Image

തിരഞ്ഞടുപ്പ് അങ്കം കൊടുമ്പിരികൊള്ളുന്നു; കളം കൊഴുപ്പിക്കാന്‍ താരപ്രചാരകര്‍ കേരളത്തിലേക്ക് (എ.എസ് ശ്രീകുമാര്‍)

Published on 28 March, 2026
തിരഞ്ഞടുപ്പ് അങ്കം കൊടുമ്പിരികൊള്ളുന്നു; കളം കൊഴുപ്പിക്കാന്‍ താരപ്രചാരകര്‍ കേരളത്തിലേക്ക് (എ.എസ് ശ്രീകുമാര്‍)

കടുത്ത മീനമാസ ചൂടിനെ തണുപ്പിക്കാന്‍ വേനല്‍മഴയെത്തിയെങ്കിലും പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതായാണ് ബാരോമീറ്ററിലെ സൂചന. 2026 മെയ് 23-ന് പതിനഞ്ചാം കേരളനിയമസഭയുടെ കാലവധി അവസാനിക്കുംമുമ്പ് ചട്ടപ്രകാരം പുതുയ സര്‍ക്കാര്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് ചില സീറ്റുകളില്‍ ഉറച്ച പ്രതീക്ഷയുണ്ട്. ഇക്കുറി അവര്‍ വീണ്ടും അക്കൗണ്ട് തുറന്നേക്കാം. ഭാവിയില്‍ ബി.ജെ.പി കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിതെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. 10 വര്‍ഷത്തെ ഇടതു ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കുമിതെങ്കിലും ജയിക്കുന്ന മുന്നണിക്ക് 80-85 സീറ്റുകള്‍ ലഭിച്ചേക്കാം. തരംഗമുണ്ടായാല്‍ സ്ഥിതി മാറും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ 2,69,53,644 പേരാണ്. ഇതില്‍ 1,31,26,048 പുരുഷന്മാരും, 1,38,27,319 സ്ത്രീകളും, 277 ഭിന്നലിംഗക്കാരായ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 2002-ലെ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്  2006-ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന പല മണ്ഡലങ്ങളും ഇല്ലാതാവുകയും പുതിയവ നിലവില്‍ വരികയും ചെയ്തുകൊണ്ട് വലിയ തോതിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണ്ണയം 140 മണ്ഡലങ്ങളില്‍ നടന്നിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും. 2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലപ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

ഈ മാതൃകയുടെ തുടര്‍ച്ചയായി, തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വഴി പരിസ്ഥിതിക്ക് നാശം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള സര്‍ക്കുലറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനായി പി.വി.സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി റീസൈക്ലിങ് സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച റീസൈക്ലിങ്ങിന് യോഗ്യമായ പോളി എതിലീന്‍ അല്ലെങ്കില്‍ 100 ശതമാനം കോട്ടണ്‍ ഉപയോഗിച്ചുള്ള ബാനറുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കണം.

ഇതിനിടെ തിരഞ്ഞടുപ്പ് കളറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശിയ നേതാക്കള്‍ കേരളത്തിലെത്തും. പരസ്യ പ്രചാരണത്തിന് 10 ദിവസം മാത്രണാണിനിയുള്ളത്. അതിനാല്‍ എല്ലാ മുന്നണികളും പാര്‍ട്ടികളും ശക്തിപ്രകടനത്തില്‍ മുഴുകിയിരിക്കുകയാണ്. സമ്പത്തിന്റെ കാര്യത്തില്‍ ഇടതു മുന്നണിയും എന്‍.ഡി.എയുമാണ് മുന്നില്‍. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാല്‍ യു.ഡി.എഫിന് കൈയയച്ച് ചെലവാക്കാന്‍ 'ദമ്പിടി' വേണ്ട്രത്ര ഇല്ലെന്നതാണ് സത്യം. പധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ താരപ്രചാരകരുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖരാണ് വിവിധ പാര്‍ട്ടികള്‍ക്കായി വോട്ട് തേടി നാളെ മുതല്‍ കേരളത്തിലെത്തുന്നത്.

ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബിന്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരും എത്തും. മോദി ഇതിനകം രണ്ട് തവണ കേരളം സന്ദര്‍ശിച്ചു. ഏപ്രില്‍ 4-ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും കേരളത്തിലെ താരപ്രചാരകരുടെ പട്ടികയിലുണ്ട്. ഇവരെ കൂടാതെ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കേരളത്തിലുടനീളം പ്രചാരണ പരിപാടികളില്‍ സജീവമാകും.

മുന്നണികളുടെ പ്രചാരണ വാചകങ്ങളില്‍ യു.ഡി.എഫിന്റേത് വൈറലായിട്ടുണ്ട്. കഴിഞ്ഞതവണ ഇടതു മുന്നണിയുടെ 'എല്ലാം ശരിയവും' എന്നതുപോലെ.  'കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും...' എന്നതാണ് യു.ഡി.എഫിന്റെ പ്രചാരണ വാചകം. 'മറ്റാരുണ്ട് എല്‍.ഡി.എഫ് അല്ലാതെ...' എന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് ഇടതു മുന്നണി. 'മാറാത്തത് ഇനി മാറും...' എന്ന് എന്‍.ഡി.എയും പറയുന്നു. കേരളത്തിലെ മാറിമാറിയുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണ പാരമ്പര്യം മാറുമെന്നാണ് ബി.ജെ.പി മുന്നണി ഉദ്ദേശിക്കുന്നത്.

യു.ഡി.എഫ് ഇത്തവണ നാല് സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ട്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ (ആര്‍.എസ്.പി പിന്തുണയോടെ), തളിപ്പറമ്പില്‍ ടി. കെ. ഗോവിന്ദന്‍, അമ്പലപ്പുഴയില്‍ ജി സുധാകരന്‍, ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്ന് (ഐ.യു.എം.എല്‍ പിന്തുണയോടെ) എന്നിവരാണിവര്‍. ഒറ്റപ്പാലത്ത് സി.പി.എം പുറത്താക്കിയ പി.കെ ശശിയെ ആദ്യം സ്വതന്ത്രനായി പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കണക്കാക്കുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, എല്‍.ഡി.എഫ് കേരളത്തിന്റെ വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളെ ഉള്‍പ്പെടുത്തി മൂന്ന് വികസന മുന്നേറ്റ ജാഥകള്‍ സംഘടിപ്പിച്ചു. എം.വി ഗോവിന്ദന്‍, ജോസ് കെ മാണി, ബിനോയ് വിശ്വം എന്നിവരായിരുന്നു യഥാക്രമം ഈ ജാഥകളുടെ ക്യാപ്റ്റന്‍മാര്‍. 2026 ഫെബ്രുവരി 6-ന് വി.ഡി സതീശന്‍ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ നിന്നും 'പുതുയുഗ യാത്ര'യ്ക്ക് തുടക്കം കുറിച്ചു. കേരളം മുഴുവന്‍ സഞ്ചരിച്ച ജാഥ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അവസാനിച്ചു. സമാപന സമ്മേളനം ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.

ഈ സമ്മേളനത്തില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങള്‍ വിവാദമുണ്ടാക്കി. പഠന ആവശ്യങ്ങള്‍ക്കായി കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം1,000 അലവന്‍സ്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 ആയി വര്‍ദ്ധിപ്പിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 5 ലക്ഷം വരെയുള്ള പലിശ രഹിത വായ്പകള്‍ നല്‍കും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക വകുപ്പ് രൂപീകരിക്കും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര. കേരളത്തിലെ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം ഉണ്ടായില്ല.

ഇത്തവണ സംസ്ഥാനത്ത് ആകെ 890 സ്ഥാനാര്‍ഥികകളാണുള്ളത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായത്. കൊടുവള്ളി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടാന്‍ രംഗത്തുള്ളത്. 13 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 890-ലേക്ക് കുറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ആകെ 2125 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 1254 ആയിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ എണ്ണം 985 ആയി കുറഞ്ഞു. 95 പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 890 ആയി. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ഥികള്‍ വീതമാണുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക