Image

സർഗ്ഗവേദിയിൽ ബാബു പാറയ്ക്കലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു

പി. ടി. പൗലോസ് Published on 28 March, 2026
സർഗ്ഗവേദിയിൽ ബാബു പാറയ്ക്കലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു

ന്യൂയോർക്ക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ എൽമണ്ടിലുള്ള കേരളാ സെന്ററിൽ വച്ച് മാർച്ച് 22 ഞായറാഴ്ച്ച നടന്ന യോഗത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരനായ ശ്രീ ബാബു പാറയ്ക്കലിന്റെ രണ്ടു പുസ്‌തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. യോഗത്തിൽ ജനനി മാസികയുടെ ചീഫ് എഡിറ്ററും മലയാളി സമൂഹത്തിന്റെ പ്രിയങ്കരനുമായ ശ്രീ ജെ. മാത്യൂസ് മുഖ്യാതിഥിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനും വാൽക്കണ്ണാടിയിൽ കൂടി സമൂഹത്തിന്റെ പ്രതിബിംബം അളക്കുന്ന നിരീക്ഷകനുമായ ശ്രീ കോരസൺ വർഗീസ് അദ്ധ്യക്ഷനുമായിരുന്നു. യോഗത്തിൽ അമേരിക്കൻ മലയാളി സാഹിത്യകാരന്മാരിൽ പ്രമുഖനായ കവി ശ്രീ സന്തോഷ് പാലാ എം സി യായിരുന്നു. സർഗവേദി സംഘാടകനും പ്രശസ്‌ത സാഹിത്യകാരനും നാടകകൃത്തുമായ ശ്രീ പി. ടി. പൗലോസ് സ്വാഗതം ആശംസിച്ചു.

ശ്രീ ബാബു പാറയ്ക്കലിന്റെ മൂന്നാമത്തെ പുസ്‌തകമായ 'മഞ്ഞിൽ വിരിഞ്ഞ റഷ്യ' ശ്രീ ജെ. മാത്യൂസ് ആദ്യകാല നോവലിസ്റ്റായ ശ്രീ ജോർജ് സാമുവേലിന് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. നാലാമത്തെ പുസ്‌തകമായ 'റെയിൽ ചക്രങ്ങൾ' ശ്രീ കോരസൺ വർഗീസ്, നായർ ബെനിവലന്റ് അസോസിയേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ ക്രിസ് തോപ്പിലിന് ആദ്യ പ്രതി നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ശ്രീ കോരസൺ വർഗീസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 'മഞ്ഞിൽ വിരിഞ്ഞ റഷ്യ' എന്ന യാത്രാവിവരണം ഇത്രയധികം കളർ ചിത്രങ്ങളോടുകൂടി വായനക്കാർക്ക് ആകർഷകമാകുന്ന രീതിയിൽ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കാൻ ശ്രദ്ധിച്ച ബാബുവിന്റെ ശ്രമങ്ങളെ പ്രകീർത്തിച്ചു.  മുഖ്യാതിഥിയായി പ്രഭാഷണം നടത്തിയ ശ്രീ ജെ. മാത്യൂസ് കൂടുതലായും സംസാരിച്ചത് 'റെയിൽ ചക്രങ്ങൾ' എന്ന ചെറുകഥാസമാഹാരത്തെ പറ്റിയാണ്. പതിനെട്ടു കഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്‌തകത്തിലെ എല്ലാ കഥകളും ഹൃദയസ്പർശിയാണെന്നും തീർച്ചയായും വായിച്ചിരിക്കേണ്ടതാണെന്നും അതിലെ ഏതാനും കഥകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടർന്ന് പ്രവാസി സമൂഹത്തിനു ചിരപരിചിതരായ ജയൻ കെ.സി., അജിത് നായർ, കെ. കെ. ജോൺസൺ, കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ,  ജോസ് ചെരിപുറം, രാജു തോമസ്, മോൻസി കൊടുമൺ, കോശി തോമസ്, ക്രിസ് തോപ്പിൽ, രാജു ചിറമണ്ണിൽ, ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിൽ, കേരള സമാജം മുൻപ്രസിഡന്റ് സജി ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ ക്രിസ് തോപ്പിൽ തന്റെ ഹൃസ്വ വാക്കുകളിൽ 'മഞ്ഞിൽ വിരിഞ്ഞ റഷ്യ' എന്ന യാത്രാവിവരണം റഷ്യയുടെ ഉൾനാടുകളെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും വായനക്കാർക്ക് വളരെ അറിവ് നൽകുന്നവയാണെന്നും അതുകൊണ്ട് നമ്മുടെ ഇളം തലമുറയ്ക്കു വേണ്ടി അതിന്റെ ഇംഗ്ലീഷ് പരിഭാഷയെപ്പറ്റി ഗ്രന്ഥകർത്താവ് ചിന്തിക്കണമെന്നും അഭ്യർത്ഥിച്ചു. ശ്രീ ബാബു പാറയ്ക്കൽ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'ഇൻസൈറ്റ്' (INSIGHT) എന്ന ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടതുപോലെ ഈ പുസ്‌തകങ്ങളും വായനക്കാർക്കു പ്രിയപ്പെട്ടതാകുമെന്നതിനു സംശയമില്ലെന്നദ്ദേഹം കൂട്ടിച്ചേർത്തു. അലക്‌സ് എസ്തപ്പാൻ ഈ പ്രവാസി സമൂഹത്തിലെ പ്രബുദ്ധരായ മലയാളികൾ ഏവരും കേരളാ സെന്ററിന്റെ അംഗമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയുണ്ടായി.

അമേരിക്കയിൽ സന്ദർശനാർത്ഥം എത്തിയിരിക്കുന്ന യുവ സാഹിത്യകാരി നഫീസ കോലോത്ത് തയ്യിലിന്റെ സാന്നിധ്യം യോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കഥാകൃത്ത് ബാബു പാറയ്ക്കലിനെ അഭിനന്ദിച്ചതോടൊപ്പം മുസ്ലിം വംശജയായ താൻ സാമുദായിക വേലിക്കെട്ടുകളെ അതിജീവിച്ചു രണ്ടു കൃതികൾക്ക് ജന്മം കൊടുത്ത കഥ ഹൃസ്വമായി വിശദീകരിച്ചത് സദസ്സ് ഹർഷാരവത്തോടെയാണ് കേട്ടത്.

ശ്രീ ബാബു പാറയ്ക്കൽ തന്റെ മറുപടി പ്രസംഗത്തിൽ 'കേരളാ സെന്റർ' എന്ന മേൽക്കൂരയ്ക്കു കീഴിൽ ഇവിടത്തെ മലയാളികൾക്ക് ഒത്തുചേരാനും സർഗവേദി പോലെയുള്ള സാഹിത്യ സംഘടനകളെ പ്രോത്സാഹിപ്പിക്കയും ചെയ്‌ത്‌ മലയാള ഭാഷയെയും സംസ്‌കാരത്തെയും ഇളം തലമുറയ്ക്കു മൂല്യച്യുതി വരാതെ കൈമാറാനും നമ്മുടെ അസ്തിത്വത്തിന് അനുദിനം തിളക്കമേകാനും ഏതാണ്ട് മൂന്നര പതിറ്റാണ്ടു മുൻപ് തുടക്കമിട്ട പ്രവർത്തനത്തിന് നാഴികക്കല്ലായ ശ്രീ ഇ. എം. സ്റ്റീഫന് പ്രത്യേകം നന്ദി അർപ്പിച്ചു.

സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ തന്റെ പുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടത്താൻ സാധിച്ചതിൽ സർഗ്ഗവേദിയുടെ സംഘാടകരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയുകയുണ്ടായി. പതിനൊന്നു ദിവസത്തെ റഷ്യൻ പര്യടനത്തെ ആസ്‌പദമാക്കി രചിച്ച 'മഞ്ഞിൽ വിരിഞ്ഞ റഷ്യ' യ്ക്ക് ഹൃദ്യമായ ഒരു അവതാരിക എഴുതി നൽകിയ കഥാകൃത്തും നിരൂപകനും അമേരിക്കൻ മലയാള സാഹിത്യ രചയിതാക്കളുടെ പ്രചോദന സ്രോതസ്സുമായ ശ്രീ സുധീർ പണിക്കവീട്ടിലിനോടും 'റെയിൽ ചക്രങ്ങൾ' എന്ന ചെറുകഥാ സമാഹാരത്തിന് അവതാരിക എഴുതി നൽകിയ നോവലിസ്റ്റ് ശ്രീ ഇ. സന്തോഷ് കുമാറിനോടുമുള്ള നന്ദിയും സ്നേഹവും ശ്രീ പാറയ്ക്കൽ എടുത്തു പറയുകയുണ്ടായി. സഹൃദയരും സുഹൃത്തുക്കളുമായി വന്നു ചേർന്ന നിറഞ്ഞ സദസ്സിനും കേരളാ സെന്റർ പ്രസിഡന്റ് ശ്രീ എസ്തപ്പാന് പ്രത്യേകമായും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

തുടർന്ന് ശ്രീ സന്തോഷ് പാലാ മധുരതരമായി ആലപിച്ച കവിതയോടും ഉപസംഹാരത്തോടും കൂടി പരിപാടികൾക്ക് തിരശീല വീണു.

ഈ പുസ്‌തകങ്ങൾ വാങ്ങണമെന്ന് താത്പര്യമുള്ളവർ ശ്രീ ബാബു പാറയ്ക്കലിന് 1-516-554-1607 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ മെസ്സേജ് അയയ്ക്കുക.
 

സർഗ്ഗവേദിയിൽ ബാബു പാറയ്ക്കലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക