
മരദ്രോഹികളാം മാനുഷർക്കും
ഫലേച്ഛയന്യെ നൽകും ദാനം
വരിക്കപ്ലാവൊരു
പച്ച പുണ്യവാളനെപ്പോൽ!
പഴങ്ങളിൽ ഗജം
ഗജങ്ങൾക്കതി പ്രിയം
മുഴുത്തു പഴുത്തതു
പാർത്തു കണ്ടാൽ
പടക്കപ്പലോടും
വാ-നരന്മാരുടെ
വായിലൊക്കെയും !
അണ്ഡാകാരം ഫലമതിൻ
സേവനമൊ നാനാരോഗ-
നിവാരണസഹായകം.
പുറമേ മുള്ള്
അകമേ ചുളയും
വിസ്തരിച്ചാൽ
ചകിണിയും മടലും
കൂഞ്ഞിലും മുളഞ്ഞും;
ഒന്നൊന്നായിവയൊക്കെ
നീക്കിക്കളയുകിൽ
വരിക്കച്ചക്ക തൻ സ്ഥാനത്ത്
ശേഷിക്കും അദൃശ്യമാം
കേവലം വിരാടശൂന്യസത്ത !
മുള്ളുണ്ടെങ്കിലും മുരിക്കല്ല
പാലുണ്ടെങ്കിലും മുലയല്ല
കായ്ക്കും തടിയിലും കൊമ്പത്തും
വേണേൽ ശ്രീവേരിലും!
ഇടിച്ചക്ക കൊമ്പത്ത് കണ്ടതും
തേച്ചേൻ മീശക്കെണ്ണ ആശാൻ
ഇന്നലെ ചുട്ടു തിന്നോരു
ഡസൻ പനസക്കുരുവതാ
കളരിക്കു പുറത്തു പൊട്ടുന്നു
ബാലിസ്റ്റിക് മിസൈൽ ശൈലിയിൽ!
ചക്ക കൊണ്ടച്ചാറിടുന്നു ചിലർ
ചക്കച്ചുള വറുത്തുപ്പേരിയാക്കുന്നു ചിലർ
ചക്കച്ചപ്പാത്തിക്കുപദംശമായി
ചക്ക ജാമുണ്ടാക്കിയും വിൽക്കുന്നു ചിലർ;
മൂല്യവർദ്ധിതോല്പന്നങ്ങളുണ്ടാക്കും
മാനുഷർ വിസ്മരിക്കുന്നു ജീവന്റെ
ശാശ്വതമൂല്യങ്ങളാം
ബ്രഹ്മാനുഭൂതിയെ ആത്മലാഭാനന്ദത്തെ.
ഒന്നിനെ പലതാക്കി മാററുമ്പോഴും
നിലനിൽക്കുമിവിടെയൊന്ന്
ഒന്നായിത്തന്നെ നിർണ്ണയം!
ചെറുതിനെ വലുതിലൊളിപ്പിച്ചും
വലുതിനെ ചെറുതിലൊളിപ്പിച്ചും
നിരന്തരം നിഗൂഢം ചവിട്ടട്ടെ
വിശ്വധാത്രി മായാനർത്തനം!
മൃത്യവിൻ കയ്പാർന്ന വാഴ് വിൽ
വിളമ്പണമെന്നും അമ്മേ നീ
നിർമ്മലസ്നേഹത്തിൻ കോരികയിൽ
തിരുമാധുര്യമിത്തിരിചക്കപ്രഥമന്റെ!