
"ഒരു സ്ത്രീ എന്ന നിലയിൽ എനിക്കൊരു രാജ്യവുമില്ല. ഒരു സ്ത്രീ എന്ന നിലയിൽ, എന്റെ രാജ്യം മുഴുവൻ ലോകം ആണ്." വെർജീനിയ വുൾഫ് പറയുന്നു: 'വെർജീനിയ വൂൾഫിൻറെ 'ജീവിതം- ഡയറിക്കുറിപ്പ്'എന്ന കൃതി ഒരു വലിയ വായനാസമൂഹത്തെ മാറ്റിത്തീർത്ത പ്രതിഭയായ വെർജീനിയ വൂൾഫിന്റെ ജീവിത കഥയാണ്. 'A Room of Ones Own' (1929) എന്ന ഒറ്റകൃതി കൊണ്ടു തന്നെ സാര്‍വദേശീയ, സമകാലിക പ്രസക്തിയുള്ള എഴുത്തുകാരിയായി മാറി വെര്‍ജീനിയ വുള്‍ഫ്.
‘സ്വന്തമായൊരു മുറി’ എന്ന കൃതിയിൽ ഉന്നയിക്കുന്ന ആശയം വെർജിനിയ വുൾഫ് അവതരിപ്പിക്കുന്നത് ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ്. 1928-ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ. എന്തുകൊണ്ട് ഒരു ‘സ്ത്രീഷേക്സ്പിയർ’ നാടകങ്ങൾ എഴുതിയില്ല എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് വുൾഫ്....
"ഷേക്സ്പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ , അവള്‍ക്ക് ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു" എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു .
എന്തുകൊണ്ടാണ് പുരുഷന്മാര്‍ വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത്? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത്? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്.
ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.
സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്നു, അവർ.
ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.
രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ 'മിസ്സിസ്സ് ഡാല്ലോവെ' (1925), 'റ്റു ദ് ലൈറ്റ് ഹൌസ്' (1927), 'ഒർലാന്റോ' (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ 'ഒരാളുടെ സ്വന്തം മുറി' (1929) എന്ന കൃതിയുമാണ്.
ജനനം: 1882 ജനുവരി 25-ന് ലണ്ടനിൽ. യഥാർത്ഥ പേര് പൂർണ്ണമായും 'അഡ്‌ലൈൻ വിർജീനിയ സ്റ്റീഫൻ' എന്നാണ് . ചിത്രകാരി വനെസ്സ ബെൽ (Vanessa Bell ) ഈ എഴുത്തുകാരിയുടെ സഹോദരി ആണ്. ഓക്‌സ്‌ഫോർഡ് നിഘണ്ടു ഓഫ് ബയോഗ്രഫിയുടെ തുടക്കക്കാരനായ ലെസ്ലി സ്റ്റീഫൻ (1832-1904) ആയിരുന്നു അവരുടെ പിതാവ്. സാഹിത്യത്തിനുള്ള സേവനങ്ങൾക്ക് വൂൾഫിന്റെ പിതാവ് പിന്നീട് ലെസ്ലി സ്റ്റീഫൻ നൈറ്റ് പദവി (സർ സ്ഥാനം) നേടി - തൻ്റെ ഗണ്യമായ ഗന്ഥശേഖമുള്ള ലൈബ്രറിയുടെ നടത്തിപ്പ് ഈ മകൾക്ക് നൽകി. അവളുടെ അമ്മയും അച്ഛനും സഹോദരനും പെട്ടെന്ന് മരണമടഞ്ഞു...
വിർജീനിയയുടെ ജീവിതത്തിലെ ഇതുപോലുള്ള തുടരെയുള്ള ദുരന്തങ്ങൾ മൂലമാകാം അവരുടെ മാനസികാരോഗ്യം മോശമായവന്നു; കടുത്ത വിഷാദരോഗത്തിലേക്ക് അവർ വഴുതിവീണു; അങ്ങനെ കടുത്ത മനോവ്യഥകൾ അനുഭവിച്ചു.....
വിർജീനിയ എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ ലിയോനാർഡ് വൂൾഫിനെ 1912-ൽ ( 30-ാം വയസ്സിൽ) വിവാഹം കഴിച്ചു. ഈ ബന്ധം വൂൾഫിന്റെ ഏറ്റവും 'വിചിത്ര'മായ കൃതിയായ 'ഒർലാൻഡോ'യ്ക്ക് പ്രചോദനമായി.
വൂൾഫ് തുടക്കത്തിൽ ചൂണ്ടിക്കാണിച്ച പോലെ നിരവധി നോവലുകളും സാമൂഹികവും സാഹിത്യപരവുമായ വിമർശനങ്ങളും എഴുതി; എല്ലാ വിധത്തിലും അവരുടെ രചനകൾ വേറിട്ടവ തന്നെയായിരുന്നു.
1941 മാർച്ച് 28-ന്, 59-ാം വയസ്സിൽ, വെർജീനിയ വുൾഫ് ആത്മഹത്യ ചെയ്തു.
_______________
വാലറ്റം:
'Who's Afraid of Virginia Woolf?'
('വിർജീനിയ വൂൾഫിനെ ആരാണ് ഭയപ്പെടുന്നത്?)' എഡ്വേർഡ് ആൽബി എഴുതിയ നാടകമാണിത്. (ആദ്യമായി അവതരിപ്പിച്ചത്-1962 ഒക്ടോബറിൽ) മദ്ധ്യവയസ്‌ക ദമ്പതികളായ മാർത്തയും ജോർജും തമ്മിലുള്ള വിവാഹത്തിന്റെ സങ്കീർണ്ണത ഇത് പരിശോധിക്കുന്ന ഒരു രചന.
ഈ ശീർഷകത്തിനു വി കെ എന്നിന്റെ പ്രസിദ്ധമമായ നർമ്മപരിഭാഷ (പാരഡി) ഉണ്ട്: "വെള്ളായണി അർജുനനെ ആരാണ് ഭയപ്പെടുന്നത്?"
സ്ത്രീ സ്വാതന്ത്ര്യ മുന്നേറ്റങ്ങളോട് തെല്ലും അനുതാപമില്ലാത്ത, ഞങ്ങളുടെ ഒരു ഇംഗ്ലീഷ് പ്രൊഫസർ 'nither'- 'nor' പ്രയോഗരീതി പഠിപ്പിക്കാനെന്ന വ്യാജേന Virginia Woolf- ൻ്റെ പേരിലെ ആദ്യ നാമവും സർനെയിം ഭാഗവും ചേർത്ത് അപകർത്തികരമാകും വിധം ഒരു വാക്യം ക്ലാസ്സിൽ പറയുമായിരുന്നു.