
നിലാവുള്ള രാത്രിയായിരുന്നു അന്ന്. വൃത്തമൊത്ത സുന്ദരിയായ പൗർണ്ണമിയും മിന്നുന്ന കുഞ്ഞുനക്ഷത്രങ്ങളുമുള്ള രാത്രി. മഴമേഘങ്ങൾ ആകാശത്ത് ഒഴുകി നടന്ന രാത്രി .
കിണർക്കരയിലെ മഞ്ഞചെമ്പകം ,ചുറ്റും നിർവചിക്കാനാവാത്ത സുഗന്ധ ലഹരി പടർത്തി കൊണ്ട്, പൂത്തുലഞ്ഞു നിന്ന രാത്രി.
ചാരിയിട്ട ജാലകവാതിലിൻ വിടവിലൂടെ നേരിയ തണുപ്പും, ചെമ്പകപ്പൂമണവും കട്ടിലിൽ മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും സാറാ ജോസഫിൻ്റെയും നടുക്ക് കിടന്നുറങ്ങുന്ന അവളുടെ ചുറ്റും പരന്നു. ഒന്ന് രണ്ടു മിന്നാമിനുങ്ങുകൾ മുറിയിൽ പറന്നു നടന്നു.
"നിലാ എണിക്കൂ , വേഗം വരൂ എൻ്റെ കൂടെ, ഒരാൾ നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു."
ആരുടെയോ അടക്കി പിടിച്ചുള്ള ശബ്ദം മയക്കത്തിൽ നിന്നും ഗാഡനിദ്രയിലേക്കുള്ള യാത്രയിൽ പിൻവിളി വിളിക്കുന്നു. ചെമ്പകത്തിൻ്റെ സുഗന്ധത്തോടൊപ്പം കർപ്പൂരത്തിൻ്റെയും കളഭത്തിൻ്റെയും ഗന്ധം നാസികകളിലൂടെ അവളുടെ സിരകളിലേക്ക് പ്രവഹിച്ചു...
മയങ്ങിയ മിഴികൾ ചെറുതായി തുറന്നു, കൺകോണൂകളിലൂടെ നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിൽ കണ്ടൂ നിലാപുഞ്ചിരിയുമായി നന്ദു. ശബ്ദിക്കരുതെന്ന് ചുണ്ടിൽ വിരൽ ചേർത്ത് ആംഗ്യം കാണിച്ചു നിൽപ്പാണ്.
"ഈ ചെക്കനെങ്ങനെ അകത്തു കയറി?" അവൾ ഞെട്ടിയുണർന്നു.
ക്ഷേത്രത്തിലെ കഴകം കൽപ്പിച്ചു നൽകപ്പെട്ടിരിക്കുന്ന മാലതി അമ്മായിയുടെ ചെറിയ കുട്ടിയാണ് നന്ദു.കൃഷ്ണൻ്റെ ശ്രീകോവിലിലേക്ക് പൂക്കളും തുളസിയും തിരിയും മാലകളും വിളക്കു കളുമൊക്കെ ഒരുക്കുന്നത് നന്ദുവാണ്.
അവനു ചുറ്റും എപ്പോഴും കളഭത്തിൻ്റെയും കർപ്പൂരത്തിൻ്റെയും സുഗന്ധമുണ്ട്...കൈകൾക്ക് തീർത്ഥത്തിൻ്റെ തണുപ്പും. ശ്രീകോവിലിൽ നിന്ന് കിട്ടുന്ന പ്രസാദം പോലെയാണ് നന്ദു. ജീവനുള്ള പ്രസാദം.
ഉച്ചവെയിലാറുമ്പോൾ,കുളത്തിലെ പടവുകളിൽ ഇരുന്നു ചെറിയ കല്ലുകൾ എറിഞ്ഞു പരലുകളെ കബളിപ്പിക്കുമ്പോൾ,ചിലപ്പോൾ അവൻ പുറകിൽ നിന്ന് വന്നു കണ്ണുകൾ പൊത്താറുണ്ട്. അവൻ്റെ കൈകൾ കണ്ണുകൾക്ക് മേലെ അവൾ അമർത്തി വെക്കും. ആ തണുപ്പിന് വേണ്ടി.അവളുടെ നിലക്കാത്ത ചിന്താപ്രവാഹവും ഈ പ്രപഞ്ചം തന്നെയും കുറച്ചു ക്ഷണങ്ങൾ നിൽക്കുന്നതായി അനുഭവപ്പെടാറുണ്ടപ്പോൾ.
കത്തിയെരിയുന്ന വേനൽ ചൂടിനും നീറുന്ന മനസ്സിനും ഒരു ആശ്വാസം.
സത്യം പറഞ്ഞാൽ ,കോളജ് അവധിക്ക് നാട്ടിൽ വരുമ്പോൾ, നന്ദുവാണ് അവൾക്ക് ആകെ ഒരാശ്വാസം.അവനു എപ്പോഴും എന്തെങ്കിലുമൊക്കെ പുതുമ നിറഞ്ഞ കാര്യങ്ങൾ അവളോട് പറയാനുണ്ടാവും.ഒരു അഞ്ചാം ക്ലാസുകാരന് ഇത്രയൊക്കെ കാര്യങ്ങൾ അറിയുമോ എന്ന് പലപ്പോഴും അവൾ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
അവളെക്കാളും അഞ്ചെട്ടു വയസ്സ് തഴെയാണെന്നൊന്നും അവനു തോന്നാറേ ഇല്ല. നിലാ എന്നേ വിളിക്കൂ.പൂർണ്ണ അധികാരത്തോടെ "നിലാ" എന്ന് നീട്ടി വിളിക്കും.
"മിഴിച്ചു നോക്കി ഇരിക്കാതെ എൻ്റെ കൂടെ വേഗം വരൂ നിലാ..അവരവിടെ നിന്നെ കാത്തിരിക്കുകയാണ് " അവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി. കട്ടിലിൽ നിന്ന് വലിച്ചിറക്കി നേരെ പൂജാമുറിയിലേക്കോടി,വാതിലിലെ മണികൾ കിലുങ്ങാതെ മെല്ലെ തുറന്നു അവളുടെ ചിലങ്കകൾ എടുത്തു . ഒന്നു ചിണുങ്ങിയ ചിലങ്കകൾ നോക്കി ,നന്ദു ചുണ്ടിൽ വിരലമർത്തി...പിന്നീടവ ശബ്ദിച്ചതേയില്ല.. അവനു ഇത്തരം കൺകെട്ടുവിദ്യകൾ വശമാണ്.
അവൾ കണ്ണന് പൂക്കൾ കൊണ്ടു പോകുന്ന ദിവസം അവനറിയാം.അന്ന് അവൻ പൂക്കൾ ഒരുക്കിയിട്ടുണ്ടാവില്ല.നിലാ പൂക്കൾ ഒരുക്കിയാൽ ഒരു പ്രത്യേക ഭംഗിയാണെന്ന് പറയും. കണ്ണന് അതാണ് ഇഷ്ടം എന്നു പറയും.അരികുകളിൽ നല്ല ഭംഗിയുള്ള ഡിസൈൻ ഉള്ള,ഓട്ട് പാത്രത്തിൽ ഒരു വാഴയില വെച്ച് ,അതിൽ തെച്ചിയും നന്ദ്യാർ വട്ടവും തുളസിയും മന്ദാരവും കഴുകി വൃത്തിയാക്കി ഏറെ ശ്രദ്ധയോടെ ഒരുക്കിയാണ് അവൾ കൊണ്ട് പോകാറ്.ഒരു ഉറുമ്പോ , പുഴുവോ ഇല്ലാതെ.കണ്ണനോടുള്ള അവളുടെ സ്നേഹം ഓരോ ഇതളിലും നിറഞ്ഞു നിൽക്കും.ഒരിക്കൽ നടക്കൽ നിന്ന നമ്പ്യാർ അങ്കിൾ അതു നോക്കി ഏതോ ശ്ലോകം ചൊല്ലി .ഒന്നും മനസ്സിലായില്ലെങ്കിലും കേൾക്കാൻ രസമുണ്ടായിരുന്നു.
മറ്റൊരിക്കൽ കണ്ണനുള്ള വെണ്ണ പകുതിയേ കൊണ്ടു പോയുള്ളു . തൃക്കൈ വെണ്ണയുമായി , പൊന്നരഞ്ഞാണം അണിഞ്ഞു , ഓടക്കുഴൽ അരയിൽ തിരുകി,പട്ടു കോണകമുടുത്ത് മയിൽപ്പീലി ചൂടി മന്ദഹസിച്ചു നിൽക്കുന്ന ഉണ്ണികണ്ണനാണ് പ്രതിഷ്ഠ ,ചെറിയ തിരുമേനിയുടെ ചന്ദനച്ചർത്ത് കൂടി ആയാൽ ആർക്കും കണ്ണെടുക്കാൻ പറ്റില്ല.എപ്പോഴും അവൾ വെണ്ണ നിവേദിക്കുകയും തൃക്കൈയീൽ സമർപ്പിക്കുകയും ചെയ്യും.
കുഞ്ഞുങ്ങൾക്ക് അങ്ങനെയല്ലേ വേണ്ടത്,ഉണ്ണി വായിൽ ഒരു ഉരുള,രണ്ടു കയ്യിലും വേറെ ഓരോന്നും.അപ്പോഴേ അവർക്ക് ഉണ്ണിക്കുമ്പയും കുഞ്ഞുമനസ്സും നിറയൂ.
കൊണ്ടു പോയ വെണ്ണ മുഴുവനും നിവേദിച്ച്,പ്രസാദമായി തന്നു,അപ്പോഴാണ് തൃക്കൈയില് കൊടുക്കാൻ മറന്നെന്ന് തിരുമേനി പറഞ്ഞത്.
കേട്ട് നിന്ന നന്ദു ഉടനേ പറയുകയാ..വീട്ടിൽ വെച്ച് പോന്ന മറ്റേ പകുതി കൂടി എടുത്തു കൊണ്ടു വരണമെന്ന്.കണ്ണനങ്ങനെയാണ്,മുഴുവനും വേണമെന്ന്.അവൾ തിരിച്ചു വീട്ടിൽ ചെന്ന് ബാക്കി കൂടി എടുത്തു കൊണ്ടു വരേണ്ടി വന്നു.
ചിലപ്പോൾ കണ്ണനോട് മനസ്സിൽ പറയുന്ന കാര്യങ്ങൾക്ക് ഉത്തരം പറയും. കോളേജിൽ പ്ലേസ്മെൻ്റ് നടക്കുന്ന സമയം ,എങ്ങനെയെങ്കിലും അവൾക്ക് ഒരു ജോലി ഒപ്പിച്ചു തരണേ കണ്ണാ എന്ന് പറഞ്ഞപ്പോൾ,ആദ്യത്തെ പത്തിൽ എന്ന് മാത്രം പറഞ്ഞു നന്ദു.ക്യാമ്പസ് റിക്രൂട്ട്മെൻ്റിന് ആദ്യത്തെ പത്ത് പേരിൽ പ്ലേസ്മെൻ്റ് ആയപ്പോഴാണ് അവൾക്ക് കാര്യം പിടി കിട്ടിയത്.
നീ കണ്ണനാണോ നന്ദു ,എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ കൃഷ്ണൻ്റെ ചുറ്റുമല്ലെ ജീവിതം, കൃഷ്ണാംശം ഉണ്ടാവില്ലേ എന്ന് ഉടനെ മറുചോദ്യം വന്നു. പത്തു വയസുകാരന് ഇരുപത്തഞ്ചു വയസ്സുകാരൻ്റെ സംസാരം.
അതും എല്ലാം ഒരിക്കൽ മാത്രം,അവൾക്ക് കേൾക്കാൻ മാത്രം ശബ്ദം താഴ്‌ത്തിയേ പറയൂ.
അവൻ അങ്ങനെ പറഞ്ഞുവോ എന്ന് അവൾക്ക് പോലും അവിശ്വസനീയമായി തോന്നും.വീണ്ടും ചോദിച്ചാൽ ഒരു കുസൃതി ച്ചിരി മാത്രമാവും മറുപടി.
നന്ദനം തീയേറ്ററുകളിൽ തകർത്തോടുന്ന സമയമാണ്.ചെക്കൻ മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കും അവളെ.
ആര് കാത്തിരിക്കുന്ന കാര്യമാണ്, എവിടെ കാത്തിരിക്കുന്ന കാര്യമാണ് ഈ കുട്ടി പറയുന്നത്?അവൾക്ക് ഒന്നും മനസ്സിലായില്ല,അവൻ നയിക്കുന്ന ദിശയിലേക്ക് നിശബ്ദമായി പിൻതുടരനല്ലാതെ..അല്ലെങ്കിലും ആരൊക്കെയോ നയിച്ചു കൊണ്ടു പോകുന്നിടത്തേക്കല്ലേ നിസ്സഹായരായ നമ്മുടെ ജീവിതവും പോകുന്നത്...
നന്ദു അവളുടെ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് പിൻ വാതിലിലൂടെ ഇറങ്ങി നടന്നു, കിണർക്കരയിലൂടെ,ചെമ്പകചോട്ടിലൂടെ,പിന്നാമ്പുറത്തെ തൊടിയിലൂടെ,പാലയുടെ ചുവട്ടിലൂടെ...പാലമരം പൂത്തിരുന്നൂ....അവൾക്ക് ഭയം തോന്നി...അവളൊന്നു നിന്നു...തിരിഞ്ഞു നിന്ന് കണ്ണിറുക്കി നന്ദു പറഞ്ഞു "ഞാനുള്ളപ്പോൾ നിലാ ആരെയും പേടിക്കണ്ട..അല്ലേ നീലി?" പാലയിലേക്ക് നോക്കി നന്ദു മൊഴിഞ്ഞതും പാല ഒന്നാകെ ഒന്ന് കുലുങ്ങി,നിറയെ പാലപ്പൂക്കൾ വർഷിച്ചു കൊണ്ട്.അവൾ നന്ദുവിൻ്റെ കയ്യിലെ പിടുത്തം മുറുക്കി ഭയവും ആവേശവും കൊണ്ട് അവളുടെ ഹൃദയമിടിപ്പ് ഇടിമുഴക്കത്തോളം ഉയർന്നു. "നിലായും നീലിയും തമ്മിൽ ഒരു അന്തരവുമില്ലാ ,നിലാ,നിന്നേ പോലെ തന്നെ അവളും.രണ്ടു പേരെയും എനിക്കറിയാല്ലോ".. നന്ദുവിൻ്റെ പുറകെ ചുവടു വച്ച് നടക്കുമ്പോഴും അവൾ പാലയിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
കുളക്കടവിലേക്ക്..നിലാവത്ത്.. നന്ദുവിൻ്റെ പുറകേ അവൾ നടന്നു...സ്വപ്നത്തിലെന്ന പോലെ!
കുളം അടുക്കും തോറും ദിവ്യമായ ഏതോ ഒരു സംഗീതം കേട്ട് തുടങ്ങി..
എവിടെയും കേൾക്കാത്ത അതിമനോഹരമായ ഈണം..അതിൻ്റെ കാന്തികവളയത്തിലെന്നോണം അവളുടെ പാദങ്ങൾക്ക് വേഗം കൂടി കൂടി വന്നു...
"നിലാ ഈ കല്ലിൽ ഇരിക്കൂ,ഞാൻ ഈ ചിലങ്കകൾ കെട്ടി തരട്ടെ നിനക്ക്"
നന്ദു ബലമായി അവളെ ഒരു കല്ലിൽ പിടിച്ചിരുത്തി ചിലങ്കകൾ കെട്ടി കൊടുത്തു.. കെട്ട് മുറുക്കുന്നതിന് മുന്നേ ,അവൾ പിന്നെയും ദ്രുതഗതിയിൽ നടന്നു തുടങ്ങി...
കുളപ്പടവുകളിലെത്തിയ അവൾ കണ്ട ദൃശ്യം അവിശ്വസനീയമായിരുന്നു.
കുളത്തിനു ചുറ്റും കൽപ്പടവുകളിൽ ചിറകുകളുള്ള ദേവകിന്നരൻമാരും ഗന്ധർവൻമാരും പല പല വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു.ഒരു ഭാഗത്ത് വേറെ കുറച്ചു പേർ സംഗീതം ആലപിക്കുന്നു ....കുറെ കന്യകമാർ പരസ്പരം അണിയിച്ചൊരുക്കുന്നു. പൊട്ട് തൊട്ടു കൊടുക്കുന്നു ചുമപ്പേറിയ അൾത്ത കൈകളിലും കാലുകളിലും വരച്ചു കൊടുക്കുന്നു.
എല്ലാവരും നല്ല ഉൽസാഹത്തിലാണ്.കൊച്ചു വർത്തമാനങ്ങളും പൊട്ടിച്ചിരികളും കളിയാക്കലുമായി സന്തോഷത്തിൻ്റെ ഒരു ഓളം തന്നെ.
അവളുടെ ചിലങ്കകൾ കിലുങ്ങുന്ന ശബ്ദം കേട്ടപ്പോൾ,എല്ലാവരും ഒരു നിമിഷത്തേക്ക് തല ഉയർത്തി നോക്കി...
" ആഹാ എത്തിയല്ലോ? ന്നാൽ തുടങ്ങാം?"
ഘനഗാംഭീര്യമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയത് കണ്ണൻ്റെ മുഖത്തേക്കായിരുന്നു .
സാക്ഷാൽ കൃഷ്ണൻ്റെ , ഭഗവാൻ്റെ...സുന്ദര വദനതിലേക്ക്...
മയിൽപീലിയുണ്ട്,മഞ്ഞപ്പട്ടും, വനമാലയും അരയിൽ തിരുകിയ ഓടക്കുഴലും കാലിൽ പാദസരവും ഉണ്ട്.നിറം പക്ഷേ നീല ആയിരുന്നില്ല. അവളെക്കാൾ കുറച്ചൂ കൂടെ ഇരുണ്ടിട്ട്. കണ്ണുകൾ തവിട്ടും പച്ചയും കലർന്ന നിറത്തോടെ.സുന്ദരനായ കണ്ണൻ. കളഭത്തിൻ്റെയും കസ്തൂരിയുടേയും ഗന്ധമുള്ള കണ്ണൻ.
കണ്ണൻ കുളത്തിലേക്കിറങ്ങി .പക്ഷേ താഴ്ന്നു പോയില്ല,ജലപ്രതലം മാർബിൾ പോലെ ദൃഡമായിരുന്നു.നിലാവ് അതിനു മുകളിൽ ,വെട്ടുന്ന ഓളത്തിൽ പ്രതിഫലിച്ചു കിടന്നു .പരലുകൾ എപ്പോഴത്തേയും പോലെ നീന്തി നടന്നു,ഒരു ഭയവുമില്ലാതെ.
കണ്ണൻ കൈകൾ അവൾക്ക് നേരെ നീട്ടി.
"നിലാ വരൂ"
ഭയവും സന്തോഷവും അത്ഭുതവും ആവേശവും അവളുടെ ഉടൽ അടിമുടി അനുഭവപ്പെട്ടു...
"പേടിക്കണ്ട , ഇറങ്ങി വരൂ...ഞാനല്ലേ കൈ പിടിച്ചിരിക്കുന്നത് "
കണ്ണൻ്റെ കൈ പിടിച്ചു ,ഒരു പാദം വെള്ളത്തിന് മുകളിൽ വെച്ചു...അതെ ദൃഢമാണ്.... തോന്നലല്ല...ശരിക്കും ദൃഢമാണ്.അടുത്ത പാദവും വെച്ചു,കണ്ണൻ അവളെ നോക്കി പുഞ്ചിരിച്ചു .
ശരിക്കും മൈസൂർ കൊട്ടാരത്തിലെ നൃത്ത മണ്ഡപം പോലെ.നീലക്ക് പകരം പച്ച നിറമുള്ള മാർബിൾ തറ പോലെ.
അവൾ തിരിഞ്ഞു നോക്കി.നന്ദു കുളപ്പടവിൽ പുഞ്ചിരിയോടെ നോക്കി നിൽപ്പുണ്ട്.കുഞ്ഞു നുണക്കുഴിയും കണ്ണിൽ നക്ഷത്രത്തിളക്കവുമായി..
"എല്ലാവരും വരൂ..നമുക്ക് തുടങ്ങാം"
കണ്ണൻ എല്ലാവരെയും വിളിച്ചു..
ചെയ്തു കൊണ്ടിരുന്ന ഓരോ പരിപാടികൾ നിർത്തി വെച്ചു എല്ലാവരും കുളത്തിലേക്കിറങ്ങി.
മനവും മെയ്യും മയക്കുന്ന സംഗീതം.കുളത്തിനു ചുറ്റുമുള്ള മരങ്ങളിൽ മിന്നാമിനുങ്ങുകൾ മിന്നി തിളങ്ങുന്നു.എല്ലാവരും നൃത്തച്ചുവടുകൾ വെച്ച് തുടങ്ങി.ശരീരവും മനസ്സും മറ്റാരോ നിയന്ത്രിക്കുന്നത് പോലെ.
വട്ടത്തിൽ നിന്ന് ചുവടുകൾ വച്ചൂ...ചിരിയും കളിയും ഉല്ലാസവുമായി..അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് , എല്ലാ കന്യകമാർക്കും അവളുടെ മുഖമാണ്...പല പല നിറത്തിലും ഭാവത്തിലും നിറഞ്ഞു നിന്ന അവർ,ഒരേ ഭാവത്തിലും താളത്തിലും ഒഴുകുന്ന യമുന പോലെയായി..കണ്ണനെ കാണാനോ? നന്ദു വളർന്നു വലുതായാൽ എങ്ങനെയോ അങ്ങനെ!!
അവൾ കുളക്കരയിലേക്ക് നൃത്തത്തിനിടയിൽ പാളി നോക്കി,ഇല്ല നന്ദു പടവിൽ തന്നെ ഇരുന്നു നോക്കി രസിക്കുന്നുണ്ട്...നന്ദുവല്ല കണ്ണൻ... കണ്ണനല്ല നന്ദു..പക്ഷേ രണ്ടു പേരും ഒരേ പോലെ,ഒരു മൂർത്തിയുടെ രണ്ടു ഭാവങ്ങൾ പോലെ...
പെൺകുട്ടികൾ ഒരേ മനസ്സോടെ ഒരേ ചുവടുകളോടെ ഒരേ മെയ് വഴക്കത്തോടെ, ഒഴുകുന്നു.താളം മുറുകി വരും തോറും ചെറിയ ചാറ്റൽ മഴയും തുടങ്ങി...പിന്നെയും താളം മുറുകി,ചുവടുകൾ ചടുലമായി...മഴ തകർത്തു...കൈകളിലെയും പാദങ്ങളിലെയും അൾത്തയുടെ ചുമന്ന നിറം പടർന്നൊലിച്ച് കുളത്തിനു മുകളിൽ പരന്നു...ഒടുക്കം മറ്റെല്ലാം മറഞ്ഞു...നിലാവും നന്ദുവും ഗോപികമാരും എല്ലാം ....കണ്ണൻ മാത്രം...കണ്ണൻ മാത്രം ..ഉൾക്കണ്ണ് നിറയെ...മെയ് നിറയെ..ഓരോ ശ്വാസത്തിലും..ഓരോ കോശത്തിലും..അവളിൽ നിറഞ്ഞു..കണ്ണനിലേക്ക് പൂർണമായും അവൾ അലിഞ്ഞു ചേർന്നു...
"നിലാ ,മോളെ എണീറ്റ് പല്ല് തേച്ചു മുഖം കഴുകി വിളക്ക് വെക്കൂ..."
മുത്തശ്ശി കുലുക്കി ഉണർത്തി....
മുഖം കഴുകുമ്പോൾ ആണ് ,കുളക്കടവിൽ ആളനക്കം ശ്രദ്ധിച്ചത്...വെള്ളം ചുമന്നു കിടക്കുന്നു...ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്...എന്താണ് കാരണമെന്ന് ഘോരമായ വിശകലനത്തിലാണ് എല്ലാവരും. അവൾ കൈകളിലേക്ക് നോക്കി, ചെം ചുമപ്പാണ് കൈകളിൽ..വിളക്ക് കൊളുത്തി കണ്ണൻ്റെ നേരെ കൈകൾ കൂപ്പിയപ്പോൾ കണ്ടൂ കണ്ണൻ്റെ കൈകളും ചുമപ്പാണ്....
"അജിതാ ഹരേ ജയാ മാധവ കൃഷ്ണാ......" ക്ഷേത്രത്തിൽ നിന്ന് മാരാരുടെ ശബ്ദം ഇടക്കയുടെ താളത്തിൻ്റെ അകമ്പടിയോടെ ഉയർന്നു കേൾക്കുന്നു..
അതെ മാധവിക്കുട്ടി,അവളുടെ പ്രിയപ്പെട്ട മാധവിക്കുട്ടി,സ്നേഹിക്കാൻ മാത്രം അറിയുന്ന മാധവിക്കുട്ടി പറഞ്ഞ പോലെ....
കൃഷ്ണനാണ് ആദ്യത്തെ പ്രണയം...കൃഷ്ണൻ തന്നെ അവസാനത്തേതും...
അല്ലെങ്കിലും ഈ പെൺകുട്ടികളുടെ മനവും മെയ്യും അറിയാൻ , അവരെ പടച്ചവനല്ലാതെ ആർക്കാണ് കഴിയുക?കൃഷ്ണനിൽ മാത്രമാണ് സ്നേഹത്തിൻ്റെ,പ്രണയത്തിൻ്റെ പൂർണത! സ്നേഹമന്വേഷിച്ച് എവിടെയൊക്കെ അലഞ്ഞു തിരിഞ്ഞാലും ഒടുക്കം എത്തിപ്പെടും കൃഷ്ണൻ്റെ പാദങ്ങളിൽ...