
ബാൾട്ടിമോർ: വടക്കേ അമേരിക്കയിലെ മലയാളി സോക്കർ പ്രേമികളുടെ ദേശീയ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) സംഘടിപ്പിക്കുന്ന അഞ്ചാമത് വി.പി. സത്യൻ സ്മാരക നാഷണൽ ടൂർണമെന്റിന് ബാൾട്ടിമോർ വേദിയാകുന്നു. 2026 ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കുന്ന ഈ വമ്പൻ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി കായിക സംഘടനകളിൽ ഒന്നായ കില്ലാഡീസ് സ്പോർട്സ് ക്ലബ് (Khiladiz Sports Club) ആണ്.
ഹൗവാർഡ് കൗണ്ടിയിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷണൽ ഹബ്ബുകളിൽ ഒന്നായ എൽക്രിഡ്ജിലെ ട്രോയ് പാർക്കാണ് (Troy Park) മത്സരങ്ങൾക്ക് വേദിയാവുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ മൈതാനത്ത് വടക്കേ അമേരിക്കയിലെ പ്രഗത്ഭരായ ടീമുകളും മികച്ച താരങ്ങളും മാറ്റുരയ്ക്കും.
കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു:
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കില്ലാഡീസ് സ്പോർട്സ് ക്ലബ് പ്രത്യേക സംഘാടക സമിതിയെ നിയോഗിച്ചു. Austin Aluvathingal-നെ ടൂർണമെന്റ് ചെയർമാനായും, John Cherussery, Ashish Thomas എന്നിവരെ കോ-ചെയർമാരായും കമ്മിറ്റി ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതി ടൂർണമെന്റ് ഒരുക്കങ്ങൾ ഏകോപിപ്പിക്കും.
40+ ടൂർണമെന്റും മാവേലി കപ്പും:
NAMSL നാഷണൽ ടൂർണമെന്റിനോടനുബന്ധിച്ച് ആതിഥേയരായ ബാൾട്ടിമോർ കില്ലാഡീസ് മുതിർന്ന താരങ്ങൾക്കായി പ്രത്യേക 40+ ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ വിജയികൾക്ക് അഭിമാനകരമായ 'മാവേലി കപ്പ്' (Maveli Cup) സമ്മാനമായി നൽകും. Shibu Samuel, Renju George, Murali Nayapulli, Derin Jose എന്നിവരെയാണ് 40+ ടൂർണമെന്റിന്റെ കോർഡിനേറ്റർമാരായി ഖിലാഡീസ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്.
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം വി.പി. സത്യന്റെ സ്മരണാർത്ഥം നടത്തുന്ന ഈ ടൂർണമെന്റ്, അമേരിക്കയിലെ മലയാളി കായിക ലോകത്തെ വലിയൊരു ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ടൂർണമെന്റിന്റെ ഗ്രാൻഡ് സ്പോൺസർ Dr. Sanju Jose (Columbia Center for Implants & Periodontics) ആണ്.
ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ഈ ദേശീയ കായിക വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.namsl.com, www.khiladiz.com