Image

'എന്റെ പൊന്നു വോട്ടർമാരേ... ഒന്ന് നിന്നേ!' (ജെയിംസ് വര്‍ഗീസ്‌)

Published on 25 March, 2026
'എന്റെ പൊന്നു വോട്ടർമാരേ... ഒന്ന് നിന്നേ!' (ജെയിംസ് വര്‍ഗീസ്‌)

"നമസ്കാരം സുഹൃത്തുക്കളേ,

തിരഞ്ഞെടുപ്പ് വരികയാണ്. വീടിന്റെ മതിലിലും കവലയിലെ പോസ്റ്റിലും ഇപ്പോൾ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന മുഖങ്ങൾ മാത്രമാണ്. വീട്ടിൽ വന്നാൽ കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥി, 'ചായ കുടിച്ചോ?' എന്ന് ചോദിക്കുന്ന നേതാവ്... ഇതൊക്കെ കാണുമ്പോൾ നമുക്ക് തോന്നും നമ്മളാണ് ഈ ലോകത്തെ ഏറ്റവും വലിയ വിഐപി എന്ന്. പക്ഷേ, ഈ 'സ്നേഹപ്രകടനം' വോട്ട്, പെട്ടിയിൽ വീഴുന്നത് വരെ മാത്രമേ ഉള്ളൂ എന്ന് നമുക്കറിയില്ലേ? മുറ്റത്തു നിന്ന അടുത്ത വീട്ടിലെ കുട്ടിയെ നോക്കി ആളറിയാതെ മോനെ കണ്ടാൽ ചേട്ടനെ പറിച്ചു വച്ചപോലെയുണ്ട്' തുടങ്ങിയ കുടുംബ കലഹമുണ്ടാക്കാനുതകുന്ന വിഡ്ഢി പ്രയോഗമൊക്കെ നടത്തിയിട്ടുള്ള പല കഥകളും നമ്മൾ കേട്ടിട്ടുള്ളതാണ്, എന്നാലും നമ്മൾ മലയാളികൾ പഠിക്കില്ല.

നമ്മുടെ വോട്ടർമാരുടെ ഒരു കുഴപ്പം എന്താണെന്നോ? സ്ഥാനാർത്ഥി വന്ന് തോളിൽ കൈ വെച്ചാലോ, അല്ലെങ്കിൽ ഒന്ന് ചിരിച്ചാലോ നമ്മൾ ഉരുകിപ്പോകും. അത് വേണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അതുകൊണ്ട് മാത്രം നിങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുമോ?
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം റോഡ് നന്നാക്കുന്നതും, ഓട വൃത്തിയാക്കുന്നതും കണ്ട് നമ്മൾ സന്തോഷിക്കരുത്. മഴ പെയ്താൽ വെള്ളം കയറാത്ത റോഡും, കുഴിയില്ലാത്ത യാത്രയുമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പുതരുന്നവർക്ക് വോട്ട് ചെയ്യുക.

നമ്മുടെ നാട്ടിലെ പിള്ളേരൊക്കെ ഡിഗ്രി കഴിഞ്ഞാൽ നേരെ എയർപോർട്ടിലേക്കാണ് ഓടുന്നത്. എന്താ ഇവിടെ ജോലിയില്ലേ? പുതിയ ബിസിനസ്സുകൾ കൊണ്ടുവരാനും, ഐടി പാർക്കുകളോ ചെറുകിട വ്യവസായങ്ങളോ തുടങ്ങാൻ പ്ലാൻ ഉള്ളവർക്ക് മുൻഗണന നൽകുക. കയ്യിൽ കാശുണ്ടെങ്കിലല്ലേ ഓണം ആഘോഷിക്കാൻ പറ്റൂ!

നല്ല ആശുപത്രികൾ, കെട്ടിടങ്ങൾ മാത്രമല്ല, ഡിജിറ്റൽ യുഗത്തിൽ നല്ല ഇന്റർനെറ്റും മുടങ്ങാത്ത കറന്റും ഒക്കെ വികസനമാണ്. നമ്മുടെ ജീവിതം എളുപ്പമാക്കാൻ ആര് എന്ത് ചെയ്യും എന്ന് ചോദിക്കണം.

എന്റെ ഒരു ഉപദേശം:

സ്ഥാനാർത്ഥി വന്ന് കൈ തരുമ്പോൾ 'നല്ല ചിരിയാണല്ലോ' എന്ന് പറഞ്ഞ് വോട്ട് കുത്തരുത്. പകരം ചോദിക്കണം: "അല്ല സാറേ, അടുത്ത അഞ്ച് കൊല്ലം കഴിഞ്ഞ് നോക്കുമ്പോൾ ഈ മണ്ഡലത്തിൽ എത്ര പേർക്ക് പുതുതായി ജോലി കിട്ടും? നമ്മുടെ റോഡുകൾ അപ്പോഴും ഇങ്ങനെ തന്നെ കിടക്കുമോ?"

നമ്മൾ വോട്ടർമാർ കുറച്ചുകൂടി സീരിയസ്' ആകണം. കവലയിലെ പ്രസംഗം കേട്ട് കയ്യടിക്കുന്നതിനേക്കാൾ പ്രധാനം, നമ്മുടെ ഭാവിക്ക് വേണ്ടി പണിയെടുക്കുന്നവരെ തിരിച്ചറിയുന്നതാണ്. ഓർക്കുക, വോട്ട് ഒരു അവകാശമല്ല, അതൊരു 'പവർ' ആണ്. അത് നോക്കി ഉപയോഗിച്ചില്ലെങ്കിൽ പിന്നെ അഞ്ച് കൊല്ലം ഇരുന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല!
അതുകൊണ്ട്, ഈ തവണ ചിരിക്കല്ല... ചിന്തയ്ക്കാണ് വോട്ട്! ജയ് ഹിന്ദ്!"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക