Image

ധർമ്മടത്ത് മുഖ്യമന്ത്രിക്കായി വൻ താരനിര; കമൽഹാസനും പ്രകാശ് രാജും ഉൾപ്പെടെയുള്ളവർ പ്രചാരണത്തിനെത്തുന്നു

Published on 28 March, 2026
ധർമ്മടത്ത് മുഖ്യമന്ത്രിക്കായി വൻ താരനിര; കമൽഹാസനും പ്രകാശ് രാജും ഉൾപ്പെടെയുള്ളവർ പ്രചാരണത്തിനെത്തുന്നു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണത്തിനായി വൻ താരനിര ധർമ്മടത്തെത്തുന്നു. ഏപ്രിൽ മൂന്നിന് നടക്കുന്ന വിപുലമായ പ്രചാരണ പരിപാടിയിൽ നടൻ കമൽഹാസൻ, പ്രകാശ് രാജ്, റിമ കല്ലിങ്കൽ, ഗായകൻ വേടൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നടി ഭാവനയും പരിപാടിയുടെ ഭാഗമാകുമെന്നാണ് സൂചന. ദേശീയ-സംസ്ഥാന തലത്തിലുള്ള സാംസ്‌കാരിക നായകരുടെ സാന്നിധ്യം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശം വർധിപ്പിച്ചിട്ടുണ്ട്.

​നേരത്തെ തന്നെ പിണറായി വിജയനും ഇടതുപക്ഷത്തിനും പരസ്യപിന്തുണയുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു. "സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും" എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങൾ കണക്കിലെടുത്ത് ശരിയായ തീരുമാനമെടുക്കാൻ അദ്ദേഹം കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. താൻ വൈകാരികമായി ഏറെ അടുപ്പം പുലർത്തുന്ന നാടാണ് കേരളമെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും കമൽഹാസൻ വ്യക്തമാക്കി.

​അടുത്തിടെ തിരുവനന്തപുരത്ത് നടന്ന 'പിണറായി: ദി ലെജൻഡ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിലും കമൽഹാസൻ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദവും രാഷ്ട്രീയമായ യോജിപ്പും അദ്ദേഹം പലപ്പോഴും പരസ്യമാക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര താരങ്ങൾ നേരിട്ട് മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നത് ഇടതുമുന്നണിക്ക് വലിയ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക