Image

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഒളിംപിക്‌സില്‍ വിലക്ക്

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 27 March, 2026
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഒളിംപിക്‌സില്‍ വിലക്ക്

2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അത് പക്ഷേ, വനിതകളായി ജനിച്ചവര്‍ മാത്രമായിരിക്കും. ട്രാന്‍സ്‌ജെന്‍ഡറുകൾ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നതിന് തടഞ്ഞുകൊണ്ട് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തീരുമാനമെടുത്തു. 2028 മുതലാണ് വിലക്ക് നടപ്പിലാക്കുക.

ട്രാന്‍സ്‌ജെന്‍ഡറുകളെ വനിതകളായി കണക്കാക്കാനാവില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ നയങ്ങളോട് യോജിക്കുന്നതാണ് ഐ.ഒ.സി. തീരുമാനം. ഐ.ഒ.സി. പ്രസിഡന്റ് ക്രിസ്റ്റി കോവന്‍ട്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ യോജിപ്പാണ്. പുരുഷ ഹോര്‍മോണായ ടെസ്റ്റസ്‌റ്റെറോണിന്റെ അംശം കൂടിയാല്‍ അത് മത്സരത്തില്‍ വലിയ മുന്‍തൂക്കം  നല്‍കും. ഇത് വനിതകളായി ജനിച്ച അത്‌ലിറ്റുകള്‍ക്ക് ഇക്കൂട്ടുരുമായി മത്സരിച്ചു ജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. നേരിയ മുന്‍തൂക്കം പോലും ഫലങ്ങള്‍ മാറ്റിമറിക്കും. അത് ഒഴിവാക്കുകയാണ് ഐ.ഒ.സിയുടെ ലക്ഷ്യം.

2024 ലെ പാരിസ് ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ  വിഭാഗം ബോക്‌സിങ്ങ് സ്വര്‍ണ്ണം നേടിയ അള്‍ജീരിയന്‍ താരം ഇമെയ്ന്‍ ഖലീഫിന്റെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇവരുടെ പൗരുഷം എതിരാളികളെ പരാജയപ്പെടുത്തുക മാത്രമല്ല, പലര്‍ക്കും പരുക്കേല്‍ക്കാനും ഇടയാക്കി. 2023 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ലിംഗനിര്‍ണ്ണയ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇമെയ്‌നിനെ മത്സരിപ്പിച്ചില്ല. ഇതൊന്നും കണക്കിലെടുക്കാതെയാണ് അവര്‍ക്ക് പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്. ടെസ്റ്റോസ്റ്ററോന്‍ അളവു കുറയ്ക്കാന്‍ താന്‍ ഹോര്‍മോണ്‍ ചികിത്സ നടത്തിയിരുന്നതായി ഇവര്‍ തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയുടെ അത്‌ലിറ്റ് കാസ്റ്റര്‍ സെമന്യയുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ മത്സര വിലക്ക് നേരിട്ടെങ്കിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അനുകൂല വിധി പ്രസ്താവിച്ചു. പാരിസ് ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സിലും നീന്തലിലുമൊക്കെ ട്രാന്‍സ്‌ജെന്‍ഡറുകളെ മത്സരിപ്പിച്ചിരുന്നില്ല. ഇനി വിലക്ക് എല്ലാ ഇനത്തിലും ഉണ്ടാകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക