Image

തങ്കമ്മ കോര(79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 28 March, 2026
തങ്കമ്മ കോര(79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ആത്മായ പ്രമുഖനും, മുന്‍ മാനേജിംഗ് കമ്മറ്റി കൗണ്‍സില്‍ അംഗവും, ദീര്‍ഘകാലം അമേരിക്കന്‍ ഭദ്രാസനത്തിന്റെ മലങ്കര അസോസിയേഷന്‍ പ്രതിനിധിയും വ്യവസായ സംരംഭകനുമായ ആയ കോട്ടയം മാങ്ങാനം കപ്പിലാംമൂട്ടില്‍ കുടുംബാംഗം കോര. കെ.കോരയുടെ സഹധര്‍മ്മിണി റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ തങ്കമ്മ കോര (79) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. പൊതുദര്‍ശനവും സംസ്‌ക്കാരവും ഞായര്‍(29), തിങ്കള്‍(30) തീയതികളിലായി സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും.

 ഡോ.ജോസഫ് കോര എം.ഡി.(ഹൂസ്റ്റണ്‍, ടെക്‌സസ്സ്), ബോബി കോര(ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളും, റെജി, ഫര്‍സാന എന്നിവര്‍ ജാമാതാക്കളുമാണ്. മാര്‍ക്ക്, മാത്യു, ഗബ്രിയേല്‍ എന്നിവര്‍ പേരക്കുട്ടികളാണ്. സ്റ്റാറ്റന്‍ ഐലന്റിലെ സാമൂഹ്യ, സാംസ്‌ക്കാരിക, ആത്മീയ രംഗങ്ങളിലും എക്യൂമെനിക്കല്‍ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു പരേത. സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപക അംഗങ്ങളാണ് കോര-തങ്കമ്മ കുടുംബം. കോട്ടയം ചെറിയപള്ളിയാണ് മാതൃഇടവക.

കോന്നി തെക്കേക്കര മേലൂട്ട് കുടുംബാംഗമാണ് പരേത. പരേതരായ കെ.കെ.ജോര്‍ജ് അച്ചാമ്മ തോമസ് എന്നിവരാണ് മാതാപിതാക്കള്‍.

ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദം നേടിയ ശേഷം ന്യൂഡല്‍ഹി, സാംബിയ എന്നിവടങ്ങളില്‍ ജോലി ചെയ്തു.  തുടര്‍ന്ന്‌ അമേരിക്കയില്‍ ഇമിഗ്രന്റായി എത്തിച്ചേര്‍ന്നു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ആദ്യം എത്തിയ മലയാളികളിലൊരാളായ പരേതനായ മത്തായി-മേലൂട്ടിന്റെ സഹോദരീപുത്രിയാണ്.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡവലപ്പ്‌മെന്റ് ഡിസെബിലിറ്റി സര്‍വ്വീസ് വില്ലോബ്രൂക്ക്, സെന്റ് വില്‍സന്റ് ഹോസ്പിറ്റല്‍ എ്ന്നിവിടങ്ങളില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ സീവ്യൂ ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സ് ആയും, കോന്നി ഐലന്റ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ആയും ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 2013 ല്‍ വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി സംഘടനയായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രഥമ മാനേജിംഗ് കമ്മറ്റിയംഗവും ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ മുന്‍നിര പ്രവര്‍ത്തകയുമായിരുന്നു. ആദ്യകാല ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സുകളിലൂടെ സംഘാടനത്തിന്റെ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. മികച്ച കര്‍ഷകയും അതിഥിസല്‍ക്കാരത്തില്‍ നിപുണയുമായിരുന്നു.

ബേബി കെ. ജോര്‍ജ്(ഡല്‍ഹി), പൊന്നമ്മ(ഓമല്ലൂര്‍, കേരളം), കുഞ്ഞുമോള്‍ ജോണ്‍(വള്ളിക്കോട്, കോട്ടയം), അമ്മിണി ജോര്‍ജ്(പാലാ), ജോണ്‍ കെ.ജി.(ഓമല്ലൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. കുരുവിള കോര(ന്യൂയോര്‍ക്ക്) ഭര്‍തൃസഹോദരനാണ്.

മാര്‍ച്ച് 29-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണി വരെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. തിങ്കളാഴ്ച(മാര്‍ച്ച് 30ന്) രാവിലെ 9 മണിക്ക് ദേവാലയത്തില്‍ വെച്ച് മരണാനന്തര ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച ശേഷം മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതാണ്. അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

തങ്കമ്മ കോരയുടെ ആകസ്മീക വേര്‍പാടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ കാതോലിക്ക മോറാന്‍ മോര്‍ ബസ്സേലിയോസ് മാത്യൂസ് ത്രിതീയന്‍ ബാവ, കോട്ടയം ഭദ്രസന മെത്രാപ്പോളിത്ത ഡോ. യുഹാനോന്‍ മോര്‍ ദിയസ്‌കൂറോസ് മെത്രാപ്പോളിത്ത, ഡോ. മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോളിത്ത ( UK, EUROPE, AFRICA)
എന്നിവര്‍ അനുശോചിച്ചു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ., സെന്റ് ജോര്‍ജ് വികാരി വെരി.റവ. ആദായി ജേക്കബ് കോറെപ്പിസ്‌ക്കോപ്പ, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.റജി വര്‍ഗീസ്, കേരള സമാജം പ്രസിഡന്റ് സാബു തോമസ്, സ്റ്റാറ്റന്‍ ഐലന്റ് സീനിയര്‍ ഫോറം പ്രസിഡന്റ്  തോമസ് തോമസ് പാലത്തറ, ഫോമ മുന്‍ വൈസ് പ്രസിഡന്റും, ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗവുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍  പരേതയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

Wake Service
March 29, Sunday
ST. George Malankara Orthodox Church,
28 Sunset AVE,
Staten Island, Newyork-10314.


Funeral Service
March 30, Monday At church.

Burial
Moravian Cemetery
2205 Richmond RD,
Staten Island,
NY 10306.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക