Image

വിശ്വാസ്യത മുഖമുദ്രയാക്കിയ 'ടീം പ്രോമീസി'ന് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഊഷ്മളമായ സ്വീകരണം

Published on 27 March, 2026
വിശ്വാസ്യത മുഖമുദ്രയാക്കിയ 'ടീം പ്രോമീസി'ന് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഊഷ്മളമായ സ്വീകരണം



ഒക്കലഹോമ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും പ്രവര്‍ത്തന മന്ത്രമാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' പാനല്‍ അംഗങ്ങള്‍ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്‍ (ഒ.എം.എ)  ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാര്‍ത്ഥികള്‍ ഒക്കലഹോമ മലയാളി അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളര്‍ച്ചയെക്കുറിച്ചും ഇനി നടപ്പാക്കേണ്ട സ്വപ്ന പദ്ധതികള്‍ സംബന്ധിച്ചും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. സൗഹാര്‍ദപരമായ സംഭാഷണം ദീര്‍ഘവീക്ഷണമുള്ളതും സൃഷ്ടിപരവുമായിരുന്നു.



ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നാല് പതിറ്റാണ്ട് കാലത്തെ സംഘടനാ പ്രവര്‍ത്തന മികവുള്ള വ്യക്തിത്വവുമായ മാത്യു വര്‍ഗീസ് (ജോസ്), ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്, ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒ.എം.എ ഭാരവാഹികള്‍ പറഞ്ഞു.  



ഒ.എം.എ പ്രസിഡന്റ് ആഞ്ചല ഉമ്മനും സെക്രട്ടറി ജോഷ്‌ന ഫിലിപ്പോസും നേതൃത്വം നല്‍കിയ പരിപാടിയില്‍ മല്‍സൂര്‍ മുസ്തഫ (വൈസ് പ്രസിഡന്റ്), നാന്‍സി ജേക്കബ് (ആര്‍ട്ട് & കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ & ഫോമ സതേണ്‍ റീജിയണ്‍ വനിതാ ഫോറം കമ്മിറ്റി അംഗം), സാനു എബ്രഹാം (സ്‌പോര്‍ട്‌സ് സെക്രട്ടറി), ഷിജി ജോയ്ക്കുട്ടി (വനിതാ പ്രതിനിധി), ഷിബു ജേക്കബ് (ജോയിന്റ് സെക്രട്ടറി), സാം ജോണ്‍ (ഫോമ സതേണ്‍ റീജിയണ്‍ സെക്രട്ടറി), ഷേര്‍ലി ജോണ്‍, ഇവാന്‍ തോമസ്, സാന്‍ജോ ബാബു, ജോര്‍ജ്ജ് ചിറയില്‍ എന്നിവര്‍ സംസാരിച്ചു.



വനിതാ ശാക്തീകരണം മുദ്രാവാക്യമായി പ്രവര്‍ത്തിക്കുന്ന ഒക്കലഹോമ മലയാളി അസോസിയേഷന്‍ വനിതകളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയോഗിച്ചുകൊണ്ട് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് ടീം പോമീസ് അംഗങ്ങള്‍ പറഞ്ഞു. ഫോമാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ടീം ഇതാദ്യമായി ഒക്കലഹോമയില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ കൂടിക്കാഴ്ച ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ടീം പ്രോമീസ് സാരഥി മാത്യു വര്‍ഗീസ് ചൂണ്ടിക്കാട്ടി. കാരണം ഒക്കലഹോമ മലയാളി അസോസിയേഷന്റെ സംഭാവനകള്‍ ഫോമായെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതു തന്നെയാണ്. അത് മാനിച്ചുകൊണ്ടാണ് ടീം പ്രോമീസ് അവരുമായി കൂടിക്കാഴ്ച നടത്തിയത്.



സ്ത്രീപക്ഷ നിലപാടിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനത്തിനും പേരുകേട്ട ടീം പ്രോമിസ്, ഒ.എം.എയുടെ രീതികള്‍ക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്.ഫോമായുടെ നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവരെ പ്രതിഭ, പ്രതിബദ്ധത, സാമര്‍ത്ഥ്യം, കഠിനാധ്വാനം, ദീര്‍ഘവീക്ഷണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന് ടീം പ്രോമീസ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. സ്ത്രീ പുരുഷ ഭേദമില്ലാതെ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അവര്‍ വ്യക്തമാക്കി.



സുതാര്യത, സമഗ്ര വികസനം, യുവജന ശാക്തീകരണം തുടങ്ങിയവയെക്കുറിച്ചുള്ള മാതൃകാ രേഖ ടീം പ്രോമീസ് ഒ.എം.എയുമായി പങ്കുവച്ചു.  തിരഞ്ഞെടുക്കപ്പെട്ടാല്‍, ഫോമയ്ക്ക് കീഴിലുള്ള ഓരോ അംഗസംഘടനകളുമായും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തത്തിക്കാനാണ് ടീം പ്രോമീസ് ആഗ്രഹിക്കുന്നത്. ഭാവിയില്‍ ഒക്കഹോമ മലയാളി അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യവും ടീം പ്രോമീസ് വെളിപ്പെടുത്തി. ഇത് തിരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഔഗ്യോഗിക സന്ദര്‍ശനം എന്നതിലുപരി സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ചയായി മാറിയെന്ന് ഒ.എം.എ നല്‍കിയ ഗംഭീര സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ടീം പ്രോമീസ് അഭിപ്രായപ്പെട്ടു. 


 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക