Image

ചമതി (നോവല്‍- ഭാഗം-9: ഉഷാ ചന്ദ്രന്‍)

Published on 25 March, 2026
ചമതി (നോവല്‍-  ഭാഗം-9: ഉഷാ ചന്ദ്രന്‍)

എങ്ങോട്ടാ? സീത നിന്നു വിറച്ചു. അച്ഛന്‍ തമ്പുരാനാണ് മുന്നില്‍..

നിനക്കെന്താ വെളുക്കും മുന്‍പേ ഇവിടെ കാര്യം, ങേ ?

ഞാന്‍.. ഞാന്‍... വെറുതേ... ഇത്.. അവള്‍ വിക്കി.

എന്നാല്‍ പോ! തമ്പുരാന്‍റെ സുഗ്രീവാജ്ഞ! സീതയ്ക്കത്  അനുസരിക്കാതിരിക്കാനായില്ല. കലവുമായി തിരികെ പോരുമ്പോള്‍ എന്തിനെന്നറിയാതെ കണ്ണുകള്‍ കലങ്ങി. കടക്കണ്ണിലൂടെ ചോര്‍ന്നൊലിച്ച കണ്ണീരവള്‍ക്ക് തടഞ്ഞു നിര്‍ത്താനാവുമായിരുന്നില്ല. താനെന്തൊരു വിഡ്ഢി? ഇക്കാര്യം ഊരില്‍ ആരോടെങ്കിലും പറഞ്ഞാല്‍ വഴക്കുറപ്പാണ്. അല്ലേല്‍ത്തന്നെ അപ്പുറത്തെ കൊക്കോച്ചിയമ്മ ഇടയ്ക്കൊക്കെ പറയാറുണ്ട്‌.

“പെണ്ണ് നിലത്തും താഴേമല്ല, കൊച്ചുതമ്പുരാട്ടിയാണെന്നാ അവള്‍ടെ  വിചാരം. ആ അമ്പ്രാട്ടി ഒറ്റയൊരുത്തിയാ അവളെ ഇങ്ങനെ വഷളാക്കുന്നത്.”  അത് കേള്‍ക്കുമ്പോള്‍ പെരുവിരല്‍ തൊട്ട് തനിക്കു തെറുത്തുകയറും. ഒരു വയസ്സിത്തള്ളയല്ലേ പോട്ടെ, എന്നോര്‍ത്തു  മിണ്ടാത്തതാണ്. ഓര്‍ത്താല്‍ ഒരു കണക്കിന് അത് ശരിയാണ്. താനൊരല്‍പ്പം അഹങ്കാരിയായിപ്പോകുന്നില്ലേ?  തമ്പുരാക്കന്മാരെ ഓര്‍ത്ത്‌ കരയാന്‍പോലുമുള്ള യോഗ്യതയുണ്ടോ ഒരു കുശവപ്പെണ്ണിന്? ചിന്തിച്ചപ്പോള്‍ അവള്‍ക്കും അതിലൊരു വിരോധാഭാസം തോന്നി.  

പുരനിറഞ്ഞു നില്‍ക്കുന്ന അസുഖക്കാരിയായ മകള്‍ മല്ലിയാണ് കൊക്കോച്ചിയുടെ ഏറ്റവും വലിയ തലവേദന. അവരുടെ മാനസികപിരിമുറുക്കമത്രയും വലിവുകാരിയായ അവളെയോര്‍ത്താണ്.  മല്ലിയെ പെണ്ണുചോദിച്ച് ഒരുത്തനും ഇതുവരെ വന്നിട്ടില്ല, സുഖമില്ലാത്തവളെ കെട്ടാന്‍ ഇനി ആരെങ്കിലും വരുമോ എന്നൊക്കെ രാവും പകലും ഉറക്കമില്ലാതെ ആലോചിച്ചു കൂട്ടുന്നതിന്‍റെ കുഴപ്പം മുഴുവനുണ്ട് തള്ളയ്ക്ക്. അതാണ്‌ അവരുടെ ഈ പരുക്കന്‍ മട്ട്. മിടുക്കിയായി നടക്കുന്ന സീതമ്മയോടവര്‍ക്ക് കടുത്ത അസൂയ തോന്നാന്‍ കാരണവും വേറൊന്നുമല്ല. അതുകൊണ്ടുതന്നെ സീതയ്ക്കവരോട് ഒട്ടും വിരോധം തോന്നാറില്ലെങ്കിലും മനസ്സ് തുറന്ന് സീതമ്മ ഒരുകാര്യവും അവരോട് സംസാരിക്കാറില്ല.    

സന്തോഷം വന്നാലും സങ്കടം വന്നാലും അവള്‍ ഉമയ്ക്കരികിലേയ്ക്ക് ഓടുകയാണ് പതിവ്.

“അമ്മാ! ഞാന്‍ ദേവുന്‍റെടുത്തുവരെ പോണു”. സീത അമ്മയോട് പറയുന്നത്‌ കേട്ടുകൊണ്ടാണ് അവളുടെ അപ്പ ചമതിയില്‍നിന്ന് പുറത്തേയ്ക്കിറങ്ങി വന്നത്.

നീയെങ്ങോട്ടാ?

“ഉമേടടുത്ത്”.

അല്ലാതെ കൊട്ടാരത്തിലോട്ടല്ലല്ലോ?

അപ്പയ്ക്ക്  താന്‍ എപ്പോഴും കൊട്ടാരത്തിലേയ്ക്കോടുന്നത് തീരെ ഇഷ്ടമല്ലെന്ന് സീതയ്ക്ക് നന്നായറിയാം. കലവുംപിടിച്ചു കരഞ്ഞുവീര്‍ത്ത മുഖവുമായി മകള്‍ നടന്നുവരുന്നത് താമി ഇന്നലെ കണ്ടിരുന്നു. മുത്തിന്‍റെ മുഖമിരുണ്ടാല്‍ താമിയുടെ മനസ്സിടിയും. അവളുടെ  കണ്ണ് കലങ്ങിയാല്‍ താമി കരയും. അത്രയ്ക്ക് ജീവനാണവളെ. തനിക്ക് ഭൂമിയില്‍ സ്വന്തമെന്നു പറയാന്‍ തന്‍റെ മകളേയുള്ളു അതായിരുന്നെന്നുമുള്ള അയാളുടെ മനോഭാവം.

അല്ലപ്പാ! അവള്‍ പറഞ്ഞു.

അപ്പയുടെ തെളിഞ്ഞ മുഖം കണ്ടുകൊണ്ടു സീത തിരിഞ്ഞുനടന്നു.

‘നീയെന്തിനാ ആ തമ്പുരാന്‍ അമൃതേത്തിനു അടുക്കളക്കെട്ടിലേയ്ക്ക് വരുന്ന നേരത്തുതന്നെ അവിടെച്ചെന്നുപെട്ടത്?’ സീത പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നിട്ട് ഉമ ചോദിച്ചു.

അതിന് ഞാനറിഞ്ഞോ അങ്ങേര് അവിടെയുള്ള കാര്യം?

ശൗരി ഇല്ലായിരുന്നോ അവിടെ?

ആ... ഞാനെങ്ങനെ അറിയാനാ, എന്നെ അകത്തേയ്ക്ക് കടത്തിവിട്ടിട്ടുവേണ്ടേ? സീത മുഖം കോട്ടി

നീ അപ്പോള്‍ ശൗരിയെ കണ്ടില്ലേ? സീതമ്മ മിണ്ടിയില്ല. അവള്‍ക്കു മുഷിച്ചില്‍ വന്നു തുടങ്ങിയിരുന്നു.  

ഒരു സമാധാനത്തിനോടി ഇങ്ങോട്ട് വന്നതാ. ഉള്ള സമാധാനംകൂടി നീ നശിപ്പിക്കും. ഞാന്‍ പോണു ..സീത എണീറ്റു കഴിഞ്ഞു.

‘ആ സേതുവര്‍മ്മത്തമ്പുരാന്‍റെ മുന്നിലെങ്ങും ചെന്നുപെടണ്ട കേട്ടോ?’ ഉമ മുന്നറിയിപ്പ് നല്‍കി.

ഉച്ചകഴിഞ്ഞ് സീതമ്മ ദിക്കും പക്കോം നോക്കി വീണ്ടും അവിടേയ്ക്കു ചെന്നു. തമ്പുരാട്ടിയ്ക്ക് പതിവുള്ളതാണ് ഒരുച്ചമയക്കം. ആ സമയത്ത്  വല്യമ്പ്രാന്‍ അവിടെ ഉണ്ടാവില്ലെന്ന് അവള്‍ക്കറിയാം. വടക്കെങ്ങോ ഉള്ള കൊട്ടാരത്തിലെയാണ്, സഹോദരിമാരുടെ മക്കള്‍ക്കുവേണ്ടി ജീവിക്കുന്ന ഈ വര്‍മ്മത്തമ്പുരാന്‍. അതുകൊണ്ട് സംബന്ധത്തിനായി സന്ധ്യയോടെ വന്നാല്‍ പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞു തിരികെപ്പോവുന്നതാണ് ശീലം.

കൊട്ടാരക്കെട്ടില്‍ ആകെപ്പാടൊരു മൂകത തളംകെട്ടി നില്‍ക്കുകയായിരുന്നു. പ്രതീക്ഷിച്ചപോലെ തമ്പുരാട്ടിയെ അവിടെയെങ്ങും കണ്ടില്ല. ഇനിയെങ്ങാന്‍ തമ്പുരാന്‍ തിരികെ പോയിട്ടുണ്ടാവില്ലേ? അവള്‍ സന്ദേഹിച്ചു അമ്മിണിപ്പൂച്ചയവളെക്കണ്ട് കരഞ്ഞു. മുതുകമര്‍ത്തി വച്ച് അവളെത്തന്നെ നോക്കിയിരുന്ന പൂച്ചയെ സ്നേഹത്തോടെ ഒന്ന് തലോടിയിട്ട് പതുങ്ങിപ്പതുങ്ങി അകത്തളത്തിലേയ്ക്കവള്‍ കാലെടുത്തു വച്ചു. പോയവഴി അബദ്ധത്തില്‍  കൈതട്ടി ആട്ടവിളക്കുലഞ്ഞു, തിരിയുമ്പോള്‍ കുടമണിയില്‍ കൈ തട്ടിയത് മണിയടിശബ്ദം മുഴങ്ങും മുന്‍പേ ബലമായി പിടിച്ചുനിര്‍ത്തി. ആ സമയത്ത് പിന്നിലൂടെ പതുങ്ങി വന്ന ശൗരിയെ അവള്‍ കണ്ടതേയില്ല. ഒറ്റപ്പിടുത്തത്തിന് അവളെയവന്‍ കരവലയത്തിലാക്കി. സീത ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കിയ അവളുടെ വിടര്‍ന്ന മിഴികളിലെ ആകാശ നീലിമയില്‍ കൊള്ളിമീന്‍ പിടഞ്ഞു. അവിടെ കള്ളപ്പരിഭവം പടര്‍ന്നു കയറി. പരസ്പരം കോരിക്കുടിക്കാന്‍ വെമ്പുന്ന നാലു കണ്ണുകള്‍ തമ്മിലിടഞ്ഞു.. തമ്മിലുടക്കി കൊരുത്തു വലിച്ച ദൃഷ്ടികള്‍ പ്രണയപാരവശ്യത്തിന്റെ നാന്ദി കുറിക്കുന്ന പുതിയൊരു കഥ മെനയാന്‍ തുടങ്ങവേ, നീണ്ടിടംപെട്ട സീതയുടെ കണ്ണുകളില്‍ ആദ്യമായി ശൗരി ചുണ്ടുകള്‍ ചേര്‍ത്തു. എന്താണ് സംഭവിക്കുന്നതെന്ന് സീതയ്ക്ക്  ചിന്തിക്കാനിടകൊടുക്കും മുന്‍പേ അര്‍ദ്ധനിമീലിതങ്ങളായ മിഴികളെത്തഴുകി പെട്ടെന്ന് താഴേയ്ക്കിഴഞ്ഞിറങ്ങിയ ചുണ്ടുകള്‍  പനിനീര്‍ചാമ്പയെ വെല്ലുന്ന അവളുടെ ചെഞ്ചൊടികളില്‍ പുതിയൊരു കവിത രചിച്ചു. സീത പിടഞ്ഞു. അവനെ ഉന്തിമാറ്റാന്‍ വൃഥാ ശ്രമിച്ചു, തീര്‍ത്തും ദുര്‍ബ്ബലമായി.

“പിടയ്ക്കല്ലേ മോളേ!” അംഗപ്രത്യംഗം ചുംബനം ചൊരിഞ്ഞുകൊണ്ടവന്‍ ആവേശത്തോടെ പറഞ്ഞ വാക്കുകളില്‍ തീക്ഷ്ണവികാരത്തിന്‍റെ മൂര്‍ച്ച ധ്വനിച്ചു

ഉണ്ണ്യേട്ടാ! സീത തരളിതയായി.. ആ വിളി ശൗരിയെ കൂടുതല്‍ ഉത്തേജിതനാക്കി. അതവന്‍റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു . ചുണ്ടുകളപ്പോള്‍ മധുകുംഭങ്ങള്‍ തേടി വണ്ടിനെപ്പോലെയടുത്തു..

“നീയെന്‍റെയാണ്” പുഞ്ചിരിക്കാന്‍ മറന്ന വിറയാര്‍ന്ന ചുണ്ടുകളുടെ  നിമന്ത്രണം കേട്ട് അവള്‍ ഒന്നുകൂടി ഞെളിഞ്ഞു നിന്നു.

അമ്മ!  ഉള്ളില്‍ അമ്മയുടെ പാദപതനം കേട്ടവര്‍ ഞെട്ടി. പെട്ടെന്ന് ഒന്നുമറിയാത്ത മട്ടില്‍ രണ്ടാളും പിന്‍വാങ്ങി, അത്യന്തം നിരാശയോടെ!

ഇനിയും വരണേ മുത്തേ! സീത പിന്തിരിയാന്‍ ഭാവിക്കവേ ശൗരി ശബ്ദമടക്കി വിറയാര്‍ന്ന സ്വരത്തില്‍ ആവശ്യപ്പെട്ടു..

ഉണ്ണ്യേട്ടന്‍ നാളെ പോകുവല്ലേ? അവളുടെ ഇളംകാറ്റുപോലെ ഒഴുകിയെത്തിയ മറുചോദ്യത്തില്‍ വിഷാദം പുരണ്ടിരുന്നത് അവനും ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ “നാളെ വൈകിട്ടേ പോകൂ.” എന്നവന്‍ സൂചിപ്പിച്ചു. ആ സൂചനയില്‍ ഒളിഞ്ഞിരുന്ന ഗൂഢാര്‍ഥം പെട്ടെന്നവള്‍ക്ക്  പിടികിട്ടി..  

വരാം! സീത സമ്മതിച്ചു..

“നിന്‍റെ സൗന്ദര്യം എന്നെ വല്ലാതെ ലഹരി പിടിപ്പിക്കുന്നു മുത്തേ! ഞാനെന്നെത്തന്നെയപ്പോള്‍ മറക്കുകയാണ്”.

കാലത്ത് കൊട്ടാരത്തിലെത്തിയ  സീതയുടെ ചുമലില്‍ ഇരുകയ്യുമമര്‍ത്തിക്കൊണ്ട് ശൗരി അവളുടെ കാതോരം മൊഴിഞ്ഞു..

“ഉണ്ണ്യേട്ടനിപ്പോള്‍ എന്നെക്കണ്ടാല്‍ ഒന്ന് തൊട്ടുഴിയാതെ വയ്യല്ലേ?” ചുമലില്‍നിന്നു കഴുത്തിലൂടെ ഒഴുകിയിറങ്ങിയ അവന്‍റെ വിരലുകള്‍ സീതയുടെ പൂവുടലില്‍  ഒരായിരം വസന്തം വിരിയിക്കവേ ഇടവലം  നോക്കി അവള്‍ ചോദിച്ചു.  .

നോക്കണ്ട! “അമ്മ ഒരിടം വരെ പോയിരിക്കുന്നു.” അവള്‍ ചുറ്റോടുചുറ്റും നോക്കുന്നത് കണ്ട് പുഞ്ചിരിച്ചുകൊണ്ടവനവളുടെ കടഞ്ഞെടുത്ത ശംഖു പോലുള്ള കഴുത്തില്‍  മുഖം ചേര്‍ത്തുവച്ചു പറഞ്ഞു.

കള്ളന്‍ ! അവളുടെ മനസ്സ് മന്ത്രിച്ചു.

കാതിനു പിന്നില്‍ അനുഭവപ്പെട്ട ഇക്കിളിക്കൊള്ളിക്കുന്ന ആ ഉരസലില്‍ നിന്നുയിരെടുത്ത മദഭരനിര്‍വൃതിയില്‍ കൂമ്പിയ കണ്ണുകള്‍ ശൗരി ചുംബനം കൊണ്ടമര്‍ത്തി അടച്ചു. ഉള്‍ക്കണ്ണില്‍  തെളിഞ്ഞ ശൗരിയുടെ കോമളരൂപത്തില്‍ മനമൂന്നവേ യാന്ത്രികമായി സീതയുടെ കൈകള്‍ ചലിച്ചു. അവ മുല്ലവള്ളിപോലെ അവന്‍റെ ഉടലില്‍ പടര്‍ന്നു കയറി. അണച്ചുകിതച്ചെത്തിയ നദി കടലില്‍ ചേരാന്‍ വെമ്പല്‍കൊള്ളുന്നതറിഞ്ഞ് കടല്‍ ഇളകിമറിഞ്ഞു. അനിയന്ത്രിതമായ വേഗതയില്‍ വന്ന തിരത്തള്ളലില്‍ കരയപ്പാടെ നനഞ്ഞു കുതിര്‍ന്നു. ആത്മ നിയന്ത്രണം കൈവിട്ടതോടെ ശൗരി സീതയെ തന്‍റെ കിടപ്പറയിലേയ്ക്ക് ചേര്‍ത്തുപിടിച്ചു നടത്തി.

തുടരും.....

Read More: https://www.emalayalee.com/writer/318


 

Join WhatsApp News
Devan Tharapil 2026-03-26 07:36:41
ആസ്വാദനം: വേലിക്കെട്ടുകൾക്കപ്പുറത്തെ പ്രണയലഹരി ​അധികാരത്തിന്റെയും ആചാരങ്ങളുടെയും 'സുഗ്രീവാജ്ഞ'കൾക്കു മുന്നിൽ പതറിനിൽക്കുന്ന സീതയുടെ വിങ്ങലോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. അച്ഛൻ തമ്പുരാന്റെ ഗർജ്ജനത്തിനു മുന്നിൽ അടിയറവ് പറയേണ്ടി വരുന്ന കുശവപ്പെണ്ണിന്റെ നിസ്സഹായത, മണ്ണും മനസ്സും തമ്മിലുള്ള ഗാഢബന്ധത്തെ ഓർമ്മിപ്പിക്കുന്നു. തമ്പുരാക്കന്മാരെ ഓർത്ത് കരയാൻ പോലും തനിക്ക് യോഗ്യതയുണ്ടോ എന്ന സീതയുടെ സ്വയം ചോദ്യം ചെയ്യൽ, കാലങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ജാതീയമായ അപകർഷതാബോധത്തിന്റെ നേർച്ചിത്രമാണ്. സീതയുടെ പ്രണയം നിഗൂഢവും എന്നാൽ തീക്ഷ്ണവുമാണ്. കൊട്ടാരക്കെട്ടിലെ മൂകതയെ ഭേദിച്ചെത്തുന്ന പൂച്ചയുടെ കരച്ചിലും, അറിയാതെ തട്ടുന്ന ആട്ടവിളക്കും വരാനിരിക്കുന്ന വൈകാരിക സ്ഫോടനത്തിന്റെ ലക്ഷണങ്ങളാണ്. ശൗരിയുടെ സാമീപ്യം സീതയുടെ ഭയത്തെ പ്രണയപരിഭവമാക്കി മാറ്റുന്നു. തമ്മിലുടക്കി കൊരുത്തു വലിച്ച ദൃഷ്ടികൾ പ്രണയപാരവശ്യത്തിന്റെ നാന്ദി കുറിക്കുന്ന പുതിയൊരു കഥ മെനയാൻ തുടങ്ങവേ..." ​എന്ന വരികൾ പ്രണയത്തിന്റെ ആത്മീയവും ശാരീരികവുമായ ലയനത്തെ സൂചിപ്പിക്കുന്നു. വികാരതലങ്ങൾ: ഈ അധ്യായം കേവലം ഒരു പ്രണയകഥയല്ല; മറിച്ച് സാമൂഹികമായ അസമത്വങ്ങൾക്കിടയിലും വിരിയുന്ന മനുഷ്യസഹജമായ വികാരങ്ങളുടെ ആഘോഷമാണ്. മകളുടെ വേദനയിൽ ഉരുകുന്ന താമിയുടെ പിതൃഹൃദയവും, മല്ലിയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന കൊക്കോച്ചിയുടെ പരുക്കൻ സ്വഭാവവും കഥയ്ക്ക് മണ്ണുമായുള്ള ബന്ധം ഉറപ്പിക്കുന്നു. ഒടുവിൽ, എല്ലാ തടസ്സങ്ങളെയും മറികടന്ന് പ്രണയം അതിന്റെ പൂർണ്ണത തേടുന്നു. ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന ശൗരിയും നിസ്സഹായത പ്രണയത്തിന് വഴിമാറുന്ന സീതയും വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വിലക്കപ്പെട്ട കനി തേടുന്ന ആവേശത്തോടെ, ജാതിക്കും കുലത്തിനുമപ്പുറം 'നീയെന്റേതാണ്' എന്ന നിമന്ത്രണം ഈ അധ്യായത്തെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക