
സൗഹൃദങ്ങളിലെ
മൃദുലസ്പർശമാകുന്നവർ
ഇലകളിലാർദ്രമായി
പതിച്ചു
പിന്നെയാ മണ്ണിന്നുടലിൽ
സുഷുപ്തിയിലാണ്ട
വിത്തിനു ജീവൻ
കൊടുക്കുന്നമഴനീർക്കണം
പോലെ സൗഹൃദങ്ങൾ
ഓരോ കുഞ്ഞു നോവും
കണ്ണാലുഴിഞ്ഞു
ആത്മാവിൻ ചില്ലയിൽ
വസന്തം നിറയ്ക്കുന്നവർ
പൊട്ടിച്ചിരിയുടെയലകളിൽ
ശ്രുതി മീട്ടുന്നവർ
കുറച്ചു കാലം
പങ്കിട്ട സൗഹൃദ വേദിയിലും.
ഒരു തീവണ്ടി യാത്രയുടെ
അറ്റം വരെയും
കണ്ടു മുട്ടാം
ആത്മാവിലൊരു സംഗീതം
നിറച്ചു വച്ചിറങ്ങി
പോകുന്നവർ.
എവിടെ നിന്നോ
വന്നെവിടേയ്‌ക്കോ
പോകുന്നവർ..
ശിഷ്ടകാലം
കഴിക്കുവാൻ
ഉമ്മറക്കോണിലെ
ചാരു ബെഞ്ചിൽ
ഞാനിരിക്കവേ
മഞ്ഞക്കോളാമ്പിപ്പൂ
അടരുമ്പോഴും
ദൂരേയേതോ
വണ്ടി കിതച്ചു
നിൽക്കുമ്പോൾ
വെറുതെയൊന്നു
കാതോർക്കുവാൻ
മനസ്സിന്റെ മണിചെപ്പിൽ
ചേർത്തു വെയ്ക്കട്ടെ
നിങ്ങളെ
ആരോ വരുന്നെന്നു
എന്നെയൊന്നു
ഓർമ്മിപ്പിക്കുവാൻ.