
ആദരണീയ സുഹൃത്തും എഴുത്തുകാരനുമായ ഇ. ഹരികുമാർ (ഇടശ്ശേരി ഹരികുമാർ) വിടപറഞ്ഞിട്ട് ഇന്ന് ആറു വർഷം. ചരമദിനം 23-ന് എന്നും ചില രേഖകളിൽ കാണുന്നു....
1983-ൽ എറണാകുളത്ത് വാസമുറപ്പിച്ചനാൾ മുതലാണ് നേരിൽ പരിചയം... കേരള സാഹിത്യ അക്കാദമിയിൽ ഹരികുമാർ അംഗമായിരുന്ന കാലത്ത്, അദ്ദേഹത്തിൻറെ മുൻകൈയോടെ അക്കാദമിയിലെ ഡിജിറ്റൽ ഡോക്യൂമെൻഷനു തുടക്കം കുറിച്ചത് എന്ന ചരിത്ര വസ്തുത ഇന്ന് പലരുടെയും ഓർമ്മയിൽ നിന്ന് മാഞ്ഞുകഴിഞ്ഞു..കാൽ നൂറ്റാണ്ടു മുമ്പ് നടത്തിയ ഇക്കാര്യം, അക്കാദമിക്ക് മാത്രമല്ല മലയാള സാഹിത്യത്തിൻ്റെ 'പബ്ലിക് ഡൊമൈൻ' പങ്കാളിത്തത്തിൽ തന്നെ വളരെ വലിയയൊരു കു തിച്ചുചാട്ടം കൂടിയായിരുന്നു...
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ കാവ്യജീവിതം ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ വെബ് സൈറ്റിന് തുടക്കം കുറിച്ചതും ഹരികുമാർ തന്നെ ആണ്; അതും അത്തരത്തിലുള്ള ആദ്യശ്രമം തന്നെയായിരുന്നു... ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' തുടങ്ങിയ കവിതകൾ അതിന്റെ അന്തഃസാരം അല്പം പോലും ചോരാതെ ആലപിപ്പിച്ച് ഓഡിയോ കാസെറ്റിലാക്കി വിതരണത്തിന് സൗകര്യമൊരുക്കാനും ഇദ്ദേഹം മുന്നിട്ടിറങ്ങി.
മഹാകവി ഇടശേരി ഗോവിന്ദൻനായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മകനായി 1943 ജൂലൈ 13-ന് പൊന്നാനിയിലാണ് ജനനം. സഹോദരന്മാർ മിക്കവാറും എല്ലാവരും തന്നെ സാംസാരിക രംഗത്ത് സജീവമായി ഉണ്ട്: ജ്യേഷ്ഠൻ സതീശ്
നാരായണൻ; ജ്യേഷ്ഠത്തി ഗിരിജയും ഇളയ സഹോദരങ്ങളായ ഉണ്ണികൃഷ്ണൻ, മാധവൻ, ദിവാകരൻ, അശോകൻ, ഉഷ എന്നിവർ.
ആർട്ടിസ്റ്റ് ടി.കെ. പത്മിനി മദ്രാസ്സിൽ ഫൈൻ ആട്സ് പഠനത്തിന് പോകും മുമ്പ്, കുറെ നാൾ പൊന്നാനിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയിൽ നിന്ന് ചിത്രകല പഠിക്കാനായി തൻ്റെ വീട്ടിൽ പാർത്തിരുന്ന കാലത്തെപ്പറ്റിയെല്ലാം ഹരികുമാർ പറഞ്ഞതും എൻ്റെ ഓർമ്മയിലുണ്ട്.
അനുജൻ ഇ. മാധവൻ ( ഓർമ്മിക്കുന്നു: "ഞങ്ങളുടെ വീട്ടിൽ (പുത്തില്ലത്ത്) വൈദ്യുതി വന്നത് വളരെകാലം പിന്നിട്ടാണ്. ഹരിയേട്ടനാണ് കല്‍ക്കത്തയില്‍ നിന്നും ആവശ്യമായ സര്‍വ്വസാധനങ്ങളും കൊണ്ടുവന്ന് വൈദ്യുതീകരണം നടത്തിയത്..."
ഹരികുമാർ ചെറുപ്രായത്തിലേ ജോലിതേടി കേരളം വിട്ടു. കൊൽക്കത്ത, ദില്ലി, മുംബൈ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്‌തു. 1983-ൽ കേരളത്തിൽ തിരിച്ചെത്തി. പിന്നീട്, എറണാകുളത്തും തൃശൂരിലുമായി താമസിച്ചു.
ഹരികുമാറിൻ്റെ 19-ാം വയസിൽ, 1962-ൽ ആദ്യകഥ, 'മഴയുള്ള രാത്രിയിൽ' പ്രസിദ്ധീകരിച്ചു വന്നു. ആദ്യ കഥാസമാഹാരം ‘കൂറകൾ’ 1972-ൽ പ്രസിദ്ധീകരിച്ചു. ഇക്കാലത്തിനിടയിൽ ആ യുവ കഥാകൃത്ത്, ' കവി ഇടശ്ശേരിയുടെ മകൻ' എന്ന വിലാസമില്ലാതെ മലയാള സാഹിത്യ രംഗത്ത് തലയുയർത്തി നില്ക്കുവാനുള്ള ഖ്യാതി നേടി. ഹരികുമാർ 16 കഥാസാമാഹാരങ്ങളും ഒമ്പത് നോവലും ഒരു അനുഭവക്കുറിപ്പും എഴുതി പ്രസിദ്ധീകരിച്ചു.
ആകെ 176 ചെറുകഥകൾ; ഒൻപത് നോവലുകൾ; ആറ് സ്ക്രീൻപ്ലേകൾ......
പ്രിയപ്പെട്ട കഥാകാരൻ്റെ 'സൂക്ഷിച്ചു വെച്ച മയിൽപ്പീലി', 'ശ്രീപാർവതിയുടെ പാദം', 'ദിനോസറിന്റെ കുട്ടി', 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്നവ എൻ്റെ മനസ്സിൽ തങ്ങി നില്കുന്നു..... എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കഥകൾ !
ഹരികുമാറിൻ്റെ നാല് തിരക്കഥകള്‍ (കൂറകള്‍, ശ്രീപാർവ്വതിയുടെ പാദം, ഇങ്ങനെയൊരു ജീവിതം, കളിക്കാലം) ടെലിഫിലിമായിട്ടുണ്ട്. അവ ദൂരദര്‍ശനടക്കം ടി.വി ചാനലുകളില്‍ കാണിച്ചിട്ടുമുണ്ട്. സ്ക്രീൻ പ്ലേകളിൽ മറ്റ് രണ്ടെണ്ണം ചിത്രീകരിക്കപ്പെട്ടിട്ടില്ല.
ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ നാലു പതിറ്റാണ്ടുകാലം മലയാള കഥാസാഹിത്യത്തിൽ ഉണ്ടായ ആധുനികതയുടെയും മറ്റും കുത്തൊഴുക്കിൽ വിലയം പ്രാപിച്ച് അപ്രത്യക്ഷമാകാത്ത ഒരു കൂട്ടം കഥകളാണ് ഹരികുമാറിന്റെ സംഭാവന - അദ്ദേഹം പുതുഭാവുകത്വത്തെ അഭിസംബോധന ചെയ്ത ഒരു കഥാകാരൻ ആയിരുന്നു; എങ്കിൽ തന്നെയും പുതുമ കൊണ്ട് ഞെട്ടിക്കുക എന്നതായിരുന്നില്ല ഈ രചനകളുടെ രീതി; ആ കഥകൾ മൗലിക ജീവിതത്തിന്റെ ആദ്രതയാൽ നനഞ്ഞ മണ്ണിലായിരുന്നു പിറന്നതും വളർന്നതും....
ഹരിക്കുമാറിന്റെ കഥകളെപ്പറ്റി, എം.കൃഷ്ണൻ നായർ നടത്തിയ വിലയിരുത്തൽ ഇങ്ങനെയാണ്: "ഹരികുമാർ അയഥാർത്ഥമായ റൊമാൻറിസിസത്തിൽ വിഹരിക്കുന്നില്ല. ദുർഗ്രഹമായ സിംബലിസത്തിൽ ചെല്ലുന്നില്ല. ആദ്ധ്യാത്മികത്വത്തിന്റെ ആധിത്യകതയിലേക്കു കയറിപ്പോകുന്നുമില്ല. വജ്രം, സ്ഫടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു!"
1988-ൽ കേരള സാഹിത്യഅക്കാദമി പുരസ്കാരം ('ദിനോസറിന്റെ കുട്ടി'), 1997-ൽ പത്മരാജൻ പുരസ്കാരം ('പച്ചപ്പയ്യിനെ പിടിക്കാൻ' ), 1998-ൽ നാലപ്പാടൻ പുരസ്കാരം ('സൂക്ഷിച്ചുവെച്ച മയിൽപീലി'), 2006-ൽ കഥാപീഠം പുരസ്കാരം ('അനിതയുടെ വീട്'), 2012-ലെ മികച്ച കഥക്കുള്ള കേരള ചലച്ചിത്ര അക്കാദമി അവാർഡ് ('ശ്രീപാവർതിയുടെ പാദം') എന്നിവ അംഗീകാരങ്ങളിൽ ചിലതാണ്.
ഹരികുമാർ കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു; അക്കാദമിയുടെ ഡിജിറ്റൽ ആർക്കൈവ്സിന് തുടക്കം കുറിക്കുന്നതിന് മുൻകൈ എടുത്തത് ഇദ്ദേഹമാണെന്ന കാര്യം തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ.
ഹരികുമാർ തന്റെ 70-ാം ജന്മദിനത്തിൽ വായനക്കാർക്ക് ശ്രദ്ധേയമായ ഒരു സമ്മാനം നൽകി: അര നൂറ്റാണ്ടു കാലം കൊണ്ട് താൻ എഴുതിയ രചനകളുടെ സൗജന്യ വായനക്കായി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു; ഞങ്ങളെപ്പോലുള്ള സുഹൃത്തുക്കൾക്ക് അവ ഒരു CD-യിൽ (ഭംഗിയുള്ള സിഡി-കവറോടു കൂടി) പകർത്തി, കമ്പ്യൂട്ടർ വായനയ്ക്കായി നല്കി. ഈ വെബ്സൈറ്റ് കുടുംബാംഗങ്ങൾ ഇപ്പോഴും പരിപാലിക്കുന്നുണ്ട്.
ഹരികുമാർ അർബുദ ബാധിതനാവുകയും, അതിനെ തുടർന്ന്, 2020 മാർച്ച് 24-ന്, 76-ാം വയസിൽ, നിര്യാതനാകുകയും ചെയ്തു..
ഭാര്യ ലളിത; ഏക മകൻ അജയ്.