Image

കൊച്ചുകേശു എന്ന മൂപ്പീന്ന് (ലോകനാടകദിനത്തിൽ ഒരോർമ്മക്കുറിപ്പ്: പി. ടി. പൗലോസ്)

Published on 27 March, 2026
കൊച്ചുകേശു എന്ന മൂപ്പീന്ന് (ലോകനാടകദിനത്തിൽ ഒരോർമ്മക്കുറിപ്പ്: പി. ടി. പൗലോസ്)

1988 മാർച്ചിലെ ആദ്യഞായർ വൈകുന്നേരം ആറു മണി .  കൽക്കട്ട ശ്രീശിക്ഷായാതൻ ആഡിറ്റോറിയം ഹൗസ് ഫുള്‍. അന്ന് കൽക്കട്ട ബിഹാല പർണശ്രീയിലെ ഒരു മലയാളി ക്ലബ്ബിനു വേണ്ടി പറക്കോട് ശശിയുടെ സംവിധാനത്തിൽ ''കൊച്ചുകേശു എന്ന മൂപ്പീന്ന് '' എന്ന മലയാള നാടകം അവതരിപ്പിക്കുന്നു. ലൈറ്റ്, സൗണ്ട്, പിന്നണി ഒക്കെ റെഡി. നടീനടന്മാരെല്ലാം മേക്കപ്പിട്ടു. അവതരണഗാനം പാടേണ്ട രണ്ടു പെൺകുട്ടികൾ മ്യൂസിക് ഡയറക്ടർ കെ. വി. നാരായണൻമാഷ്‌ടെ സമീപം തയ്യാറായി നിൽക്കുന്നു. നാടകത്തിന്റെ ഒന്നും രണ്ടും മണി മുഴങ്ങി. ഗ്രീൻറൂമിൽ നായകനടനായ ഞാനും എന്റെ സുഹൃത്തും സംവിധായകനുമായ പറക്കോട് ശശിയും തമ്മിൽ പൊരിഞ്ഞ വാക്‌പോര്. ശശി നിലവിട്ടെന്നോട്  അലറി

''താൻ പോയി പണി നോക്കെടോ''

ശശി ഓടി സ്റ്റേജിൽ ചെന്ന് എന്നോടുള്ള ദേഷ്യത്തിൽ മൈക്കെടുത്ത് അനൗൺസ് ചെയ്തു
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു. അടുത്ത ബെല്ലും വന്നു, കാർട്ടനുയർന്നു നാടകം തുടങ്ങി. ഞാനും വിട്ടില്ല. ഞാൻ ഗ്രീൻറൂമിൽ
നിന്ന് വിളിച്ചു പറഞ്ഞു

''എന്നാൽ താൻ നാടകം നടത്തുന്നത്
എനിക്കൊന്നു കാണണം''

ഗ്രീൻറൂമിൽ നിന്നും ഞാൻ വെളിയിലേക്കിറങ്ങി നാടക മേക്കപ്പോടെ ലിറ്റിൽ റസ്സൽ സ്ട്രീറ്റിലൂടെ നടന്ന് ന്യൂ കെനിൽവർത്ത്  ബാറിലെത്തി. നാടക മേക്കപ്പിൽ എന്നെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ലാർജ് അകത്തു ചെന്നപ്പോൾ ശശിയോടുള്ള പിണക്കം വിട്ട് പുതിയ ചിന്തകളായി . കലയോട് ഞാനെന്തിന്  കലഹിക്കണം. വാച്ചിൽ നോക്കി. ആദ്യത്തെ രണ്ടു രംഗത്തിൽ ഞാനില്ല. മൂന്നാം രംഗത്തിന്‌ ഇനിയും പത്തു മിനിട്ടുകൂടി ഉണ്ട്. ബാറിൽ നിന്നും തിരിച്ചോടി മൂന്നാം രംഗത്തിന്റെ വേദിയിലേക്ക് പ്രവേശിക്കാൻ. നാടകം വൻവിജയം ആയിരുന്നു. ശശിക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. അവനപ്പോൾ വളരെ ശാന്തനായിരുന്നു. അവനറിയാമായിരുന്നു ഒരു യഥാർത്ഥ കലാകാരന് കലയെ ചതിക്കാനാകില്ല എന്ന്.

ശശി, നീ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല. ഇന്ന് ലോക നാടകദിനമാണ്. ഈ നാടകദിനത്തിൽ ഈ ഓർമ്മക്കുറിപ്പ്   നാടകമില്ലാത്ത ഏതോ ലോകത്തിരുന്നു വായിച്ച് പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകുമിപ്പോൾ.

Read More: https://www.emalayalee.com/writer/62

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക