്റെ നേതൃത്വത്തിൽ ഡിജെ ആഘോഷവും, വിരുന്നും സംഘടിപ്പിച്ചു.
വിർജീനിയ പ്രൊവിൻസ് പ്രസിഡന്റ് സുസൻ സക്കറിയ, പെൻസിൽവാനിയ ചെയർപേഴ്സൺ സിനു നായർഎന്നിവർ ഉൾപ്പെടെ വിവിധ പ്രവിശ്യകളിലെ നേതാക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
പരിപാടി സമഗ്രമായി റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ ഷിജോ പൗലോസിനും ഫ്ലവേഴ്സ് ടിവിയിലെ മഹേഷ് കുമാറിനും സംഘാടകർ നന്ദി അറിയിച്ചു.

ഡോ. ലത നായർ നയിച്ച വുമൺസ് ഫോറം ടീമിനും ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, സെക്രട്ടറി മിനി ചെറിയാൻ, ഐടി ഫോറം പ്രസിഡന്റ് ഷൈന, വൈസ് ചെയർമാൻ ഡോ. ആശ മേനോൻ എന്നിവർക്കും സംഘാടകർ പ്രത്യേക നന്ദി രേഖപ്പെടുത്തി.
പരിപാടി അവതാരകയായി തുമ്പി അൻസൂദ് മികച്ച രീതിയിൽ ചടങ്ങ് നിയന്ത്രിച്ചു. ട്രഷറർ ബിനോ മാത്യുവിന്റെയും സന്തിഗ്രാം ടീമിന്റെയും പ്രവർത്തനങ്ങളും സംഘാടകർ അഭിനന്ദിച്ചു.
റാഫിൾ ഡ്രോയിലും വലിയ പങ്കാളിത്തം ഉണ്ടായി, മൂന്ന് പേർക്ക് സമ്മാനങ്ങൾ ലഭിച്ചു.

സമൂഹത്തിലെ സ്ത്രീകളുടെ ശക്തിയും നേതൃത്ത്വവും നേട്ടങ്ങളും ആഘോഷിക്കുന്ന ഈ പരിപാടി ഐക്യത്തിന്റെയും സഹകരണത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് സംഘാടകർ പറഞ്ഞു.