
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഒരാള്‍ മാത്രം പ്രതിനിധീകരിച്ചു എന്ന പ്രത്യേകതയുള്ള ഏക നിയോജകമണ്ഡലമാണ് പാലാ. 1965 മുതല്‍ 2019 വരെ കെ.എം മാണിയായിരുന്നു പാലായുടെ എം.എല്‍.എ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വ്യക്തിയും അദ്ദേഹം തന്നെയാണ്. മാളയുടെ മാണിക്യം കെ കരുണാകരന്‍ ആണെങ്കില്‍ പാലായുടെ ചങ്ക് കെ.എം മാണിയാണ്. 2019-ല്‍ മരണം വരെ പാലായുടെ എം.എല്‍.എ പദവി മാണിക്ക് സ്വന്തമായിരുന്നു. 2019 ഏപ്രില്‍ 9-ന് അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു വേണ്ടി എന്‍.സി.പി സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പന്‍ വിജയിച്ചത് അതുവരെ ഇടതു പക്ഷത്തിന് പ്രവേശനമില്ലാതിരുന്ന പാലായിലെ പുതു ചരിത്രമാവുകയായിരുന്നു.
എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ പാലായിലെ രാഷ്ട്രീയ കാലാവസ്ഥ പാടേ മാറി മറിഞ്ഞു. ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശത്തോടെ മാണി സി കാപ്പന് പാലായില്‍ നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്നാണ് അദ്ദേഹം യു.ഡി.എഫിലേക്ക് കളംമാറിയത്. എന്നാല്‍ കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിന്റെ വരവോടെ വലിയ മുന്നേറ്റം കണക്കാക്കുകയും അത് നേടാനായെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വിശ്വസിക്കുകയും ചെയ്തിരുന്ന ഇടതുമുന്നണിയേയും ഞെട്ടിപ്പിച്ചാണ് പാലായില്‍ എന്‍.സി.കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ സാക്ഷാല്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചത്. രാജ്യസഭാ സീറ്റ് രാജിവച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായില്‍ തോറ്റത് 15,378 വോട്ടുകളുടെ വലിയ വ്യത്യാസത്തിലാണ്.
വീറും വാശിയും നിറഞ്ഞ 2021-ലെ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറിയും പാലായില്‍ നടക്കുന്നത്. ഇടതു മുന്നണിക്കു വേണ്ടി ജോസ് കെ മാണിയും യു.ഡി.എഫ് പാളയത്തില്‍ നിന്ന് മാണി സി കാപ്പനും വീണ്ടും പോര്‍മുഖം തുറന്നപ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍ നിന്നുള്ള അഡ്വ. ഷോണ്‍ ജോര്‍ജാണ്. പി.സി ജോര്‍ജിന്റെ ഓമനപ്പുത്രന്‍. കരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും കുടിയേറ്റ കര്‍ഷകരുടെ തട്ടകവുമായ പാലായിലെ പോരാട്ടത്തിലേയ്ക്ക് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണിപ്പോള്‍.
രമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും ജോസ് കെ മാണി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബ സംഗമങ്ങളില്‍ പ്രസംഗം പതിവില്ല. പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ നല്‍കിയുമാണ് കുടുംബ സംഗമങ്ങള്‍ പുരോഗമിക്കുന്നത്. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങള്‍ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലെത്തിയും വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാല്‍ വാഹനത്തില്‍ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് വീടുകളില്‍ എത്തുമ്പോള്‍ പറയണമെന്നും സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. ഇന്നുമുതല്‍ ബൂത്ത് തല കണ്‍വന്‍ഷനുകള്‍ ആരംഭിച്ചതോടെ അടുത്തഘട്ടം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്.
പാലായില്‍ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണെന്നും യു.ഡി.എഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നില്‍ക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞതായി മാണി സി കാപ്പന്‍ പറയുന്നു. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും മുഖമുദ്ര. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന മറുപടിയായിരിക്കും പാലായിലെ യു.ഡി.എഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫ് അനുകൂല വോട്ടുകള്‍ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ത്ഥികള്‍ എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നാമനിര്‍ദ്ദേശപ്രതിക സമര്‍പ്പണത്തിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ: ഷോണ്‍ ജോര്‍ജ് പാലായിലെ പ്രമുഖ സ്വന്ത്യ സമരസേനാനിയും മുന്‍ നിയമസഭാ സ്പീക്കറും ആയിരുന്ന ആര്‍.വി തോമസ്, കെ.എം മാണി എന്നിവരുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടയത് ശ്രദ്ധേയമായി. ബി.ജെ.പിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കള്‍ ഷോണിനൊപ്പമുണ്ടായിരുന്നു.
തീപാറുന്ന പോരാട്ടമാകും ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പാലായില്‍ നടക്കുക. 1965 രൂപീകൃതമായ പാലാ നിയോജക മണ്ഡലത്തില്‍ പാലാ മുനിസിപ്പാലിറ്റിയും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും, കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ഉള്‍പ്പെടുന്നു. 2019-ലെ കണക്ക് പ്രകാരം 1,79,107 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 1965 മുതല്‍ 2016 വരെ കെ.എം. മാണി തന്നെയാണ് മണ്ഡലത്തില്‍ വിജയിച്ചത്. പിന്നീട്, നടന്ന് ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ തോല്‍പ്പിച്ചാണ് മാണി സി കാപ്പന്‍ നിയമസഭയിലെത്തിയത്.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങള്‍, സ്ഥാപനങ്ങളുടെ വളര്‍ച്ച എന്നിവയിലാണ് പാലായിലെ വോട്ടര്‍മാര്‍ക്ക് താല്പര്യം. അതുകൊണ്ടു തന്നെ വിലപേശാന്‍ ശേഷിയുള്ള നേതൃത്വത്തെയാണ് പാലാ മണ്ഡലം ആഗ്രഹിക്കുന്നത്. രണ്ട് തവണയായി മൊത്തം ഏഴ് വര്‍ഷം എം.എല്‍.എയായിരുന്ന മാണി സി കാപ്പന്‍ മണ്ഡലത്തില്‍ എന്തുചെയ്തു. രാജ്യസഭാംഗമായ ജോസ് കെ മാണി പാലായ്ക്ക് എന്തു നല്‍കി എന്നൊക്കെയായിരിക്കും ജനം ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം കേരളത്തിലെ മറ്റ് നിയോജനക മണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വര്‍ഷമായി പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സല്‍പ്പേരാണെന്ന് വിശ്വസിക്കുന്നവരും മണ്ഡലത്തിലുണ്ട്.
പാലായില്‍ വികസന പദ്ധതികളില്ലെന്ന് ഇടതു മുന്നണി ആരോപിക്കുമ്പോള്‍ വികസനത്തിന് ജോസ് കെ മാണിയും കൂട്ടരും തടസ്സം നില്‍ക്കുകയാണെന്ന മറു ആരോപണമാണ് യു.എഡി.എഫ് ഉയര്‍ത്തുന്നത്. മുമ്പ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനം പോലും തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ എം.എല്‍.എ അനാസ്ഥ കാണിക്കുന്നുവെന്നാണ് എല്‍.ഡി.എഫിന്റെ ആക്ഷേപം. ഇതിനിടെ ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ആര്‍ക്ക് തിരിച്ചടിയാകുമെന്ന തരത്തില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. 2016-ല്‍ എന്‍ ഹരി മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് 25,000 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ 2021-ല്‍ ബി.ജെ.പി വോട്ടുകളില്‍ 16,000 വോട്ടിന്റെ കുറവുണ്ടായതാണ് മാണി സി കാപ്പന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇത്തവണ ഷോണ്‍ ജോര്‍ജ് ശക്തമായി രംഗത്തുള്ളതിനാല്‍ ബി.ജെ.പി വോട്ടുകള്‍ കൃത്യമായി പെട്ടിയിലാകുമെന്ന് എന്‍.ഡി.എ കരുതുന്നു.