
അന്ന് അത്തിക്കാവിൽ നിന്ന് അമ്മയോടൊപ്പം പോയത് ചേർത്തലയിലെ പൂച്ചാക്ക് എന്ന സ്ഥലത്തേക്കായിരുന്നു. അവിടെ അച്ഛൻപെങ്ങളുടെ വീടുണ്ട്. പണ്ടൊരിക്കൽ,
ആറോ ഏഴോ വയസ്സുള്ളപ്പോൾ അമ്മ അവിടേക്ക് കൊണ്ടുപോയതിൻ്റെ നേരിയ ഒരോർമ്മയുണ്ട്. മൂന്നാല് വർഷം കാത്തിരുന്നിട്ടും അച്ഛൻ തിരിച്ചെത്താതിരുന്നപ്പോൾ അന്വേഷിച്ച് പോയതാണ്.
വെമ്പനാട്ടുകായലിനോട് ചേർന്ന് കിടക്കുന്ന, പഞ്ചാരമണലും, വെളുത്ത വലിയ മണൽക്കൂനകളും ഉള്ള ഒരു നാട്. വർണ്ണവൈവിധ്യങ്ങളില്ലാത്തതിനാലാകാം നരച്ച ഒരോർമ്മയാണ് ആ നാടിനെ കുറിച്ചുള്ളത്. അല്ലെങ്കിലും അത്തിക്കാവിലെ പച്ചപ്പും പ്രണയഗന്ധവും ശീലിച്ച ഒരാൾക്ക് മറ്റൊരു നാടിഷ്ടപ്പെടാൻ സമയമെടുക്കും.
രണ്ടാമത് അമ്മയോടൊപ്പം പോയപ്പോൾ മണൽക്കൂനകളിലധികവും അപ്രത്യക്ഷമായിരുന്നു. അവിടെയൊക്കെ വലിയ ഇരുനില വീടുകൾ സ്ഥാനം പിടിച്ചു. കായലിനു കുറുകെ പാലം വന്നതിനാൽ പണ്ടത്തെ, ബസും കാറും മനുഷ്യരുമടക്കം സകലതും കയറ്റി കൊണ്ട് പോകുന്ന ചങ്ങാടയാത്രയും ഉണ്ടായില്ല. ഉളുമ്പുനാറ്റമുള്ള കാറ്റ് മാത്രം വീശികൊണ്ടിരുന്നു.
അച്ഛനെ തേടി മുമ്പും വന്നിട്ടുള്ളതിനാൽ ഉടനെ തിരിച്ചുപോകും എന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. എന്നാൽ ദിവസങ്ങൾ ആഴ്ചകളിലേക്ക് നീളുകയും ചോദ്യങ്ങൾക്കു മുന്നിൽ അമ്മ മൗനിയാവുകയും ചെയ്തപ്പോഴാണ് ചതി മനസ്സിലാവുന്നത്.
“ഇനി നിങ്ങ തിരിച്ച് പോണില്ല കേട്ട. കൊച്ചിന് ചേർത്തല കോളേജി പഠിക്കാവല്ല. അല്ലെങ്കിത്തന്നെ കൊറേ പഠിക്കണ്ട കാര്യവൊണ്ട?” അമ്മായി കൂടുതലൊന്നും ആലോചിക്കാതെ തന്നെ മുന്നോട്ടുള്ള പഠിത്തത്തിലേക്ക് കത്തിയെറിഞ്ഞു.
പ്രിഡിഗ്രി എക്സാമെഴുതി റിസൽട്ടും പ്രതീക്ഷിച്ചിരിക്കുന്ന സമയമായിരുന്നു അത്. ബാഷ പഠിക്കുന്ന കേരളവർമ്മ കോളേജിൽ സീറ്റ് കിട്ടണം എന്ന നിർബന്ധമുള്ളതുകൊണ്ട് എക്സാമിന് ആഞ്ഞുൽസാഹിച്ചിരുന്നു. പ്രതീക്ഷയുമുണ്ടായിരുന്നു.
അപ്പോഴാണ് അമ്മയുടെ ആ അപ്രതീക്ഷിത നീക്കം. തിരിച്ച് പോകാൻ പല ശ്രമങ്ങളും നടത്തി. അമ്മയുടെ ആത്മഹത്യാ ഭീഷണിയിൽ ഒടുവിലാ ചിന്തയുപേക്ഷിക്കേണ്ടി വന്നു.
വേറെ നിവൃത്തിയില്ല എന്നുറപ്പായപ്പോൾ ആലപ്പുഴയും തൃശൂരും വേണ്ടെന്ന് വച്ച് കോട്ടയത്തെ സെൻ്റ് തേരസാസിൽ ഡിഗ്രിക്ക് ചേരുകയും ഹോസ്റ്റലിൽ നിൽക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഉള്ളിൽ നിറയെ അമ്മയോടുള്ള വൈരാഗ്യമായിരുന്നു. അമ്മയിൽ നിന്ന് പരമാവധി അകന്ന് നിൽക്കുക. പ്രതികാരത്തിനുള്ള ഏറ്റവും നല്ല വഴി അതു തന്നെയായിരുന്നു.
മറ്റേമ്മയും വല്യമ്മയും അമ്മയുമടക്കം മൂന്നമ്മമാരുടെ സ്നേഹസംരക്ഷണമാണ് കുറച്ച് മാസങ്ങൾക്കകം ഇല്ലാതായത്. ബാഷയുടെ സ്നേഹത്തിൻ്റെ മാധുര്യവും നഷ്ടപ്പെട്ടു. അത്തിക്കാവെന്ന മായികലോകവും ഓർമ്മയായി.
തളരാൻ സമ്മതിക്കാത്ത മനസ്സ് മാത്രമാണപ്പോൾ ആശ്രയമായി ഉണ്ടായിരുന്നത്.
വാശിയോ, നിവൃത്തിയില്ലായ്മയോ മൂലം സ്വയമെടുക്കുന്ന ചില തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ വല്ലാതെ സ്ട്രഗ്ഗിൾ ചെയ്യേണ്ടി വരും. വീടെന്ന ചുറ്റുമതിലിൻ്റെ സംരക്ഷണമുപേക്ഷിച്ച് ഒറ്റപ്പെട്ട് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട നിഷാനയിൽ ഞാനെന്നെ കാണാറുണ്ട്. അവളോളം അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും.
നിഷാന റൈനുവിൻ്റെ മകളുടെ റൂം മേറ്റായിരുന്നു. ജർമ്മനിയിൽ. മകൾ എന്ന് പറഞ്ഞാൽ പ്രസവിച്ച് വളർത്തിയ മകളല്ല. പ്രസവിച്ചാൽ മാത്രമേ അമ്മയാകൂ എന്നുള്ളത് ചെറിയൊരു തെറ്റിദ്ധാരണയാണെന്ന് റൈനു പറയാറുണ്ട്. അതിൽ ശരിയുണ്ടെന്ന് ഞാൻ അവളിലൂടെ തന്നെയാണ് മനസ്സിലാക്കിയത്.
റൈനു തുറന്ന് പറഞ്ഞിട്ടു പോലും ആദി അവളുടെ സ്വന്തം മകളല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു. ആ അമ്മ - മകൾ കോംപോ അത്രയ്ക്കും പെർഫെക്റ്റായാണ് അനുഭവപ്പെട്ടിരുന്നത്.
ആദിയുടെ ദൈനംദിന കോളുകളാണ് നിഷാനയെ ഇവിടെയെത്തിച്ചത്. വള്ളിക്കെട്ടുകൾ പലതും തലയിലേറ്റുന്നത് പതിവാക്കിയ ആളാണ് റൈനു. നിഷാനയെ കൂട്ടികൊണ്ടുവരുന്ന കാര്യം പറഞ്ഞപ്പോൾ സത്യത്തിൽ സ്വാർത്ഥപരമായ ഒരു മനോഭാവമാണ് ഉള്ളിലുണ്ടായത്. സ്വകാര്യതയിലേക്ക് മറ്റൊരാൾ ? എന്ന്.
റൈനുവിൻ്റെ ആ തീരുമാനം എത്ര നന്നായെന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിഷാന അത്രമേൽ ഞങ്ങളോട് ചേർന്ന് പോയ ശേഷം.ചില സന്ദർഭങ്ങളിൽ റൈനുവിനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ പോലും
തോന്നാറുണ്ട്. കാരണം മുഖം നോക്കാതെ അവളെടുക്കുന്ന ചില തീരുമാനങ്ങൾ ആദ്യം കയ്ച്ചാലും പിന്നീട് മധുരിച്ചിട്ടേയുള്ളൂ.
“താൻ ആ ചിക്കനെടുത്ത് മാരിനേറ്റ് ചെയ്ത് വെച്ചോ. പിന്നെ ബാക്ക്യൊള്ള സാധനങ്ങളും സെറ്റാക്ക്. അപ്പഴയ്ക്ക് ഞാനിങ്ങ് വരാം. നമ്മക്കിന്ന് ലഞ്ചിന് ബട്ടർചിക്കനും ഗോതമ്പ് പത്തിരീം ണ്ടാക്കാം. പൊളിയാരിക്കും.“
എന്നു പറഞ്ഞ് പോയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞു. റൈനു ഇപ്പോഴും കൊണ്ടുപിടിച്ച ചർച്ചയിലാണ്. യുകെയിലുള്ള സുഹൃത്തുമായാണ് സംവാദം.
ഡിഗ്രി കാലത്തെ രണ്ട് ചങ്ക് ഫ്രണ്ട്സുണ്ട് റൈനുവിന് . അവരുമായുള്ള സംസാരം പലപ്പോഴും ഞങ്ങൾ കേൾക്കലെയാണ്. ചിലപ്പോഴൊക്കെ സ്പീക്കറിൽ. അതുകൊണ്ടൊക്കെയാവും അവർക്ക് ഞങ്ങളെയും ഞങ്ങൾക്കവരെയും നന്നായി അറിയാമായിരുന്നു.
“രണ്ടൊത്താ മൂന്നൊക്കും.“ എന്ന് ഈ വീട്ടിൽ താമസം തുടങ്ങിയ നാൾ മുതൽ റൈനു പറയുന്നതാണ്.
അവൾക്കെപ്പോഴും ഇടത്തും വലത്തുമായി രണ്ട് ഫ്രണ്ട്സ് ഉണ്ടാകാറുണ്ടത്രെ. ചൈൽഡ്ഹുഡ് ഓർമ്മകളിലും ഇതേ പോലെ രണ്ട് ചങ്കുകൾ ഉണ്ട്. അവരുമായി വിളിയും സംസാരവും ഇല്ലെങ്കിലും വാതോരാതെ ആ കാലത്തെപറ്റി പറയുന്നത് കേൾക്കാം.
നിഷാന എത്തിയപ്പോഴാണ് ആ ‘മൂന്ന്’ ഒത്തത്. ഹൈമവതി ടീച്ചർ താഴെ താമസമുണ്ടെങ്കിലും അവരെ ഒരു സുഹൃത്ത് എന്ന നിലയിലെടുക്കാൻ കഴിയില്ല. അമ്മയെ പോലെ, അല്ലെങ്കിൽ ചേച്ചിയെ പോലെ എന്നെല്ലാം കരുതാനെ പറ്റൂ. ഗൗരവം വിടാത്ത ആ മുഖഭാവം ഞങ്ങളെ എപ്പോഴും അവരിൽ നിന്ന് കൃത്യമായൊരു അകലം സൂക്ഷിക്കാൻ പ്രേരിപ്പിച്ചു. വർഷങ്ങൾക്ക് ശേഷവും.
റൈനു ഇപ്പോൾ ബാൽക്കണിയിലാണ്. ഇന്നത്തെ സംസാരം കുറച്ച് കോൺഫിഡൻഷ്യൽ ആണെന്ന് തോന്നുന്നു. അവിടെ ചെന്നെത്തി നോക്കി ശബ്ദമുണ്ടാക്കി. ഇപ്പവരാം എന്നവൾ കൈ കൊണ്ട് ആംഗ്യം കാട്ടി.
കുറച്ച് നേരം കൂടി കാത്തിരുന്ന ശേഷം വെള്ളം അളന്നൊഴിച്ച് അടുപ്പിലേക്ക് വച്ചു. ഉപ്പും പഞ്ചസാരയും ഓയിലും ചേർത്ത് തിളപ്പിച്ചു. അളന്നുവച്ച ഗോതമ്പുപൊടിയിട്ട് മരക്കൈയിൽ കൊണ്ടിളക്കി ഇറക്കിവച്ചു. ഇനിയൊന്ന് ചൂടാറുമ്പോ നന്നായി കുഴച്ചെടുക്കണം. കുഴച്ചെടുത്ത് വരുമ്പോ ശരിയായാ മതിയായിരുന്നു. റൈനുവിന് അവൾ ചെയ്താലാണ് തൃപ്തി. എങ്ങാനും ശരിയായില്ലെങ്കിൽ ഒച്ചയിടാൻ സാധ്യതയുണ്ട്. ആഹാരകാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറല്ലാത്തയാളാണ്. പക്ഷേ ......, ഈ ഫോൺ വിളി. അത് ഇപ്പൊഴൊന്നും തീരുന്ന ലക്ഷണമില്ല.
രാവിലത്തേതിൻ്റെ ബാക്കി ഇടിയപ്പവും കുറച്ച് തേങ്ങാപ്പാലും ഇരിപ്പുണ്ട്. നിഷാന വന്ന് പാത്രം തുറന്ന് നോക്കി അവൾക്കത് മതിയെന്ന് ചെവിയിൽ പറഞ്ഞു. ഞാനത് കേട്ട് കണ്ണുരുട്ടി കാണിച്ചു. പിന്നെ റൈനുവിലേക്ക് കണ്ണെറിഞ്ഞ് “ അവള് നിന്നെ കൊല്ലും “
എന്ന് ഭീഷണിപ്പെടുത്തി.
പുട്ടാണെങ്കിലും ദോശയാണെങ്കിലും ഇഢലിയാണെങ്കിൽ പോലും പഞ്ചസാരയിട്ട് കഴിക്കുന്നവളാണ് നിഷാന. എരിവ് അടുത്തുകൂടെ പോകാൻ പാടില്ല.
“ഉമ്മയെയും ഉപ്പയെയും ധിക്കരിച്ച് വിദേശത്ത് പഠിക്കാൻ പോയ മൊതലാണ്ടാ ഇത്. പഞ്ചാര കൂട്ടി ചോറ് വരെ തിന്നും. അയ്യയ്യോ !”
എപ്പോഴുമുള്ള റൈനുവിൻ്റെ കളിയാക്കലും ഭീഷണിയും മൂലം ഇപ്പോ കുറച്ച് മാറിയിട്ടുണ്ട്.
താനും ഒരു കാലത്ത് ഇതുപോലെയായിരുന്നല്ലോ എന്ന് നിഷാനയുടെ ഇത്തരം പ്രവൃത്തികൾ കാണുമ്പോഴൊക്കെ ആലോചിക്കാറുണ്ട്. ബാഷയാണ് അന്നവിടെ റൈനുവിൻ്റെ റോൾ ചെയ്തിരുന്നത്.
സ്പൂൺ ഫീഡിംഗിലൂടെ വളർത്തപ്പെടുന്ന കുട്ടികൾക്കാണ് മിക്കപ്പോഴും മാതാപിതാക്കളുടെ സ്നേഹശാസനകൾക്ക് കീഴിൽ സ്വന്തം സ്വരം നഷ്ടപ്പെടാറുള്ളത്. കുട്ടികളുടെ അമിതമായ ആശ്രിതത്വം പലപ്പോഴും മാതാപിതാക്കൾ ചൂഷണം ചെയ്യുകയല്ലേ ചെയ്യാറ്. അവരെ അവർ എതിർക്കില്ല എന്ന അമിതവിശ്വാസത്തിൽ.
മാതാപിതാക്കളെ എതിർക്കാൻ കെൽപില്ലാത്തതിനാലാണ് ഇഷ്ടമില്ലാഞ്ഞിട്ടും പങ്കാളി എന്ന നിലയിൽ പെരുമാറാൻ തന്നെ കൊണ്ട് കഴിയില്ലെന്നറിഞ്ഞിട്ടും നിഷാന ഒരു വിവാഹത്തിന് തയ്യാറായത്. അതേ കെൽപില്ലായ്മയാലാണ് അവരുടെ സമ്മതത്തോടെയാണെന്ന് അവരെ വിശ്വസിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ടത്.
അവളുടെ ക്രമം തെറ്റിയ ആർത്തവ ചക്രങ്ങളും ഗർഭപാത്രത്തിൻ്റെ അവസ്ഥയും വീട്ടുകാർക്കും അവളുടെ ഭർത്താവിനും അറിയാമായിരുന്നു. ചില അസ്വാരസ്യങ്ങൾ മുറിക്കത്ത് മാത്രമൊതുക്കാൻ ആ പയ്യനും ശ്രമിച്ചിരുന്നു എന്നാണ് നിഷാന പറഞ്ഞിട്ടുള്ളത്. പലപ്പോഴും വീട്ടുകാരേക്കാൾ സപ്പോർട്ട് ചെയ്തിരുന്നെന്നും.
നിഷാനയുടെ ഫിസിക്കലി മെൻ്റലി പ്രോബ്ളംസ് ആദി കുറച്ച് വൈകിയാണ് മനസ്സിലാക്കിയത്. ഇൻട്രോവെർട്ട് ആയ ഒരാളായിരിക്കും. അതിനാൽ കൂടുതൽ ഇടപഴകാൻ നിൽക്കണ്ട എന്ന തീരുമാനത്തിൽ ഒരേ വീട്ടിലാണെങ്കിലും രണ്ട് ഒറ്റപ്പെട്ട തുരുത്തുകളായാണ് അവർ ജീവിച്ചത്. അതുകൊണ്ട് തന്നെ നിഷാനയുടെ ആരോഗ്യസ്ഥിതി തീർത്തും പരിതാപകരമായപ്പോഴാണ് ആദിയറിയുന്നത്.
ആംബുലൻസ് വിളിച്ച് എമർജൻസി വിഭാഗത്തിലേക്ക് നിഷാനയെ കൊണ്ടുപോകുന്നത് പാതിരാത്രിയിലാണ്. അപ്പോഴവളുടെ ബ്ലഡ് കൗണ്ട് മൂന്നിൽ താഴെയായിരുന്നു.
“അൽപംകൂടി വൈകിയിരുന്നെങ്കിൽ നിഷാന ഉണ്ടാകുമായിരുന്നില്ലമ്മേ. “ എന്ന് ഫോണിലൂടെ ആദിയന്ന് കരയുകയായിരുന്നു.
പിന്നീടാണ് നിഷാന ആദിയോട് തുറന്ന് സംസാരിക്കാൻ തുടങ്ങിയത്. ചൈൽഡ്ഹുഡിൽ സ്വന്തം വീട്ടിൽ ഒരു ബന്ധുവിൽ നിന്നുണ്ടായ അബ്യൂസ്മെൻ്റ്. വീട്ടിൽ ആരും തന്നെ വിശ്വസിക്കുന്നില്ല എന്ന ചിന്തയിൽ നിന്നുണ്ടായ ട്രോമ . പിന്നീട് ഉപ്പയടുത്തുവരുമ്പോൾ പോലും തോന്നുന്ന അറപ്പ്.
ഇതൊക്കെ കേട്ട് റൈനു നിഷാനയുടെ മാതാപിതാക്കളെ വിളിച്ച തെറിക്ക് കണക്കില്ല.
അവിടുത്തെ ഹോസ്പിറ്റലിൽ യൂട്രസ് റിമൂവ് ചെയ്യുക എന്ന ഒറ്റ ഓപ്ഷനാണ് ഡോക്ടേഴ്സ്’ പറഞ്ഞത്. സർജറിക്കായി അവർ തന്ന ഡെയ്റ്റ് രണ്ട് മാസത്തിനപ്പുറം ഉള്ളതും.
നാട്ടിലേക്ക് തിരിച്ച് വരാനും വീട്ടിൽ വിവരം പറയാനും റൈനു നിഷാനയെ ഉപദേശിച്ചു.
“മരിക്കാണെങ്കി ആവട്ടെ. എനക്കവടെ പോയി ജീവിക്കണംന്നില്ല. തിരിച്ച് ചെന്നാ ഈ കാരണൊക്കെ പറഞ്ഞ് എന്നെ തിരിച്ച് വിടൂല. ഞാൻ ഇവിടെയാണെങ്കി ഇക്കാക്ക് പൊരക്കാരോട് പറയാൻ ഒരു കാരണോണ്ട്. അവിടെ ചെന്നാല് ഓനോടൊപ്പം ജീവിക്കേണ്ടി വരൂലെ. ഇവിടെ പറ്റുന്ന ചികൽസ ചെയ്ത് നിക്കാം. “ എന്നായിരുന്നു നിഷാനയുടെ മറുപടി.
ഫസ്റ്റ് സെമ്മിൻ്റെ എക്സാം ആകാറായിട്ടുണ്ടായിരുന്നു. ഇടക്കിടെയുള്ള ഹോസ്പിറ്റൽ സന്ദർശനവും നിഷാനയെ കെയർ ചെയ്യലും ആദിയുടെ പഠനത്തെയും ബാധിച്ചു.
പാർട്ട് ടൈം ജോലിക്ക് പോകാൻ പോലും ആദിക്ക് ഭയമായിരുന്നു. നിഷാന ഒറ്റയ്ക്കാവുമല്ലോ എന്നോർത്ത്. ഇതെല്ലാം മനസ്സിലാക്കി നിഷാന വേദന കടിച്ചമർത്തുന്നതും വേണ്ടതിലധികം വേദനസംഹാരികൾ കഴിക്കുന്നതും ആദി അറിയുന്നുണ്ടായിരുന്നു. ആദിയിലൂടെ റൈനുവും.
അങ്ങനെയാണ് റൈനു ആ തീരുമാനമെടുക്കുന്നത്. നിഷാനയുടെ വീട്ടുകാരറിയാതെ നാട്ടിലെത്തിച്ച് നല്ല ചികൽസ ലഭ്യമാക്കുക. എക്സാം കഴിയുന്നതിൻ്റെ പിറ്റേന്നത്തെ ഫ്ലൈറ്റിൽ ഇതുവരെ കാണാത്ത ഒരമ്മയുടെ അടുത്തേക്ക് തണലും സാന്ത്വനവും പ്രതീക്ഷിച്ച് നിഷാന പറന്നതങ്ങനെയാണ്.
പ്രതീക്ഷിച്ചതിലും അധികമായിരുന്നു കാലം അവൾക്കായി ഇവിടെ കാത്തുവച്ചിരുന്നത്.
( തുടരും…)