
പ്രശസ്ത നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമായിരുന്ന കെ ടി മുഹമ്മദ്.... വളരെ എളിയ സാഹചര്യത്തിൽ നിന്ന് ഉയർന്നു വന്നു മലയാള നാടകരംഗത്തിൻറെ പോഷണത്തിനും സാമൂഹ്യ രംഗത്തെ തിരുത്തലുകൾക്കുമായി ജീവിതം സമർപ്പിച്ച വ്യക്തിയാണ് കെ.ടി മുഹമ്മദ്; കൃതികളില്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി വിട്ടുവീഴ്ചയില്ലാത്തൊരു പോരാളിയായി; ഇതിനു പുറമെ ഒരു ഘട്ടത്തിൽ, രംഗവേദിയിലെ പരീക്ഷണങ്ങൾ വഴി മലയാള നാടക രംഗത്തെ ആധുനികനുമായി മാറി.
18-ാം ചരമവാർഷിക ദിനം, ഇന്ന്!
ഏറനാനാട് താലൂക്കിലെ മഞ്ചേരിയില്‍, പാറത്തൊടിക വീട്ടില്‍ 1929-ൽ സെപ്റ്റംബർ 29-ന് ആണ് കെ. ടി. മുഹമ്മദ് ജനിച്ചത്. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു പിതാവ് കുഞ്ഞറമ്മു; ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.
കുഞ്ഞറമ്മുവിന് എട്ട് മക്കളായിരുന്നു. ആറ് പെണ്ണും രണ്ട് ആണും. സ്ഥലംമാറ്റമായി പലയിടത്തും ജോലി ചെയ്യേണ്ടിവന്നതിനാല്‍ കുഞ്ഞറമ്മുവിന് മകനെ സമയത്തിന് സ്കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാംക്ലാസുവരെ പഠിച്ചിരുന്ന കുഞ്ഞറമ്മു താന്‍ പഠിച്ചിരുന്നതത്രയും വീട്ടിലിരുത്തി മകനെ പഠിപ്പിച്ചു. കോഴിക്കോട്ടെ പൊലീസ് ലൈനില്‍ സ്ഥിരതാമസമായെന്നുവന്നതോടെ പുതിയറക്കു സമീപത്തെ ബൈരായിക്കുളം യു. പി. സ്കൂളില്‍ ചേര്‍ത്തു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിയ കെ. ടി. മുഹമ്മദിന് മൂന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചു. മൂന്നാം ക്ലാസിലെ പരീക്ഷയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന്, ഡബിള്‍ പ്രൊമോഷനോടെ മുഹമ്മദ് അഞ്ചാംതരത്തിലെത്തി.
അഞ്ചാംതരം ജയിച്ചപ്പോള്‍ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം കെ ടി മുഹമ്മദിന് പഠിപ്പ് നിര്‍ത്തേണ്ടിവന്നു. താമസസ്ഥലത്തിനു സമീപത്തെ ഷാജഹാന്‍ (ഇന്നത്തെ കോറണേഷന്‍) തിയറ്ററിനടുത്ത് സഹോദരീ ഭര്‍ത്താവ് നടത്തിയിരുന്ന പച്ചക്കറിപ്പീടികയില്‍ സഹായിയായി നിന്നു. രണ്ടു വർഷത്തിന് ശേഷം, ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ ചേര്‍ന്നു. ആറുമുതല്‍ എട്ടാംതരം വരെ അവിടെ പഠിച്ചു.
പൊലീസ് ലൈനിലെ കൂട്ടുകാരോടൊപ്പം (ബാബുരാജും കോഴിക്കോട് അബ്ദുൾ ഖാദറുമൊക്കെ ഉൾപ്പെടുന്നതാണ് ആ സൗഹൃദയ വലയം) ഷാജഹാന്‍ തിയറ്ററില്‍ നിന്ന് സിനിമയും വല്ലപ്പോഴും അരങ്ങേറിയിരുന്ന തമിഴ്- മലയാളം നാടകങ്ങളും കാണുമായിരുന്നു. അങ്ങനെ നാടകവും സിനിമയും മനസ്സിൽ കുടിയേറി... ബാപ്പയുടെ സുഹൃത്തും തന്റെ 'ഗുരു'വും വഴികാട്ടിയുമായ പൊലീസുകാരന്‍ കുഞ്ഞഹമ്മദ്ക്കയുമുണ്ടായിരുന്നു പ്രോത്സാഹിപ്പിക്കാന്‍. (ബാബുരാജിൻറെയും കോഴിക്കോട് അബ്‍ദുൾ ഖാദറിൻറെയും രാക്ഷാകർത്താവും മെന്ററും ആയിരുന്ന ആൾ തന്നെയാണ് കുഞ്ഞഹമ്മദ്ക്ക)
ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ പഠിക്കുമ്പോൾ കഥയും പാട്ടുമൊക്കെ എഴുതുവാൻ തുടങ്ങി. അടുത്തവര്‍ഷം വിദ്വാന്‍ കെ എസ് രാമന്‍ (ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹനന്റെ പിതാവ്) തന്റെ 'പശ്ചാത്താപം' എന്ന നാടകത്തിന് പാട്ടെഴുതാന്‍ ചുമതലപ്പെടുത്തിയതോടെ പുതിയൊരു വിലാസം കൂടി കെടി-ക്കു കൈവന്നു. രാമന്‍മാസ്റ്ററുടെ നാടകത്തില്‍ കെ ടി-ക്ക് പ്രധാനവേഷം അഭിനയിക്കാനും ലഭിച്ചിരുന്നു. സ്കൂള്‍ വിട്ടശേഷവും ഈ അധ്യാപകരുടെ പ്രോത്സാഹനം തുടര്‍ന്നു.
ബാപ്പയുടെ ചെറിയ ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നതിനാല്‍ കെ ടി മുഹമ്മദിന് ഒരിക്കൽ കൂടി പഠിപ്പുനിര്‍ത്തി ജോലി തേടേണ്ടിവന്നു. കോഴിക്കോട് 'മിഠായിതെരുവില്‍' ഒരു കടയില്‍ പതിനെട്ടുരൂപാ ശമ്പളത്തില്‍ വില്‍പനക്കാരനായി ജോലി കിട്ടി (1945).
ആറു മാസം കഴിഞ്ഞപ്പോൾ ബാപ്പ, മകന് തപാല്‍വകുപ്പില്‍ പാക്കറുടെ ജോലി തരപ്പെടുത്തി. 1946-ല്‍ തപാല്‍വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ സമരം ആരംഭിച്ചപ്പോള്‍ താല്‍ക്കാലികക്കാരന്‍ മാത്രമായ കെ. ടി., അതില്‍ സജീവമായി പങ്കെടുത്തു. കെ.ടി.-ക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ദൃഢബന്ധമായിരുന്നു. കാലാന്തരത്തിൽ ആ ജോലിയിൽ കെ.ടി.ക്ക് ഉയർച്ചയുണ്ടായി. ക്ലാസ്-3 ജീവനക്കാരുടെ സംഘടനയുടെ കോഴിക്കോട് ഡിവിഷന്‍ പ്രസിഡണ്ടായിരിക്കെ, 1969-ല്‍ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു; അത് 1968-ലെ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള ഒരു ശിക്ഷണ നടപടിയിരുന്നു.
കെ. ടി.-യും സംഗീതക്കാരായ ബാബുരാജും കോഴിക്കോട് അബ്ദുള്‍ഖാദറുമൊക്കെ പ്രവര്‍ത്തകരായി 1948-ല്‍ കോഴിക്കോട്ട് രൂപംകൊണ്ട ബ്രദേഴ്സ് മ്യൂസിക് ക്ളബിന്റെ വാര്‍ഷികത്തിന് 1950-ല്‍ അവതരിപ്പിച്ച 'ഊരുംപേരു'മാണ് ആദ്യമായി അരങ്ങുകണ്ട കെ.ടി.-യുടെ നാടകം. കബീര്‍ദാസ് എന്ന പേരിലായിരുന്നു നാടകം എഴുതിയത്. 'വെളിച്ചം വിളക്കന്വേഷിക്കുന്നു' എന്ന പേരില്‍ മാറ്റിയെഴുതിയാണ് പിന്നീടത് അവതരിപ്പിച്ചതും പുസ്തകമാക്കിയതും. തൊട്ടടുത്തവര്‍ഷം 'അവര്‍ തീരുമാനിക്കുന്നു' എന്ന നാടകം എഴുതി. 1952-ല്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ അവതരിപ്പിച്ച 'മനുഷ്യന്‍ കാരാഗൃഹത്തിലാണ് ' എന്ന നാടകമാണ് നാടകകൃത്തെന്ന നിലയില്‍ കെ.ടി.-ക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. കുട്ടികൃഷ്ണ മാരാര്‍ അന്ന് സദസ്സിനു മുമ്പാകെ വെച്ചും പിന്നീട് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെഴുതിയ നിരൂപണത്തിലും ചൊരിഞ്ഞ പ്രശംസ കെടി-യുടെ കലാജീവിതത്തില്‍ വമ്പിച്ച പ്രോത്സാഹനമായി മാറി.
1951-ല്‍ കെ ടി എഴുതിയ 'കണ്ണുകള്‍' ലോക ചെറുകഥാ മല്‍സരത്തില്‍ സമ്മാനം നേടി. 'ചെണ്ടയും മതവും', 'രോദനം' എന്നിങ്ങനെ തുടര്‍ന്നും ചില കഥകളെഴുതിയെങ്കിലും നാടകമാണ് തന്റെ മാധ്യമമെന്ന് കെ. ടി. സ്വയം തിരിച്ചറിഞ്ഞു.
1953-ല്‍ കെടി-യുടെ 'ഇത് ഭൂമിയാണ് ' എന്ന നാടകം അരങ്ങേറിയപ്പോള്‍ വലിയ കോലാഹലമുണ്ടായി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച നാടകമായിരുന്നു അത്. ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒന്നാണ് ആ നാടകം. ഈ നാടകം മലബാറിലെ അരങ്ങ് വിട്ട് തിരുവന്തപുരം വരെ സഞ്ചരിച്ചു; പി.കെ. വിക്രമൻ നായരുടെയും കൈനിക്കരയുടെയും വീരരാഘവൻ നായുടെയും നാടകം കണ്ടു ശീലിച്ചിരുന്ന തിരുവനന്തപുരത്തെ സദസ്സിന് കെ.ടി.-യുടെ ഈ നാടകം ഒരു പുതിയ അനുഭവമായി!
അരൂര്‍പാലം വരുന്നതിനും മുമ്പ് ഈ നാടകവുമായി ചങ്ങാടത്തില്‍ കയറിയെത്തിയ കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബായിരുന്നു മലബാറില്‍ നിന്ന് ആദ്യമായി തിരുവിതാംകൂറിലെത്തിയ നാടകസംഘം.
കറവറ്റപശു, ഞാന്‍ പേടിക്കുന്നു, ഉറങ്ങാന്‍ വൈകിയരാത്രികള്‍, ചുവന്ന ഘടികാരം, പുതിയ വീട്, താക്കോലുകള്‍, രാത്രിവണ്ടികള്‍, ഓപ്പറേഷന്‍ തിയറ്റര്‍, കടല്‍പ്പാലം, കളിത്തോക്ക് എന്നിങ്ങനെ നിരവധി നാടകങ്ങള്‍....
കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയതാണ് കടല്‍പാലം, സംഗമം (അഛനും ബാപ്പയും), മുത്തുച്ചിപ്പി, സ്വന്തം ലേഖകന്‍ തുടങ്ങിയ നാടകങ്ങള്‍. രാഷ്ട്രഭവൻ, പ്രവാഹം, തുറക്കാത്തവാതില്‍, തീക്കനല്‍, ദൈവശാസ്ത്രം എന്നിവ കെ. ടി.-യുടെ മറ്റുപ്രമുഖ കൃതികളില്‍പ്പെടുന്നു.
കെ. ടി.-1963-ല്‍ 'കാഫര്‍' എഴുതിയശേഷം നാടകരംഗത്തു നിന്നു വിട്ടു നിന്നു. ഇക്കാലത്ത് കഥകളും നോവലുകളും എഴുതിയെങ്കിലും സർഗാത്മക അന്വേഷണം കാര്യമായും പുതുഭാവുകത്വമുള്ള നാടകത്തിനു വേണ്ടിത്തന്നെയായിരുന്നു. പുതിയൊരു സൃഷ്ടി-പരമ്പരയാണ് പിന്നെ മലയാള നാടകവേദി കണ്ടത്.
നീണ്ട ഇടവേളക്കുശേഷം 1969-ല്‍ 'സൃഷ്ടി'യുമായി വീണ്ടും കെ.ടി.- അരങ്ങിലെത്തി. അതൊരു പുനര്‍ജന്മമായിരുന്നു. രംഗഭാഷയുടെ പൊളിച്ചെഴുത്തിന്റെ കാലം. നാടകത്തെ സ്ഥലത്തിന്റെയും കാലത്തിന്റെയും ബന്ധനത്തില്‍നിന്നു മുക്തമാക്കാനുള്ള സര്‍ഗാത്മകഅന്വേഷണത്തിന്റെ ഫലമായി 'സൃഷ്ടി'ക്കു പിറകെ 'സ്ഥിതി', 'സംഹാരം', 'സാക്ഷാത്കാരം', 'സമന്വയം', 'സനാതനം', 'സന്നാഹം' എന്നിങ്ങനെ 'സ'കാര നാടകങ്ങളുടെ നിര തന്നെ അവതീര്‍ണമായി. 'സംഗമം' എന്നപേരില്‍ സ്ഥാപിച്ച പുതിയ നാടക സമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ നാടകങ്ങള്‍ അവതരിപ്പിച്ചത്. നാടക പര്യവേഷണത്വരയുടെ നാളുകളില്‍ എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്റര്‍ എന്നൊരു സമിതിയുടെ സ്ഥാപനത്തിനും കെ ടി നേതൃത്വം നല്‍കിയിരുന്നു.
ഒടുവില്‍ കലിംഗ തിയറ്റര്‍ രൂപീകരിച്ചാണ് നാല്‍ക്കവല, കൈനാട്ടികള്‍, ദീപസ്തംഭം മഹാശ്ചര്യം, കുചേലവൃത്തം, അസ്തിവാരം, വേഷം പ്രഛന്നം, വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചത്.
കെപിഎസിക്കുവേണ്ടി ജീവപര്യന്തം, സൂത്രധാരന്‍, പെന്‍ഡുലം തുടങ്ങിയ നാടകങ്ങള്‍ കെടി എഴുതി.
ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം,കളിയും കാര്യവും എന്നീ കഥാസമാഹാരങ്ങളും മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ ടി-യുടെ നാടകങ്ങള്‍ മിക്കതും പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചില നാടകങ്ങള്‍ ഇനിയും പുസ്തകമാക്കിയിട്ടില്ല. 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലേതുള്‍പ്പെടെ കുറെ നാടക ഗാനങ്ങളും കെ.ടി.-യുടേതായുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളടങ്ങിയ ഓഡിയോകാസറ്റ് 'കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങള്‍ ' എന്നപേരില്‍ പുറത്തിറക്കിയിട്ടുണ്ട്.
റേഡിയോ നാടകങ്ങളുടെ രംഗത്ത് ഒരു പ്രശസ്തമായ നിരവധി രചനങ്ങൾ കെ ടി നടത്തിയിട്ടുണ്ട്..... അവയിൽ പലതും പിന്നീട് നാടകവേദികളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു.....
1962-ല്‍ മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ചകോട്ട്' എന്ന നാടകത്തിനു തിരക്കഥ എഴുതി, ചലച്ചിത്ര രംഗത്തു പ്രവേശിച്ച കെ.ടി. ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. 'കണ്ണും കരളും', 'കടല്പാലം', 'മുത്തുച്ചിപ്പി', 'അച്ഛനും ബാപ്പയും', 'തുറക്കാത്ത വാതില്‍', 'ശരപഞ്ജരം', 'രാജഹംസം', 'പ്രവാഹം', 'മയിലാടും കുന്ന്', 'അടിമക്കച്ചവടം', 'അര്‍ച്ചന', 'ആരാധന' എന്നിവ അവയില്‍ ചിലതാണ്.
'സൃഷ്ടി' എന്ന സിനിമയുടെ സംവിധാനവും കെ. ടി. നിര്‍വഹിച്ചു. 'സൃഷ്ടി' സിനിമയിലെ നായകനായ കഥാകൃത്തിനെ അവതരിപ്പിച്ചത് സുരാസുവാണ്: "ആയിരം പൊൻപണം വീണു കിട്ടി!" എന്ന തമാശപ്പാട്ട് ഇതിലേതാണല്ലോ! അതിലെ "നാരായണേട്ടൻ്റെ പുരേൻ്റെ മുറ്റത്തെ പേരക്കായും പൊന്നു കൊണ്ട്!" വരികൾ, ചിലരുടെ പൊങ്ങച്ച കല്യാണങ്ങൾക്കു പോകുമ്പോൾ ഓർത്തു പോകാറുണ്ട്.
തന്റെ കലാജീവിതത്തിന്റെ തുടക്കംമുതല്‍ തന്നെ നാടകാഭിനയത്തില്‍ മികവ് പ്രകടിപ്പിച്ച കെ ടി 'തുറക്കാത്ത വാതില്‍', 'അന്ന', 'യാഗാശ്വം', 'ഉണരു' തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കെ പി ഉമ്മര്‍, നെല്ലിക്കോട് ഭാസ്കരന്‍, കുതിരവട്ടം പപ്പു, ശാന്താദേവി എന്നിങ്ങനെ നിരവധി കലാകാരന്‍മാരെ കെ. ടി. നാടക-സിനിമാ അഭിനയ രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്. കെ.ടി.-യുടെ 'കറവറ്റ പശു' എന്ന നാടകത്തിലാണ് തിലകന്‍ ആദ്യം അഭിനയിച്ചത് എന്നും ഓർക്കുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്റെയും കേരള സംഗീതനാടക അക്കാദമിയുടെയും ചെയര്‍മാന്‍ തുടങ്ങിയ ചുമതലകൾ കെ.ടി. വഹിച്ചിട്ടുണ്ട്.
2008 മാർച്ച് 25-ന്, 80-ാം വയസ്സിൽ, കെ.ടി. കോഴിക്കോട്ട് അന്തരിച്ചു.
തൃശൂർ റീജ്യണൽ തീയ്യറ്ററിന് (കേരള സംഗീത നാടക അക്കാദമിയുടെ നാട്യശാലയാണിത്) കെ.ടി. മുഹമ്മദിൻ്റെ പേരു നല്കിയിട്ടുണ്ട്.
കെ.ടി. തന്നെക്കാൾ 37 വയസ്സ് ഇളയ, പ്രശസ്ത നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും (1981) പിന്നീട് (1993) ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകനുണ്ട് - ജിതിന്‍. (കെ.ടി.-യുടെ 'സൃഷ്ടി' നാടകത്തിലൂടെയാണ് സീനത്ത് നാടക അഭിനയരംഗത്ത് വരുന്നത്.) പ്രശസ്ത നടനും കലിംഗ തിയറ്റേഴ്സിന്റെ സംഘാടകനുമായ കെ. ടി. സെയ്ത് ഏക സഹോദരനാണ്.
അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി എം താജ് സഹോദരീപുത്രനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന, വധിക്കപ്പെട്ട, കുഞ്ഞാലി മറ്റൊരു സഹോദരിയുടെ ഭര്‍ത്താവായിരുന്നു.
സ്മരണാഞ്ജലികൾ!
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം ബ്ലോഗ് ; വിക്കിപീഡിയ; ദേശാഭിമാനി online