Image

കോടികൾ കടം വാങ്ങി വഞ്ചിച്ചു ; ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ നിർമാതാക്കൾക്കെതിരെ പരാതിയുമായി ദുബായ് വ്യവസായി ; സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യം

Published on 24 March, 2026
കോടികൾ കടം വാങ്ങി വഞ്ചിച്ചു ; ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ നിർമാതാക്കൾക്കെതിരെ പരാതിയുമായി ദുബായ് വ്യവസായി ; സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യം

കൊച്ചി: ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ നിർമാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കോടികൾ കടം വാങ്ങി വഞ്ചിച്ചെന്നാണ് നിർമാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. ദുബൈ വ്യവസായി സുനിൽ അഗർവാൾ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.

ഹർജി തീർപ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നൗഫൽ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരി​ഗണിക്കും. ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായികയായെത്തുന്നത്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ന്‍‍മെന്‍റ് എന്ന ബാനറിൽ ചാണക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്.

ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ചു ഭാഷകളിൽ ആണ് ചിത്രമെത്തുക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക