
ജീവിതത്തില്‍ വായനയ്‌ക്ക് പ്രാധാന്യമുണ്ട്, അതെ അതു തന്നെയാണ് മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായിച്ചു വേണം വേരുറയ്‌ക്കാന്‍ എന്നു പഴമക്കാര്‍ പറയും.
എങ്ങനെയാണ് വായനയോട് മുഖംതിരിച്ച് ജീവിക്കാവനാവുക. അറിവു പകരുന്നതിനോടൊപ്പം, നമ്മുടെ സംസ്‌കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. പോയവര്‍ഷം, പോയ മാസം നമ്മുടെ വായന എങ്ങനെയുണ്ടായിരുന്നു എന്ന് കണക്കെടുത്ത് നോക്കിയോ? സമയക്കുറവിനെ പഴിച്ചിട്ട് കാര്യമില്ല. അന്നും ഇന്നും ദിവസവും ഇരുപത്തിനാലു മണിക്കൂര്‍ തന്നെയുണ്ടായിരുന്നു.
ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.
താളിയോലകളില്‍ തുടങ്ങി പേപ്പറിലൂടെ മോണിറ്ററിലേക്കു വായന വഴി മാറിയതില്‍ പരിഭവിക്കേണ്ടതില്ല. വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. വായനയുടെ രീതികള്‍ കാലത്തിനനുസൃതമായി മാറിക്കൊണ്ടിരിക്കും. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട് എന്ന സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം.
പുസ്‌തകം വായിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. വളരെക്കാലമായി ലോക സാഹിത്യചിന്തകന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രധാന വിഷയവും അതു തന്നെയാണ്. ഒരു പുസ്‌തകം എങ്ങനെ വായിക്കണം. വായനയെപ്പറ്റി ടി.എസ്. എലിയറ്റ്, സാർത്ര് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം പിന്നിട്ടതോടെ അപ്രസക്‌തമായി. പിന്നീട് വന്ന ഉത്തരാധുനീകരാകട്ടെ എഴുത്തുകാരന്‍ പ്രസക്തനല്ലാതായെന്നും ഇനി വായനക്കാരന്റെ കാലമാണെന്നും വാദിക്കുകയുണ്ടായി.
ഭാഷകൊണ്ടാണ് സാഹിത്യം നിര്‍മ്മിക്കുന്നതെങ്കിലും സാഹിത്യം എപ്പോഴും ഭാഷയുടെ പരിമിതികളെ മറികടക്കാനും വേണ്ടിയുള്ളതാണ്. അതുകൊണ്ട് വരികള്‍ക്കിടയിലെ വായന, നിശ്ശ്ബ്‌ദതയുടെ വായന, ഭാഷയിലെ ശബ്‌ദ ബാഹുല്യത്തിന്റെ വായന തുടങ്ങിയവയെല്ലാം പ്രധാനമാകുന്നു. എഴുത്തുകാരന്‍ തന്റെ ഓരോ മുഖം മൂടികളാണ് നമുക്ക് കാണിച്ചു തരുന്നത്. എഴുത്തുകാരന്‍ ആരാണെന്ന് അറിഞ്ഞില്ലെങ്കിലും നിങ്ങള്‍ ആരാണെന്ന് ഉറപ്പിച്ചതിനു ശേഷമേ വായന തുടങ്ങാവൂ.
ധാരാളം പുസ്‌തകങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമ്പോള്‍ തിരഞ്ഞെടുക്കലിന് വായനക്കാരന്‍ നിര്‍ബ്ബന്ധിതനായിരിക്കുന്നു. ഓരോരുത്തരുടേയും തിരഞ്ഞെടുക്കല്‍ വ്യത്യസ്തമായിരിക്കും. തിരഞ്ഞെടുപ്പുകളില്‍ വളര്‍ച്ചയും അനുഭവിക്കാനാകും.
വായനയ്‌ക്കായി കൈ എത്തും ദൂരത്ത് പുസ്തകം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അടുത്തുള്ള ലൈബ്രറിയിൽ അംഗമാവുകയും ക്രമമായി പുസ്തകം വായിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുകയും വേണം. വായനക്കുട്ടള്ളൾ സജ്ജീവമാവുകയും പുസ്തകങ്ങൾ കൈമാറി വായിക്കുകയും ചെയ്യാം. വായിച്ച നല്ല പുസ്തകങ്ങളേക്കുറിച്ച് അഭിപ്രായങ്ങൾ പരസ്പരം പങ്കു വെച്ച് മറ്റുള്ളവരേയും നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണം.
ട്രെയിൻ / വിമാന യാത്രകളിലൊക്കെ നല്ല വായനക്കാരെ കണ്ട് ഒന്ന് അസൂയപ്പെടുകയും അടുത്ത യാത്രയിലെങ്കിലും ഒരു പുസ്തകം കൈയിൽ കരുതുമെന്ന് മനസ്സിൽ ഉറപ്പിക്കുകയും വേണം. സമ്മാനം കൊടുക്കുമ്പോൾ പുസ്തകങ്ങൾ സമ്മാനമായി കൊടുക്കുവാൻ ശ്രദ്ധിക്കണം.
വായനയാണു ലോകത്ത് ഉദാത്തമായ മനസുകളെ സൃഷ്ടിക്കുന്നത്. വായന പൂര്‍ണ മനുഷ്യനെ നിര്‍മ്മിക്കുന്നു. ഒരാളെ വിശ്വമാനവനായി വളര്‍ത്താനും ലോകത്തെയും ചരിത്രത്തെയും വ്യാഖ്യാനിക്കാന്‍ പ്രാപ്തനാക്കാനും വായനയ്ക്കു കഴിയും. ഇമലയാളിയുടെ വായനവാരത്തിന് ആശംസകൾ നേരുന്നു.
ബാജി ഓടംവേലി (സെക്രട്ടറി)
കേരള ലിറ്റററി സൊസൈറ്റി ഡാലസ്)
ബാജി ഓടംവേലി, ഡാലസ്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി സെൻ്റ് തോമസ് ഹൈസ്‌ക്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തി ഒന്ന് വർഷം ബഹ്റൈനിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു, ഇപ്പോൾ ഡാലസിൽ താമസിക്കുന്നു. ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. 4 പി. എം ന്യൂസ് പേപ്പറിൽ 'കഥയാകാതെ പോയത്' എന്ന കോളം തൂടർച്ചയായി അഞ്ചുവർഷത്തോളം ചെയ്തു. 'കാമലസ്' എന്ന ഷോർട്ട് ഫിലിമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. ദല-കൊച്ചുബാവ കഥാ പുരസ്‌കാരം, സ്പന്ദനം സാഹിത്യ പുരസ്‌കാരം, ഗാന്ധി സേവാ സമാജ് നോവൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ :- മിനി വറുഗീസ്, മക്കൾ :- ഡാൻ കോശി, ദയ അന്ന
ഇമെയിൽ :- bajikzy@yahoo.com