
മാണി സാറിന്റെ പാലാ പോലെ കേരളാ കോണ്‍ഗ്രസിന്റെ മറ്റൊരു തട്ടകമാണ് കടുത്തുരുത്തി. മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ വിജയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരള കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം ആയിരിക്കും വിജയി. 2021-ലെ തിരഞ്ഞടുപ്പില്‍ അഡ്വ: മോന്‍സ് ജോസഫ് (യു.ഡി.എഫ്)-59,666, സ്റ്റീഫന്‍ ജോര്‍ജ് (എല്‍.ഡി.എഫ്)-55,410, ജി ലിജിന്‍ലാല്‍ (എന്‍.ഡി.എ)-11,670 എന്നിങ്ങനെയായിരുന്നു വോട്ട് നില. താരതമ്യേന 4256 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് മോന്‍സ് വിജയിച്ചത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി കേരളാ കോണ്‍ഗ്രസ് എമ്മിലെ കരുത്തയായ വനിത നിര്‍മല ജിമ്മിയെ കളത്തിലിറക്കിയിരിക്കുന്നത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ഡി.ജെ.എസ് നേതാവുമായ സുരേഷ് ഇട്ടിക്കുന്നേന്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. ഇക്കുറി ആറാം വിജയം ലക്ഷ്യമിട്ടാണ് മോന്‍സ് ജോസഫ് ഗോദയിലിറങ്ങിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാ മണ്ഡലം. 1957 മുതല്‍ 67 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ നിന്ന് വിജയിച്ചത്.
70 മുതല്‍ 80 വരെ കേരള കോണ്‍ഗ്രസിന്റെ ഒ ലൂക്കോസ് ആയിരുന്നു മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 1982-ല്‍ ഇടതു സ്വതന്ത്രനായി പി.സി തോമസിനെ മത്സരിപ്പിച്ച് സിറ്റിംഗ് എം.എല്‍.എ ഒ ലൂക്കോസിനെ പരാജയപ്പെടുത്തി ഇടതു മുന്നണി ആദ്യമായി കടുത്തുരുത്തി പിടിച്ചു.87-ലും പി.സി തോമസിനാിരുന്നു ജയം. എന്നാല്‍ 1991-ല്‍ കേരളകോണ്‍ഗ്രസ് എമ്മിലെ പി.എം മാത്യു വിജയിച്ചു. കേരള കോണ്‍ഗ്രസ് (ജെ)യിലെ ഇ.ജെ ലൂക്കോസിനെ തോല്‍പ്പിച്ചായിരുന്നു ജയം. 1996-ലാണ് ആദ്യമായി മോന്‍സ് ജോസഫ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ആദ്യ അങ്കത്തില്‍ പതിനാറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മോന്‍സ് മണ്ഡലം പിടിച്ചു. 2001-ല്‍ മോന്‍സിനെ മണ്ഡലം കൈവിട്ടു. കേരള കോണ്‍ഗ്രസ് എമ്മിലെ സ്റ്റീഫന്‍ ജോര്‍ജ് ആയിരുന്നു 5000 ത്തോളം വോട്ടുകള്‍ക്ക് മോന്‍സിനെ പരാജയപ്പെടുത്തിയത്.
എന്നാല്‍ 2006-ല്‍ മോന്‍സ് മണ്ഡലം തിരിച്ച് പിടിച്ചു. 44958 വോട്ടുകള്‍ക്കായിരുന്നു വിജയം. അന്നും സ്റ്റീഫന്‍ ജോര്‍ജ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.എന്നാല്‍ 2011-ല്‍ മോന്‍സ് യു.ഡി.എഫ് പാളയത്തിലെത്തി. പി.സി തോമസ് വിഭാഗത്തിനൊപ്പം എല്‍.ഡി.എഫ് പാളയത്തിലെത്തിയ സ്റ്റീഫന്‍ ജോര്‍ജ് തന്നെയായിരുന്നു മോന്‍സിന്റെ എതിരാളി. അക്കൊല്ലവും മോന്‍സ് മണ്ഡലം നിലിര്‍ത്തി, ഭൂരിപക്ഷം 23057 ആക്കി ഉയര്‍ത്തുകയും ചെയ്തു. 2016-ല്‍ സംസ്ഥാനത്തെ മൂന്നാമത്തെ ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് മോന്‍സ് ജോസഫ് ഹാട്രിക് വിജയം ആഘോഷിച്ചത്..തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സ്‌കറിയാ തോമസിനെ 42,256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോന്‍സ് പരാജയപ്പെടുത്തിയത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു അത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യപോരാട്ടത്തില്‍ 2021-ല്‍ ജോസ് കെ മാണി-പി.ജെ ജോസഫ് വിഭാഗങ്ങളുടെ ശക്തിപ്രകടനത്തില്‍ ജോസിനാണ് കാലിടറിയത്.
''കടുത്തുരുത്തിയിലെ ജനങ്ങളുടെ ഏതാവശ്യത്തിനും എപ്പോഴും കഴിഞ്ഞ 20 വര്‍ഷമായി ജനപ്രതിനിധിയായുണ്ട്. 10 വര്‍ഷമായി പ്രതിപക്ഷ എം.എല്‍.എയുടെ മണ്ഡലമായ കടുത്തുരുത്തിയോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിച്ചത്. ഇത്തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ കടുത്തുരുത്തിയില്‍ യു.ഡി.എഫ് എം.എല്‍.എ ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും...'' എന്നാണ് മോന്‍സ് ജോസഫ് പറയുന്നത്.
''കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കടുത്തുരുത്തിയില്‍ വികസന മുരടിപ്പാണ്. എല്‍.ഡി.എഫ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കടുത്തുരുത്തിയുടെ വികസനമുഖം തന്നെ മാറ്റിമറിക്കും. വികസനകാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടും എം.എല്‍.എ തടസ്സപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എയുമായി പരസ്യ സംവാദത്തിന് തയ്യാറാണ്. എല്‍.ഡി.എഫിന് ആത്മവിശ്വാസമുണ്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും....'' നിര്‍മല ജിമ്മിക്കും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.
''എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്കെതിരെ ശക്തമായ വികാരമാണ് മണ്ഡലത്തിലുള്ളത്. എന്‍.ഡി.എ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. മാറ്റത്തിനായി കടുത്തുരുത്തി കൊതിക്കുന്നതായാണ് വോട്ടര്‍മാരുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത്. അതിനായി പരിശ്രമിക്കും. മികച്ച വിജയമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍...'' സുരേഷ് ഇട്ടിക്കുന്നേലിന്റെ പ്രതികരണമിങ്ങനെ.
കടുത്തുരുത്തിയില്‍ ഒരു സമുദായത്തിന് മാത്രമായി വ്യക്തമായ ഭൂരിപക്ഷമില്ല. അതിനാല്‍ത്തന്നെ ജാതി-മത സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണ്ണായകമാണ്. നായര്‍ സമുദായത്തിന് സാമൂഹിക ശൃംഖലകളിലും സ്ഥാപനങ്ങളിലും വലിയ സ്വാധീനമുണ്ട്. ഗ്രാമീണ മേഖലകളില്‍ ഈഴവ സമുദായം ശക്തമായ സാന്നിധ്യമാണ്. എസ്.എന്‍.ഡി.പി യോഗത്തിലൂടെയുള്ള ഇവരുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകാറുണ്ട്. സിറിയന്‍ ക്രിസ്ത്യന്‍, ലത്തീന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ കൃഷിയിലും വ്യാപാരത്തിലും പ്രൊഫഷണല്‍ മേഖലകളിലും സജീവമാണ്. പാരമ്പര്യമായി യു.ഡി.എഫ് ചായ്വ് പുലര്‍ത്താറുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയാണ് വോട്ടിങ്ങിന്റെ മാനദണ്ഡം.
മുസ്ലിം വിഭാഗങ്ങള്‍ വ്യാപാര മേഖലകളില്‍ സ്വാധീനമുള്ളവരാണ്. പട്ടികജാതി വിഭാഗങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളും മണ്ഡലത്തില്‍ ചിതറിക്കിടക്കുന്നു. ക്ഷേമപദ്ധതികളുടെ വിതരണവും ഭരണപരമായ ഇടപെടലുകളുമാണ് ഇവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്നത്. കഴിഞ്ഞ തവണ 4,256 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള മോന്‍സിന്റെ വിജയം ണ്ഡലത്തിലെ കടുത്ത മത്സരത്തെ സൂചിപ്പിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിശ്വാസം കെട്ടിപ്പടുക്കാനും പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രാപ്തി തെളിയിക്കാനും കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് കടുത്തുരുത്തിയില്‍ വിജയ സാധ്യത. വോട്ടര്‍മാര്‍ മാറ്റങ്ങളെ കരുതലോടെയാണ് കാണുന്നത്. പ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് അകന്നു പോകുന്നു എന്ന് തോന്നുമ്പോഴാണ് ഇവിടെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് മനസിലാക്കാം.