
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവല്ലയില്‍ ഒരു ചെറിയ സംഭവമുണ്ടായി. ഇടതു മുന്നണിയുടെ തിരുവല്ല നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പ്രവര്‍ത്തനം നിലച്ചു. രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടര്‍ന്ന പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളില്‍ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിലായി. ''എനിക്കിത് പതിവാണ്...'' എന്ന് അദ്ദേഹം പറഞ്ഞതോടെ സദസ്സില്‍ ചിരി പടര്‍ന്നു. മുമ്പ് പലപ്പോഴും പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയപ്പോള്‍ പിണറായി പ്രകോപിതനായി പ്രതികരിച്ചിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയുടെ കലിപ്പും മൈക്ക് ഓപ്പറേറ്റര്‍മാരുടെ അവസ്ഥയും പല തവണ വാര്‍ത്തയായിട്ടുണ്ട്. സമീപകാലത്തായി ഈ സാഹചര്യത്തില്‍ പഴയ കാര്‍ക്കശ്യം വിട്ട് സരസമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്താറുള്ളത്. എന്നാല്‍ മഖ്യമന്ത്രിയുടെ മൈക്ക് കേടാക്കിയത് തിരുവല്ലയില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന 'ചെകുത്താന്‍' ആണെന്നാണ് പരക്കെയുള്ള സംസാരം. ആരാണ് ഈ ചെകുത്താന്‍..? ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇവിടെ മല്‍സരിക്കുന്ന നിലവിലെ ഇടതു മുന്നണി എം.എല്‍.എ അഡ്വ. മാത്യു ടി തോമസ്, യു.ഡി.എഫിന്റെ അഡ്വ. വര്‍ഗീസ് മാമ്മന്‍, എന്‍.ഡി.എയുടെ അനൂപ് ആന്റണി എന്നിവര്‍ക്കിടയിലേയ്ക്ക് തിരുവല്ലയുടെ വികസനം മുദ്രാവാക്യമാക്കി എത്തിയിരിക്കുന്ന വ്യക്തിയാണ് ഈ ചെകുത്താന്‍. വിവാദങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലൂടെയും ശ്രദ്ധേയനായ യൂട്യൂബര്‍ 'ചെകുത്താന്‍' എന്ന അജു അലക്‌സ് ആണിവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് താന്‍ ജനവിധി തേടുന്നതെന്ന് അജു അലക്‌സ് ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖര്‍ക്കെതിരെയും, പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലൂടെയാണ് അജു അലക്‌സ് കുപ്രസിദ്ധി നേടിയത്. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഇദ്ദേഹത്തെ പോലീസ് മുന്‍പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടയിലും തന്റെ നിലപാടുകള്‍ മാറ്റാതെയാണ് 'ചെകുത്താന്‍' തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
ജനതാദള്‍ എസിലെ (ജെ.ഡി.എസ്) മാത്യു ടി. തോമസ് 2006 മുതല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് ബാനറില്‍ മത്സരിച്ച വ്യക്തിയാണ്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റായ മാത്യു ടി തോമസാണ് സ്ഥലം എം.എല്‍.എ. മാത്യു ടി. തോമസ് 1987-ലാണ് തിരുവല്ലയില്‍ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. അതാണ് മാത്യു ടി തോമസിന്റെ തുടര്‍ച്ചയായ വിജയത്തിന്റെ രഹസ്യം.
കഴിഞ്ഞ തവണ 11,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാത്യു ടി തോമസിന് ലഭിച്ചത്. ഏകദേശം 63,500 വോട്ടുകള്‍ അദ്ദേഹം നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞ് കോശി പോളിന് 52,400 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാത്യു ടി തോമസിന്റെ ലാളിത്യവും മതസ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിന്റെ നല്ല ബന്ധവും വിജയത്തില്‍ നിര്‍ണ്ണായകമായി. കോവിഡ് കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലുകളും ക്ഷേമ പെന്‍ഷനുകളും 2021-ല്‍ വോട്ടര്‍മാരെ സ്വാധീനിച്ചു. മാത്യു ടി തോമസ് ആദ്യം നിയമസഭയിലെത്തുമ്പോള്‍ 25 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പും ഒന്നാം പിണറായി മന്ത്രിസഭയില്‍ രണ്ടരവര്‍ഷം ജലവിഭവ വകുപ്പ് മന്ത്രിയുമായി.
സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, കത്തോലിക്കാ സഭകള്‍ക്ക് തിരുവല്ല മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട്. പള്ളികള്‍ ഇവിടെ മതപരമായ ഇടങ്ങള്‍ എന്നതിലുപരി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമവായങ്ങള്‍ എന്നിവയുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. ക്രൈസ്തവ വോട്ടര്‍മാര്‍ പരമ്പരാഗതമായി യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്താറുണ്ടെങ്കിലും സമീപകാലത്തെ വിഷയങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ മാറുന്നതിലേക്ക് ഇവരെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇവിടെ നിര്‍ണയാകമാണ്.
തിരുവല്ല നഗരസഭയടക്കം മണ്ഡലത്തിലുള്ള 11 പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരും സ്വന്തമായി ഉണ്ടായിരുന്ന തിരുവല്ല മണ്ഡലത്തില്‍ കാലങ്ങളായി മത്സരിച്ചു വരുന്നത് കേരളാ കോണ്‍ഗ്രസ് ആണ്. മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനം നിലകൊള്ളുന്ന തിരുവല്ലയില്‍ യു.ഡി.എഫിന്റെ സാരഥി മാര്‍ത്തോമ്മാ സഭയുടെ മുന്‍ ആത്മായ ട്രസ്റ്റിയായിരുന്ന അഡ്വ. വര്‍ഗ്ഗീസ് മാമ്മനാണ്. തിരുവല്ലയിലെ പൊതുരംഗത്ത് സജീവമായ ഇദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെയര്‍മാനായിരുന്നു.
മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനും സുവിശേഷ പ്രസംഗ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന റവ. പി.ഡി മാമ്മന്റെ മകനും മാര്‍ത്തോമ്മാ സഭാ കൗണ്‍സില്‍ അംഗം റവ. ഡാനിയേല്‍ മാമ്മന്റെ സഹോദരനും മാര്‍ത്തോമ്മാ സഭയില്‍ ഏറ്റവും അധികം അംഗസംഖ്യയുള്ള പള്ളികളിലൊന്നായ നിരണം മാര്‍ത്തോമ്മാ വലിയപള്ളി വികാരി റവ. ചാര്‍ളി ജോണ്‍സിന്റെ ഭാര്യാ സഹോദരനുമാണ് അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍. ഇദ്ദേഹത്തിന് മാര്‍ത്തോമ്മാ സഭയിലുള്ള നിര്‍ണ്ണായക സ്വാധീനം എതിരാളിയായ മാത്യു ടി തോമസിന് കനത്ത വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ വിശ്വസ്തനായ വര്‍ഗ്ഗീസ് മാമ്മന്‍ ഹൈസ്‌ക്കൂള്‍ കാലം മുതല്‍ തിരുവല്ലയില്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയ വ്യക്തിയാണ്.
1980-82 കാലഘട്ടത്തില്‍ കേരളാ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിലൂടെ (കെ.എസ്.സി-ജെ) തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 1988-90-ല്‍ കെ.എസ്.സി സംസ്ഥാന ഓഫീസ് ഭാരവാഹിയായും പ്രവര്‍ത്തിച്ചു. അഡ്വ. മാമ്മന്‍ മത്തായി എം.എല്‍.എ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന 1993 മുതല്‍ 2003 വരെയുള്ള കാലത്ത് ഓഫീസ് ചാര്‍ജുള്ള ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019-20 കാലഘട്ടം കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗമായും 2020 മുതല്‍ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായും യു.ഡി.എഫ് ജില്ലാ ലെയ്കസന്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചുവരുന്നു.
യുവ മോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയാണ് മുന്‍ കോണ്‍ഗ്രസുകാരനും എ.കെ ആന്റണിയുടെ പുത്രനുമായ അനൂപ് ആന്റണി ജോസഫ്. ഞ്ചിനിയറിംഗ് ബിരുധദാരിയായ ഇദ്ദേഹം വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന് ശേഷം 2011-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി 2011-ല്‍ നടത്തിയ 'ജന്‍ ചേത്‌ന യാത്ര'യില്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്താണ് അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. നയ രേഖകളുടെ കരട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017-ല്‍ ബി.ജെ.വൈ.എമ്മിന്റെ പൂനം മഹാജന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് ആന്റണിയെയായിരുന്നു. കനിഞ്ഞ തവണ അമ്പലപ്പുഴയില്‍ മല്‍സരിച്ച് സി.പി.എമ്മിന്റെ എച്ച് സലാമിനോട് പരാജയപ്പെട്ടിരുന്നു.