
വിയൂർ പഞ്ചായത്തിലെ പുന്നിലമെന്ന ഗ്രാമത്തിൽ ഞങ്ങൾ കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. അതിലൊരു പഴയ വീടുമുണ്ട്. പഴയതെന്ന് പറഞ്ഞാൽ അതിലെ ചില മുറികൾക്ക് അറുപതു വർഷങ്ങൾക്ക് മേലെ പഴക്കമുണ്ടെന്ന് എന്റെ അന്വേഷണ ബുദ്ധികൊണ്ട് ഞാൻ കണ്ടുപിടിച്ചു. ആ വീട് അവിടെ അങ്ങനെ നിന്നോട്ടെയെന്ന് ഞങ്ങൾ തീരുമാനിച്ചു. വളരെ സൂത്രത്തിൽ എന്നോട് പറയാതെ ആ വീട് എന്റെ ഭർത്താവ് പുതുക്കിപ്പണിഞ്ഞു സുന്ദരമാക്കിയെടുത്തു. ഞാൻ ആദ്യം ആ സൂത്രപ്പണിയിൽ ക്ഷുഭിതയായെങ്കിലും അവധികിട്ടുമ്പോഴെല്ലാം അവിടെ മാന്യമായി താമസിച്ചുപോന്നു.
പുന്നിലത്തെപ്പറ്റി പറയുകയാണെങ്കിൽ, ശാന്തസുന്ദരമായ ഒരു ഗ്രാമീണ പ്രദേശമാണത്. ഞങ്ങളുടെ ആ സ്ഥലം നിറയെ മരങ്ങളാണ്. ആറ് മാവ്, ഏഴ് പ്ലാവ്, മൂന്ന് പേര, രണ്ട് വലിയ കുടംപുളി മരം, രണ്ട് ആത്ത മരം, ഒരു ചാമ്പ, ഒരു അശോക മരം, മുരിങ്ങാ മരങ്ങൾ, അമ്പഴങ്ങാ മരം, റംബൂട്ടാൻ, ആഞ്ഞിലി മരങ്ങൾ, തെങ്ങുകൾ, അടക്കാമരം, വെട്ടിക്കളയാനുള്ള സമയം കഴിഞ്ഞും നിൽക്കുന്ന റബ്ബർ മരങ്ങൾ, മാവുകളിൽ ചുറ്റിപ്പടർന്ന് എടുപ്പോടെ നിൽക്കുന്ന കൊടി, കുലച്ചതും കുഞ്ഞുങ്ങളുമായി നിൽക്കുന്ന വാഴകൾ അങ്ങനെ അനുഗ്രഹീയമായ ഒരു സ്ഥലം. ഈ പറമ്പിനു മുന്നിലായി മരങ്ങളാൽ തീർത്ത ചുറ്റുമതിലിനു നടുക്കായാണ് ഞങ്ങൾ പുതുക്കിപ്പണിഞ്ഞ പഴയ ആ രണ്ടുനില വീട്. വീടിന് മുന്നിലൂടെ ഇടുങ്ങിയ ടാർ ഇട്ട റോഡ് പോകുന്നുണ്ട്. നാല്പത് മിനിറ്റ് കൂടുമ്പോഴോ മറ്റോആ വഴിയിലൂടി സ്വകാര്യ ബസ്സ് സർവീസ് നടത്തുന്നുണ്ട്. റോഡിൽ ഒട്ടും തന്നെ വാഹനത്തിരക്കില്ല. കോലാഹലങ്ങളില്ല. പശുക്കളും അതിന്റെ ഉടയോനും ഈ വഴിയേ മുന്നിലും പിന്നിലുമായി നടന്നുപോകാറുണ്ട്.
അവിടമാദ്യം കണ്ടപ്പോൾ പരിശുദ്ധ സന്യാസിനിയുടെ വാസസ്ഥലംപോലെയോ പ്രശാന്തയായ കവയിത്രി മൂകം വാഴും പരപ്പുപോലെയോ തോന്നിച്ചു. ആ സ്ഥലം പേരു പറഞ്ഞു പരിചയപ്പെടും പോലെ. എന്നെ പരിചയപ്പെടുവാൻ താല്പര്യമുള്ള ഒരു സ്ഥലം പോലെ.
പിന്നെയങ്ങോട്ട് അവിടെ താമസിക്കുമ്പോൾ മുൻപ് പറഞ്ഞ ആ ശാന്ത സ്ത്രീയുടെ മടിയിൽ തലവെച്ചു കിടക്കുന്നതുപൊലെയാണ് എനിക്ക് തോന്നിയത്. അവർ എന്റെ മുടി വാത്സല്യത്തോടെ കോതിയൊതുക്കുന്നു. ഞാൻ അവിടെ ചെല്ലുമ്പോഴൊക്കെ സമാധാനത്തോടെ അവിടെ ജീവിക്കുന്നു. ലോകത്തുള്ള ഒരു കാര്യവും എന്നെ വേവലാതിപ്പെടുത്തുകയോ ആകർഷിക്കുകയോ ചെയ്തില്ല. അവിടം ഈ ഭൂമിയിൽ നിന്നും വിട്ടുനിൽക്കുന്നപോലെ. അവിടെ ജീവിക്കുമ്പോൾ സമയം പോകുന്നതും അറിയുന്നില്ല. ചിലപ്പോൾ ഒരു സുപ്രഭാതത്തിലാകും എനിക്ക് എൺപതു വയസ്സായിയെന്ന് ഞാൻ മനസിലാക്കുന്നതെങ്കിലോയെന്നുപോലും ഞാൻ ചിന്തിച്ചു.
ഞങ്ങൾ ഈ സ്ഥലം വാങ്ങിയത് അമേരിക്കയിലുള്ള ഗീവറുഗീസ് അച്ചായനിൽ നിന്നുമാണ്. അച്ചായൻ തന്റെ മക്കൾക്കും കൊച്ചുമക്കൾക്കും താമസിക്കാൻ പഴയവീട്ടിൽ ഒത്തിരി മുറികൾ പണിതു. ഈ സ്ഥലം ഞങ്ങൾ വാങ്ങിയതിന് ശേഷവും കുരുമുളക് പറിക്കാറായെന്ന് അച്ചായൻ ഞങ്ങളെ അറിയിക്കുമായിരുന്നു. മുറ്റത്ത് കരിയില വീണു കിടക്കുന്നു, കാട് വെട്ടിത്തെളിക്കണം എന്നെല്ലാം പറയും. ആ സ്ഥലം വിൽക്കേണ്ടിവരുമെന്ന് മുൻപ് ഒരിക്കലെങ്കിലും അച്ചായൻ ചിന്തിച്ചുകാണുമോയെന്ന് ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. ജീവനായത് ഒരിക്കൽ ഇല്ലാതാകുമെന്ന് നമ്മൾ ഒരിക്കലും മനസ്സിലാക്കാറില്ലല്ലോ.
ഭർത്താവ് മരിച്ച്, കുട്ടികൾ ജീവനമാർഗ്ഗംതേടി നാലുപാടും പോയപ്പോൾ ഒറ്റയായിപ്പോയ കുറുകിയ ഒരമ്മ ഇവിടെ കുറേക്കാലം ജോലിക്കാരിയുമായി താമസിച്ചിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ഗീവറുഗീസ് അച്ചായന്റെ അമ്മ. കാലക്രമേണ വാർദ്ധക്യം അവരെയും ചേർത്തു പിടിച്ചു. ഒരുപക്ഷേ ആയമ്മയാകും എനിക്ക് മുൻപേ തോന്നിയ ആ സ്ഥലത്തുള്ള സ്നേഹനിധിയായ സ്ത്രീ. അവിടെയുള്ളപ്പോൾ ആയമ്മയുടെ മടിയിലാകും ഞാൻ ഉറങ്ങുന്നതും. അവർ കൈപ്പുണ്യമുള്ള സ്ത്രീയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആയമ്മ എന്ത് നട്ടാലും കിളിക്കുമത്രേ. അവർ നട്ടതാകും ഈ വീടിന് ചുറ്റുമുള്ള മരങ്ങൾ! നിശബ്ദമായ് നിന്നാൽ ഈ സ്ഥലത്തിന്റെ ആത്മാവ് ആയമ്മയെപ്പറ്റി സംസാരിക്കുന്നത് കേൾക്കാൻ കഴിയും. അവിടെയുള്ള ഓരോരോ ചെടികളും മരങ്ങളും ആയമ്മയുടെ മക്കളാണെന്ന് പറയുന്നുണ്ട്...
മാങ്ങയും ചക്കയും പഴുക്കുമ്പോൾ ചാമ്പക്ക നിറയുമ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കും അത് കൊടുക്കാൻ ആയമ്മയും കൊതിച്ചിരുന്നു. മുറ്റത്ത് പഴുത്തു പൊഴിഞ്ഞുവീഴുന്ന പുളി , ഉണക്കി ശേഖരിച്ച് വെക്കും. മക്കൾ വരുമ്പോൾ കുടമ്പുളിയിട്ട മീന്‍കറിയും ചക്കവേവിച്ചതും വെച്ച് കൊടുക്കാൻ. എത്രെയോ തവണ മക്കൾ ഇതൊക്കെ കഴിക്കുന്നതും നോക്കിനിന്നിട്ടുണ്ട് ആയമ്മ. ആയമ്മയുടെ മധുരമൂറും കാത്തിരുപ്പായിരുന്നു വീടിന് ചുറ്റുമുള്ള അവർ നട്ട ഓരോ മരങ്ങളും. എന്ത് കൊടുത്താലും തീരാത്ത ആയമ്മ പിന്നെയും പിന്നെയും പുതുമരങ്ങൾ നട്ട്, ഫലങ്ങളുമായി കാത്തിരുന്നു. അവർ സുന്ദരിയായ ഏകാകിനിയായിരുന്നില്ല. അവർ ഈ മണ്ണിനോടും മരങ്ങളോടും ദിവസവും സംസാരിച്ചിരുന്നു. അവരെ ഈ ഭൂമി അറിഞ്ഞിരുന്നു. സ്നേഹിച്ചിരുന്നു. അവർ നൽകിയിരുന്നതെല്ലാം ഈ ഭൂമി സ്വീകരിച്ചിരുന്നു. ഭൂമിയും ഫലഫൂലാദികൾ നൽകി ആയമ്മയോടൊപ്പം മക്കളെ കാത്തിരുന്നു.
മക്കൾ വരുമ്പോൾപ്പിന്നെ ആഘോഷമാണവിടം. അവിടെ വരുന്നവർക്കൊക്കെ ആയമ്മ സൗരഭ്യം തുളുമ്പി. എപ്പോഴും സന്തോഷം മാത്രം അവിടം നൽകി. അവിടെയുള്ളവർക്ക് പിണക്കങ്ങളില്ല. കലഹങ്ങളില്ല. സമാധാനം മാത്രം നൽകിയിരുന്ന പുണ്യ സ്ഥലം. ധാരാളം കൂടിച്ചേരലുകൾ, മംഗള കർമങ്ങൾ അവിടെ ധാരാളം നടന്നിട്ടുണ്ടെന്ന് ഞങ്ങളോട് അച്ചായൻ പറഞ്ഞിരുന്നു.
ഞങ്ങൾ ഇവിടെ താമസിച്ചുതുടങ്ങിയപ്പോൾ ഈ കൂടിച്ചേരലുകൾ, ആഘോഷങ്ങൾ ഞങ്ങളും നടത്താൻ തുടങ്ങി. ഈ സ്ഥലം ഇതൊക്കെ ആഗ്രഹിക്കുന്നുവെന്ന് ആരോ പറയുമ്പോലെ. എല്ലാവരെയും ഇവിടേയ്ക്ക് വിളിക്കാനുള്ള തോന്നൽ ഉണ്ടായി. വരുന്നവർ സന്തോഷത്തോടെമാത്രം തിരിച്ചുപോയി. ഇനിയും ഇവിടേക്ക് വരാൻ കൊതിച്ചു. എന്റെ മമ്മിയും മരിക്കുംമുമ്പ് പുന്നിലത്തു ഇനിയും താമസിക്കാൻ കഴിയുമോയെന്ന് ആശങ്കപ്പെട്ടിരുന്നു. മമ്മിയും ഞങ്ങൾ വരുമ്പോളൊക്കെ അവിടെ താമസിക്കുവാൻ കാത്തിരുന്നിരുന്നു. മമ്മി ജീവിച്ചിരുന്നപ്പോൾ മമ്മിയുടെ ജോലിക്കാരിയോട് മോള് വരുമ്പോൾ നമുക്ക് പുന്നലത്ത് പോയി താമസിക്കാമെന്ന് പറഞ്ഞിരുന്നു. മമ്മി മരിച്ചുപോയി എങ്കിലും മമ്മിയുടെ ആഗ്രഹപ്രകാരം മമ്മിയെ നോക്കിയ ജോലിക്കാരിയെ ഞങ്ങൾ പുന്നലത്ത് കൊണ്ടുവന്ന് താമസിപ്പിച്ചു.
തന്നോട് ചേരാൻ കൊതിക്കുന്നവരെ തന്നിലേക്ക് സ്നേഹം കൊണ്ട് അടുപ്പിച്ചു പിടിക്കുന്ന ഒരു സ്ഥലം, സന്തോഷം തരുന്ന ഭൂമി, അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിച്ചേ പറ്റൂ എന്നായി.