Image

ചരിത്രവഴികളിലെ സ്മരണ പുതുക്കാന്‍ ചിക്കാഗോ രൂപത: ചിക്കാഗോ രൂപതയുടെ 'പയനീര്‍സ് & സീനിയേഴ്‌സ്' സംഗമം ജൂബിലി കണ്‍വന്‍ഷനില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 March, 2026
 ചരിത്രവഴികളിലെ സ്മരണ പുതുക്കാന്‍ ചിക്കാഗോ രൂപത:  ചിക്കാഗോ രൂപതയുടെ  'പയനീര്‍സ് & സീനിയേഴ്‌സ്' സംഗമം  ജൂബിലി കണ്‍വന്‍ഷനില്‍

ചിക്കാഗോ : സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും രജത ജൂബിലി കണ്‍വെന്‍ഷന്റെയും ഭാഗമായി, രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവര്‍ത്തകരെയും  മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ 'മഹാ സംഗമം' സംഘടിപ്പിക്കുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളില്‍ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷനിലാണ് ഈ സംഗമം.

രൂപതയുടെ പ്രാരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷ കൂട്ടായ്മ ഒരുങ്ങുന്നത്.

രൂപതയുടെ ചരിത്രവഴികളിലെ സുപ്രധാനമായ ഈ സംഗമത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുഗ്രഹ  പ്രഭാഷണങ്ങള്‍, അനുഭവസമ്പന്നരായ അംഗങ്ങളുടെ ചര്‍ച്ചകള്‍ എന്നിവ ഈ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

നമ്മുടെ ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകല്‍പ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളികളെയും അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അഭിമുഖങ്ങളും സിമ്പോസിയങ്ങളും ഈ അവസരത്തില്‍ നടക്കും.

സീറോ മലബാര്‍ ചിക്കാഗോ രൂപത വികാരി ജനറാള്‍ റവ. മോണ്‍. ജോണ്‍ മേലേപ്പുറം, വികാരി ജനറാളും ചിക്കാഗോ  കത്തീഡ്രല്‍ പള്ളി വികാരിയുമായ റവ. മോണ്‍. തോമസ് കടുകപ്പള്ളിലും സംഘവുമാണ് ഈ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ സംഭാഷണങ്ങളും അഭിമുഖങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് പില്‍ക്കാലത്തേക്കായി പ്രക്ഷേപണം ചെയ്യാനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഈ സുവര്‍ണ്ണാവസരത്തില്‍ പയനീര്‍സ്, സീനിയേഴ്‌സ് വിഭാഗങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ പ്രായഭേദമന്യേ എല്ലാവരുടെയും സാന്നിധ്യം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അതില്‍ സജീവമായി പങ്കുചേരുന്നതിനും താല്പര്യമുള്ള രൂപതയിലെ പ്രഥമ പ്രവര്‍ത്തകരും മുതിര്‍ന്നവരും എത്രയും വേഗം കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847-636-0936 / kottukappally@comcast.net), തോമസ് പുതുകുളം (847-924-8079) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

രജത ജൂബിലി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കും അതിഥികള്‍ക്കും ഈ പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക