
കുതിച്ചുയര്‍ന്ന തിരമാലകള്‍ കരയെ അപ്പാടെ വിഴുങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ആപഗയായവള്‍ക്ക് പിന്‍വലിയേണ്ടി വന്നു. ആ ഒറ്റനിമിഷത്തില്‍ സ്വയരക്ഷയെപ്പറ്റി സീത ബോധവതിയായി. പൊടുന്നനെ അലയടങ്ങി, കടല്‍ ശാന്തമായി.
നിമിഷാര്‍ദ്ധംകൊണ്ടാണവള്‍ക്ക് അമ്മയുടെ ഉപദേശം ഓര്‍മ്മ വന്നതും ആത്മസംയമനം വീണ്ടെടുത്തവള്‍ വരുംവരായ്കകളെപ്പറ്റി ചിന്തിച്ചതും അവനില്‍ നിന്ന് പിടഞ്ഞു മാറിയതും.
ശൗരി വല്ലാതെ പരിഭവിച്ചു.
നിനക്കെന്നെ ഇഷ്ടമല്ലേ? എന്ന അവന്‍റെ നിരാശനിറഞ്ഞ ചോദ്യം, സീതയുടെ ഉള്ളില്‍ തറച്ചു. സങ്കടം തോന്നിയെങ്കിലും അതിലുപരി ഹൃദയവിഹായസ്സില്‍ ആ ചോദ്യം ആത്മഹര്‍ഷത്തിന്‍റെ ഒരായിരം മഴവില്ലുകള്‍ വിരിയിക്കുകയാണ് ചെയ്തത്.. അതെ! എന്ന മറുപടിയില്‍ ഒതുങ്ങുമായിരുന്നില്ല, അവള്‍ക്കവനോടുള്ള അടങ്ങാത്ത സ്നേഹം.
ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്തിടത്തോളം നമ്മുടെ ഈ പോക്ക് ആപത്തിലേയ്ക്കല്ലേ? സന്തോഷം മറച്ചു വച്ചുള്ള അവളുടെ മറുചോദ്യത്തിന് ശൗരിയ്ക്ക് ഉത്തരമില്ലായിരുന്നു.
മറിച്ചു്, ഞാന്‍ നാളെയങ്ങ് പോകുവല്ലേ മുത്തേ? എന്നാണവന്‍ ചോദിച്ചത്.
ഇനിയും വരുമല്ലോ? അതൊരു സാന്ത്വനമായിരുന്നു എന്നറിയാമായിട്ടും തൃപ്തിയാകാത്ത മട്ടില്‍ ശൗരി മുഖം തിരിച്ചൊന്നു നെടുവീര്‍പ്പിട്ടു.
“പിണങ്ങല്ലേ ഉണ്ണ്യേട്ടാ..” സീത കെഞ്ചി. അവളുടെ ആ യാചനയില്‍ അവന്‍റെ ദേഷ്യമപ്പാടെയലിഞ്ഞുപോയി. ശൗരി ഒരിക്കല്‍ക്കൂടിയവളെ മുറുകെപ്പുണര്‍ന്നു. അടുത്തു നില്‍ക്കുമ്പോള്‍ കരളില്‍ ഉന്മാദം നിറയ്ക്കുന്ന അവന്‍റെ കളഭഗന്ധം ആസ്വദിച്ചുകൊണ്ട് കുറേക്കൂടി ആ ദേഹത്തോടൊട്ടിനില്‍ക്കാനവള്‍ക്ക് ഉള്‍പ്രേരണയുണ്ടായി. യുഗയുഗങ്ങളോളം ആ നില്‍പ്പ് തുടരണമെന്നും മരിക്കുവോളം ഉണ്ണ്യേട്ടന്‍ ഒപ്പമുണ്ടാവണമെന്നും അവളപ്പോള്‍ ആഗ്രഹിച്ചു... ശൗരി മതിവരാതെ വീണ്ടും ചുണ്ടുകള്‍കൊണ്ട് സീതയെന്ന ഭൂമികയില്‍ കളമെഴുതുമ്പോള്‍ ഇന്നോളമറിയാത്തൊരു സ്വര്‍ഗീയാനുഭൂതിയില്‍ മതിമറന്നു നില്‍ക്കയായിരുന്ന ഇരുവരും കണ്ടു, ദൂരെന്നു നടന്നു വരുന്ന അമ്മയെ.
.
സീതേ കാണാം! പറഞ്ഞിട്ടു പൊടുന്നനെ ശൗരി അകത്തേയ്ക്ക് കയറിപ്പോയി. താനീ പരിസരത്തെങ്ങും ഉണ്ടായിരുന്നതായി അമ്മയ്ക്ക് തോന്നരുതല്ലോ!
ആ.. ഹാ! നീ കാലത്തിങ്ങു പോന്നോ? സീതയോടവര്‍ ചോദിച്ചു. എന്താ നിന്‍റെ മുഖം വല്ലാതെ?.
ഒന്നുമില്ലെന്നവള്‍ തലയാട്ടി.
“കാലത്ത് ഏട്ടനെ ഒന്ന് കാണാന്‍ പോയതാ. അവിടെയാരുമില്ല. പിന്നെ കുടുംബക്ഷേത്രത്തിലൊന്നു കയറി. ഭഗവാനെ തൊഴുതു.” ആരും ചോദിക്കാതെതന്നെ ആരോടെന്നില്ലാതെ പോയകാര്യം വിശദീകരിച്ചുകൊണ്ട് കയ്യില്‍ കരുതിയിരുന്ന ഇലച്ചീന്തിലെ പ്രസാദം അവര്‍ സീതയ്ക്ക് നീട്ടി. “ഇതാ പ്രസാദം”.
ഉണ്ണി വല്ലതും കഴിച്ചോ? നീയും വാ സീതേ.. ഇഡ്ഡലി തയ്യാറാക്കി വച്ചിട്ടാ ഞാന്‍ പോയത്.
രണ്ടാളെയും ഒന്നിച്ചിരുത്തി വിളമ്പിയൂട്ടുമ്പോള്‍ തമ്പുരാട്ടിയവരെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു. തമ്മില്‍ വെറുതെയൊന്നു താരതമ്യം ചെയ്യുകയായിരുന്നു. രണ്ടാളും എന്തൊരു ചേര്‍ച്ച? ശ്രീരാമനും സീതയും പോലെ. അവര്‍ മനസ്സിലോര്‍ത്തു. എന്തുചെയ്യാം, നിര്‍ഭാഗ്യം. അവളൊരു കുശവകുടിലില്‍ ജനിച്ചുപോയില്ലേ?
അതിരാവിലെ വീട്ടീന്നിറങ്ങും മുന്‍പ് മുല്ലമൊട്ടടര്‍ത്തി ഓലനാരില്‍ കോര്‍ത്തു വച്ച വിടര്‍ന്നപൂക്കളുമായി അവര്‍ സീതയുടെ അടുത്തേയ്ക്ക് വന്നു. മുടി രണ്ടായി വകഞ്ഞുമാറ്റി ഊഞ്ഞാല്‍ പോലെ പൂമാല ഇരുവശത്തുമായി പിന്‍കുത്തിയുറപ്പിച്ചു.
എന്ത് ഭംഗിയാണ് ഇപ്പോളെന്‍റെ മുത്തിനെ കാണാന്‍? അറിയാതെതന്നെ നാവിന്‍ തുമ്പില്‍ വന്നതു കേട്ട് സീതയവരെ സൂക്ഷിച്ചു നോക്കി. ഒളിഞ്ഞും തെളിഞ്ഞുമുള്ള തമ്പുരാട്ടിയുടെ ഈ സ്നേഹപ്രകടനം പലപ്പോഴും സീതയെ ആശ്ചര്യപ്പെടുത്താറുണ്ട്.
ഇത്തവണ അമ്പലത്തിലേയ്ക്ക് ഇവിടുന്ന് താലപ്പൊലി പോകുന്നുണ്ട്. സീതേ, നീവേണം അതിന് നേതൃത്വം കൊടുക്കാന്‍. അവര്‍ പറഞ്ഞു.
ഞാനോ? അവള്‍ ചോദിച്ചു.
‘നീതന്നെ. നിനക്കാണ് അതിനെല്ലാംകൊണ്ടും യോഗ്യത’.
സീതയവരെ കൗതുകത്തോടെ ഒന്നു നോക്കിയതല്ലാതെ എന്ത് യോഗ്യത എന്നു ചോദിച്ചില്ല.
മനസ്സില്ലാമനസ്സോടെയാണ് സീതയന്നവിടുന്നു മടങ്ങിയത്, വിലപ്പെട്ടതെന്തോ കൈമോശം വന്നതുപോലെ നിസ്സംഗയായി. തലയും കുമ്പിട്ടവള്‍ വീട്ടിലേയ്ക്ക് നടന്നു. കനമുള്ള ഒന്ന് നെഞ്ചില്‍ കെട്ടി നില്‍ക്കുന്നു.
വൈകുന്നേരം തന്‍റെ കൊച്ചുതമ്പുരാന്‍ പട്ടണത്തിലേയ്ക്ക് യാത്രയാവുന്നത് സീതമ്മ വേലിക്കല്‍ നിന്നു കണ്ടു. കണ്‍കോണില്‍ ഊറിയെത്തിയ നനവ് പാടപോലെവന്നു മിഴികളെ മൂടിയപ്പോള്‍ അവള്‍ വേലിയ്ക്കല്‍ നിന്ന കൊന്നപ്പത്തലില്‍ മുറുകെപ്പിടിച്ചു.. ഉത്സവത്തിനു വരുമെന്ന് ശൗരി തലേന്ന് കൊടുത്ത വാക്കില്‍ ആശ്വാസം കൊണ്ടിട്ടവള്‍ കണ്ണുകള്‍ ഇറുകെയടച്ച് തുളുമ്പിനിന്ന നീര്‍ത്തുള്ളികളെ പുറന്തള്ളി. കലങ്ങിച്ചുവന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചുകൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചു നടന്നു.
രാജഭരണം അവസാനിച്ചുവെങ്കിലും രാജകുടുംബങ്ങള്‍ തങ്ങളുടെ അധികാരവും മേല്‍ക്കോയ്മയും അവര്‍ണ്ണരുടെ മേലുള്ള ആധിപത്യവും വച്ചുപുലര്‍ത്തുന്ന കാലമാണ്. തങ്ങള്‍ രാജാക്കന്മാരും യുദ്ധതന്ത്രങ്ങള്‍ അറിയുന്നവരും ഉന്നതശീര്‍ഷരും സുന്ദരകലകളില്‍ നിപുണരും ഒക്കെയാണെന്നാണ് ഇപ്പോഴും തമ്പുരാക്കന്മാരുടെ വിചാരം. ആരെയും ഭരിക്കാമെന്നും വേണ്ടിവന്നാല്‍ കീഴാളരെ അടിച്ചമര്‍ത്താമെന്നും അതിനുള്ള അവകാശം ഇന്നും തങ്ങള്‍ക്കുണ്ടെന്നും ധരിച്ചു വച്ചിരിക്കുന്ന ശുംഭന്മാരില്‍ ഒരാളാണ് ശൗരിയുടെ അച്ഛനും. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന വിഭാഗീയ ചിന്ത ഇപ്പോഴും യാഥാസ്ഥിതികരായ കാരണവന്മാരുടെയുള്ളില്‍ സാര്‍വ്വത്രികമായി കൊടികുത്തി വാഴുന്നുണ്ട്. പഴയ നാട്ടാചാരങ്ങളും നിഷ്ഠകളും പണ്ടുകാലത്തുണ്ടായിരുന്ന ആഢൃത്വവും അധീശത്വവും മൂഢയാഥാസ്ഥിതിക ചിന്താഗതിയും വച്ചുപുലര്‍ത്തിപ്പോരുന്ന ഈ കാലഘട്ടത്തിലെ മുടിച്ചൂടാമന്നന്മാരാണ് തങ്ങള്‍ എന്ന് സ്വയം ഉദ്ഘോഷിക്കുന്നവര്‍. .
കഷ്ടിച്ചൊരു മാസം കൂടിയേയുള്ളൂ മുത്തുമാരിയമ്മന്‍ കോവിലിലെ ഉത്സവത്തിന്. കലം,ചട്ടി,കുടം,കൂജ,ചിരാതുകള്‍ തുടങ്ങിയവയെല്ലാം കാലേക്കൂട്ടി തയ്യാറാക്കി ഓരോ വീടിന്‍റെയും തിണ്ണക്കോണില്‍ ഒന്നിനു മേലെഒന്നായി അടുക്കിയിട്ടുണ്ട്. മണ്‍പാത്രനിര്‍മ്മാണത്തിനുപയോഗിക്കുന്ന കുലാലചക്രങ്ങള്‍ നിശ്ചലമായിരിക്കുന്നു. ഓട്ടുകമ്പനിയും തല്‍ക്കാലത്തേയ്ക്ക് പണിമുടക്കിയിരിക്കുന്നു. ഇനി ഉത്സവം കഴിയണം ഇവയെല്ലാം ചലിക്കണമെങ്കില്‍. കാളീവിഗ്രഹം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സീത ചമതിയ്ക്കുള്ളില്‍നിന്ന് തറ്റുടുത്തിറങ്ങിവന്ന അപ്പയെ ശ്രദ്ധിച്ചു. അപ്പാ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി വിഗ്രഹ പ്രതിഷ്ഠ കഴിഞ്ഞാലേ അപ്പ വൃതം അവസാനിപ്പിക്കൂ.. അവള്‍ക്കു സങ്കടം വന്നു.
മത്സ്യമാംസാദികള്‍ കൈകൊണ്ടു തൊടാതെ ഒരുനേരം മാത്രം വീട്ടിലുണ്ടാക്കുന്ന ഗുരുത്വമുള്ള ആഹാരം കഴിച്ചുകൊണ്ട് 28 ദിവസത്തെ ബ്രഹ്മചര്യാവൃതമാണ് അപ്പാ അനുഷ്ഠിക്കുന്നത്. കഠിനമെങ്കിലും അപ്പയ്ക്കത് നിസാരമാണെന്ന് തോന്നിപ്പോകും, ആ നടപ്പും എടുപ്പുമൊക്കെ കാണുമ്പോള്‍. രജസ്വലകളായ സ്ത്രീകള്‍ ഏഴു ദിവസംവരെ വൃതശുദ്ധികാക്കുന്ന പൂജാരിയെ കാണുകയോ സാത്വികരായ അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുകയോ ചെയ്യാന്‍ പാടില്ല. 28 ദിവസങ്ങളില്‍ ഒരിക്കലെങ്കിലും അമ്മയും താനും മാറിനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ചൂളപ്പുരയില്‍ തനിച്ചു കിടക്കാന്‍ പേടിയായതുകൊണ്ട് താനാ ഏഴുദിവസം കൊക്കോച്ചിയുടെ കുടിയിലേയ്ക്ക് മാറിയിരിക്കയാണ് പതിവ്. അമ്മയാണെങ്കില്‍ ചിലപ്പോള്‍ ആ തക്കം നോക്കി മൂയിക്കലേയ്ക്ക് പൊയ്ക്കളയും.
ഒരുപാടാലോചനയ്ക്കൊടുവില്‍ സീതമ്മ അമ്മയോട് ചോദിച്ചു. “അമ്മാ എനിക്കാ ദേവീവിഗ്രഹം ഒന്ന് കാണാമോ?
വേണ്ട! അവര്‍ വിലക്കി. നീയതുകണ്ടു ഭയക്കുകയോ, വേണ്ടാത്തതെന്തെങ്കിലും മനസ്സില്‍ തോന്നുകയോ ചെയ്തെന്നുവരികില്‍ അത് നല്ലതിനല്ല.. കുറച്ചുനേരം എന്തോ ഓര്‍ത്ത് മൗനിയായിരുന്നിട്ട് അതിന് ദൃഷ്ടാന്തമായി അവരൊരു കഥയും പറഞ്ഞു.
തുടരും..
Read More: https://www.emalayalee.com/writer/318