Image

അമേരിക്കയിലെ മലയാളി കന്യാസ്ത്രികളുടെ ചരിത്രപരമായ ഒത്തുചേരൽ ചിക്കാഗോയിൽ ഏപ്രിൽ 17, 18 തീയതികളിൽ

മാർട്ടിൻ വിലങ്ങോലിൽ Published on 25 March, 2026
അമേരിക്കയിലെ മലയാളി കന്യാസ്ത്രികളുടെ ചരിത്രപരമായ ഒത്തുചേരൽ ചിക്കാഗോയിൽ ഏപ്രിൽ 17, 18 തീയതികളിൽ

 

ചിക്കാഗോ: സിറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ  'ഓൾ മലയാളി സിസ്റ്റേഴ്സ് സംഗമം' 2026, ഏപ്രിൽ 17, 18 തീയതികളിൽ ചിക്കാഗോയിൽ അരങ്ങേറും. അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി സമർപ്പിത സന്യാസിനികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിക്കപ്പെടുന്നത്.

ഭാരതത്തിന് പുറത്തുള്ള ആദ്യ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഈ സംഗമം വലിയ ഉണർവ്വേകും. അമേരിക്കയിലുടനീളം വിവിധ സഭാസമൂഹങ്ങളിലും റീത്തുകളിലും സമർപ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികൾ ഈ സ്നേഹസംഗമത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതത്തിന് പുറത്തുള്ള ആദ്യ സിറോ മലബാർ രൂപതയായ ചിക്കാഗോ രൂപത സ്‌ഥാപിതമായതിന്റെ  ഇരുപത്തിയഞ്ചാം  വാർഷികാഘോഷങ്ങളുടേയും  രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് ഈ സംഗമം

രൂപത  വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപുറം, റവ. ഫാ. തോമസ് മുളവനാൽ, വികാരി ജനറാളും ചിക്കാഗോ  കത്തീഡ്രൽ പള്ളി വികാരിയുമായ റവ. ഫാദർ തോമസ് കടുകപ്പള്ളിൽ, ബിൻസൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കൽ, സിസ്റ്റർ ലിസ ആഞ്ഞിലിക്കൽ, എസ്എസ്എഫ് (മിൽവാക്കി), ടോണി ജോൺ പുല്ലാപ്പള്ളി (ബിൻസൻവിൽ) എന്നിവരാണ് ഈ സംഗമത്തിന്റെ വിജയത്തിനായി കോർഡിനേറ്റർമാരായി നേതൃത്വം നൽകുന്നത്.

സന്യാസസഭകളോ റീത്തുകളോ ഭേദമില്ലാതെ അമേരിക്കൻ അല്ലെങ്കിൽ ഇന്ത്യൻ സന്യാസ സമൂഹങ്ങളിൽ  സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ സിസ്റ്റേഴ്സിനെയും ഈ കൂട്ടായ്മയിലേക്ക്  സ്വാഗതം  ചെയ്യുന്നു.  

ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ. ജോയ് ആലപ്പാട്ടിന്റെയും,  ബിഷപ്പ് എമിരറ്റസ് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും  സാന്നിധ്യത്തിൽ ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ സിറോ മലബാർ ഫൊറോന പള്ളിയിലാണ് ഈ ചരിത്ര സംഗമം ഒരുങ്ങുന്നത്.

ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികളിൽ സ്പ്രിംഗ്ഫീൽഡ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് പാപ്രോക്കി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ബൈസന്റൈൻ കാത്തലിക് എപ്പാർക്കി ഓഫ് പാർമ മെത്രാൻ അഭിവന്ദ്യ റോബർട്ട് മാർക്ക് പിപ്ത മുഖ്യാതിഥിയായിരിക്കും.

വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് സന്യാസിനികൾക്കും വിശിഷ്ടാതിഥികൾക്കും നൽകുന്ന ഹൃദ്യമായ സ്വീകരണവും  പൊതുസമ്മേളനവും നടക്കും.

രണ്ടാം ദിവസമായ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 7:30-ന് വിശുദ്ധ കുർബാനയോടെ പ്രഭാത പരിപാടികൾ ആരംഭിക്കും. യുഎസ് ഗവൺമെന്റിലെ സീനിയർ എക്സിക്യൂട്ടീവ് സർവീസ് (SES) അംഗമായ റവ. ഫാ. അലക്സാണ്ടർ കുര്യൻ മോട്ടിവേഷൻ ക്ലാസ്സും  റവ. സിസ്റ്റർ അമെലിയ ഹ്യൂലർ ഒപി പ്രഭാഷണവും നയിക്കും. പൊതുചർച്ചകൾക്കും ഫോട്ടോ സെഷനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംഗമം സമാപിക്കും. തുടർന്ന് താല്പര്യമുള്ളവർക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചിക്കാഗോ ഡൗൺടൗണിലേക്കും ലേക്ക് മിഷിഗണിലേക്കും ബോട്ട് യാത്രയും  സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംഗമത്തിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്:
റവ ഫാ. ജോൺ മേലേപുറം (215-808-4052)
റവ. ഫാ. തോമസ് മുളവനാൽ  (310-709-5111)
റവ. ഫാ. എബ്രഹാം  കളരിക്കൽ (630 - 828 - 4513)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക