Image

മാനീഷാദ (കവിത: ജയൻ വർഗീസ്‌ )

Published on 24 March, 2026
മാനീഷാദ (കവിത: ജയൻ വർഗീസ്‌ )

കവിയുടെ മനസ്സിൽ ക്രൗഞ്ചപ്പക്ഷികൾ

കുറുകി ചുണ്ടുകൾ

തഴുകുമ്പോൾ

 

പ്രണയാതുരമൊരു

സ്വർഗ്ഗം മണ്ണിൽ

ചിറകു  വിരിച്ചത്

കവിതകളായ്  !

 

ഒരു കാട്ടാള

ശരത്തിൽ മരണ  

പിടയലിൽ വേദന -

യൊഴുകുമ്പോൾ

 

കവിതയോരുജ്ജ്വല

മുനി ശാപത്തിൻ  

മുനകളിൽ നീറി -

പ്പടരുകയായ് ! :

 

“അരുത് കാട്ടാളാ നിന്റെ

ശര പഞ്ജരങ്ങൾ നാളെ

അരുതാത്ത തിന്മയ്ക്കുള്ളോ -

രവസാനമെയ് മാറട്ടെ ! “

 

തലമുറ വരും നാളെ

പുളക പ്പൂവാടികൾ

പുണരും സ്വപ്നത്തിന്റെ

പിച്ചക്കാലടികളിൽ

 

അവരെക്കൊല്ലാനല്ലോ

മൂർച്ഛ കൂടുന്നു നിന്റെ

മിസൈൽ ശരങ്ങളിൽ

ആണവ കഠാരകൾ ?

 

ഇല്ലിനി യിനി മേലിൽ

ഇണയെ പിരിക്കുന്ന

പല്ലിന് പല്ലും വേണ്ട

കണ്ണിന് കണ്ണും വേണ്ട !

 

അകലത്തതിരില്ലാ -

യാകാശ മേൽക്കൂര തൻ

അടിയിൽ മനുഷ്യനായ്‌

പണിത മൺ സ്വർഗ്ഗങ്ങൾ !

 

അവിടെ മതമില്ലാ,

അന്യനില്ലതീരില്ല,

അപരൻ ഞാനായി മാറും

മനുഷ്യ കുലം മാത്രം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക