
വാഷിങ്ടൺ: എച്ച്-1ബി രജിസ്ട്രേഷനിൽ ഈ വർഷം വൻ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ 30 മുതൽ 50 ശതമാനം വരെ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. വിസ നിയമങ്ങൾ പരിഷ്കരിച്ചതും അപേക്ഷാ ഫീസ് വർദ്ധിപ്പിച്ചതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രജിസ്ട്രേഷനുകളുടെ എണ്ണം കുറഞ്ഞത് അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് ഉപരിപഠനം കഴിഞ്ഞവർക്ക് വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിച്ചു. വലിയ ഐടി ഔട്ട്‌സോഴ്‌സിങ് കമ്പനികളുടെ കുത്തക അവസാനിപ്പിക്കാൻ പുതിയ സമ്പ്രദായം സഹായിക്കും. സ്പെഷ്യലൈസ്ഡ് ജോലികൾക്കും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവർക്കും പുതിയ നിയമം അനുകൂലമാണ്.
2027 സാമ്പത്തിക വർഷത്തേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 19-ന് അവസാനിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് 31-നകം യുഎസ് ഇമിഗ്രേഷൻ വിവരം അറിയിക്കും. ഓരോ വർഷവും ആകെ 85,000 എച്ച്-1ബി വിസകളാണ് അമേരിക്ക നൽകുന്നത്. ഇതിൽ 65,000 എണ്ണം പൊതുവിഭാഗത്തിനും 20,000 എണ്ണം അമേരിക്കയിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദധാരികൾക്കുമായി നീക്കിവെച്ചിരിക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നം ആശങ്കയിൽ
ന്യൂഡൽഹി: എച്ച്-1ബി വിസ ലഭ്യത കുറയുന്നതും വിസ നയങ്ങളിൽ വർധിച്ച അനിശ്ചിതത്വവും കാരണം അമേരിക്കയിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ പദ്ധതികൾ പുനഃപരിശോധിക്കാൻ തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. വർഷങ്ങളായി അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസവും കുടിയേറ്റ സാധ്യതകളും സ്വപ്നം കണ്ടിരുന്നവർ ഇപ്പോൾ മാറിചിന്തിക്കുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മുൻപ് പ്രമുഖ യുഎസ് സർവകലാശാലകളിലെ അഡ്മിഷൻ ലഭിക്കുന്നത് സ്ഥിരതയുള്ള ഭാവിയിലേക്കുള്ള വഴി എന്ന നിലയിൽ ഇന്ത്യൻ കുടുംബങ്ങൾ കണ്ടിരുന്നു. എന്നാൽ 2026 ആയതോടെ അത് ഒരു ദീർഘകാല താമസ സാധ്യതയുടെ ഉറപ്പല്ല, മറിച്ച് കൂടുതൽ അനിശ്ചിതമായ കുടിയേറ്റ പ്രക്രിയയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് കാണപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
എച്ച്-1ബി വിസ ലോട്ടറി സാധ്യത കുറയുകയും അപേക്ഷാ നടപടികളിലെ ചെലവ് വർധിക്കുകയും ചെയ്തതോടെ കമ്പനികളും വിദ്യാർത്ഥികളും ആശങ്കയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി രജിസ്ട്രേഷനുകൾ കഴിഞ്ഞ വർഷത്തേക്കാൾ 30 മുതൽ 50 ശതമാനം വരെ കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിക്കാനും ദീർഘകാല താമസാനുമതി നേടാനും എച്ച്-1ബി വിസ പ്രധാന മാർഗമായതിനാൽ ഈ അനിശ്ചിതത്വം വിദ്യാർത്ഥികളുടെ തീരുമാനങ്ങളെ നേരിട്ട് ബാധിക്കുന്നതായി വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
വിസ നടപടികളിലെ കൂടുതൽ പരിശോധന, ഉയർന്ന ഫീസ്, നിയമപരമായ മാറ്റങ്ങൾ എന്നിവയും വിദ്യാർത്ഥികളുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. ചിലർ ഇതിനകം തന്നെ കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് പഠന പദ്ധതികൾ മാറ്റുന്ന പ്രവണതയും കാണപ്പെടുന്നു.
ഇതിനിടെ, അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നയങ്ങളിൽ വരാവുന്ന നിയന്ത്രണങ്ങൾ ഭാവിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയാൻ ഇടയാക്കാമെന്ന മുന്നറിയിപ്പും ഗവേഷണ റിപ്പോർട്ടുകൾ നൽകുന്നു.
വിദ്യാഭ്യാസത്തിനൊപ്പം ജോലി, സ്ഥിരതാമസം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎസ് ഇപ്പോഴും പ്രധാന രാജ്യം തന്നെയാണെങ്കിലും, നിലവിലെ വിസ സാഹചര്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ കൂടുതൽ സൂക്ഷ്മമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.