Image

റാണി (കവിത : ഷലീർ അലി)

Published on 27 March, 2026
റാണി (കവിത : ഷലീർ അലി)

റാണി...

നഗരത്തിന്റെ ഇരുളിടങ്ങളിൽ..

ആണൊച്ചകളുടെ

സാമീപ്യമറിയുമ്പോൾ

കിലുങ്ങുന്ന

ഒരു കൂട്ടം കരിവളകൾക്ക്

പേരാണത്...

ഒരു മൂളിപ്പാട്ടിൽ

സമ്മതം ചോദിക്കുന്ന..

ഒരു നേർത്ത ചിരിയിൽ

'പോകാ'മെന്ന് പറയുന്ന...

ഇടവേളകളിൽ

ഇടനാഴികളിൽ

വീശുന്ന മുല്ലപ്പൂ മണം

ഓടവക്കിൽ നിന്ന് കിട്ടിയ നിന്നെ പിന്നെ

ആപ്പീസറാക്കാനാണോ പെണ്ണേ....

'ചെന്നു കിടക്കെടി'യെന്ന

ഒറ്റയലർച്ച കൊണ്ട്,

തന്നെയൊരു

ചഷകത്തിലൊഴിച്ചു കൊടുത്ത

റോഡരികിലെ പഴയൊരു മുല്ലപ്പൂവിന്

അവളാ കാശു കൊണ്ടു

മരുന്നു മണം കൊടുക്കും..

മങ്ങിയ കണ്ണിലൊരു ചിരിയൊഴിച്ചു കൊടുക്കും..

ശ്വാസം നിരങ്ങിയെത്തുന്ന

തൊണ്ടയിലേക്ക് കഞ്ഞിയായൊഴുകും..

മഴയായ് കുളിപ്പിക്കും...

ആരൊക്കെയോ വീണു മൂർച്ഛിച്ച

നുണക്കുഴികളിൽ നുള്ളിയൊരു

പാട്ടായ്‌ അലഞ്ഞു നടക്കും...

പിന്നെയുമൊരു കാറ്റ് പോലെയവൾ പറന്നിറങ്ങി പോകുന്ന

വർണ്ണക്കാഴ്ചയിൽ

കണ്ണു കൊളുത്തിവെച്ചു കിടക്കവേ

ആ പഴയ കിലുങ്ങാവളയുടെ

ഇടനെഞ്ചിലൊരു

കനൽ ചീള് ചുവക്കും

ആരും കാണാതെ

ഇരുചാല് കണ്ണീര് കത്തും..

ഇടയ്ക്കിടെയാ തീച്ചൂട്

ഉള്ളിലറിയവേ റാണിയുടെ

ചെമ്പരത്തിഛായം പിടിപ്പിച്ച

ചുണ്ടിലൊരു ചിരിമൊട്ടു വിരിയും

അവളതിനെ ചിലപ്പോഴൊക്കെ

പ്രതികാരമെന്നും വിളിക്കും ..!

 

ഫോട്ടോ.. ജെമിനി തന്നത്

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക