Image

മോഹന്‍ലാലിന്റെ വ്യക്തി അവകാശം ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതി

Published on 27 March, 2026
മോഹന്‍ലാലിന്റെ വ്യക്തി അവകാശം ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മോഹന്‍ലാലിന്റെ വ്യക്തി അവകാശം ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈകോടതി. മോഹന്‍ലാല്‍ സമര്‍പ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈകോടതി നിര്‍ദേശം നല്‍കി.  നീക്കം ചെയ്യേണ്ട ലിങ്കുകളുടെ പട്ടിക നല്‍കാന്‍ മെറ്റ ഉള്‍പ്പടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് കോടതി നിര്‍ദേശമുണ്ട്. 

30ലധികം ലിങ്കുകളാണ് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈകോടതിക്ക് കൈമാറിയത്. എന്നാല്‍, ഇതില്‍ ചില ലിങ്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കോടതി്യെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നീക്കം ചെയ്യേണ്ടവയുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഡല്‍ഹി ഹൈകോടതി നിര്‍ദേശം നല്‍കിയത്.

മോഹന്‍ലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും സാമൂഹിക മാധ്യമ അകൗണ്ടുകളുടെ വിവരം കോടതിക്ക് കൈമാറിയിരുന്നു. ഇവരെ കേസില്‍ കക്ഷി ചേര്‍ക്കണമെങ്കില്‍ അവരുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് വിശദംശങ്ങള്‍ ആവശ്യമാണെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉടമകളെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ പ്ലാറ്റ്ഫോമുകളോട് കോടതി നിര്‍ദേശിച്ചു.

വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. എഐ ഉപയോഗിച്ച് ശബ്ദം ക്ലോണ്‍ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. മെറ്റയടക്കം സോഷ്യല്‍ മീഡിയ ഭീമന്‍മാരെ എതിര്‍കക്ഷിയാക്കി കൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്. ഡൽഹി  ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗാണ് കേസ് പരിഗണിച്ചത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക