Image

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി അഷിത വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം : ജോയിഷ് ജോസ്

Published on 27 March, 2026
മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി അഷിത വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം : ജോയിഷ് ജോസ്

''എന്റെ മകള്‍ക്കു വേണ്ടി സന്ധ്യയ്‌ക്ക്‌ നക്ഷത്രങ്ങളേയും നിലാവിനെയും നോക്കി പറഞ്ഞ നുണക്കഥകള്‍ക്ക്‌ കണക്കില്ല. പെട്ടെന്ന്‌ അവള്‍ കഥകളെ ഉപേക്ഷിച്ച്‌ കംപ്യാട്ടറിന്റെയും ടെലിവിഷന്റെയും ലോകത്തേക്ക്‌ ചേക്കേറുകയും വലിയ കുട്ടിയാവുകയും ചെയ്‌തു. എന്റെ സന്ധ്യകള്‍ പൊടുന്നനെ നിശ്ശബ്‌ദമായി. അങ്ങനെ ഒരു നിശ്ശബ്‌ദ സന്ധ്യയിലാണ്‌ കഥയ്‌ക്കായി കെഞ്ചുന്ന ഒരു കുഞ്ഞിനെക്കണ്ടത്‌ ഈശ്വരന്റെ അവസാനിക്കാത്ത അനുഗ്രഹംപോലെ ഈ ഭൂമി പൂക്കളാലും കുഞ്ഞുങ്ങളാലും കഥകളാലും എക്കാലവും സമൃദ്ധമായിരിക്കുന്നുവല്ലോ എന്നു ഞാനറിഞ്ഞത്‌."
                            അഷിത

സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാവുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതിയെഴുതി താന്‍ ഇല്ലാതാവുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണമെന്നും ആഗ്രഹിച്ച മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി അഷിത വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം തികയുന്നു

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്നും അഷിത  ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. വിവർത്തന സാഹിത്യത്തിൽ മലയാളത്തിന് പകരംവയ്ക്കാനാവാത്ത പ്രതിഭയായിരുന്നു അഷിത.

റഷ്യൻ നാടോടിക്കഥകളും കവിതകളും മലയാളത്തിലേക്ക് തനിമ ചോരാതെ എത്തിയത് അഷിതയിലൂടെയായിരുന്നു. വിസ്മയചിത്രങ്ങൾ,അപൂർണവിരാമങ്ങൾ,നിലാവിന്‍റെ നാട്ടിൽ, ഒരു സ്തീയും പറയാത്തത്, അഷിതയുടെ കഥകൾ, പദവിന്യാസങ്ങൾ, തുടങ്ങിയവയാണ് പ്രധാനകൃതികൾ. അലക്സാണ്ട‍ർ പുഷ്കിന്‍റെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു.2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

ജോയിഷ് ജോസ്
965693543

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക