
അറിവ് ലഭിക്കുന്നതിനും ലോകപരിചയം വര്‍ദ്ധിപ്പിക്കുന്നതിനും കാലങ്ങളായി ഉപയോഗിക്കുന്ന ഒരു നല്ല ശീലമാണ് വായന. ഇത് മനുഷ്യജീവിതത്തെ നവീകരിക്കുന്ന ഒരു വിഷയമായതിനാല്‍ വായനയുടെ മൂല്യം എന്തെന്ന് മനസ്സിലാക്കേണ്ടതാണ്.
നഗരവാസികളും ഗ്രാമീണരും വനഗോത്രവര്‍ഗ്ഗക്കാരും ഉള്‍പ്പെട്ട മനുഷ്യരുടെ വലിയ സമൂഹത്തില്‍ എഴുതാനും വായിക്കാനും കഴിയാത്തവരുണ്ട്. മികവുറ്റ എഴുത്തിന്‍റെ ആവശ്യവും ഉദ്ദേശ്യവും ഉപയോഗവും എന്തെന്ന് അറിയാത്തവരും കുറച്ചല്ല. ലോകവ്യാപകമായ ഇന്നത്തെ വായനയുടെ തുടക്കം സംബന്ധിച്ചുണ്ടായ അഭിപ്രായങ്ങളും ചരിത്രവും തുല്യമല്ല.
പുരാതനകാലത്ത് ഓലയില്‍ എഴുതുന്ന രീതിയില്‍ നിന്ന് ആരംഭിച്ച്, പതിനഞ്ചാം നൂറ്റാണ്ടില്‍ അച്ചടിയുടെ വരവോടെ, മലയാള നാട്ടില്‍ വായന പടര്‍ന്നു. എഴുത്ത്‌വിദ്യയോടൊപ്പം വായനയും വന്നുവെങ്കിലും, അച്ചടിയും പ്രസിദ്ധീകരണങ്ങളും വര്‍ദ്ധിച്ചതോടെയാണ് അത് പുരോഗമിച്ചത്. വിദ്യാഭ്യാസത്തിന്‍റെ വികസനവും വായനയെ ഏറെ പിന്തുച്ചു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍, എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്, തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന ലക്ഷ്മിഭായിയുടെ വിജ്ഞാപനം ഉണ്ടായി. അതേ ഘട്ടത്തില്‍ത്തന്നെ, ക്രിസ്തു മതവിഭാഗമായ സി. എം. എസ്സ്. സഭ പുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതും, അതിനെ തുടര്‍ന്നുണ്ടായ സാക്ഷരതയുടെ അഭിവൃദ്ധിയും, സാമൂഹിക വിടര്‍ച്ചയും, മലയാളം വായന പടര്‍ന്നുപിടിക്കുന്നതിനു കാരണങ്ങളായി. 1946-ല്‍, അഞ്ച് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുന്നതിനും പ്രത്യേക നിയമം ഉണ്ടായി. പിന്നീട് വന്ന മിഷനറിമാരുടെ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളും, മലയാളം ഭാഷക്കും വായനക്കും ഗണനീയമായ നേട്ടങ്ങള്‍ നല്‍കി.
ജനസംഖ്യയുടെ വളര്‍ച്ചയും, ഭാഷയുടെ നവീകരണവും, വിവിധ മാധ്യമങ്ങ ളുടെ പ്രവര്‍ത്തനങ്ങളും, സാഹിത്യ പ്രവര്‍ത്തക സംഘടനകളും, മലയാളികളുടെ സാംസ്കാരിക പൈതൃകവും, കേരളത്തിലും വിദേശങ്ങളി ലുമുള്ള മലയാളം വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നിട്ടും, കേരളത്തില്‍ മലയാളം ഭാഷയെ ശക്തിപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നു. അവ, ന്യൂനപക്ഷങ്ങളുടെ നിയമം അനുസരിച്ചുള്ള എല്ലാ അവകാശങ്ങളെയും സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ആംഗീകരിക്കപ്പെട്ടതോടെ, അവസാനിക്കുകയും ചെയ്തു.
മലയാളം ഇന്ത്യയിലെ 22 പൌരാണിക ഭാഷകളിലൊന്നും, കേരളത്തിലെ ഔദ്യോഗിക ഭാഷയുമാണ്. കേരളത്തിനു പുറമേ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഔദ്യോഗിക ഭാഷ മലയാളമാണ്.
മലയാളം സാഹിത്യത്തിനും അഭിമാനഭരിതമായൊരു ചരിത്രവുമുണ്ട്. ജ്ഞാനപീഠം പുരസ്കാരം നേടിയവരില്‍ ആറ് സാഹിത്യകാരന്മാര്‍ മലയാളികളാണ്. മലയാള സാഹിത്യത്തിലെ മികച്ച കൃതികള്‍ക്ക് നല്‍കുന്ന മറ്റൊരു മഹത്തായ പുരസ്കാരമാണ്, സാഹിത്യ അക്കാഡമി പുരസ്കാരം. സാഹിത്യകാരന്മാരൂടെ ഓര്‍മ്മക്കുവേണ്ടിയും പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്.
വിദേശത്ത് മലയാളം സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായുള്ളത് ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സൗദിഅറേബ്യ തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലാണ്. അമേരിക്കയിലുള്ള മലയാളികളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നും കുടിയേറിയവരാണ്. അവര്‍ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ചിതറിപ്പാര്‍ക്കുന്നു. ട്രൈസ്റ്റേറ്റ് ( ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണറ്റിക്കട്ട്), ടെക്സസ്, ഇല്ലിനോയി, കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങ ളിലാണ് മലയാളികള്‍ കൂടുതലായി അധിവസിക്കുന്നത്.
കേരളത്തിലെ ഭാഷാസംസ്കാരം വളരെ വൈവിധ്യം ഉള്ളതാണ്. മലയാളം പ്രധാനമായി ഏക ഭാഷയാണെങ്കിലും, അതിന്‍റെ ഉപയോഗത്തിലും ശൈലികളുടെ അടിസ്ഥാനത്തിലും വകഭേദങ്ങളുണ്ട്. വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരേയും, ലക്ഷദ്വീപിലുമുള്ള ഭാഷാ ശൈലി കള്‍ക്കും, സാമുദായിക ഭാഷാശൈലികള്‍ക്കും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ജനപിന്തുണ, സ്ഥലവ്യത്യാസം എന്നിവ പരിഗണിച്ചു് ഈ ശൈലികളെ വേര്‍തിരിച്ച് പേരിട്ടുവിളിക്കുന്നു. ഉദാ: ഔദ്യോഗിക ഭാഷ, കൊച്ചിന്‍ ഭാഷ, കോഴിക്കോടന്‍ ഭാഷ, ജൂത ഭാഷ, തിരുവിതാംകൂര്‍ ഭാഷ, നസ്രാണി ഭാഷ, നിയമ ഭാഷ, പാലക്കാടന്‍ ഭാഷ, ഭരണ ഭാഷ, മാധ്യമ ഭാഷ, മാപ്പിള ഭാഷ എന്നിവ. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, അയല്‍ നാടുകളിലെ ഭാഷകളോടുള്ള ബന്ധം എന്നിവയാണ് ഈ വകഭേദങ്ങള്‍ രൂപപ്പെട്ടതിന്‍റെ കാരണങ്ങള്‍. ഇത് മൂലം, ചില മലയാളം വാക്കുകളുടെ അര്‍ത്ഥത്തിലും ഉച്ചാരണത്തിലും വത്യാസവും വന്നിട്ടുണ്ട്.
വായനാശീലം വളര്‍ത്തേണ്ടത് വിജ്ഞാനത്തിനും ജീവിതപുരോഗതിക്കും അത്യന്താപേക്ഷിതമാണ്. ദിവസവും വായനക്ക് സമയം കണ്ടെത്തുകയും, പത്രങ്ങള്‍, പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായിക്കുക യും ചെയ്യുന്നത് ഉപകാരമാകും. വാക്കുകളെ വേര്‍തിരിച്ചു പഠിക്കുകയും, പുതിയ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണം. എന്താണ് വായിക്കുന്നതെന്നും, എന്തിനുവേണ്ടിയാണ് വായിക്കുന്നതെന്നും, വായിച്ചതി ന്‍റെ ഉള്ളടക്കമെന്തെന്നും ഓര്‍ത്തിരിക്കണം. ആവശ്യമെങ്കില്‍, അത് കുറിച്ചു വയ്ക്കണം. ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും ആസ്വദിച്ചു വായിക്കുകയും ചെയ്യണം. ഓരോരുത്തരും അവരവരുടെ തൊഴിലിനോട് ബന്ധപ്പെട്ട വിഷയങ്ങളും, മത രാഷ്ട്രീയകാര്യങ്ങളും വായിക്കുന്ന രീതി തുടരുന്നു. വ്യാകരണപരമായ അറിവും, സങ്കീര്‍ണ്ണമായ സാഹിത്യത്തിന്‍റെ സാരാംശം മനസ്സിലാക്കാനുള്ള കഴിവും ആര്‍ജിക്കണം. ഓണ്‍ലൈന്‍ പ്രസിദ്ധീകരനങ്ങള്‍ വായിക്കുന്നവരാണ് മുന്നണിയില്‍. അനവധി വായനാ ഗ്രൂപ്പ്കളും പ്രവര്‍ത്തനത്തില്‍ വന്നിട്ടുണ്ട്.
വായന ഒരു നല്ല ശീലമാണ്. പക്ഷേ, അതിലും ദുര്‍ഗ്ഗുണങ്ങളുണ്ട്. വായന കണ്ണുകള്‍ക്ക് പ്രശ്നമുണ്ടാക്കുന്നു എന്നതാണ് ഒരു ദോഷം. വായനയില്‍ മുഴുകിയിരിക്കുന്നവര്‍ അവരുടെ ഉത്തരവാദിത്തം മറക്കുകയും, കുടുംബ കാര്യങ്ങളില്‍പോലും അശ്രദ്ധരാവുകയും ചെയ്യുന്നു എന്ന ആക്ഷേപമുണ്ട്. എന്നാല്‍, ഇവയല്ലാം, വായനയുടെ രീതിയും സമയവും ക്രമപ്പെടുത്തി, ഒഴിവാക്കാവുന്നതാണ്. വായനക്ക് തടസ്സംനില്‍ക്കുന്ന മറ്റ് സംഗതികളിലൊന്ന് ശ്രദ്ധിച്ചു വായിക്കുവാന്‍ കഴിയാത്തവിധം ഉയരുന്ന പരിസരശബ്ദങ്ങളാണ്. സ്ഥല സൗകാര്യങ്ങളുടെ അഭാവവും വായനയെ ബാധിക്കുന്നു. സ്വസ്ഥതയോ ടെ വായിക്കുന്നതിന്, വായനക്കാരുടെ മാനസികാവസ്ഥകളും സാഹചര്യങ്ങ ളും അനുകൂലമാകണം. പ്രതികൂലമായ അനുഭവസ്മരണകള്‍, ചിന്തകള്‍, കുടുംബകലഹം, കുറ്റബോധം, ദുഃഖഭാരം, നിരാശ, എന്നിവ അലട്ടുമ്പോള്‍ സന്തുഷ്ടവായന സാധ്യമല്ല. മാനസികവും ശാരീരികവുമായ രോഗങ്ങളും വായനക്ക് തടസ്സമാകും. പലപ്പോഴും, ചില സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, ജോലിഭാരവും സമയക്കുറവും മൂലം വായിക്കാന്‍ വേണ്ട സൗകര്യം കിട്ടാറില്ല.
വായനയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്നും അറിഞ്ഞിരിക്കേണ്ടതാണ്. വായന ഭാഷയുടെ സംരക്ഷണത്തിന് സഹായിക്കുന്നു. വായിക്കുമ്പോള്‍, പുതിയ അറിവുകള്‍ക്കൊപ്പം നവംനവംഗളായ ആശയങ്ങളും മനസ്സില്‍ തെളിഞ്ഞു വരും. എന്നാല്‍, വായന അറിവ് വര്‍ദ്ധിപ്പിക്കുന്ന ഒരു മാര്‍ഗ്ഗം മാത്രമല്ല, ശാരീകവും മാനസികവുമായ ആരോഗ്യം നല്‍കുന്ന മികച്ച ഗുണവുമാണ്. വായന, മാനസിക സമ്മര്‍ദ്ദവും വിഷാദവും അകറ്റി, മനസ്സിന് ശാന്തത നല്‍കുന്നു. വായന തലച്ചോറിന് നല്ല വ്യായാമം നല്‍കുന്നതിനാല്‍, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന ഓര്‍മ്മക്കുറവ് അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ആത്മബലവും ഭാവനയും സര്‍ഗ്ഗാത്മകതയും ഉണര്‍ത്തുന്നതിനും, ആയുസ്സ് വര്‍ദ്ധിക്കുന്നതിനും, സഹായിക്കുന്നു. വായിക്കുന്നവര്‍ക്ക്, വായിക്കാത്തവരെക്കാള്‍ ദീര്‍ഘായുസ് ലഭിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ സീനുകളില്‍ വായിക്കുന്നതിനേക്കാള്‍ മെച്ചം, അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുന്നതാണ് ശാരീരിക ആരോഗ്യത്തിന് നല്ലതെന്നും പഠനങ്ങള്‍ പറയുന്നു. (വായനയും ആരോഗ്യവും സംബന്ധിച്ച പുസ്തകങ്ങളുമുണ്ട്). എപ്പോഴും, ജാഗ്രതയുള്ള വായനക്കാരുടെ കണ്ണുകളും കാതുകളും മനസ്സുകളും, ലോകത്തിന്‍റെ തിളക്കമാര്‍ന്ന ഭാവിയെ പ്രത്യാശയോടെ പ്രതീക്ഷിക്കുന്നു!
നോര്‍ത്തമേരിക്കയിലെ പ്രവാസികളുടെ മലയാളം വായന വികസിപ്പിക്കു വാന്‍ സാഹിത്യ സാംസ്കാരിക സംഘടനകളും, മലയാളം മാധ്യമങ്ങളും പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍, ഡിജിറ്റല്‍ യുഗത്തിന്‍റെ ആധുനികമായ പ്രവണതകളിലാണ് മലയാളികളുടെ പുതു തലമുറക്ക് താല്‍പര്യം. അവര്‍, വായനക്ക് ഇ_ബുക്ക്, ഓഡിയോബുക്ക് എന്നിവ ഉപയോഗിക്കുന്നു. ഇ_ബുക്ക് അഥവാ ഇലക്ട്രോണിക്ക് ബുക്ക് എന്നത് കംബ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ വായിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള പുസ്തകമാണ്. ഒരു പുസ്തകം ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിക്കുന്ന റി ക്കോര്‍ഡിംഗാണ് ഓഡിയോബുക്ക്. ഇത് വായിക്കാനുള്ളതല്ല മറിച്ച് വായിച്ചുകേള്‍ക്കുന്നതിനുവേണ്ടി ഉള്ളതാണ്. ഇതിന് പല ഗുണങ്ങളുമുണ്ട്.
യുവതലമുറ അവരുടെ ദിവസേനയുള്ള വായന ഇംഗ്ലിഷിലേക്കും മറ്റ് ഭാഷകളിലേക്കും തിരിക്കുന്നുണ്ട്. അതുകൊണ്ട്, ഈ ആധുനിക ഘട്ടത്തില്‍, വിദേശ മലയാളികളുടെ മലയാളം വായന മെച്ചപ്പെടുത്തുന്നതിനു വേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം, മലയാളം ഭാഷയുമായി ഒരു സുസ്ഥിരബന്ധം സ്ഥാപിക്കുകയെന്നതാണ്. ഇ-ബുക്ക് ആപ്ലിക്കേഷനുകള്‍, ഓഡിയോ ബുക്ക് പ്ലാറ്റ്ഫോമുകള്‍, മലയാളം സോഷ്യല്‍ മീഡിയ, മലയാളം വായന ഗ്രൂപ്പുകള്‍ മലയാളം പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക. മലയാളം ഭാഷയില്‍ സംസാരിക്കുന്നത് കേള്‍ക്കുകയും, മലയാളികളോട് സംസാരിക്കു കയും, മലയാളം സിനിമകള്‍ കാണുകയും, മലയാളം വാര്‍ത്തകള്‍ ദിവസേന കേള്‍ക്കുകയും ചെയ്താല്‍, മലയാളം വായന മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് വിദഗ്ദ്ധാഭിപ്രായം. തുടര്‍ച്ചയായ പരിശീലനമാണ് സുഖകരമായ മലയാളം വായനയുടെ വഴി! മലയാളം വായനയുടെ മഹത്തായ ശബ്ദം ലോകമെങ്ങും മുഴങ്ങട്ടെ!
____________________