Image

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചകള്‍ വഴിമാറുന്നു ( രാഷ്ട്രീയ ലേഖകന്‍)

Published on 26 March, 2026
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചകള്‍ വഴിമാറുന്നു ( രാഷ്ട്രീയ ലേഖകന്‍)

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാഴ്ച മാത്രം അകലെ നില്‍ക്കെ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും രാഷ്ട്രീയത്തില്‍നിന്നു വഴിമാറുന്നു. പത്തുവര്‍ഷം തുടര്‍ച്ചയായ എല്‍.ഡി.എഫ് ഭരണം ആണ് പ്രധാനമായും ചർച്ചയാകേണ്ടത്. വികസന മുന്നേറ്റം മുദ്രാവാക്യമായി "പിണറായി മൂന്ന് " എന്നു പറഞ്ഞ് എല്‍.ഡി.എഫ് കളത്തിലിറങ്ങിയപ്പോള്‍ നവകേരളമോ നവയുഗമോ ആണ് യു.ഡി.എഫ്. മുന്നോട്ടു വയ്ക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.
കോണ്‍ഗ്രസും യു.ഡി.എഫും പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിജയമാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. അതുമാറിയെന്ന് എല്‍.ഡി.എഫ്. അവകാശപ്പെടുമ്പോഴും വി.ഡി.സതീശന്റെ യാത്രയില്‍ കണ്ട ആള്‍ക്കൂട്ടവും ആവേശവും എല്‍.ഡി.എഫ്. വാദം ശരിയല്ലെന്നു സൂചിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഒന്നരലക്ഷം കോടിയായിരുന്നു കേരളത്തിന്റെ പൊതു കടമെങ്കില്‍ ഇപ്പോള്‍ അത് ആറു ലക്ഷം കോടിയായി. നാലിരട്ടിയായി കടമെന്നു സാരം.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇക്കുറി യു.ഡി.എഫ്. ഒരു പടി മുന്നിലാണ്. നടക്കാത്ത വാഗ്ദാനങ്ങള്‍ എന്ന് എല്‍.ഡി.എഫ്. പറയുമ്പോള്‍ കര്‍ണ്ണാടകയിലും തെലുങ്കാനയിലും നടത്തിയല്ലോ എന്ന് കോണ്‍ഗ്രസ് മറുപടി പറയുന്നു. 'കടക്കൂ പുറത്ത്' എന്ന മുഖ്യമന്ത്രി പ്രയോഗം ഇന്നും ജനം മറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യവും ധാര്‍ഷ്ട്യവും പൊതുജനമധ്യത്തില്‍ ഇന്നും ചര്‍ച്ചയാണ്. അതിനെ അതിജീവിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി നടത്തിയ പി.ആര്‍.വര്‍ക്കുകള്‍ പാഴായി എന്നും വ്യക്തം. മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖവും സൗമ്യമായ സംഭാഷണവും ടിവി ഷോകളില്‍ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു. മാത്രമല്ല, ഇതിനായി മുടക്കിയ ലക്ഷങ്ങള്‍ നികുതിപ്പണമാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
ഇങ്ങനെ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ 'ചെറ്റ' പ്രയോഗവും തോമസ് ഐസക്കിന്റെ 'കോമാളി' വിളിയും എം.എം.മണിയുടെ 'തന്തയ്ക്കു പിറക്കായ്ക' എന്ന ആരോപണവും എത്തുന്നത്. ഇതില്‍ സി.പി.എം. പ്രതിരോധത്തിലായിരിക്കെയാണ് ഒരു വനിതാ എം.എല്‍.എ.യ്‌ക്കെതിരെ വിമര്‍ശനവുമായി പ്രാദേശിക ലീഗ് നേതാവ് എത്തിയത്. ഇടയ്ക്ക് "വീട്ടില്‍പോയി പറഞ്ഞാല്‍ മതി" എന്ന മുഖ്യന്റെ തനത് ധാര്‍ഷ്ട്യവും അറിയാതെ പുറത്തുവന്നു. ചര്‍ച്ചകള്‍ വഴിമാറി. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
അതിനിടയ്ക്കാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകുമെന്ന പി.ജെ.കുര്യന്റെ പ്രസ്താവന. രാഷ്ട്രീയത്തില്‍ നിന്ന് ഏതാണ്ട് വിരമിച്ചുകഴിഞ്ഞ കുര്യന്‍ താന്‍ ഇപ്പോഴും രംഗത്തുണ്ടെന്നു കാണിക്കാനും രമേശിനൊപ്പമാണ് താനെന്നു പരസ്യമായി പ്രഖ്യാപിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ, കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹത്തിന്റെ പഴയകാല കഥകള്‍ വീണ്ടും കുത്തിപ്പൊക്കി വിമര്‍ശകര്‍ ആഘോഷിച്ചു. ഇവിടെ നഷ്ടം സംഭവിച്ചത് കുര്യനല്ല, സാക്ഷാല്‍ രമേശ് ചെന്നിത്തലയ്ക്കാണ്. വിമര്‍ശകര്‍ രമേശിനെതിരെയും തിരിഞ്ഞു.
സീറ്റ് വിഭജനത്തില്‍ ഏറെ പിന്‍തള്ളപ്പെട്ട രമേശ് വിഭാഗത്തിന് ഇത് കൂടുതല്‍ തിരിച്ചടിയായി. ഒടുവില്‍ രമേശിനു തന്നെ മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യമെന്ന് പരസ്യമായി പറയേണ്ടിവന്നു. വിമത നീക്കത്തില്‍ നിന്നു പിന്‍വാങ്ങിയ കെ.സുധാകരന്റെ പിന്തുണയും രമേശിനാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയും വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം, ഇത്തരം പിന്തുണക്കാരുടെയൊന്നും പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ ഊന്നി മാത്രം സംസാരിക്കുന്ന വി.ഡി.സതീശന്റെ പ്രതിഛായ മെച്ചപ്പെടുത്തി. ഇതൊക്കെ സത്യമാണെങ്കിലും ഇടയ്ക്കിടെ വരുന്ന അനാവശ്യ വിവാദങ്ങള്‍ യു.ഡി.എഫിനെ ദുര്‍ബലമാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക